ഉരുകുന്ന പാത്രത്തെ ഭയപ്പെടാത്ത സ്വര്‍ണത്തിന്റെ 'ആനവാല്‍ മോതിരം'
സ്വര്‍ണച്ചൂണ്ട ഉപയോഗിക്കുന്നവന്‍ നന്നായി മീന്‍ പിടിക്കുമെന്നത് ലാറ്റിന്‍ ചൊല്ലും യഥാര്‍ഥ സ്വര്‍ണം ഉരുകുന്ന പാത്രത്തെ ഭയപ്പെടുന്നില്ലെന്നത് ചൈനീസ് പ്രയോഗവും സ്വര്‍ണം സത്യസന്ധമായ പണമായതിനാല്‍ സുതാര്യതയില്ലാത്തവര്‍ ദുരുപയോഗിക്കുമെന്നത് ആഫ്രിക്കന്‍ പഴമൊഴിയുമാണ്. സ്വര്‍ണവും വെള്ളിയും സ്വഭാവത്താല്‍ പണമല്ലെങ്കിലും, പണം സ്വഭാവത്താല്‍ സ്വര്‍ണവും വെള്ളിയുമാണെന്ന് കാള്‍ മാര്‍ക്‌സ്(ഓള്‍ദോ ഗോള്‍ഡ് ആന്‍ഡ് സല്‍വര്‍ ആര്‍ നോട്ട് ബൈ നാച്വര്‍ മണി;മണി ഈസ് ബൈ നാച്വര്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍) 1859 ല്‍ ക്രിട്ടിക് ഓഫ് പൊളിറ്റിക്കല്‍ ഇക്കോണമി എന്ന പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അപൂര്‍വ സൗന്ദര്യം സമ്പത്ത്, ശക്‌തി, ദിവ്യത്വം എന്നിവയുമായുള്ള പ്രതീകാത്മക ബന്ധങ്ങളാലാണ്. അതങ്ങനെ സഹസ്രാബ്‌ദങ്ങളായി മൂല്യത്തിന്റെയും നിക്ഷേപത്തിന്റെയും വിശ്വസനീയ ശേഖരമായി.
ചരിത്രത്തിലുടനീളം ഇതുപോലെ കൂട്ടായ ഭാവനയെയും ആഗ്രഹത്തെയും വളരെ കുറച്ച് വസ്‌തുക്കളേ പിടിച്ചെടുത്തിട്ടുള്ളൂ. സ്വര്‍ണത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം പല പുരാതന നാഗരികതകളെയും അതിനെ ദേവതകളുമായും നിത്യജീവനുമായും ബന്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പുരാതന ഈജിപ്‌തില്‍ സൂര്യദേവനായ റായുടെ മാംസമായി കണക്കാക്കി. ആസ്‌ടെക്കുകള്‍ ദൈവങ്ങളുടെ വിസര്‍ജ്യമെന്നും ഇന്‍കാകള്‍ സൂര്യന്റെ വിയര്‍പ്പ് എന്നുമാണ് കരുതിയത്. ഗ്രീക്കുകാര്‍ സൂര്യദേവനായ അപ്പോളോയുമായി കൂട്ടിക്കെട്ടി. സ്വര്‍ണം നിറച്ച സാര്‍ക്കോഫാഗിയിലാണ് ഫറവോന്മാരെ അടക്കം ചെയ്‌തിരുന്നത്. ഇത്തരം ആത്മീയ ബന്ധങ്ങള്‍ വെറും അലങ്കാര വസ്‌തുവിനപ്പുറം അഗാധ പ്രപഞ്ച പ്രാധാന്യമുള്ള ഒന്നായി ഉയര്‍ത്തി.
ബി.സി. 550-ല്‍ ലിഡിയ രാജാവായ ക്രോയസസാണ് ആദ്യം സ്വര്‍ണ നാണയങ്ങള്‍ ഇറക്കിയത്. എല്ലാ സംസ്‌കാരങ്ങളിലും പവിത്ര വസ്‌തു. പുരാതന റോമിലും മധ്യകാല യൂറോപ്പിലും കുലീന കുടുംബാംഗങ്ങള്‍ ഒഴികെ ആളുകള്‍ അമിതമായി സ്വര്‍ണം ധരിക്കുന്നത് നിയമങ്ങള്‍ വിലക്കിയത് വേറൊരു കഥ. മഞ്ഞലോഹത്തോടുള്ള അമിതാര്‍ത്തിക്ക് അതിരുകളില്ലാത്തതിനാല്‍ ആഗോള ആവശ്യം ഏറിക്കൊണ്ടിരിക്കുന്നു. സംസ്‌കാരത്തിലും വാണിജ്യത്തിലും ആഴത്തില്‍ വേരൂന്നിയ സ്വഭാവം പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഡിജിറ്റല്‍ യുഗം വികസിക്കുമ്പോഴും ബന്ധം ദൃഢതരമാവുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ആഗോളതലത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ആവശ്യം 2,0 93 ടണ്‍ ആയിരുന്നു. ഒന്നാം സ്‌ഥാനത്ത് ചൈന, പിന്നില്‍ ഇന്ത്യ. ലോകത്തിലെ സ്വര്‍ണാഭരണ ആവശ്യകതയുടെ പകുതിയിലേറെയും........
