ഇന്ധന പ്രതിസന്ധിയില്‍ ഭാരമേറുമ്പോള്‍
രാജ്യത്തെ ഇന്ധനവിപണിയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി ആളുകളുടെ നെഞ്ചിടിപ്പേറ്റുന്നവിധം രൂക്ഷമായിരിക്കുന്നു. ഗ്യാസ് ക്ഷാമം ഹോട്ടലുകളെയും ചെറുകിട വ്യാപാരികളെയും ബാധിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വിലകൂടി ഉയര്‍ന്നതോടെ വലിയൊരു വെല്ലുവിളിയാണ് രാജ്യത്തിനും ജനങ്ങള്‍ക്കും മുന്നിലുള്ളത്. പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.09 രൂപ മുതല്‍ 2.39 രൂപവരെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. പശ്‌ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് തുടര്‍ന്നാല്‍ ഇന്ധനവിപണിയില്‍ ഇനിയും തിരിച്ചടിയാകും ഫലം. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം മുറുകുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തില്‍ തടസങ്ങള്‍ ഉണ്ടാകുകയും ചെയ്‌തതോടെയാണ് ക്രൂഡ് ഓയില്‍ വില ബാരലിനു നൂറുകടന്നത്. സാധാരണ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും നിലവിലെ യുദ്ധസാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും വര്‍ധനയുണ്ടാകാം. ക്രൂഡ് ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളാണ് ഇന്ധനപ്രതിസന്ധിയില്‍ ഏറ്റവും വിഷമിക്കുന്നത്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ പകുതിയോളം എത്തുന്നത് സംഘര്‍ഷം നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയും. ക്രൂഡ് ഓയില്‍ വിലവര്‍ധനയ്‌ക്കൊപ്പം ഷിപ്പിങ് ചെലവ് വര്‍ധിച്ചതും ഇന്‍ഷുറന്‍സ് പ്രീമിയം കൂടിയതും ഇന്ധനവില വര്‍ധനയ്‌ക്കു കാരണമായിട്ടുണ്ട്. ഇന്ധനവിലയില്‍ സംഭവിക്കുന്ന നേരിയ മാറ്റംപോലും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയുണ്ടാക്കും. ഉപഭോക്‌തൃസംസ്‌ഥാനമായ കേരളത്തില്‍ എല്ലാ സാധനങ്ങള്‍ക്കും വിലകൂടാന്‍ ഇന്ധനവില വര്‍ധന കാരണമാകും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലെങ്കിലും പ്രീമിയം പെട്രോളിന്റെ വില വര്‍ധനയും വിപണിക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ചരക്കു നീക്കത്തിന് ഉപയോഗിക്കുന്ന വലിയ വാഹനങ്ങളില്‍ ഇത്തരം പെട്രോളിന്റെ ഉപയോഗം സാധാരണമാണ്. ചരക്ക് നീക്കം ചെലവേറുന്നതോടെ വിലക്കയറ്റത്തിന്റെ രൂപത്തില്‍ ഭാരം ജനങ്ങളുടെ തലയിലാകും. ഇപ്പോഴത്തെ ഇന്ധന പ്രതിസന്ധി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നത് യുദ്ധത്തിന്റെ ഗതിയെ ആശ്രയിച്ചിരിക്കും. സംഘര്‍ഷം നീളുംതോറും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുകയും ചെയ്യാം. ഹോട്ടല്‍, ബേക്കറി മേഖലകളെ സ്‌തംഭിപ്പിക്കുന്ന തരത്തിലുള്ള അതിരൂക്ഷ വാണിജ്യ പാചകവാതക ക്ഷാമമാണ് സംസ്‌ഥാനം നേരിടുന്നത്. നിരവധി ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഇതിനകം അടച്ചുപൂട്ടേണ്ടി വന്നു. കൊച്ചി നഗരത്തില്‍ മാത്രമായി നൂറിലധികം ഹോട്ടലുകള്‍ക്ക് താഴുവീണു. വിഭവങ്ങള്‍ കുറച്ച് , ഇന്ധന ഉപയോഗം പരിമിതപ്പെടുത്തി പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നത്. ഈയൊരു പശ്‌ചാത്തലത്തിലാണു സംസ്‌ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ സംഘടനകള്‍ തീരുമാനിച്ചത്.കേറ്ററിങ് മേഖലയിലുള്ളവരാണ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന മറ്റൊരു കൂട്ടര്‍. വിവാഹ സീസണും ഇഫ്‌താര്‍ വിരുന്നകളും നടന്നുവരുന്ന സമയമാണെങ്കിലും പലര്‍ക്കും ബുക്കിങ്ങുകള്‍ സ്വകരിക്കാന്‍പോലും കഴിയാതെപോയി. പതിനായിരക്കണക്കിനു തൊഴിലാളികളെയാണ് പ്രതിസന്ധി ബധിച്ചിട്ടുള്ളത്. പല ഇതര സംസ്‌ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഈയൊരു സന്ദര്‍ഭവും കീശവീര്‍പ്പിക്കാനുള്ള മാര്‍ഗമായി ചില കൂട്ടര്‍ മാറ്റിയതായുള്ള ആരോപണവും ശക്‌തം. കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്‌ക്ക് സിലിണ്ടറുകള്‍ വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണ്. ചിലര്‍ക്കു കടപൂട്ടി വീട്ടിലിരിക്കേണ്ടിവരുകയും ജീവിതംതന്നെ ചോദ്യചിഹ്‌നമായി മാറുകയും ചെയ്യുമ്പോഴാണ് മറ്റു ചിലര്‍ ആളുകളെ കൊള്ളചെയ്യാന്‍ ഇറങ്ങിയിട്ടുള്ളത്. കരിഞ്ചന്ത തടയാനായാല്‍ പ്രതിസന്ധിയില്‍ നേരിയ അയവ് വരുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
