ചില 'മുട്ട'ക്കണക്കുകള്‍
മുട്ടയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുക കോഴിമുട്ടയാണ്. ശരിയാണ്, ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട പരിണാമത്തിനുശേഷം നമ്മള്‍ കാണുന്ന രീതിയിലെത്തിയ മുട്ട ഒരു അത്ഭുതം തന്നെയാണ്. മുട്ടയിടുന്ന ജീവികളെപ്പോലെ അവയും കാലങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ജീവി വര്‍ഗങ്ങളില്‍ മുട്ടയിടുന്നവയ്‌ക്കാണു ഭൂരിപക്ഷം. പ്രാണികള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്തിനു ചില സസ്‌തനികള്‍ പോലും മുട്ടയിടും. മൃഗങ്ങളുടെ പൂര്‍വികരും മുട്ടയിടുമായിരുന്നു. പക്ഷേ, മനുഷ്യര്‍ അടക്കമുള്ള ഒരു വിഭാഗം ജീവികള്‍ 'മുട്ടവിദ്യ' ഉപേക്ഷിച്ചുകഴിഞ്ഞു. അതിനും കാരണമുണ്ട്.
മുട്ടകളില്‍ ഒരു ചെറിയ വിഭാഗം മാത്രമാണു കോഴിമുട്ട അടങ്ങുന്ന പക്ഷിമുട്ടകള്‍. കോഴികള്‍ ഉണ്ടാകുന്നതിനും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പേ മുട്ടകള്‍ നിലവിലുണ്ടായിരുന്നു. അതിനാല്‍, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന പഴയ ചോദ്യത്തില്‍, മുട്ടയ്‌ക്കാണു വിജയം. ആദ്യ മുട്ടകള്‍ രൂപംകൊണ്ടത് കരയിലല്ല, കടലിലാണ്. അവയ്‌ക്കും പ്രത്യേകതയുണ്ടായിരുന്നു...
കടലില്‍വച്ചാണു പ്രത്യുത്‌പാദനം നടത്താന്‍ ജീവികള്‍ മുട്ടകളെ ആശ്രയിച്ചു തുടങ്ങിയത്. ആദ്യകാല സമുദ്ര ജീവികളായ സീ സ്‌പഞ്ചസും കോമ്പ് ജെല്ലികളും ആകാം മുട്ടയിട്ട് തുടങ്ങിയതെന്നാണു നിഗമനം. ആ ജീവികള്‍ അണ്ഡവും ബീജവും കടലിലേക്കു തള്ളും. കടലില്‍ അവ കൂടിച്ചേര്‍ന്നു ഭ്രൂണവും പിന്നീട് അതു വിരിഞ്ഞ് അടുത്തതലമുറയും രൂപമെടുക്കും. ആ രീതിയില്‍ ഇപ്പോഴും തുടരുന്നുണ്ട്. കടല്‍ അര്‍ച്ചീനുകളുടെ മുട്ടകള്‍ക്കു ചില പ്രത്യേകതകളുണ്ട്. അര്‍ച്ചീനുകള്‍ ലക്ഷക്കണക്കിനു മുട്ടകള്‍ പുറത്തുവിടും. അവയ്‌ക്കു സംരക്ഷണത്തിനായി കഠിനമായ പുറംതോടില്ല. അവ മൃദുലമായതിനാല്‍ വെള്ളത്തിലൂടെ മുട്ടകളില്‍ ഓക്‌സിജനെത്തും. അത് ഭ്രൂണത്തെ ശ്വാസമെടുക്കാന്‍ സഹായിക്കും. ഭ്രൂണങ്ങള്‍ ലാര്‍വകളായി വളരും. ആദ്യ ദിവസം മുതല്‍ അവ ഒറ്റയ്‌ക്കാണ്. പക്ഷേ, അവ സ്വയം പര്യാപ്‌തമാണ്. മാതാപിതാക്കള്‍ മക്കളെ ഒറ്റയ്‌ക്ക് വിട്ടിട്ട് പോകുന്നത് നമ്മുക്ക് നിസംഗതയായി തോന്നാം. സംരക്ഷിക്കപ്പെടാത്ത കുഞ്ഞുങ്ങളെ ചെറിയ മത്സ്യങ്ങളും മറ്റ് വേട്ടക്കാരും വിഴുങ്ങും. പക്ഷേ കുഞ്ഞുങ്ങള്‍ ലക്ഷക്കണക്കിന് ഉള്ളതുകൊണ്ട് ചിലതെങ്കിലും അതിജീവിക്കാന്‍ സാധ്യതയുണ്ട്. പ്രകൃതിയുടെ കരുതല്‍
സാല്‍മണ്‍ മത്സ്യത്തിലെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുള്ള കരുതല്‍ കൂടും. ഒരു സമയം ആയിരക്കണക്കിന് മുട്ടകളാണു സാല്‍മണ്‍ മത്സ്യങ്ങള്‍ ഇടുക. അര്‍ച്ചീനുകളെ അപേക്ഷിച്ച് സാല്‍മണ്‍ ഓരോ മുട്ടയിലും കൂടുതല്‍ മഞ്ഞക്കരു നിറയ്‌ക്കുന്നു. അതിനര്‍ത്ഥം വളരുന്ന ഭ്രൂണത്തെ പോഷിപ്പിക്കാന്‍ കൂടുതല്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ ലഭിക്കുന്നു എന്നാണ്. ഈ മഞ്ഞക്കരു ചെറുതും ദുര്‍ബലവുമായ അവസ്‌ഥയില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകും. എന്തായാലും വെള്ളത്തില്‍ മുട്ടയിടുന്നത് പ്രകൃതിയില്‍ വലിയ വിജയമായി. പക്ഷേ, കരയില്‍ അത്രയും പോരാ. ഉഭയ ജീവികളാണ് അവയിലെ തുടക്കക്കാര്‍. ഉഭയജീവികളുടെ മുട്ടകള്‍ക്ക് ജെല്ലി പോലുള്ള ആവരണത്തിലൂടെ ശ്വാസമെടുക്കാന്‍ കഴിയും, പക്ഷേ ഈര്‍പ്പമുള്ള ചുറ്റുപാടുകളില്‍ മാത്രം... ഭൂരിഭാഗം ഉഭയജീവികളും വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം, മുട്ടകളെ ഈര്‍പ്പമില്ലാത്ത സ്‌ഥലത്ത് ഉപേക്ഷിച്ചാല്‍ അവ നശിച്ചുപോകും. ഉരഗങ്ങള്‍ വെള്ളത്തിന് പുറത്ത് അതിജീവിക്കാന്‍ കഴിയുന്ന മുട്ടകള്‍ ഉണ്ടാക്കാന്‍ ഒരു മാര്‍ഗം വികസിപ്പിച്ചു. അവയുടെ മുട്ടകള്‍ക്ക് ഒരു പുറംതോട് ഉണ്ട്. അതില്‍ കാല്‍സ്യം കാര്‍ബണേറ്റിന്റെ പാളി അടങ്ങിയിരിക്കുന്നു. അത് മുട്ട ഉണങ്ങുന്നത് തടയും. അവയ്‌ക്ക് ഒരു അധിക സവിശേഷതയുണ്ട്, അല്‍ബുമിന്‍. നമുക്ക് അത് മുട്ടയുടെ വെള്ളയാണ്. അത് കൂടുതല്‍ പ്രോട്ടീനും ജലാംശവും നല്‍കുന്നു. കൂടാതെ താപനില നിയന്ത്രിക്കാന്‍ സഹായിക്കും. ചൂടുള്ള സമയത്ത് ചൂട് നിലനിര്‍ത്തുകയും തണുത്ത സമയത്ത് ചൂട് പുറത്തുവിടുകയും ചെയ്യും. ഈ മുട്ടകള്‍ക്ക് വെള്ളത്തിന് പുറത്ത് അതിജീവിക്കാന്‍ കഴിയും. പാമ്പിന്റെയും ആമകളുടെയുമൊക്കെ മുട്ടകള്‍ക്ക് നിലനില്‍പ്പിന് ഈര്‍പ്പമുള്ള ചുറ്റുപാടുകളില്‍ ആവശ്യമാണ്.
മുട്ടയില്‍ അടങ്ങിയ അമ്മ രഹസ്യം
പക്ഷികളുടെ മുട്ടയുടെ പുറംതോട് കൂടുതല്‍ കടുപ്പമുള്ളതും ഈര്‍പ്പം നഷ്‌ടപ്പെടുന്നത് പ്രതിരോധിക്കുന്നതുമാണ്. കാരണം, അവ അമ്മയുടെ അസ്‌ഥികളില്‍നിന്ന് എടുക്കുന്ന ഉയര്‍ന്ന അളവിലുള്ള കാല്‍സ്യം കാര്‍ബണേറ്റ് ശ്രദ്ധാപൂര്‍വം ക്രിസ്‌റ്റലുകളായി ക്രമീകരിച്ചിരിക്കുന്നു. ആ പുറംതോടുകള്‍ കനം കുറഞ്ഞതാണ്. പക്ഷേ, അവ അതിശയകരമാം വിധം ശക്‌തമാണ്. അവയുടെ രൂപകല്‍പന തന്നെ ഭാരം താങ്ങാനുള്ളതാണ്. സമ്മര്‍ദം തുല്യമായിപ്രയോഗിച്ചാല്‍ കോഴിമുട്ടയ്‌ക്ക് 45 കിലോഗ്രാം ഭാരംവരെ താങ്ങാന്‍ കഴിയും. ഈ ശേഷി അടയിരിക്കാന്‍ അമ്മപ്പക്ഷികളെയും സഹായിക്കും. അവര്‍ക്കു ദിവസം മുഴുവന്‍ ഇരുന്ന് മുട്ട ചൂടാക്കാന്‍ കഴിയും. വേട്ടക്കാരില്‍നിന്നുള്ള സംരക്ഷവും അമ്മപ്പക്ഷികള്‍ നല്‍കും. മുട്ട പൊട്ടാതെ, അധിക താപം ഉണ്ടാകാതെ അവ വിരിയുന്നത് ഉറപ്പാക്കാന്‍ പക്ഷികള്‍ക്കാകും. മാതാപിതാക്കള്‍ക്ക് ഭക്ഷണംതേടി പോകേണ്ടിവന്നാല്‍, പുറംതോട് അവയെ വെയിലില്‍ ഉണങ്ങുന്നത് തടയുന്നു. അല്‍ബുമിന്‍ അവയെ വളരെ ചൂടോ വളരെ തണുപ്പോ ആകുന്നത് തടയാന്‍ സഹായിക്കുന്നു.
പുറന്തോട് നേര്‍ത്ത് നേര്‍ത്ത്...
അല്‍ബുമിന്‍ സംരക്ഷണം മഞ്ഞക്കരുക്കള്‍ക്കും ലഭിക്കും. മുട്ടയെ ദിവസങ്ങളോളം നേരിയ അമ്ലത്തില്‍ സൂക്ഷിച്ചാല്‍ കാല്‍സ്യം കാര്‍ബണേറ്റ് പുറന്തോട് ഇല്ലാതാകും. ഒരു പാടപോലെയുള്ള പാളിയാകും അവിടെ ഉണ്ടാകുക. മുട്ടകളുടെ ഉള്‍ഭാഗത്തെ പുറം ലോകത്തില്‍നിന്ന് വേര്‍തിരിക്കുക അവരാണ്. മുട്ട പൊട്ടിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക മഞ്ഞക്കരുവാണ്. മഞ്ഞക്കരുവിനെ മുട്ടയുടെ മധ്യത്തില്‍ പിടിക്കുന്ന രണ്ട് നേര്‍ത്ത 'നങ്കൂരങ്ങള്‍' പോലുള്ള നിര്‍മിതിയുണ്ട്. അത് അല്‍ബുമിന്റെ ജലസ്രോതസ്സാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മഞ്ഞക്കരുവില്‍ ബ്ലാസ്‌റ്റോഡിസ്‌ക് അടങ്ങിയിരിക്കുന്നു. അവയില്‍ പെണ്‍ പ്രത്യുത്‌പാദന കോശം - അണ്ഡം അടങ്ങിയിരിക്കുന്നു. ആ കോശത്തില്‍ ബീജമെത്തിയാല്‍ അത് ചെറിയ ഭ്രൂണമായി വളരും. ആ ഭ്രൂണം മഞ്ഞക്കരുവും അല്‍ബുമിനും ആഗിരണം ചെയ്യുകയും വളരുകയും ചെയ്യും. വളരുന്ന കുഞ്ഞിന്റെ അസ്‌ഥികള്‍ നിര്‍മിക്കാന്‍ അത് പുറന്തോടിന്റെ ഉള്‍ഭാഗത്തെ കാല്‍സ്യവും സ്വീകരിക്കും. അങ്ങനെ പുറന്തോട് നേര്‍ത്തുവരും. കുഞ്ഞ് പുറത്തുവരാന്‍ സമയമാകുമ്പോള്‍ മുട്ട പൊട്ടിക്കുന്നത് അത് എളുപ്പമാക്കും. ആ മാര്‍ഗം ഒരു വിസ്‌മയമാണ്.
മൃഗങ്ങള്‍ എന്തുകൊണ്ട് ഉപേക്ഷിച്ചു...
ഇത്ര വിജയകമായ മുട്ടകളെ എന്തുകൊണ്ട് ഉപേക്ഷിച്ചു? ഗവേഷകര്‍ക്ക് അതിനും മറുപടിയുണ്ട്. ഏകദേശം 32 കോടി വര്‍ഷം മുമ്പ്, ഉരഗങ്ങളില്‍നിന്ന് ഒരു കൂട്ടം വേര്‍പിരിഞ്ഞു. അവയില്‍ ചിലത് ആദ്യകാല സസ്‌തനികളുടെ പൂര്‍വികരായി മാറി. അവര്‍ മുട്ടയിട്ടിരുന്നു. ഇന്നും ചില സസ്‌തനികള്‍ ആ രീതി പിന്തുടരുന്നു. പ്ലാറ്റിപസ്, എക്കിഡ്‌ന എന്നിവ ആ വിഭാഗത്തില്‍ ഉള്‍പ്പെടും. അവയ്‌ക്ക് ഉരഗങ്ങളെപ്പോലെ മൃദലമായ മുട്ടകളുണ്ട്. പക്ഷേ അവ പാല്‍ കൊടുത്താണ് കുഞ്ഞുങ്ങളെ പോറ്റുന്നത്.പിന്നീട്, ചില സസ്‌തനികള്‍ തങ്ങളുടെ സന്താനങ്ങളെ ശരീരത്തിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചു വളര്‍ത്താന്‍ തുടങ്ങി. കംഗാരുവിന്റെയും കൊളയുടെയും ബന്ധുക്കളാണവ. അവ തങ്ങളുടെ കുഞ്ഞുങ്ങളെ നേരത്തെ പ്രസവിക്കുന്നു. പുറംലോകത്തെ അതിജീവിക്കാന്‍ കഴിയുന്നതുവരെ അവ അമ്മയുടെ സഞ്ചിയില്‍ കഴിയും. അവിടെ അവയ്‌ക്ക് പാല്‍ ലഭിക്കും. മുട്ടയ്‌ക്കുള്ളില്‍നിന്ന് എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനു പകരം, ഈ സസ്‌തനികള്‍ക്ക് മുട്ടയ്‌ക്കുള്ളിലെ പരിമിതമായ മഞ്ഞക്കരുവിന് പകരം അമ്മയില്‍നിന്ന് നേരിട്ട് ഭക്ഷണം ലഭിക്കുന്നു.പിന്നീട്, ചില സസ്‌തനികള്‍ അവരുടെ സന്താനങ്ങളെ കൂടുതല്‍ കാലം ശരീരത്തിനുള്ളില്‍വയ്‌ക്കാനും പൂര്‍ണമായി വികസിപ്പിക്കാനും പരിണമിച്ചു. അതായത് വളരുന്ന ഭ്രൂണത്തിനു നിരന്തരമായ പോഷകങ്ങളും അപകടത്തില്‍നിന്ന് സംരക്ഷണവും നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. പൂച്ചകള്‍, തിമിംഗലങ്ങള്‍ തുടങ്ങി മനുഷ്യര്‍ വരെ ആ രീതിയില്‍ പരിണമിച്ചു. അതിന് ചില ദോഷങ്ങളുമുണ്ട്. മുട്ടയിടുന്ന ജീവികളെക്കാള്‍ കുറഞ്ഞ സന്താനങ്ങളെയാണ് ഈ വിഭാഗം സസ്‌തനികള്‍ക്കു ലഭിക്കുന്നത്. എങ്കിലും അധിക പരിചരണവും സംരക്ഷണവും കാരണം അവരുടെ സന്താനങ്ങള്‍ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. 5,000ല്‍ അധികം അറിയപ്പെടുന്ന സസ്‌തനി വര്‍ഗ്ഗങ്ങളില്‍ മുട്ടയിടുന്ന അഞ്ചെണ്ണം മാത്രമാണ് ഇപ്പോള്‍ സാധാരണയായുള്ളത്.
