ആരവല്ലി പാഠം പശ്‌ചിമഘട്ടത്തിനൊരു മുന്നറിയിപ്പ്
വൈദേശികാക്രമണങ്ങളില്‍ നിന്നും കടന്നുകയറ്റങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന ജവാന്മാരെപ്പോലെ പരിസ്‌ഥിതിയെയും കാലാവസ്‌ഥയെയും പ്രകൃതിസമ്പത്തിനെയും സംരക്ഷിക്കുന്ന കാവലാളുകളാണ് ഹിമാലയം, ആരവല്ലി, കാരക്കോറം, പശ്‌ചിമഘട്ടം, വിന്ധ്യാ, സത്‌പുര, പൂര്‍വഘട്ടം എന്നീ പര്‍വത നിരകളും അനേകം കൊടുമുടികളും മലനിരകളും. ഇക്കുട്ടത്തില്‍ ഡല്‍ഹി, ഹരിയാന, രാജസ്‌ഥാന്‍, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലൂടെ 692 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ആരവല്ലി മലനിരകള്‍ പൊടുന്നനെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും സഹതാപവും നേടിയിരിക്കുന്നു.
അര, വാലി എന്നീ ധാതുക്കളില്‍ നിന്നുണ്ടായ സംസ്‌കൃതപദമാണ് ആരവല്ലി. കൊടുമുടികളുടെ വരി എന്നാണര്‍ത്ഥം. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ആരവല്ലി മലനിരയുടെ പ്രായം ഏകദേശം 250 കോടി വര്‍ഷമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉത്തരേന്ത്യയുടെ ആവാസവ്യവസ്‌ഥയെ സംരക്ഷിക്കുകയും പാരിസ്‌ഥിതികഭാവിയെ ഭദ്രമായി നിലനിര്‍ത്തുകയും ചെയ്യുന്ന സ്വാഭാവിക പച്ചമതില്‍ക്കെട്ടും ഹരിത ശ്വാസകോശവും ആണ് ആരവല്ലി പര്‍വത നിരകളന്നു വിശേഷിപ്പിക്കപ്പെടുന്നു.
ആരവല്ലി മലനിരകളുടെ പടിഞ്ഞാറെ ഭാഗത്ത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഥാര്‍ മരുഭൂമി കിഴക്കോട്ടു വളരാനനുവദിക്കാതെ ഡല്‍ഹിയെയും ഹരിയാനായെയും രക്ഷപ്പെടുത്തുന്നത് ആരവല്ലിയാണ്. മരുഭൂമിയില്‍നിന്നു ശക്‌തിയോടെ വീശിയടിക്കുന്ന പൊടിക്കാറ്റില്‍നിന്ന് ഈ സംസ്‌ഥാനങ്ങളെ സംരക്ഷിക്കുന്നതും ആരവല്ലി തന്നെയാണ്. മധ്യേഷ്യയില്‍ നിന്നുള്ള അസഹ്യമായ ശൈത്യക്കാറ്റിനു മറയായി നില്‍കുന്നതും ഇതേ മലനിരകള്‍ തന്നെയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍മഴ ഡല്‍ഹിയിലും ഹരിയാനയിലും കൃത്യമായി വിതരണം ചെയ്യുന്നതും ഈ മലനിരകളുടെ ഔദാര്യമാണ്.
സര്‍ക്കാര്‍ വക അസ്‌തിത്വ ഭീഷണി
കോടാനുകോടി വര്‍ഷങ്ങളായി സ്വസ്‌ഥമായി രാജ്യത്തെ കാത്തു സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ആരവല്ലി പെട്ടെന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമുണ്ട്. 20 മീറ്ററും അതില്‍ കൂടുതലും ഉയരമുള്ള കുന്നുകളെല്ലാം ആരവല്ലി പര്‍വതനിരയുടെ ഭാഗമായി അംഗീകരിച്ച്........
