menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'പുതുപ്പള്ളിയില്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടി ഫാക്‌ടര്‍'

12 0
yesterday

'അപ്പയുടെ ഓര്‍മ്മകള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന മണ്ണാണ്‌ പുതുപ്പള്ളി. പുതുപ്പള്ളിയില്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടി ഫാക്‌ടറിന്‌ തന്നെയാണ്‌ പ്രാമുഖ്യം. ചെല്ലുന്നിടത്തെല്ലാം ഉമ്മന്‍ ചാണ്ടി എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ പതിവാണ്‌. കഴിഞ്ഞ ദിവസം വീടുകളുടെ തറക്കല്ലിടാന്‍ ചെന്നപ്പോള്‍ പല സ്‌ഥലങ്ങളിലും അമ്മമാരും പ്രായമുള്ളവരും ഞങ്ങളുടെ ഉമ്മന്‍ ചാണ്ടി എന്ന്‌ വിളിച്ചാണ്‌ സ്വീകരിച്ചത്‌.'- പുതുപ്പള്ളിയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിയുടെ വികസനത്തിനുള്ള പദ്ധതികള്‍ ഏതൊക്കെയാണ്‌?

പുതുപ്പള്ളിയുടെ വികസനത്തിനുള്ള ഒട്ടേറെ പദ്ധതികള്‍ക്കാണ്‌ ഉമ്മന്‍ചാണ്ടി തുടക്കമിട്ടത്‌. അടിസ്‌ഥാനങ്ങളെല്ലാം അദ്ദേഹം ഒരുക്കിയിട്ടുണ്ട്‌. ഇനി അതേ വഴിയിലൂടെ മുന്നോട്ട്‌ പോയാല്‍ മതി. പുതിയ തലമുറയ്‌ക്കായി പുതുപ്പള്ളിയെ സ്‌പോര്‍ട്‌സ്‌ ഹബ്ബാക്കുകയാണ്‌ ലക്ഷ്യം. ഇതിനായി ടര്‍ഫ്‌, നീന്തല്‍കുളങ്ങള്‍ അടക്കം ഒരുക്കി കഴിഞ്ഞു. പാമ്പാടിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഒരു സ്‌റ്റേഡിയമാണ്‌ ഇനി ലക്ഷ്യം. സ്‌പിരിച്വല്‍ ടൂറിസം രംഗത്ത്‌ പുതുപ്പള്ളിയെ അടയാളപ്പെടുത്താവുന്ന ടൂറിസം സര്‍ക്യൂട്ട്‌ പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്‌.

ഉമ്മന്‍ ചാണ്ടിയുടെ അഭാവം തെരഞ്ഞെടുപ്പില്‍ നിഴലിക്കുമോ?

ഉമ്മന്‍ ചാണ്ടിയുടെ അഭാവം ഒരിക്കലും നികത്താന്‍ കഴിയുന്നതല്ല. പുതുപ്പള്ളിയില്‍ മാത്രമല്ല കേരള രാഷ്‌ട്രീയത്തിലുടനീളം ഉമ്മന്‍ ചാണ്ടിയുടെ വിടവ്‌ നികത്താനാകാതെ കിടക്കുകയാണ്‌. ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മാര്‍ഗനിര്‍ദേശങ്ങള്‍ തരാന്‍ അപ്പ ഇല്ലാത്തതിന്റെ വിഷമമുണ്ട്‌. മറ്റ്‌ മണ്ഡലങ്ങളില്‍ പ്രചാരണത്തിന്‌ വിളിക്കുന്നുണ്ട്‌. സമയം തടസമാകാത്ത വിധത്തില്‍ പരമാവധി സ്‌ഥലങ്ങളില്‍ പോകണമെന്നാണ്‌ ആഗ്രഹം.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ?

ശബരിമല അയ്യപ്പന്റെ സ്വര്‍ണക്കവര്‍ച്ച അതീവ ഗൗരവമേറിയ വിഷയമാണ്‌. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിഷയത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിക്കാനാണ്‌ സി.പി.എം. മറ്റ്‌ ആരോപണങ്ങളിലൂടെ പുകമറ സൃഷ്‌ടിക്കുന്നത്‌. പ്രതികളെയെല്ലാം സര്‍ക്കാര്‍ പുറത്ത്‌ ഇറക്കികഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുന്നത്‌ ശബരിമല സ്വര്‍ണ്ണകൊളളതന്നെയാണ്‌. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്ക്‌ അങ്ങനെ രക്ഷപെടാനാകില്ല. ഇടതുസര്‍ക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോര്‍ഡ്‌ ഭരണത്തിലാണ്‌ ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നത്‌. ഇതില്‍ പങ്കാളികളായവരെല്ലാം സി.പി.എം നേതാക്കളാണ്‌. ജനങ്ങള്‍ ഇത്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഗ്രീന്‍ പ്രോട്ടോക്കോള്‍ തെരഞ്ഞെടുപ്പ്‌ എന്നതുകൊണ്ട്‌ ഉദേശിക്കുന്നത്‌ എന്താണ്‌?

ഫ്‌ളക്‌സ്‌ ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെയുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കാനാണ്‌ തീരുമാനം. ഫ്‌ളക്‌സുകളും ബോര്‍ഡുകളും സൃഷ്‌ടിക്കുന്ന മാലിന്യം ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പകരം മണ്ഡലത്തിലെ വീടുകള്‍ കയറിയിറങ്ങി വോട്ടുതേടും. ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കാനാണ്‌ ലക്ഷ്യമിടുന്നത്‌. 'ഭവനരഹിതരില്ലാത്ത പുതുപ്പള്ളി' എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്‌. അതിനായി ഉമ്മന്‍ചാണ്ടി ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 50 വീടുകളുടെ നിര്‍മാണമാണ്‌ ആരംഭിച്ചത്‌. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ഇതില്‍ 47 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്തി. ശേഷിക്കുന്ന മൂന്ന്‌ വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്‌. 100 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനാണ്‌ തീരുമാനം. അഞ്ച്‌ വര്‍ഷം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതില്‍ 25 വീടുകള്‍ക്ക്‌ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. ഇതിനെല്ലാമുള്ള പണം കണ്ടെത്തേണ്ടതുണ്ട്‌. പ്രചാരണത്തിന്‌ ചെലവ്‌ കുറച്ച്‌ ബാക്കി പണം ഭവന നിര്‍മാണത്തിന്‌ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ്‌ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ രീതിയിലെല്ലാം വ്യത്യസ്‌തത പുലര്‍ത്തുന്നുണ്ടല്ലോ?

ഒരു വ്യത്യസ്‌തയുമില്ല. പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള യുദ്ധഭീതിയിലാണ്‌ ജനങ്ങള്‍. വിലക്കയറ്റവും പാചകവാതകക്ഷാമവും അടക്കം ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ്‌ പ്രചാരണത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്‍ക്ക്‌ എന്നെയും എന്റെ പ്രസ്‌ഥാനത്തേയും അറിയാം. ആ ഒരു സാഹചര്യത്തില്‍ എന്തിന്‌ ധൂര്‍ത്ത്‌. റോഡ്‌ ഷോ, സൈക്കിള്‍ റാലി, ജനസമ്പര്‍ക്കയാത്ര തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിലേക്ക്‌ ഇറങ്ങി ചെന്നുള്ള പ്രചാരണമാണു ലക്ഷ്യം. വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനങ്ങള്‍ക്കിടയിലേക്ക്‌ കൂടുതല്‍ ഇറങ്ങാനുള്ള അവസരം കൂടിയാണിത്‌. ഫ്‌ളക്‌സുകളിലല്ല, ജനമനസുകളിലാണ്‌ സ്‌ഥാനം ലഭിക്കേണ്ടതെന്നാണ്‌ വിശ്വസിക്കുന്നത്‌. ഡിജിറ്റല്‍ യുഗമാണ്‌. എല്ലാ വീടുകളിലും കടന്നുചെല്ലാന്‍ ഇത്തരം അവസരങ്ങള്‍ ഏറെയുണ്ട്‌. പോസ്‌റ്ററുകളുടെ ഉപയോഗവും കുറയ്‌ക്കും. നോട്ടീസുകളും സോഷ്യല്‍ മീഡിയായും പരമാവധി ഉപയോഗിച്ചുള്ള പ്രചാരണത്തിനായിരിക്കും പ്രാധാന്യം. ഡോര്‍ ടു ഡോര്‍ പ്രചാരണവും കൂടുതല്‍ ഊര്‍ജിതമാക്കും.


© Mangalam