menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വിഭജനമല്ല, വിവേകമാണ്‌ രാഷ്‌ട്രീയ മര്യാദ

17 0
24.03.2026

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത്‌ വോട്ടര്‍മാരുടെ വിവേകപൂര്‍ണമായ തീരുമാനങ്ങളാണ്‌. എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴും ആശയപരമായ സംവാദങ്ങള്‍ക്ക്‌ പകരം സമുദായ വികാരങ്ങള്‍ ആളിക്കത്തിച്ച്‌ വോട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌ അപലപനീയമാണ്‌. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബി. ഗോപാലകൃഷ്‌ണനെതിരേ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനത്തിന്‌ കേസെടുത്ത സംഭവം വിരല്‍ചൂണ്ടുന്നത്‌ ഇത്തരമൊരു അപകടകരമായ രാഷ്‌ട്രീയ പ്രവണതയിലേക്കാണ്‌. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനപ്രതിനിധി ഇല്ലാത്തതിനെക്കുറിച്ചുള്ള പരാമര്‍ശം കേവലം രാഷ്‌ട്രീയ പ്രസംഗമല്ല, മറിച്ച്‌ ദശാബ്‌ദങ്ങളായി കേരളം കാത്തുസൂക്ഷിക്കുന്ന മതസൗഹാര്‍ദത്തിന്റെ അടിത്തറ ഇളക്കുന്നതാണ്‌.വികസനവും ജനക്ഷേമവും ചര്‍ച്ചയാകേണ്ട തെരഞ്ഞെടുപ്പ്‌ വേദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന്‌ ഉപയോഗിക്കുന്നത്‌ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പശ്‌ചാത്തലത്തില്‍ ചിത്രീകരിച്ച വിഡിയോയിലൂടെ സമുദായ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നത്‌ അതീവ ഗൗരവതരമാണ്‌. ഭാരതീയ ന്യായ സംഹിതയിലെ 192ാം വകുപ്പും (കലാപാഹ്വാനം), ജനപ്രാതിനിധ്യ നിയമത്തിലെ 125ാം വകുപ്പും പ്രകാരം ചുമത്തപ്പെട്ട കേസുകള്‍ ഇത്തരം പ്രവണതകള്‍ക്ക്‌ നിയമം നല്‍കുന്ന താക്കീതാണ്‌. ആരാധനാലയങ്ങളെയും മതചിഹ്‌നങ്ങളെയും പ്രചാരണായുധമാക്കരുതെന്ന നിയമം നിലനില്‍ക്കെ, അവയെ പരസ്യമായി ലംഘിക്കുന്നത്‌ നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്‌.ജനപ്രതിനിധികളെ നിശ്‌ചയിക്കുന്നത്‌ കേവലം ജനസംഖ്യാപരമായ കണക്കുകളല്ല, മറിച്ച്‌ ജനാധിപത്യ മൂല്യങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയാകണം. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ പ്രതിനിധിയായി വന്നാല്‍ മാത്രമേ ആ സമുദായത്തിന്‌ നീതി ലഭിക്കൂ എന്ന വാദം ആധുനിക സമൂഹത്തിന്‌ ചേര്‍ന്നതല്ല. തെരഞ്ഞെടുപ്പ്‌ എന്നത്‌ മതേതരമായ പ്രക്രിയയാണ്‌;അതില്‍ മതത്തിന്‌ സ്‌ഥാനമില്ല. ഇത്തരം ചിന്താഗതികള്‍ വോട്ടര്‍മാരുടെ രാഷ്‌ട്രീയ വിവേകത്തെ അട്ടിമറിക്കുകയും മണ്ഡലങ്ങളെ വര്‍ഗീയ തുരുത്തുകളാക്കി മാറ്റുകയും ചെയ്യും. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി വര്‍ഗീയതയെ ഉപയോഗിക്കുന്നത്‌ രാഷ്‌ട്രീയമായ പാപ്പരത്തമാണെന്ന്‌ മാത്രമല്ല, അത്‌ വരുംതലമുറയുടെ സാമൂഹിക ബോധത്തെപ്പോലും വിഷലിപ്‌തമാക്കുന്നു.വോട്ടുനേടാന്‍ വിദ്വേഷം വിതയ്‌ക്കുന്ന രീതി പുതിയതെല്ലങ്കിലും, അത്‌ കുറ്റകൃത്യമായി കാണാനും കര്‍ശന നടപടിയെടുക്കാനും അധികൃതര്‍ കാണിക്കുന്ന ജാഗ്രത സ്വാഗതാര്‍ഹമാണ്‌. മതം പറഞ്ഞ്‌ വോട്ട്‌ ചോദിക്കുന്നത്‌ വോട്ടര്‍മാരുടെ സ്വതന്ത്രമായ ചിന്തയെ അടിച്ചമര്‍ത്തുന്നതിന്‌ തുല്യമാണ്‌. പൗരന്റെ അടിസ്‌ഥാന പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്‌മ, അടിസ്‌ഥാന സൗകര്യ വികസനം എന്നിവയില്‍നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ ഇത്തരം വൈകാരിക വിഷയങ്ങള്‍ ബോധപൂര്‍വം കുത്തിപ്പൊക്കുന്നത്‌. കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാല്‍ മത്സരവിലക്ക്‌ വരെ നേരിടേണ്ടി വരുമെന്നിരിക്കെ, രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്‌ഥാനാര്‍ഥികള്‍ പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ച്‌ കൃത്യമായ ധാരണ നല്‍കേണ്ടതുണ്ട്‌.വിദ്വേഷത്തിന്റെ ചായം തേച്ച വാക്കുകള്‍ക്ക്‌ ജനാധിപത്യം കീഴ്‌പ്പെടരുത്‌. രാഷ്‌ട്രീയ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊണ്ടുള്ള ആരോഗ്യകരമായ മത്സരങ്ങളാണ്‌ കേരളത്തിന്‌ ആവശ്യം. സ്‌ഥാനാര്‍ത്ഥിയുടെ മതം നോക്കിയല്ല, മറിച്ച്‌ മണ്ഡലത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അദ്ദേഹം നല്‍കുന്ന ഉറപ്പുകള്‍ നോക്കിയാകണം വോട്ട്‌ ചെയ്യേണ്ടത്‌. നിയമം അതിന്റെ വഴിക്ക്‌ നീങ്ങുമ്പോള്‍ തന്നെ, വിദ്വേഷ പ്രചാരണങ്ങളില്‍നിന്ന്‌ വിട്ടുനില്‍ക്കാനുള്ള വിവേകം സ്‌ഥാനാര്‍ഥികള്‍ കാണിക്കണം. എങ്കില്‍ മാത്രമേ ജനാധിപത്യ പ്രക്രിയ പരിശുദ്ധമായി നിലനില്‍ക്കുകയുള്ളൂ.


© Mangalam