ഇന്ത്യയിലെ മാവോയിസ്‌റ്റ് ഭീഷണി ഒഴിഞ്ഞുപോകുമ്പോള്‍
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ആഗോള സമ്പദ്‌വ്യവസ്‌ഥയിലെ തിളങ്ങുന്ന താരമായി ഇന്ത്യ ഉയര്‍ന്നുവരുമ്പോഴും, രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ ഇരുണ്ട നിഴല്‍ വീഴ്‌ത്തിക്കൊണ്ട് അക്രമാസക്‌തമായ ഒരു മാവോയിസ്‌റ്റ് കലാപം വളരുന്നുണ്ടായിരുന്നു. ഒന്നര പതിറ്റാണ്ടോളം, 'ചുവപ്പ് ഇടനാഴി' എന്നറിയപ്പെട്ടിരുന്ന മേഖല ക്രമേണ വികസിച്ചു. ദാരിദ്ര്യം പിടിമുറുക്കിയ ഗ്രാമങ്ങളില്‍ വിപ്ലവകരമായ കമ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങള്‍ക്ക് വേരോട്ടം ലഭിച്ചതായിരുന്നു ഇതിന് കാരണം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്ന് വിശേഷിപ്പിച്ചത് പോലെ, ഇന്ത്യ നേരിട്ടിട്ടുള്ളതില്‍ വെച്ച് 'ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളി'യായി അത് മാറി.
എന്നാല്‍, ഈ വെല്ലുവിളിയെ നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പുണ്ടെന്ന് ഇന്ത്യ തെളിയിച്ചിരിക്കുന്നു. 2013-ല്‍ 126 ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ, എന്നാല്‍ അപൂര്‍ണമായ വിജയത്തെ സൂചിപ്പിക്കുന്നു. 1960-കളില്‍ പശ്‌ചിമ ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ നിന്ന് ഉത്ഭവിച്ച 'നക്‌സലൈറ്റ്' കലാപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലങ്കയില്‍ തമിഴ് പുലികളെ പരാജയപ്പെടുത്താനും 40 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും 2009-ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ അഴിച്ചുവിട്ട വിനാശകരമായ അക്രമത്തിന്റെ വഴിയല്ല ഇന്ത്യ സ്വീകരിച്ചത്. 1990-കളില്‍ പെറുവിലെ മാവോയിസ്‌റ്റ് ഒളിപ്പോരാളികളായ 'ഷൈനിങ് പാത്തി'നെ തകര്‍ക്കാന്‍ ആല്‍ബെര്‍ട്ടോ ഫുജിമോറി ഉപയോഗിച്ച ക്രൂരമായ തന്ത്രങ്ങളും ഇന്ത്യ പയറ്റിയില്ല. പകരം, കലാപത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള വളരെ സൂക്ഷ്‌മവും സമഗ്രവുമായ ഒരു തന്ത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
ഈ കഥയുടെ തുടക്കം ഭൂരഹിതരായ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിപ്പെടാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നാണ്;പ്രത്യേകിച്ചും വിഭവസമൃദ്ധമായ വനമേഖലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്ന്. ചൂഷകരായ........
