menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'സുധീറിന്റെ കാര്യം അറിഞ്ഞോ?'എന്ന് അസീമേട്ടന്‍ ചോദിച്ചു; ആ ചോദ്യത്തിലെ അപകടധ്വനി എന്നെ നടുക്കി

7 1
05.09.2025

ഷീജ വക്കം

'ഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍...' ലൗഡ്സ്പീക്കറില്‍ മണിച്ചിത്രത്താഴിലെ ഹിറ്റ്ഗാനം മുഴങ്ങുന്നു. ജംഗ്ഷനില്‍ വെച്ചേ ആര്‍പ്പും ബഹളവും കേള്‍ക്കാമായിരുന്നു. മാമ്പൂക്കളും കണ്ണിമാങ്ങകളും ചിതറിക്കിടന്ന വഴിയിലൂടെ നടന്ന് കൊടിതോരണങ്ങള്‍ തൂക്കിയ അപരിചിത സ്‌കൂള്‍മുറ്റത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പുയര്‍ന്നു. ആദ്യമായൊരു സാഹിത്യമത്സരത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്. പരിഭ്രമമുണ്ട്.

സ്‌കൂള്‍ക്കുട്ടികള്‍ക്കായി ട്യൂട്ടോറിയലുകളുടെ കൂട്ടായ്മ നടത്തുന്ന കലാമേളയാണ്. ആദ്യമായാണ് ഇങ്ങനെയൊന്ന് സംഘടിപ്പിക്കപ്പെടുന്നത്. ഒരു കൂട്ടം സര്‍ഗധനരായ ട്യൂട്ടോറിയല്‍ മാഷുമാരുടെയും യുവാക്കളുടെയും വേറിട്ട ഒരു പരിശ്രമമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയൊരു പങ്കാളിത്തമായിരുന്നു കുട്ടികളില്‍ നിന്നും അതിനു ലഭിച്ചത്.

സ്‌കൂള്‍ യുവജനോത്സവം പോലുള്ള ഗംഭീരവേദികളൊന്നും അന്നു കണ്ടിട്ടേയില്ല. സ്‌കൂളിലെ ഓഫ്സ്റ്റേജ് മത്സരങ്ങളൊന്നും അറിയാറു പോലുമുണ്ടായിരുന്നില്ല. എഴുത്തുകള്‍ എന്നും ഡയറിയില്‍ മാത്രമായിരുന്നു. അതിനെ കവിതയെന്നു വിളിക്കാമോ? അങ്ങനെ വിളിക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല. എന്നാലും എന്തോ ചില അലയിളക്കങ്ങള്‍ ഉള്ളിലെവിടെയോ അനുഭവപ്പെട്ടു എന്നത് സത്യം. തരളമായൊരു സ്വകാര്യരഹസ്യം.

'ട്യൂഷന്‍ സര്‍ക്കിള്‍' എന്നായിരുന്നു ഞങ്ങളുടെ ട്യൂഷന്‍സ്ഥാപനത്തിന്റെ പേര്. ഇംഗ്ലീഷ്മീഡിയമായിരുന്നതിനാല്‍ താരതമ്യേന കുട്ടികള്‍ കുറവായിരുന്നു. വൈകിട്ട് സ്‌കൂള്‍വാനില്‍ ആറ്റിങ്ങല്‍ വന്നിറങ്ങി, ട്യൂഷനും കഴിഞ്ഞാണ് ബസ്സില്‍ വീട്ടിലേയ്ക്കു തിരികെപ്പോവുന്നത്. സ്‌ക്കൂളിനെക്കാള്‍ ഹൃദയബന്ധമുള്ളയിടം.

മുഖ്യവേദിയായ സ്‌ക്കൂള്‍ ഞങ്ങള്‍ക്ക് അയല്‍പക്കമാണ്. പക്ഷേ മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം സംശയിച്ചു സംശയിച്ചാണ് അവതരിപ്പിച്ചത്. ആരു കൊണ്ടുപോവും അവിടേയ്ക്ക്. കേട്ടപാടെ വല്യമ്മ 'പോകാം' എന്നാണ് പറഞ്ഞത്. 'നോക്കാം' എന്നല്ല. അപ്പോള്‍ നെഞ്ചിടിപ്പു കൂടി. വെറുതെ ഒരു ലീവ് കളഞ്ഞ് വല്യമ്മ വരികയാണ്. അവിടെച്ചെന്നെന്തു കാട്ടാനാണ് പോവുന്നത്! അവസാന ദിവസമാണ് സാഹിത്യമത്സരങ്ങള്‍. അടുത്ത ദിവസം സമാപനസമ്മേളനത്തില്‍ സമ്മാനദാനം.

അങ്ങനെ വിവിധ ചിന്താവിക്ഷുബ്ധഹൃദയയായി കഥാകവിതാദികളില്‍ പങ്കെടുക്കാന്‍ കൃത്യസമയത്ത് സ്‌കൂളിലെത്തി. ആകെ ഉത്സവാന്തരീക്ഷം. എട്ടാം ക്ലാസ്സാണ്, ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. സഹോദരിയുമുണ്ട് ഒപ്പം. പണ്ട് കൊച്ചുക്ലാസ്സുകളില്‍ സ്റ്റേജ്മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. പക്ഷേ ഒരു സാഹിത്യമത്സരത്തില്‍ ആദ്യമായാണ്. മറ്റു കുട്ടികളെല്ലാം പുലികളായിരിക്കുമോ? ഉള്ളില്‍ ഭയമുണ്ട്. ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്കു നിശ്ചയിച്ച ഓഫ്സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മണി മൂന്നായി. പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് വെളിച്ചം കുറഞ്ഞ ഒരു കുടുസ്സു ക്ലാസ് മുറിയിലേയ്ക്കു നയിക്കപ്പെട്ടു. മുന്‍ബഞ്ചില്‍ത്തന്നെ പോയിരുന്നു. ബഞ്ചിന്റെ കാലുകള്‍ക്ക് ഒരു ചാഞ്ചാട്ടം.! ക്ലാസ്സു നിറയെ കുട്ടികളുണ്ട്. രണ്ടു മൂന്നു മാഷുമാര്‍ ക്ലാസ്സിലേയ്ക്കു വന്നു. ആദ്യമത്സരം കഥയാണ്. അത് കഴിഞ്ഞ് ഇതേയിടത്തു തന്നെ കവിതാമത്സരവും നടക്കും.

ഇളംനീല ഷര്‍ട്ടും ഖദര്‍മുണ്ടും ധരിച്ച, നീണ്ടു മെലിഞ്ഞ വിഷാദിയായ ഒരു സാറ് ഞങ്ങള്‍ക്കു എഴുതാനുള്ള പേപ്പര്‍ തന്നു. എന്റെ കയ്യും കാലും വിറച്ചു. കൊല്ലവര്‍ഷ പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ കാത്തിരിക്കുമ്പോള്‍ പോലും ഇത്രയും വിറയല്‍ അനുഭവിച്ചിട്ടില്ല. ഉച്ചഭാഷിണിയുടെ അലര്‍ച്ച നിന്നെങ്കില്‍ നെഞ്ചിടിപ്പുകള്‍ പുറത്തു കേട്ടുപോയേനെ. കഥാമത്സരം തുടങ്ങുന്നു. സാറ് വിഷയം പറഞ്ഞു. 'പലായനം.' പിന്നെ ചിരിയോടെ തുടര്‍ന്നു, 'ഒന്നര മണിക്കൂറാണ് സമയം. നിങ്ങളുടെ ഇഷ്ടം പോലെ, ഭാവന പോലെ സമാധാനമായി എഴുതൂ.' 'സിനിമാക്കഥയൊന്നും എഴുതിക്കളയല്ലേ.' കൂടെ നിന്ന മറ്റൊരു മാഷ് വിളിച്ചു പറഞ്ഞു. കുട്ടികളെല്ലാം ചിരിച്ചു.

പേപ്പറില്‍ പലായനം എന്നെഴുതി, ഒന്നു നിവര്‍ന്നിരുന്നു. സമയം ആരംഭിക്കുന്നു. പേപ്പറിലെ പലായനത്തിലേയ്ക്ക് ഒന്നൂടി നോക്കി; തത്ക്ഷണം മനസ്സ് എങ്ങോട്ടോ പലായനം ചെയ്തു. ഒരു ഹൃദയചിഹ്നവും അതിനെ തുളച്ചുപോയ ഒരമ്പും ആലേഖനം ചെയ്ത തുള വീണ തടിഡെസ്‌ക്കില്‍ വെള്ളപ്പേപ്പര്‍ ഒരു വെല്ലുവിളി പോലെ നിവര്‍ന്നു. ഞാന്‍ വിയര്‍ത്തു. മനസ്സു ശൂന്യം. അവിടെ കൊല്ലപ്പണിക്കാരന്റെ തട്ടും മുട്ടുമില്ല. ഉലകള്‍ കാറ്റൂതുന്നില്ല. ചുട്ടയിരുമ്പില്‍ ചുറ്റിക വീഴുന്നില്ല. കരി കത്തുന്ന ഗന്ധമില്ല. തീ തണിഞ്ഞു പോയ, ഉപേക്ഷിതമായ ആല പോലെ സര്‍ഗശൂന്യമായ ഒരു മനസ്സ്.. അയ്യോ, ഇതുവരെ ഇതിങ്ങനെ അല്ലായിരുന്നല്ലോ!

പതിയെ ഒന്നു തിരിഞ്ഞു നോക്കി. തകര്‍ന്നുപോയി. ഓട്ടമത്സരത്തിനു വെടിയൊച്ച കേട്ട ജമൈക്കന്‍താരങ്ങളെപ്പോലെ എഴുതിപ്പറക്കുകയാണ് പേനകള്‍. തൊട്ടിപ്പുറത്തിരുന്ന കണ്ണട വെച്ച ഗൗരവക്കാരി പെണ്‍കുട്ടി ആദ്യത്തെ പേജിന്റെ അവസാന ഭാഗത്തെത്തിക്കഴിഞ്ഞു. ഇവിടെ പേപ്പര്‍ ശൂന്യം. താറാക്കൂട്ടത്തോടൊപ്പം വെള്ളത്തില്‍ച്ചാടിയ കോഴിക്കുഞ്ഞിനെപ്പോലെ ഞാന്‍ കാലിട്ടടിച്ചു. എനിക്കു നീന്താനറിയുന്നില്ല.

ആ സാറാണെങ്കില്‍, പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍ നടക്കുമ്പോലെ ബഞ്ചുകള്‍ക്കു നടുവിലൂടെ നടക്കുന്നു. ഇടയ്ക്ക് ആകാംക്ഷയോടെ ഓരോ പേപ്പറുകളിലും എത്തിനോക്കുന്നുമുണ്ട്. ഇടിവെട്ടിയിരിക്കുന്ന എന്നെയും ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ഗാഢമായ ആലോചന അഭിനയിച്ചു.

പശ്ചാത്തലത്തില്‍ പലവട്ടം മുഴങ്ങിയ പഴന്തമിഴ്പ്പാട്ട് എപ്പൊഴോ ഇഴഞ്ഞ് തീര്‍ന്നിരുന്നു. ഇപ്പോള്‍ സന്ദര്‍ഭത്തിനു പറ്റിയ മറ്റൊരു പാട്ട് മുഴങ്ങുന്നു, 'വരുവാനില്ലാരുമീ വിജനമാമെന്‍ വഴി, അറിയാമതെന്നാലുമിന്നും..' ഏതോ ഒരു കുട്ടി എന്തോ സംശയം ചോദിച്ചു. സാറ് പറഞ്ഞു, 'എന്തുമെഴുതാം, നിങ്ങള്‍ക്കിഷ്ടപ്പെട്ട എന്തും. തലക്കെട്ട് മാത്രമാണ് തന്നത്. ഏതാശയവും ആവിഷ്‌ക്കരിക്കാം. എന്തെങ്കിലും എഴുതൂ. വെറുതെയിരിക്കല്ലേ.' അവസാനത്തെ ഡയലോഗ് എന്നെ ഉദ്ദേശിച്ചല്ലേ?

ആയുധം കയ്യിലെടുത്തു. പണ്ടത്തെ നീലക്യാപ്പുള്ള വെള്ള റെയ്നോള്‍ഡ്സ് പേന. കഥയെഴുതിയെഴുതി മഷി തീര്‍ന്നു പോയാല്‍, പ്രയോഗിക്കാന്‍ വേറൊരു പേനയും കൂടിയെടുത്തു വന്നതാണ്! എന്തു പറയാന്‍!

ഞാന്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തിരിച്ചറിയപ്പെടും, മാനഹാനിയുണ്ടാവും എന്ന ഭയമാണ് ഇവിടത്തെ പ്രതിബന്ധം. ഒരു സംഘത്തിനുള്ളിലാണെങ്കില്‍ തല്ലാനും കൊല്ലാനും പോലും ഏതു ഭീരുവിനും ധൈര്യം വരും. ഇതിപ്പൊ കോഡ്നമ്പറുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിന് എത്തിച്ചുകൊടുക്കും. ആരാണെഴുതിയതെന്ന് അറിയില്ല. ആള്‍ക്കൂട്ടത്തിനൊപ്പം കൂവുന്ന പോലേയുള്ളൂ. എന്തെങ്കിലും എഴുതാതെ പോവരുത്. നാണക്കേടാണ്. അങ്ങനെ തൂലികയുടെ കര്‍മ്മബന്ധനങ്ങളഴിഞ്ഞു. കഥ ആരംഭിച്ചു.

ചേടിമണ്ണ് കുഴച്ച് ഇഷ്ടികയുണ്ടാക്കുമ്പോലെയിരുന്നു ആ പരിപാടി. പണ്ട് കളിക്കുമ്പോള്‍ ആദ്യം കുഴഞ്ഞ മണ്ണ് തീപ്പെട്ടിക്കൂടിനുള്ളിലാക്കി ഇഷ്ടികയുണ്ടാക്കും. പിന്നെ അതിനു മീതേ കുറച്ച് മണ്ണ് ഉരുട്ടി വച്ച് അമ്മിക്കല്ലും കുഴവിയുമാക്കും. പിന്നെ അതിടിച്ചു പരത്തി നടുകുഴിഞ്ഞ ഒരു പിഞ്ഞാണം. ഒടുക്കം തട്ടുകളുള്ള ഒരു പിറന്നാള്‍ക്കേക്കായി അവസാനിക്കും. മെഴുകുതിരിയ്ക്കു പകരം രണ്ടു തീപ്പെട്ടിക്കൊള്ളിയും കുത്തിവെച്ചിരിക്കും. അതുപോലെ കഥയും ഭാവനാദ്രവ്യത്തിന്റെ പല അവസ്ഥാന്തരങ്ങളിലൂടെ കുഴഞ്ഞു മറിയുകയാണ്.

മുന്‍ബഞ്ചില്‍ പെട്ടെന്നുണ്ടായ ഈ തുറമുഖത്തിരയിളക്കം സാര്‍ കണ്ടു. ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. ഒന്നര മണിക്കൂര്‍ ദാ പോയി. സമയത്തിനു മുമ്പേ പകുതിപ്പേരും പേപ്പര്‍ കൊടുത്തു. സമയം കഴിഞ്ഞിട്ടും ഇവിടെ വെട്ടും തിരുത്തും തട്ടുംമുട്ടുമായി ആകെ പരാക്രമം. വെപ്രാളം കണ്ട് ദയാലുവായ സാറ് 5 മിനിറ്റ് കൂടി അനുവദിച്ചു. എവിടെ! കഥ കഴിയുന്നില്ല.

ഇതേ ക്ലാസ്സില്‍ അടുത്തതായി കവിതാമത്സരം ആരംഭിക്കേണ്ടതുണ്ട്. കവിത എഴുതാന്‍ മുട്ടിനില്‍ക്കുന്ന മത്സരാര്‍ത്ഥികളും അകമ്പടിയായി വന്ന മാഷ്മാരും അക്ഷമരായി വാതില്‍ക്കല്‍ എത്തിനോക്കുന്നു. നിവൃത്തിയില്ലാതെ നിര്‍ത്തി. കൊടുക്കും മുമ്പ് ഒന്നൂടെ വെപ്രാളം പിടിച്ച്........

© Mathrubhumi