ഒരിക്കലെങ്കിലും കണ്ട മുഖങ്ങൾ മറക്കാനെളുതാമോ ?
ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും കാതോരത്തുണ്ട് സൂര്യതേജസ്സാർന്ന ആ നാദവും ആലാപനവും.
"ശാരികേ ശാരികേ സിന്ധുഗംഗാ നദീ
തീരം വളർത്തിയ ഗന്ധർവ ഗായികേ
പാടുക നീയീ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..."
"വെറും പതിനഞ്ചു മിനിറ്റിനുള്ളിൽ വയലാർ എഴുതിത്തീർത്ത കവിതയാണത്." - മാധുരിയോടൊപ്പം "ശരശയ്യ" (1971) എന്ന ചിത്രത്തിന് വേണ്ടി ആ ഗാനത്തിന് ശബ്ദം പകർന്ന എം.ജി. രാധാകൃഷ്ണന്റെ വാക്കുകൾ. "ആയുഷ്കാലം മുഴുവൻ അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന പാട്ടായി അത് വളരുമെന്ന് പാടി റെക്കോർഡ് ചെയ്യുമ്പോൾ ചിന്തിച്ചിട്ടില്ല. ഓരോ പാട്ടിനും ഓരോ നിയോഗം."
രാധാകൃഷ്ണനിലെ ഗായകനെ യാദൃച്ഛികമായി തേടിവരികയായിരുന്നു വയലാർ - ദേവരാജൻ കൂട്ടുകെട്ടിന്റെ ആ ക്ലാസ്സിക് സൃഷ്ടി. "ഏതോ പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു വണ്ടികയറാൻ ഒരുങ്ങുമ്പോഴാണ് ദേവരാജൻ മാസ്റ്റർ വിളിച്ചുപറയുന്നത്; പോകാൻ വരട്ടെ, നിനക്ക് ഒരു പാട്ട് പാടാൻ വെച്ചിട്ടുണ്ടെന്ന്. ‘ശരശയ്യ’യുടെ വർക്ക് മുഴുവൻ ഏതാണ്ട് പൂർത്തിയായിരുന്നു........
