menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഐക്യരാഷ്‌ട്രസഭ പിരിച്ചുവിടാം

23 0
20.03.2026

ഒന്നാം ലോക മഹായുദ്ധ ശേഷം ഇനിയൊരു യുദ്ധം വേണ്ടെന്ന ധാരണയിലാണ്‌ ലോക രാജ്യങ്ങള്‍ 1920 ജനുവരി 10ന്‌ ലീഗ്‌ ഓഫ്‌ നേഷന്‍സിന്‌ ജനീവയില്‍ രൂപം നല്‍കിയത്‌. എന്നിട്ടും ഏതാനും ദശകങ്ങള്‍ക്കിപ്പുറം രണ്ടാം ലോക മഹായുദ്ധമുണ്ടായി. അതു കഴിഞ്ഞ്‌ ലോകജനത ഇനിയൊരിക്കലും യുദ്ധക്കെടുതി അനുഭവിക്കാനിട വരരരുതെന്ന്‌ കരുതി 1945 ഒകേ്‌ടാബര്‍ 24ന്‌ സാന്‍ഫ്രാന്‍സിസ്‌്കോയില്‍ യോഗം ചേര്‍ന്ന്‌ ഐക്യരാഷ്‌ട്രസഭയുണ്ടാക്കി. ഇസ്രയേലും യു.എസും ചേര്‍ന്ന്‌ ഏകദേശം മൂന്നാഴ്‌ച മുമ്പ്‌ ആരംഭിച്ച ഇറാന്‌ നേരെയുള്ള സൈനിക ആക്രമണം ആയിരക്കണക്കിന്‌ മൈലുകള്‍ അകലെയുള്ള മലയാളികളുടെ അടുക്കളകളെ വരെ ബാധിച്ചു. ഇറാനും ഇസ്രയേലും ഏറ്റമുട്ടുന്നത്‌ അവരുടെ കാര്യം. ഇതിലൊന്നും കക്ഷിയല്ലാത്ത ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക്‌ നേരേ ഇറാന്‍ ആക്രമമഴിച്ചു വിടുന്നത്‌ കേരളീയരെ ആശങ്കാകുലരാക്കന്നു. ആറ്‌ ജി.സി.സി. രാജ്യങ്ങളിലായി ഒരു കോടി ഇന്ത്യക്കാരാണ്‌ അധിവസിക്കുന്നത്‌. ഇവരില്‍ നാല്‍പത്‌ ലക്ഷം മലയാളികളാണ്‌. മേഖലയിലെ സംഘര്‍ഷം കെട്ടടങ്ങുന്ന ലക്ഷണമില്ല. പശ്‌ചിമേഷ്യന്‍ മേഖലയുടെ സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തി ഇറാന്‍ നടത്തുന്ന സൈനിക ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഐക്യരാഷ്‌ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു. സമിതിയിലെ പതിനഞ്ച്‌ അംഗങ്ങളില്‍ പതിമൂന്ന്‌ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. യു.എന്നിന്റെ ഏറ്റവും പ്രധാന ന്യൂനത വന്‍ശക്‌തികളുടെ വീറ്റോ അധികാരമാണ്‌. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്‌ഥരാണെന്ന്‌ കാണിച്ച്‌ റഷ്യ ഒരു ബദല്‍ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത്‌ പരാജയപ്പെട്ടു. സൈനിക നടപടികള്‍ പൂര്‍ണമായും നിര്‍ത്തണമെന്ന്‌ ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം. നാല്‌ രാജ്യങ്ങള്‍ മാത്രമാണ്‌ ഇതിനെ അനുകൂലിച്ചത്‌. ഒന്‍പത്‌ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നപ്പോള്‍ രണ്ട ്‌ രാജ്യങ്ങള്‍ എതിര്‍ത്ത്‌ വോട്ട്‌ ചെയ്‌തു. 135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈന്‍ അവതരിപ്പിച്ച പ്രമേയം, ഇറാന്റെ സൈനിക നടപടികള്‍ രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ആഗോള സുരക്ഷയ്‌ക്ക്‌ വലിയ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളുടെ ആകുലതകള്‍ വ്യക്‌തമാക്കുന്നതാണ്‌ ഈ നീക്കം. ആഗോള ഊര്‍ജ പ്രതിസന്ധിക്ക്‌ കാരണമായ അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള യുദ്ധം അവസാനിപ്പിക്കുന്നതിന്‌ നയതന്ത്ര പരിഹാരം തേടുന്നതിന്‌ വേണ്ടി ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന്‌ ഖത്തര്‍ ഇറാനോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. റസിഡന്‍ഷ്യല്‍ ഏരിയകള്‍, ഊര്‍ജ കേന്ദ്രങ്ങള്‍, ഹമദ്‌ രാജ്യാന്തര വിമാനത്താവളം എന്നിവ ടെഹ്‌റാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ മജീദ്‌ അല്‍അന്‍സാരി പറഞ്ഞിരുന്നു. കൂടുതല്‍ സംഘര്‍ഷം തടയാന്‍ വേണ്ടത്‌ ചെയ്ണമെന്ന്‌ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്‌ യു.എന്‍. രക്ഷാ സമിതിയുടെ അടിയന്തര യോഗത്തില്‍ പറഞ്ഞു. സാധാരണക്കാര്‍ക്കും പ്രാദേശിക സ്‌ഥിരതയ്‌ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിശാലമായ സംഘര്‍ഷമാണ്‌. യുഎസിന്റെയും ഇസ്രയേലിന്റെയും വ്യോമാക്രമണങ്ങള്‍ യു.എന്‍. ചാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര നിയമങ്ങളെ ലംഘിച്ചുവെന്ന്‌ ഗുട്ടെറസ്‌ തുറന്നു സമ്മതിക്കുന്നുമുണ്ട്‌. ബഹ്‌റൈന്‍, ഇറാഖ്‌, ജോര്‍ദാന്‍, കുവൈത്ത്‌, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌ എന്നിവയുടെ പരമാധികാരം ലംഘിച്ചതിന്‌ ഇറാന്റെ പ്രതികാര ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാനമായ രാഷ്‌ട്രീയ സംഭവ വികാസമാണ്‌ വെനസ്വേലയില്‍ ട്രംപിന്റെ കല്‍പന പ്രകാരം നടന്ന അധിനിവേശവും നിക്കൊളാസ്‌ മഡൂറോയുടെയും ജീവിത പങ്കാളിയുടെയും തട്ടിക്കൊണ്ടുപോകലും. യു.എന്‍. ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 2 (4)ന്റെ പരസ്യമായ ലംഘനമാണിത്‌. ട്രംപിന്റെ പുതിയ അധിനിവേശ പദ്ധതികള്‍ യു.എസിനെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ്‌ ശക്‌തികളുടെ ലാഭത്തിന്‌ അനിവാര്യമാണ്‌. വെനസ്വേലയ്‌ക്കു ശേഷം ഇറാനെ ലക്‌ഷ്യമിട്ടു. വെനസ്വേലയില്‍ നടത്തിയ അധിനിവേശത്തിനു ശേഷം ക്യൂബ, കൊളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ ട്രംപ്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട ്‌. ഒപ്പം ഗ്രീന്‍ലാന്‍ഡിലും അധിനിവേശം നടത്തുമെന്ന്‌ സൂചനകള്‍ നല്‍കിയിരുന്നു. അമേരിക്കയുടെ ചരിത്രമെന്ന്‌് പറയുന്നത്‌ അധിനിവേശങ്ങളുടെ ചരിത്രമാണ്‌. അനേകം രാജ്യങ്ങളില്‍ യു.എസ്‌.അധിനിവേശവും അട്ടിമറിയും നടത്തിയത്‌ കോര്‍പറേറ്റ്‌ കമ്പനികള്‍ക്കും ആയുധ കച്ചവടക്കാര്‍ക്കും വേണ്ടിയാണ്‌. എഡ്വേഡ്‌ സ്‌നോഡന്‍, ജൂലിയസ്‌ അസാഞ്ചെ എന്നിവര്‍ ലോകത്തോട്‌ വെളിപ്പെടുത്തിയ വിവരങ്ങളും സി.ഐ.എ. രേഖകളും ഇക്കാര്യം സ്‌ഥിരീകരിക്കുന്നു. ഐക്യരാഷ്‌ട്ര സഭ വെറും നോക്കുകുത്തിയായി മാറുന്ന കാഴ്‌ചയാണ്‌ യുൈക്രനില്‍ കണ്ടത്‌. നാല്‌ വര്‍ഷം കഴിഞ്ഞിട്ടും റഷ്യ-യുൈക്രന്‍ യുദ്ധം അന്ത്യമില്ലാതെ തുടരുകയാണ്‌. യുൈക്രനില്‍ അതിക്രമിച്ചു കടന്ന റഷ്യ യുദ്ധ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ്‌ നടത്തുന്നത്‌. 1949ലെ ജനീവ കരാറില്‍ ഒപ്പു വച്ച രാജ്യങ്ങളാണ്‌ റഷ്യയും യുൈക്രനും. ഇപ്പോഴും സാധാരണക്കാരും രോഗികളും വരെ ഷെല്ലാക്രമണത്തിനിരയാവുന്നു. യുൈക്രനിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യയുടെ ബോംബാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ആശുപത്രികളും താമസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യു.എന്നിന്‌ എന്ത്‌ പ്രസക്‌തി?


© Mangalam