ബി.ജെ.പിയുടെ ബി ടീം; ആ തൊപ്പി ആര്‍ക്കാണ് പാകമാകുക ?
സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നോ നാലോ മാസംമാത്രമേ അവശേഷിക്കുന്നുള്ളൂ എന്നിരിക്കെ സി.പി.എം. സംസ്‌ഥാന കമ്മിറ്റി, പാര്‍ട്ടി ഇന്നുവരെ നേരിട്ടിട്ടില്ലാത്തത്ര കനത്ത പരാജയം തദ്ദേശസ്‌ഥാപന തെരഞ്ഞെടുപ്പില്‍ നേരിട്ടതിനെ എങ്ങനെ വിലയിരുത്തുന്നുവെന്നു രാഷ്‌ട്രീയ നിരീക്ഷകരെല്ലാം ആകാംക്ഷാപൂര്‍വം ശ്രദ്ധിച്ചിരുന്നു. സംസ്‌ഥാന കമ്മിറ്റി കൂടുന്നതിനു മുമ്പായി രണ്ടു തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച വിലയിരുത്തലിനപ്പുറം പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ സംസ്‌ഥാന കമ്മിറ്റിക്കു കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്നു മനസിലാകുക.
മറ്റൊന്ന്, പതിവുപോലെ മതനിരപേക്ഷതയെക്കുറിച്ചു നേരത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നലെ മുഖ്യമന്ത്രിയും നടത്തിയ സത്യസന്ധമല്ലാത്ത, ആത്മാര്‍ഥതയില്ലാത്ത, അങ്ങേയറ്റം കാപട്യം നിറഞ്ഞ, പ്രസ്‌താവനയാണ്. മത-ജാതി- വര്‍ഗീയ ശക്‌തികള്‍ക്കു കേരളത്തില്‍ സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അവര്‍ മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയാണ് തകര്‍ക്കുന്നതെന്നും യു.ഡി.എഫ്. വിശ്വാസത്തെ രാഷ്‌ട്രീയത്തിന് ഉപയോഗിച്ചുവെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ഇതുവഴി ബി.ജെ.പിയുടെ ബി ടീമാകുകയാണ് കോണ്‍ഗ്രസ് എന്ന് ആരോപിക്കുമ്പോള്‍ സമീപകാല കേരള രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ ജനങ്ങള്‍ പരിഹാസത്തോടെ ഒന്നു ചിരിക്കാതിരിക്കില്ല. കാരണം ബി.ജെ.പിയുടെ ബി ടീം എന്ന തൊപ്പി ആര്‍ക്കാണ് പാകമാകുക എന്നു തിരിച്ചറിയാനുള്ള അവരുടെ വിവേചനശേഷിയെയാണ് സഖാവ് എം.വി. ഗോവിന്ദന്‍ ചോദ്യംചെയ്‌തിട്ടുള്ളത്.
തങ്ങള്‍ ഈശ്വരവിശ്വാസികള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണെന്ന്, മത-സാമുദായിക പ്രസ്‌ഥാനങ്ങളുമായി സഹകരണത്തിലാണെന്ന്, തുറന്നുപറയുന്നവരാണ് കോണ്‍ഗ്രസുകാരും യു.ഡി.എഫും. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലുമായി മത-സാമുദായിക നേതൃത്വങ്ങളുമായി യു.ഡി.എഫിനു പഴയതുപോലെ സഹകരണത്തിന് അവസരമില്ലെന്നതും ജനങ്ങള്‍ കണ്ടുകൊണ്ടാണിരിക്കുന്നത്.
അതേസമയം, കേരളത്തില്‍ വര്‍ഗീയതയെ അകറ്റിനിര്‍ത്തുംവിധം ഉറച്ച മതനിരപേക്ഷ നിലപാട് മുമ്പ് സ്വീകരിച്ചിരിക്കുന്ന പാരമ്പര്യമുള്ളവരാണ് സി.പി.എമ്മും ഇടതുപക്ഷവും. എല്ലാ സാമുദായിക കക്ഷികളെയും ഒഴിവാക്കി 1987ല്‍ വന്‍വിജയം നേടിയ ചരിത്രവും അവര്‍ക്ക് അവകാശപ്പെടാനുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ വളര്‍ച്ച തടഞ്ഞാലേ അധികാരം നേടാനും നിലനിര്‍ത്താനുമാകൂ എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ 2015 മുതലെങ്കിലും സി.പി.എം. മതവിശ്വാസവുമായി കൈകോര്‍ത്തു........
