menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ആദിവാസി യുവത്വം സര്‍ക്കാരിനോട്‌ സംവദിക്കുന്നത്‌

13 0
14.03.2026

മരുതന്‍ 26 വയസ്‌. അട്ടപ്പാടി കള്ളക്കര ഊര്‌ അന്തേവാസി. ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഡിപ്ലോമ കഴിഞ്ഞ്‌, കുമരകം താജ്‌ ഹോട്ടലില്‍ ജോലി ചെയ്യവേ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ പോന്നു. ഇപ്പോള്‍ കൂലിപ്പണിക്ക്‌ പോവുന്നു.ഇനി നമുക്ക്‌ മുരുകനെ പരിചയപ്പെടാം. മുരുകന്‌ 37 വയസ്സുണ്ട്‌. പ്രാക്‌തന ഗോത്രവര്‍ഗമായ കുറുമ്പ വിഭാഗത്തില്‍പ്പെട്ട യുവാവ്‌. സൈലന്റ്‌വാലി കാടുകള്‍ക്ക്‌ അപ്പുറമുള്ള കടുകുമണ്ണ ഊര്‌ നിവാസി. ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യത്തെ എഞ്ചിനീയര്‍ കൂടിയാണ്‌ മുരുകന്‍. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആദിവാസി കൂട്ടായ്‌മയായ തമ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ മുരുകന്‌ യു.എ.ഇയില്‍ ജോലി കിട്ടുന്നത്‌. ആറ്‌ മാസത്തോളം ജോലി ചെയ്‌തു. മുരുകന്‍ തിരിച്ച്‌ നാട്ടിലെത്തി. ആദ്യം കൂലിപ്പണി. പിന്നീട്‌, ഐ.ടി.ഡി.പി. ഓഫീസിന്‌ കീഴിലുള്ള ഡിസ്‌പന്‍സറിയില്‍ അറ്റന്‍ഡറായി താല്‍ക്കാലിക ജോലി നോക്കുന്നു.ഇത്തരം കാഴ്‌ചകള്‍ അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ യുവതീ-യുവാക്കളുടെ നേര്‍ ചിത്രമാണ്‌. അഞ്ചു വര്‍ഷത്തിനിടെ ഉപരിപഠനത്തിനായി മേഖലയില്‍ നിന്നു പോയ വിദ്യാര്‍ഥികളില്‍ 80 ശതമാനവും പഠനം പൂര്‍ത്തീകരിക്കാതെ ഊരുകളിലേക്ക്‌ തിരികെ എത്തുന്നു എന്ന്‌ സ്‌ഥിതിവിവര കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സില്‍ രൂപമെടുക്കുന്ന ഓരോ ചോദ്യത്തിനും കൃത്യമായ ഒരു ഉത്തരം ലഭിക്കാത്ത കുപിത യൗവനങ്ങളെയാണ്‌ ഊരില്‍ നാം കാണുന്നത്‌. മിഷന്‍ 2031 ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും പാര്‍ശ്വവല്‍കൃത വിഭാഗമായ പട്ടികവര്‍ഗങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ കൂടി കാണേണ്ടതുണ്ട്‌. അവരുടെ പുതിയ തലമുറ നേരിടുന്ന അതിജീവന പ്രതിസന്ധികളെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്‌ എന്നതാണ്‌ മരുതനും മുരുകനും നമ്മളോട്‌ സംവദിക്കുന്നത്‌. രണ്ടു തരത്തിലുള്ള നാഡീഛേദത്തിലൂടെ ആദിവാസി ജനത കടന്നുപോകേണ്ടി വന്നിട്ടുണ്ട്‌. ആദിവാസി ജനതയ്‌ക്ക്‌ ഭൂമിയും കാടുമായി ഉണ്ടായിരുന്ന പൊക്കിള്‍ക്കൊടി ബന്ധം 1940-2000 കാലഘട്ടത്തില്‍ വിച്‌ഛേദിക്കപ്പെട്ടു. 1950-ല്‍ തുടങ്ങിയ കുടിയേറ്റവും, 1975-ല്‍ ഐ.ടി.ഡി.പി. മേഖലകള്‍ രൂപീകൃതമായതോടെയുള്ള പശ്‌ചാത്തല വികസനവും ആദിവാസി മേഖലയിലേക്ക്‌ മറ്റുള്ളവരുടെ കടന്നുകയറ്റത്തിന്‌ വേദിയൊരുക്കി. ആദിവാസികള്‍ ഉള്‍വലിഞ്ഞ്‌ ഉള്‍ക്കാടുകളില്‍ അഭയം പ്രാപിച്ചു. മേഖലകളില്‍ താണ്ഡവമാടിയ കോളറ, പട്ടിണി മരണങ്ങള്‍ എന്നിവയ്‌ക്കു പിന്നാലെയാണ്‌ ആദിവാസി ജനത സംഘടിതരായി ഭൂമി അവകാശം അജന്‍ഡയാക്കി ഭൂസമരങ്ങള്‍ ആരംഭിക്കുന്നത്‌, സംഘടിതരാവുന്നത്‌. 2012-15 കാലഘട്ടത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ നടന്ന പട്ടിണി മരണത്തെ തുടര്‍ന്നാണ്‌ ആദിവാസി സംഘടനകള്‍ നില്‍പ്പ്‌ സമരം ആരംഭിക്കുന്നതും ഭൂമിയിലും വനത്തിലുമുള്ള അവകാശം സ്‌ഥാപിച്ചെടുക്കുന്നതിന്‌ പെസയും വനാവകാശനിയമവും നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതും.നഷ്‌ടപ്പെടലുകളുടെ ആകെത്തുകയാണ്‌ ആദിവാസി ജീവിതം. നഷ്‌ടപ്പെട്ടതെല്ലാം ഓരോന്നായി തിരിച്ചെടുക്കുവാനുള്ള മാനസികമായ ഐക്യപ്പെടലാണ്‌ അവന്റെ ഓരോ നിമിഷവും. നല്ല ജീവിതം, വിദ്യാഭ്യാസം, ഭൂമി, കലാചാരങ്ങള്‍, സംസ്‌കൃതി, കൃഷി, ആരോഗ്യം എല്ലാം തിരിച്ചെടുക്കേണ്ട കാലിക ഭൂമിയിലാണ്‌ ആദിവാസി ഇന്ന്‌ ജീവിക്കുന്നത്‌. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആദിവാസി വികസനം സാധ്യമാക്കാനാവൂ എന്ന തിരിച്ചറിവില്‍ നിന്നുമാണ്‌ ടി.എസ്‌.പി. ഫണ്ടിന്റെ 50 ശതമാനവും വിദ്യാഭ്യാസത്തിനായി മാറ്റിവച്ചത്‌. പക്ഷേ, ഉപരിപഠനത്തിനായി പോയ കുട്ടികളില്‍ 80 ശതമാനവും കൊഴിഞ്ഞുപോകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒന്നാം ക്ലാസ്‌ മുതല്‍ ബിരുദം വരെ ഹോസ്‌റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥി വീട്ടിലെത്തുന്നത്‌ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമാണ്‌. വീടും ഊരുമായുള്ള അവന്റെ ജൈവബന്ധം ഏതാനും ദിവസങ്ങളില്‍ ഒതുങ്ങുന്നു. പലപ്പോഴും ഊരിലെത്തുന്ന വിരുന്നുകാരനാണ്‌ അവന്‍. ഇത്‌ അവനെ ഒറ്റപ്പെടുത്തുകയും മാനസിക സംഘര്‍ഷത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. മരവും മണ്ണും കലാചാരങ്ങളും കുടുംബ ബന്ധങ്ങളും പൈതൃക അറിവുകളും അവന്‌ അന്യമാകുന്നു. ആ ഒറ്റപ്പെടലില്‍നിന്ന്‌ രക്ഷനേടാന്‍ മദ്യത്തിലേക്കും രാസലഹരിയിലേക്കും അവന്‍ എത്തിപ്പെടുന്നു. ഇത്‌ രണ്ടാം നാഡീഛേദമായി വേണം കാണാന്‍. വിദ്യാര്‍ഥികള്‍ മാത്രമല്ല, ആദിവാസി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും ജോലിയില്‍ നിന്നും കൊഴിഞ്ഞുപോയതായി സ്‌ഥതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. അട്ടപ്പാടിയില്‍ മാത്രം ഇരുപതോളംസര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ കൊഴിഞ്ഞു പോയവരായിട്ടുണ്ട്‌. ആധുനികകാലത്ത്‌ കാലത്തിനൊപ്പം സഞ്ചരിക്കാനാവാതെ ഇടയ്‌ക്ക്‌ കാലിടറിയ പുതിയ തലമുറയെയാണ്‌ ഊരുകളില്‍ കാണാനാവുന്നത്‌. അതിനെ അഭിസംബോധന ചെയ്യുന്ന പദ്ധതികളിലേക്കും രീതീശാസ്‌ത്ര നിര്‍മിതിയിലേക്കും നമ്മള്‍ പോവേണ്ടതുണ്ട്‌. മിഷന്‍ 31-ഉം നവകേരള നിര്‍മിതിയും ചര്‍ച്ച ചെയ്യുന്ന ഈ വേളയില്‍ ഒരു ജനത അവരുടെ അതിജീവനത്തിനായി മുന്നോട്ടു വയ്‌ക്കുന്ന ഏതാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. ഊരുകളിലെ അഭ്യസ്‌തരായ യുവതീ യുവാക്കള്‍ക്ക്‌ തൊഴില്‍ ഇല്ലാത്ത സാഹചര്യമുണ്ട്‌. കോടികള്‍ മുതല്‍ മുടക്കിയിട്ടും മേഖലയില്‍ നിന്നു സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. ഊരുകളിലെ അഭ്യസ്‌തവിദ്യര്‍ക്ക്‌ സ്വയം സ്‌റ്റാര്‍ട്ടപ്പുകളും വ്യവസായങ്ങളും തുടങ്ങാന്‍ ആവശ്യമായ അന്തരീക്ഷം വകുപ്പ്‌ തലത്തില്‍ ഉണ്ടാവണം. അതിനായി പ്രത്യേക ൈഡ്രവ്‌ സംഘടിപ്പിക്കണം. കേരളത്തില്‍ വനാവകാശനിയമപ്രകാരം 38,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക്‌ വ്യക്‌തിഗതാവകാശപ്രകാരം വിതരണം ചെയ്‌തിട്ടുണ്ട്‌. പ്രസ്‌തുത ഭൂമിയില്‍ നബാര്‍ഡ്‌ അടക്കമുള്ള ഏജന്‍സികളുടെ സഹകരണത്തോടെ കൃഷി അടക്കമുള്ള വരുമാനദായക പദ്ധതികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സാമൂഹികാവകാശപ്രകാരം ഏഴു ലക്ഷത്തിലധികം ഏക്കര്‍ വനത്തിന്റെ വിഭവാധികാരം ആദിവാസികള്‍ക്ക്‌ കൈമാറി. പക്ഷേ, മാനേജ്‌മെന്റ്‌ അവകാശം ലഭ്യമാക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഇനി ചെയ്യേണ്ടതുണ്ട്‌. 1996-ലെ പെസ നിയമം ഇടമലക്കുടി പോലുള്ള മേഖലകളില്‍ പ്രഖ്യാപിച്ചാല്‍ നന്നാവും. പെസ നിയമത്തിലെ നല്ല വശങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടായിരുന്നു ഊരുകൂട്ടനിയമം രൂപം കൊടുത്തത്‌. ആദിവാസി ജനത തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വാര്‍ഡ്‌, പഞ്ചായത്ത്‌ അടിസ്‌ഥാനത്തില്‍ പെസ നിയമം നടപ്പിലാക്കാവുന്നതാണ്‌. വനാവകാശനിയമം നടപ്പിലാക്കുന്നത്‌ ത്വരിതപ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ കീഴില്‍ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനായി ഫണ്ടും വകയിരുത്തിയിട്ടുള്ളതാണ്‌. പക്ഷേ കേരളം അത്‌ ആരംഭിച്ചിട്ടില്ല. പട്ടികവര്‍ഗ മേഖലയിലെ ഭവന നിര്‍മാണം ഇപ്പോള്‍ ലൈഫ്‌ പദ്ധതിക്ക്‌ കീഴിലാണ്‌ നടക്കുന്നത്‌. അടിസ്‌ഥാന സൗകര്യ വികസനത്തില്‍ വളരെ പ്രാധാന്യത്തോടെ ഇടപെടുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ അത്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു. പക്ഷെ പട്ടികവര്‍ഗ മേഖലയിലേക്ക്‌ വരുമ്പോള്‍ ഉപഭോക്‌താക്കള്‍ക്ക്‌ വേണ്ട രീതിയില്‍ വീട്‌ കിട്ടുന്നില്ലെന്ന്‌ പരാതിയുണ്ട്‌. അട്ടപ്പാടിയില്‍ മാത്രം 1153 വീടുകളുടെ പണി പാതിവഴിയിലാണ്‌. പാതി പണിതീര്‍ന്ന വീടുകളില്‍ നിന്നാണ്‌ കരുവാര ഊരില്‍ കുട്ടി വീണ്‌ മരിച്ചത്‌. ആദിവാസി മേഖലയിലെ വീടുകള്‍ പ്രത്യേക പാക്കേജില്‍പ്പെടുത്തി പാതിയായവ പൂര്‍ത്തീകരിക്കാനും പുതിയ വീടുകള്‍ പണിയാനും പദ്ധതി രൂപീകരിക്കണം. മേഖലയില്‍ ഏറ്റവും കൂടുതല്‍ പരാതി ഉയരുന്നത്‌ ഇ-ഗ്രാന്റിനെ ചൊല്ലിയാണ്‌. സമയത്ത്‌ ഗ്രാന്റ്‌ ലഭിക്കാത്തതിനാല്‍ മേഖലയിലെ വിദ്യാര്‍്‌ഥികള്‍ പ്രതിസന്ധിയിലാവുന്ന സ്‌ഥിതിയുണ്ട്‌. ഇവര്‍ക്ക്‌ ഗ്രാന്റ്‌ ലഭ്യമാക്കാന്‍ പ്രത്യേക പാക്കേജ്‌ അനുവദിക്കണം. ആദിവാസി മേഖലകളില്‍ ഇന്നും ഭൂമികൈയേറ്റം യഥേഷ്‌ടം നടക്കുന്നുണ്ട്‌. ആദിവാസികളുടെ അറിവില്ലായ്‌മ മുതലെടുത്ത്‌ ഭൂമാഫിയ ഭൂമി വാങ്ങി കൂട്ടുകയാണ്‌. (ഉദാ: അട്ടപ്പാടി ഷോളയൂര്‍ വില്ലേജ്‌) ഇത്‌ തടയുന്നതിനും കൈയേറ്റം അവസാനിപ്പിക്കുന്നതിനും കമ്മിഷനെ വയ്‌ക്കണം. വിദ്യാലയങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക്‌ തടയാന്‍ സര്‍ക്കാര്‍ നിയമിച്ച മെന്റര്‍ ടീച്ചര്‍മാരെ സ്‌ഥിരപ്പെടുത്താന്‍ നടപടി ഉണ്ടാവണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവിധ വകുപ്പുകളില്‍ താല്‍കാലിക ജീവനക്കാരായി തുടരുന്ന ആദിവാസികളായ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണം. ൈട്രബല്‍ ഹോസ്‌റ്റല്‍, എം.ആര്‍.എസ്‌. എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക്‌ മുന്‍ഗണന കൊടുക്കണം. കേന്ദ്ര സര്‍ക്കാരില്‍ ഉള്ളതുപോലെ സംസ്‌ഥാനത്തും ഒരു ൈട്രബല്‍ കമ്മിഷന്‍ രൂപീകരിക്കണം. രാജേന്ദ്രപ്രസാദ്‌ (സെന്റര്‍ ഫോര്‍ ൈട്രബല്‍ എഡ്യൂക്കേഷന്‍, ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ (തമ്പ്‌)) അധ്യക്ഷനും ഗോത്രഭൂമി മാസികയുടെ പത്രാധിപരുമാണ്‌ രാജേന്ദ്രപ്രസാദ്‌.ഫോണ്‍: 9447139784)


© Mangalam