ഇനി, ജനങ്ങള്‍ അധിപര്‍
കാത്തിരിപ്പിനൊടുവില്‍, ജനവിധിക്കുള്ള തീയതി കുറിക്കപ്പെട്ടിരിക്കുന്നു. ഏപ്രില്‍ ഒമ്പതിന് കേരളം ബൂത്തിലേക്ക്. ജനങ്ങളുടെ അംഗീകാരം തേടി സ്‌ഥാനാത്ഥികള്‍ ഇനി അവര്‍ക്കരികിലേക്ക് വരുകയാണ്. ജനങ്ങള്‍ അധിപരാകുന്ന , ജനാധിപത്യത്തിന്റെ മഹത്തായ ദിനങ്ങളെ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ദിവസം പ്രഖ്യാപിക്കപ്പെട്ടതോടെ മുന്നണികള്‍ക്ക് മുന്നിലുള്ളത് ചടുല നീക്കങ്ങളുടെ മണിക്കൂറുകള്‍ മാത്രം. മൂന്നാം ഊഴം ലക്ഷ്യമിടുന്ന എല്‍.ഡി.എഫ് , ഭരണം തിരിച്ചുപിടിക്കാനായി യു.ഡി.എഫ് , ശക്‌തമായ സാന്നിധ്യമാകാന്‍ എന്‍.ഡി.എയും കളത്തിലുണ്ട്. പ്രചാരണത്തിന് ഒരു മാസം പോലും ഇല്ലാത്ത സാഹചര്യത്തില്‍ ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള ശ്രമങ്ങള്‍ക്ക് ഇത്തവണ വേഗം ഏറെയായിരിക്കും. സംസ്‌ഥാന ചരിത്രത്തിലെ ഏറ്റവും ശക്‌തമായ ത്രികോണ പോരാട്ടത്തിനാണ് കളം ഒരുങ്ങുന്നത്. ഇപ്പോഴുള്ള രാഷ്‌ട്രീയ സാഹചര്യം മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷയും വെല്ലുവിളിയും നിറഞ്ഞതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണവിരുദ്ധ വികാരം മാത്രം മതി എല്‍.ഡി.എഫിനെ ജനങ്ങള്‍ പുറന്തള്ളാനെന്നു യു.ഡി.എഫ് കണക്കുകൂട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി, പെന്‍ഷന്‍ കുടിശിക, മുന്‍കാല വിവാദങ്ങള്‍ എന്നിവ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന പേടി എല്‍.ഡി.എഫിനെ ചെറുതായെങ്കിലും അലട്ടുന്നുമുണ്ട്. കഴിഞ്ഞ ലോക്‌സഭ ,തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം നേടി യു.ഡി.എഫ് തിരിച്ചുവരവ് സാധ്യത ശക്‌തമാക്കിയിരുന്നു. തുടര്‍ന്നുണ്ടായ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്ന വിധമാണ് നിലവില്‍ യു.ഡി.എഫിലെ സ്‌ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ . പ്രമുഖ നേതാക്കളും എം.പിമാരും ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്നിലുണ്ട്. നേതൃതലത്തിലെ അനൈക്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമോയെന്ന് അണികള്‍ ഭയപ്പെടുന്നു. ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എന്‍.ഡി.എയ്‌ക്ക് സംശയമില്ല. എന്നാല്‍, വര്‍ധിക്കുന്ന വോട്ടുകള്‍ സീറ്റുകളാക്കി മാറ്റാന്‍ കഴിയുമോയെന്ന കാര്യത്തിലാണ് അനിശ്‌ചിതത്വം. ട്വന്റി20 ,ബി.ഡി.ജെ.എസ് എന്നീ പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജന തര്‍ക്കങ്ങളും മുന്നണിക്ക് വെല്ലുവിളി തന്നെ. മൂന്നു മുന്നണിയിലും സ്‌ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ഭാഗത്ത് , ഡല്‍ഹിയില്‍ സ്ര്‌കീനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. ഇപ്പോഴുള്ള എം.എല്‍.എമാരില്‍ ഭൂരിഭാഗവും മത്സരരംഗത്ത് ഉണ്ടാകും. കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ സ്‌ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വൈകാതെ പരിഹരിക്കുന്നതില്‍ വീഴ്‌ച ഉണ്ടായാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. എല്‍.ഡി.എഫിനെ സംബന്ധിച്ച് കൂടുതല്‍ മണ്‌ഡലങ്ങളില്‍ സ്‌ഥാനാര്‍ത്ഥികള്‍ ആരെന്നതില്‍ ധാരണയായിക്കഴിഞ്ഞു. ജി. സുധാകരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളും ചിലരുടെ കൊഴിഞ്ഞുപോക്കുമാണ് എല്‍.ഡി.എഫ് നേരിടുന്ന പ്രതിസന്ധി. നാടിന്റെ ജനാധിപത്യത്തിന് കരുത്തേകുന്നതാകണം ഓരോ തെരഞ്ഞെടുപ്പുമെന്ന് കരുതുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ , സംസ്‌ഥാന ഭരണം നിശ്‌ചയിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തിയിട്ടുള്ള ശുഷ്‌കാന്തിയും താല്‌പര്യവും ശ്രദ്ധേയമാണ്. സംസ്‌ഥാന പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സമാധാനവും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പിലേക്കാണ് ജനങ്ങള്‍ വീണ്ടും ഒരുങ്ങേണ്ടത്. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് എന്നതുപോലെ ജനങ്ങള്‍ക്കും ഏറെ ഉത്തരവാദിത്വമുള്ള ദിവസങ്ങള്‍. ചിന്തിച്ച് , ഉറപ്പിച്ചു വേണം ഓരോ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും മുന്നണികളെ മാറിമാറി തുണയ്‌ക്കുന്നതായിരുന്നു സംസ്‌ഥാനത്തെ ജനങ്ങളുടെ തെരഞ്ഞെടുപ്പ് രീതി. എന്നാല്‍, 2021ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് ചരിത്രം തിരുത്തി. തുടര്‍ച്ചയായി രണ്ടാം തവണയും പിണറായി അധികാരത്തിലെത്തി. 2026ല്‍ ചരിത്രം ആര്‍ക്കൊപ്പം എന്നാണ് ഇനി ജനങ്ങള്‍ക്ക് നിശ്‌ചയിക്കാനുള്ളത്. ഏപ്രില്‍ 9ന് ജനങ്ങള്‍ വിധിയെഴുതുമെങ്കിലും ഫലമറിയാന്‍ മെയ് 4 വരെ കാത്തിരിക്കേണ്ടി വരും. ഭരണവിരുദ്ധ വികാരം യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോഴും സമീപകാല സര്‍വേകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് തെളിഞ്ഞത്. വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പെന്‍ഷനുകളും എല്‍.ഡി.എഫിന് അനുകൂലമാകുമ്പോള്‍, ഭരണമാറ്റം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ യു.ഡി.എഫിന് പ്രതീക്ഷയാകുന്നു. ഇതിനിടെ ബി.ജെ പി കരുത്തു കാട്ടുകയാണെങ്കില്‍ ഭരണത്തിന്റെ കാര്യത്തില്‍ ആര്‍ക്കു ഗുണമാകും , ദോഷമാകും എന്നുള്ളത് തെരഞ്ഞെടുപ്പ് ആവേശം നിറയ്‌ക്കുന്ന ചോദ്യമാകുന്നു.
