menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

കോണ്‍ഗ്രസ്‌ കോട്ടയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍

12 0
yesterday

പരമ്പരാഗത കോണ്‍ഗ്രസ്‌ മണ്ഡലമാണ്‌ കുന്നത്തുനാട്‌. പെരുമ്പാവൂരിനും തൃപ്പൂണിത്തുറയ്‌ക്കും ഇടയ്‌ക്കുള്ള ഗ്രാമീണ, കാര്‍ഷിക മേഖലയാണിത്‌. ഒരു ടൗണ്‍ എന്നു പേരിനുപോലും വിശേഷിപ്പിക്കാന്‍ ഒരിടമില്ല. ടൗണിന്റെ ലേശം സ്വഭാവമുള്ള സ്‌ഥലം കോലഞ്ചേരിമാത്രം. അതിനെ പൂത്തൃക്ക പഞ്ചായത്തിന്റെ 'തലസ്‌ഥാനം' എന്നു പറയാം. ഒരു മുനിസിപ്പാലിറ്റിപോലും ഈ മണ്ഡലത്തിലില്ല. കോലഞ്ചേരിയില്‍ തന്നെ ഒരു എയ്‌ഡഡ്‌ കോളജിനു പുറമേ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജുമാണ്‌ എടുത്തുപറയേണ്ട രണ്ടു സ്‌ഥാപനങ്ങള്‍. മധ്യവര്‍ഗവും ഉപരിവര്‍ഗവും ഉള്‍പ്പെടുന്ന സാമ്പത്തികമായി ഭേദപ്പെട്ടവരാണ്‌ മണ്ഡലവാസികള്‍. പട്ടികജാതിക്കാര്‍ക്ക്‌ വലിയ ആള്‍ബലമുള്ള മണ്ഡലം കൂടിയാണ്‌. ആദ്യം സംവരണമണ്ഡലമായിരുന്നു. പിന്നെ ഇടക്കാലത്ത്‌ സംവരണമല്ലാതായി. നിലവില്‍ സംവരണ മണ്ഡലമാണിത്‌. കോണ്‍ഗ്രസ്‌ അനുകൂല മണ്ഡലമാണെന്നു പറേഞ്ഞല്ലാ. അതില്‍ പട്ടികജാതിക്കാരില്‍പ്പോലും കൂടുതല്‍ പേരും കോണ്‍ഗ്രസുകാരാണ്‌ എന്ന പ്രത്യേകതയുമുണ്ട്‌. പരമ്പരാഗത സുറിയാനി, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളാണ്‌ ഏറിയപങ്കും. യാക്കോബായ വിഭാഗത്തിന്റെ ആസ്‌ഥാനമായ പുത്തന്‍കുരിശും മണ്ഡലത്തിലാണ്‌. ഓര്‍ത്തഡോക്‌സ്‌ സഭയിലെ സമ്പന്നരുടെ കേന്ദ്രവും ഇവിടമാണ്‌. ധനാഢ്യരായ ഓര്‍ത്തഡോക്‌സുകാരും താരതമ്യേന സമ്പത്ത്‌ കുറവുള്ള യാക്കോബായക്കാരും പരസ്‌പരം കൊമ്പുകോര്‍ക്കുന്ന സ്‌ഥലവുമാണിത്‌. മെത്രാന്‍ കക്ഷി-ബാവ കക്ഷി തര്‍ക്കം എന്നു ഭൂപടത്തില്‍ അറിയപ്പെടുന്ന സംഘര്‍ഷ ഭൂമികയും ഇതാണ്‌. കിറ്റെക്‌സ്‌ സാബു എം. ജേക്കബിനെ പോലെയും സിന്തൈറ്റ്‌ പോലെയുമുള്ള വന്‍ വ്യവസായികളും ഇവിടെയുണ്ട്‌. ചാക്കോപിള്ള, പൈലിപ്പിള്ള എന്നീ വന്‍കിട കരാറുകാരുടെയും നാടാണ്‌ കുന്നത്തുനാട്‌. മെത്രാന്‍-ബാവ കക്ഷികള്‍ക്കു പുറമേ അത്ര പ്രബലമല്ലാത്ത മലങ്കര കത്തോലിക്കാ സഭ, മുസ്ലിം, പട്ടിക വിഭാഗം, അത്യാവശ്യം ഈഴവരും ചേരുന്നതാണ്‌ മണ്ഡലത്തിലെ ജാതി സമവാക്യം. ഇതില്‍ ഈഴവരില്‍ ഒരു വിഭാഗവും പുലയവിഭാഗത്തില്‍ ഒരു വിഭാഗവും ഒഴികെ മറ്റെല്ലാവരും കോണ്‍ഗ്രസുകാരാണ്‌. കേരളാ കോണ്‍ഗ്രസിനും ലീഗിനും പേരിനുപോലും ഇടമില്ല. എസ്‌.ഡി.പി.ഐക്കാകട്ടെ തരക്കേടില്ലാത്ത സാന്നിധ്യവുമുണ്ട്‌. അടിസ്‌ഥാനപരമായി കോണ്‍ഗ്രസ്‌ മണ്ഡലമായിരുന്നുവെങ്കിലും രണ്ടുതവണ ഇടതുപക്ഷക്കാരനായ പി.പി. എസ്‌തോസ്‌ ജയിച്ചു എന്ന പ്രത്യേകതയുമുണ്ട്‌. 1977ലും 80 ലും. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്‌ എസ്‌തോസ്‌, പോള്‍ പി. മാണിയെ തോല്‍പിച്ചത്‌. അത്‌ വലിയ അട്ടിമറിയായിരുന്നു. 1977ലെ യു.ഡി.എഫ്‌. ഭരണമുന്നണിയിലെ എല്ലാ മന്ത്രിമാരും ജയിച്ചപ്പോഴാണ്‌ അപ്രതീക്ഷിതമായി കുന്നത്തുനാട്ടില്‍ പോള്‍ പി. മാണി തോറ്റത്‌. ഔസേഫ്‌ പാത്തിക്കന്‍ എന്ന വൈദികന്‍ ഒട്ടകം അടയാളത്തില്‍ മത്സരിച്ചതായിരുന്നു പോള്‍ പി. മാണി തോല്‍ക്കാനുള്ള പ്രധാന കാരണം. പിന്നീട്‌ 1980ലെ തരംഗത്തിലും ഓര്‍ത്തഡോക്‌സുകാരനായ എസ്‌തോസ്‌ വിജയിച്ചു. പിന്നീടങ്ങോട്ട്‌ ടി.എച്ച്‌. മുസ്‌തഫയുടെ തേരോട്ടമായിരുന്നു. അടിയുറച്ച കോണ്‍ഗ്രസുകാരനും കടുത്ത മാര്‍ക്‌സിസ്‌റ്റ്‌ വിരോധിയുമായിരുന്നു മുസ്‌തഫ. ചോദ്യംചെയ്യാന്‍ പറ്റാത്ത ആജ്‌ഞാശക്‌തിയുള്ള, ജനങ്ങള്‍ക്കു സ്വീകാര്യതയുള്ളതുമായ നേതാവായിരുന്നു മുസ്‌തഫ. അനീതിക്കു കൂട്ടുനില്‍ക്കുന്നയാളല്ല. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു 1996ല്‍ ചെറിയ വ്യത്യാസത്തിന്‌ മുസ്‌തഫയ്‌ക്ക്‌ തോല്‍വി നേരിടേണ്ടിവന്നു. 56 വോട്ടിന്‌. പോസ്‌റ്റല്‍ വോട്ടിലായിരുന്നു തോറ്റത്‌. മഴുവന്നൂര്‍കാരന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി. വര്‍ഗീസ്‌ എന്ന സാധാരണക്കാരന്‍ ജയിച്ചു. സത്യത്തില്‍ മാര്‍ക്‌സിസ്‌റ്റുകാര്‍ മുസ്‌തഫയെ എണ്ണിത്തോല്‍പ്പിക്കുകയായിരുന്നു. എണ്ണല്‍ കൃത്യമായിരുന്നെങ്കില്‍ മുസ്‌തഫ തന്നെ ജയിക്കുമായിരുന്നു. പെട്ടിയില്‍ വീണ ബാലറ്റില്‍ മുസ്‌തഫയ്‌ക്ക്‌ മൂന്നു വോട്ടിന്റെ ലീഡ്‌ ഉണ്ടായിരുന്നു. തപാല്‍ ബാലറ്റില്‍ വര്‍ഗീസിന്‌ കൂടുതല്‍ കിട്ടി. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മുസ്‌തഫ മത്സരിക്കുകയും 24000 വോട്ടിന്‌ ജയിക്കുകയും ചെയ്‌തു. പിന്നീട്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍നിന്ന്‌ പിന്മാറി. തുടര്‍ന്നാണ്‌ ഇടതുപക്ഷത്തു നിന്നൊരാള്‍ ഇവിടെ എം.എല്‍.എയായത്‌. പെരുമ്പാവൂരില്‍നിന്ന്‌ വന്ന പി.പി.തങ്കച്ചന്‍ ആയിരുന്നു എതിരാളി. 2000 വോട്ടിന്‌ ഇടതുപക്ഷത്തെ എം.എം. മോനായി, തങ്കച്ചനെ തോല്‍പ്പിച്ചു. അന്ന്‌ വി.എസ്‌. തരംഗമായിരുന്നു. എറണാകുളം ജില്ലയിലെ യു.ഡി.എഫിന്റെ കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു തരിപ്പണമായി. 2011ലും 2016ലും കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രന്‍ ജയിച്ചു. 2016ല്‍ എല്‍.ഡി.എഫ്‌. തരംഗത്തെയും സജീന്ദ്രന്‍ മറികടന്നു. പക്ഷേ, 2021 ആയപ്പോള്‍ ട്വന്റി 20 വന്നു. അതില്‍ സജീന്ദ്രന്‍ പെട്ടുപോയി. ട്വന്റി 20 രാഷ്‌ട്രീയ ശക്‌തിയായി വളര്‍ന്നു. നാലു പഞ്ചായത്തുകള്‍ അവര്‍ക്ക്‌ കിട്ടി. 2021ലെ അസംബ്‌ളി തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്‌ഥാനാര്‍ഥി ജയിക്കുമെന്നു തോന്നിപ്പിച്ചുവെങ്കിലും ഒടുവില്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി എന്നു പറഞ്ഞതുപോലെ സി.പി.എമ്മിലെ പി.വി. ശ്രീനിജിന്‍ ജയിച്ചു. ജയിച്ച ശ്രീനിജിന്‍ ട്വന്റി 20 അധ്യക്ഷന്‍ സാബു ജേക്കബിനോട്‌ എന്തെങ്കിലുമൊരു നന്ദിയോ ആത്മാര്‍ഥതയോ കാണിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഈ അവസ്‌ഥ ശ്രീനിജിന്‌ വരില്ലായിരുന്നു. സാബുവിനെ ദ്രോഹിച്ച്‌ അദ്ദേഹത്തിന്റെ സ്‌ഥാപനത്തിന്റെ ഒരു ഭാഗം തെലങ്കാനയിലേക്കു വരെ കൊണ്ടുപോകുന്നതില്‍ ശ്രീനിജിന്റെ സംഭാവന വലുതായിരുന്നു. പിന്നെയും ശ്രീനിജിനില്‍നിന്ന്‌ കുഴപ്പങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ചിട്ടും സാബുവിന്റെ ട്വന്റി 20 യെ ആധികാരികമായി തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. കിഴക്കമ്പലം പഞ്ചായത്തിലും അടുത്തുള്ള പഞ്ചായത്തുകളിലൂം ട്വന്റി 20 ഒരു രാഷ്‌ട്രീയ ശക്‌തിയായി നില്‍ക്കുകയാണ്‌. എന്നാല്‍, ഒറ്റയ്‌ക്കു നിന്ന്‌ ട്വന്റി 20ക്ക്‌ വലിയ മുന്നേറ്റുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സാബു നല്ല വ്യവസായിയാണ്‌. ബി.ജെ.പി. അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറും വ്യവസായിയാണ്‌. ഇവരുടെ കൂടിച്ചേരല്‍, രക്‌തം രക്‌തത്തെ കണ്ടെത്തി എന്നു പറഞ്ഞതുപോലെയായി. അതോടെ വ്യവസായ രംഗത്തും രാഷ്‌ട്രീയ രംഗത്തും സാബുവിന്‌ വലിയ അവസരങ്ങള്‍ ലഭ്യമായി. കാമരാജ്‌ കോണ്‍ഗ്രസിനുപോലും വലിയ പരിഗണന കൊടുക്കുന്ന പാര്‍ട്ടിയാണ്‌ ബി.ജെ.പി. പൊട്ടംകുളം അപ്പച്ചന്റെ (ജോര്‍ജ്‌ ജെ. മാത്യു)നാഷണല്‍ ഫാര്‍മേഴ്‌സ്‌ പാര്‍ട്ടിക്കും അവര്‍ അംഗത്വം നല്‍കിയിട്ടുണ്ടെന്നത്‌ വിസ്‌മരിക്കാന്‍ പാടില്ല. ഇപ്പോള്‍ മോദിയുടെ വലതുവശത്ത്‌ രാജീവ്‌ ചന്ദ്രശേഖറും ഇടതുവശത്ത്‌ സാബുവുമാണ്‌, അതിനപ്പുറത്ത്‌ തുഷാര്‍ വെള്ളാപ്പള്ളിയുമാണ്‌. യാക്കോബായ സുറിയാനി സഭയുടെ കൈവയ്‌പുള്ള ആളാണ്‌ സാബു. അതുപോലെ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കും തുല്യനിലയില്‍ സ്വീകാര്യന്‍. ഇതും ബി.ജെ.പിയുടെ കോര്‍ വോട്ടും ചേര്‍ത്തുവച്ച്‌ വലിയ മുന്നേറ്റത്തിനാണ്‌ സാബു ശ്രമിക്കുന്നത്‌. എറണാകുളം ജില്ലയില്‍ ബി.ജെ.പിയുടെ എ ക്‌ളാസ്‌ മണ്ഡലമായി മാറിക്കഴിഞ്ഞു കുന്നത്തുനാട്‌. സമീപ മണ്ഡലങ്ങളിലും ട്വന്റി 20യുടെ സഹായത്തോടെ മുന്നേറ്റമുണ്ടാക്കാമെന്ന്‌ ബി.ജെ.പി. വിശ്വസിക്കുന്നു. പക്ഷേ, കുന്നത്തുനാട്‌ പോലും അവര്‍ക്ക്‌ ജയിക്കാന്‍ പറ്റുമോ എന്നത്‌ വേറൊരു ചോദ്യമാണ്‌. പത്തനംതിട്ടയില്‍നിന്ന്‌ വന്ന ബാബു ദിവാകരനാണ്‌ ട്വന്റി 20 സ്‌ഥാനാര്‍ഥി. പുറത്തുനിന്നു വന്നയാള്‍ എന്നതു കൂടാതെ കഴിഞ്ഞദിവസം വരെ കോണ്‍ഗ്രസുകാരനുമായിരുന്ന ബാബുവിനെ പ്രവര്‍ത്തകര്‍ക്ക്‌ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതും ചിന്തനീയമാണ്‌. നാട്ടുകാരനോ ഈ പരിസരത്തുള്ളതോ അല്ലാത്തയാളെ കുന്നത്തുനാട്ടില്‍ കൊണ്ടുവന്നു മത്സരിപ്പിക്കുന്നതിന്റെ സാംഗത്യം സാധാരണക്കാര്‍ സംശയിക്കാന്‍ സാധ്യതയുണ്ട്‌. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി സജീന്ദ്രന്‍ വിനയവും എളിമയും കൈമുതലുള്ളയാളാണ്‌. ഇക്കുറി ജയിച്ചാല്‍ ഒരു മന്ത്രിയോ അല്ലെങ്കില്‍ തത്തുല്യ പദവിയോ കിട്ടാനിടയുണ്ട്‌. കോണ്‍ഗ്രസ്‌ ചിന്താഗതിക്കാര്‍ കൂടുതലുള്ള കുന്നത്തുനാട്ടില്‍ സജീന്ദ്രനു മുന്‍തൂക്കമുണ്ട്‌. ട്വന്റി 20ക്കാരായിട്ടും സി.പി.എം. അനുഭാവികളായിട്ടും നടക്കുന്നവരില്‍ പലരും ഉള്ളുകൊണ്ട്‌ കോണ്‍ഗ്രസുകാരാണ്‌. ഖദറിടാത്ത കോണ്‍ഗ്രസുകാര്‍. അവര്‍ക്ക്‌ പിന്തുണയ്‌ക്കാനും സ്‌നേഹിക്കാനും കഴിയുന്ന സ്‌ഥാനാര്‍ഥി സജീന്ദ്രനാണ്‌. മൂന്നാം സ്‌ഥാനത്തേക്കു പോകാവുന്ന സ്‌ഥാനാര്‍ഥിയാണ്‌ ഇടതുപക്ഷത്തിന്റെ പി.വി. ശ്രീനിജിന്‍. യഥാര്‍ഥ മത്സരം സജീന്ദ്രനും ട്വന്റി 20യുമായിട്ടാണ്‌. മാര്‍ക്‌സിസ്‌റ്റുകാരുടെ ശരീരഭാഷ പുലര്‍ത്തുന്നയാളല്ല ശ്രീനിജിന്‍. കഴിഞ്ഞ തവണത്തെ അനുകൂല സാഹചര്യം ഇക്കുറി ശ്രീനിജിന്‌ പ്രതീക്ഷിക്കാനില്ല. മാര്‍ക്‌സിസ്‌റ്റുകാര്‍ക്കു പോലും സ്വീകാര്യനാണ്‌ ശ്രീനിജിന്‍ എന്നും തോന്നുന്നില്ല.


© Mangalam