ജീവനെടുത്ത ക്രൂരതയ്‌ക്ക് കോടതിയുടെ താക്കീത്
സംസ്‌ഥാനത്തെ ജനങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്‌ത ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ വിധി വന്നിരിക്കുന്നു. പ്രതി ജി. സന്ദീപിന് കൊല്ലം അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷയാണു വിധിച്ചത്. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയെന്നതാണു ശ്രദ്ധയം. വിധിക്കെതിരേ പൊതുസമൂഹവും വന്ദനയുടെ മാതാപിതാക്കളും അതൃപ്‌തിയോടെയുള്ള പ്രതികരണമാണു നടത്തിയത്. പരമാവധി ശിക്ഷയായ വധശിക്ഷതേടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. ക്രൂരമായ ഈ കൊലപാതകം 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന ഗണത്തില്‍പ്പെടുത്തി വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പോലുള്ള സംഘടനകളും വിധിയില്‍ നിരാശരാണ്. ഇത്തരത്തിലൊരു വിധി, ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തിനേറ്റ പ്രഹരമാണെന്ന വിലയിരുത്തലാണ് പങ്കുവയ്‌ക്കപ്പെടുന്നത്. 2023 മേയ് 10 നു പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഹൗസ് സര്‍ജനായ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ചികിത്സയ്‌ക്കായി പോലീസ് എത്തിച്ച പ്രതി സന്ദീപ് അക്രമാസക്‌തനാകുകയും കത്രിക ഉപയോഗിച്ച് വന്ദനയെ 27 തവണ കുത്തുകയുമായിരുന്നു. വന്ദനയുടെ ദുര്‍വിധിക്കുശേഷം സംസ്‌ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും നടപടികളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയും സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാനും തീരുമാനം ഉണ്ടായി. എന്നാല്‍, സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഇപ്പോഴും വലിയ പരിമിതികള്‍ ഉണ്ടെന്നാണ് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമേഖലയില്‍ സമീപകാലത്തുണ്ടായ പഠനത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിലെ 65.6% ഡോക്‌ടര്‍മാരും തൊഴിലിടങ്ങളില്‍ അക്രമമോ അധിക്ഷേപമോ നേരിട്ടതായി വ്യക്‌തമാക്കപ്പെട്ടു. അധിക്ഷേപത്തിനുപുറമേ ജീവനെടുക്കുന്ന തരത്തിലാണ് അക്രമങ്ങള്‍ വ്യാപകമായത്. മാനസികാസ്വാസ്‌ഥ്യം ഉണ്ടെന്ന പ്രതിയുടെ വാദം കോടതി പൂര്‍ണമായും തള്ളി എന്നത് ഈ കേസില്‍ നിയമപരമായ വലിയൊരു വിജയമായി കണക്കാക്കാം. എഴുപതില്‍ അധികം സാക്ഷികളെ കേസില്‍ വിസ്‌തരിക്കുകയും ശാസ്‌ത്രീയ തെളിവുകള്‍ കൃത്യമായി ഹാജരാക്കുകയും ചെയ്‌തതിലൂടെയാണു കുറ്റവാളിക്കു ശിക്ഷ ഉറപ്പാക്കാനായത്. ജനങ്ങള്‍ക്ക് നിയമവ്യവസ്‌ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ തീര്‍ച്ചയായും ഇതു കാരണമാകും. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി നിരവധി നിര്‍ദേശങ്ങള്‍ നമുക്കു മുന്നിലുണ്ട്. പ്രധാന ആശുപത്രികളില്‍ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സേവനവും പോലീസ് എയ്‌ഡ് പോസ്‌റ്റുകളും നിര്‍ബന്ധമാക്കുക എന്നതാണ് അതിലൊന്ന്. പോലീസ് കസ്‌റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്‌ക്കു കൊണ്ടുവരുമ്പോള്‍ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെ ആവശ്യം കേരളത്തെ ആഴത്തില്‍ ബോധ്യപ്പെടുത്തിയ സംഭവമാണിത്. അത്യാഹിത വിഭാഗങ്ങളില്‍ നിരീക്ഷണവും ജാഗ്രതയും ഏറെ പ്രധാനമാണ്.
