'ചീങ്കണ്ണിയുടെ മുകളിൽ കയറിത്തുള്ളിയും കാർക്കിച്ച് തുപ്പിയും പല്ലുകൾ അടിച്ചിട്ടും ജനം കോപംതീർത്തു'
അക്രമാസക്തരായ പുരുഷാരത്തിന്റെ ആക്രോശങ്ങളും അസഭ്യവർഷവും പോലീസിന്റെ വരുതിയിൽപ്പോലും നിൽക്കാതെ തികഞ്ഞ അനിശ്ചിതത്വത്തിൽ മണിക്കൂറുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. സംഭവവികാസങ്ങളെക്കുറിച്ച് ഇതിനകം വാക്കിടോക്കി വഴി നെയ്യാറിലും അവിടെ നിന്ന് മെയിൻ വയർലെസ്സ് സെറ്റ് വഴി തിരുവനന്തപുരം പിടിപി നഗറിലെ ഡിവിഷൻ ഓഫീസിലും തദ്വാരാ മേലാവിലേക്കും അറിയിച്ചിരുന്നെങ്കിലും ആർക്കും സഹായിക്കാനാവാത്ത സ്ഥിതിയാണ് സംജാതമായിരുന്നത്. അപ്പോൾ അവരാരെങ്കിലും അങ്ങോട്ടെത്തിയാൽ സ്ഥിതി അതിലേറെ വഷളാകുമെന്നല്ലാതെ മറ്റൊന്നുമല്ല സംഭവിക്കാൻ പോകുന്നതെന്ന് എല്ലാപേർക്കും അറിയാമായിരുന്നു! അന്നേ ദിവസം അവിടെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ പോലീസുകാരെ കൂടാതെ പത്ത് പേരടങ്ങുന്ന ഒരു സംഘം ആംഡ് റിസർവ്വിലെ പൊലീസുകാർ കൂടി ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അവിടെ ഹാജരുണ്ടായിരുന്നു എന്നത് ഞാനിന്നും ഓർക്കുന്നു. സത്യത്തിൽ അവരെന്തിനാണ് അവിടെ അപ്പോൾ വന്നതെന്ന് എനിക്ക് അശേഷം മനസ്സിലായിരുന്നില്ല. അവിടെ നിലനിന്നിരുന്ന ജനരോഷം നേരിടാനെത്തിയവരാണെന്ന് പിന്നീട് പറഞ്ഞറിഞ്ഞു. അതുപോലെ തന്നെ അന്നത്തെ പ്രശ്‌നപരിഹാരത്തിൽ അവർക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ടായിരുന്നുവെന്നും എനിക്കറിയാമായിരുന്നില്ല.
ആൾക്കാരുടെ അട്ടഹാസങ്ങളും കൂക്കുവിളികളും സഹിക്കാൻ വയ്യാതെ ആയപ്പോൾ നെയ്യാർ വന്യജീവി സങ്കേതത്തിലെ രണ്ട് മൂന്ന് സ്റ്റാഫുകൾ സമയാസമയം 'പുൾ ത്രൂ' അടിച്ച് സൂക്ഷിക്കാത്തതും (Pull through - തോക്ക് സർവ്വീസ് ചെയ്യുന്നതിന്റെ ഭാഗമായി ബാരലുകൾ ക്‌ളീൻ ചെയ്യുന്നത്) നാല് കിലോയോളം ഭാരം വരുന്നതും കാലപ്പഴക്കം ചെന്നതുമായ 303 റൈഫിളുകളുമായി സ്പീഡ് ബോട്ടുകളിൽക്കയറി റോന്ത് ചുറ്റാനും അപ്പോഴും അരമണിക്കൂറിനുള്ളിൽ ഒരു പ്രാവശ്യമെങ്കിലും ജലോപരിതലത്തിൽ ശ്വാസമെടുക്കാനായി എത്തിക്കൊണ്ടിരുന്ന ചീങ്കണ്ണിയെ വെടിവയ്ക്കാനുമുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ശ്വാസോച്ഛ്വാസം നടത്തി തിരികെ വെള്ളത്തിലേയ്ക്ക് ഊളിയിടുന്ന ചീങ്കണ്ണിയെ ഉലയുന്ന ബോട്ടിലിരുന്ന് വെടിവയ്ക്കാനാകുമായിരുന്നില്ലെന്നത് പകൽ പോലെ വ്യക്തമായിരുന്നു. പക്ഷെ ആ അവസരത്തിൽ അവരെ തടയാനാകുമായിരുന്നില്ല എന്നതാണ് സത്യം. വെടിവച്ച് കൊന്നാലല്ലേ ഔദ്യോഗികമായി അനുവാദം തേടേണ്ടതുള്ളൂ എന്നും ഞാൻ ചിന്തിച്ചിരിക്കാം. തന്നെയുമല്ല വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നുതാനും!
എന്നാൽ ശ്വാസത്തിനായി ഉയർന്ന് വരുന്ന ചീങ്കണ്ണിയെ ഉന്നം വച്ച് വനംവകുപ്പുകാർ വെടിയുതിർത്തപ്പോഴാണ് സംഗതികൾ കീഴ്‌മേലായി മറിഞ്ഞത്. ജലോപരിതലത്തിൽ ഉയർന്ന ചീങ്കണ്ണിയുടെ ഏഴയലത്ത് പോലും എത്താതെ വെടിയുണ്ടകൾ ഏറെയകലെയായി പതിച്ച് ഓളങ്ങൾ ഉണ്ടാക്കിയത് കൂടിനിൽക്കുന്നവരുടെ കൂക്കുവിളികളിലും അട്ടഹാസങ്ങളിലും കണ്ണുപൊട്ടുന്ന തെറിവിളികളിലുമാണ് കലാശിച്ചത്!
ശരിക്കും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെയായി കാര്യങ്ങളുടെ പോക്ക് എന്ന് പറഞ്ഞാൽ മതിയല്ലോ. അതോടുകൂടി ഉന്നം പിടിച്ച് നിറയൊഴിക്കാനുള്ള വനംവകുപ്പുകാരുടെ കഴിവുകേട് പൂർണ്ണമായും വെളിപ്പെടുകയും ചെയ്തു. സിനിമയിലൊക്കെ കാണിക്കുന്നത് പോലെ ജീവിതത്തിൽ ആദ്യമായി റിവോൾവറും റൈഫിളും കൈയ്യിലെടുക്കുന്ന നായകനോ നായികയോ ഏറെ അകലെ നിൽക്കുകയോ ഓടുകയോ ചെയ്യുന്ന പ്രതിനായകനെ ഒറ്റവെടിക്ക് വീഴ്ത്തുന്നത് കണ്ട് പരിചയിച്ചവർക്ക് അത്തരത്തിൽ ഒരു ലക്ഷ്യം ഭേദിക്കുന്നത് സാധാരണക്കാർക്ക് തീർത്തും അസംഭവ്യമാണെന്ന് പറഞ്ഞുകൊടുക്കാനാകില്ലല്ലോ. ഷൂട്ടിംഗ് റേഞ്ചുകളിൽ വച്ചിരിക്കുന്ന ലക്ഷ്യത്തിനടുത്ത് (Bullseye) എവിടെയെങ്കിലും ഒന്ന് വെടികൊള്ളിക്കാൻ ട്രെയിനികൾ പെടുന്ന പെടാപ്പാട് അവർക്ക് അറിയുകയുമില്ല.
ഇവിടെ ആ ഉദ്യമങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കുമോ എന്നും എനിക്ക് ഉൾഭയമുണ്ടായി. കാരണം ഓളത്തിൽ ഉലയുന്ന ബോട്ടിനകത്ത് ഇരുന്ന് വെടിവയ്ക്കുമ്പോൾ........
