63 എം.എൽ.എമാർ അഥവാ അപശകുനം
തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കേരളനിയമസഭയിൽ കോൺഗ്രസിനുള്ളത് 63 എം.എൽ.എമാരാണല്ലോ. ആ സംഖ്യ കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് ഒരു അപശകുനമാണ്. ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് ഓർമയുണ്ടോ എന്നറിയില്ല, കേരള ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് സ്വന്തമായി മന്ത്രിസഭയുണ്ടാക്കിയപ്പോൾ എം.എൽ.എമാരുടെ എണ്ണം 63 ആയിരുന്നു. രണ്ടുവർഷം തികയുംമുമ്പേ അവിശ്വാസപ്രമേയത്തിൽതട്ടി തകർന്ന ആ മന്ത്രിസഭയാണ് കേരളത്തിലെ അവസാനത്തെ ഏകകക്ഷിമന്ത്രിസഭ. കോൺഗ്രസ് എന്നല്ല ഒരു പാർട്ടിയും പിന്നീട് കേരളം ഒറ്റക്ക് ഭരിച്ചിട്ടില്ല. ആർ. ശങ്കറായിരുന്നു ആ മന്ത്രിസഭയുടെ ദുരന്തനായകൻ. മന്ത്രിസഭയുടെ രാജിമാത്രമല്ല, നേതാക്കന്മാർക്ക് മാനഹാനി, ജീവനഷ്ടം, പാർട്ടിക്ക് പിളർപ്പ്, ചില നേതാക്കന്മാരുടെ രാഷ്ട്രീയജീവിതത്തിന്റെ അന്ത്യം, എന്നുവേണ്ട എല്ലാ ദുഷ്ഫലങ്ങളും ദുരന്തങ്ങളും കോൺഗ്രസിന് സമ്മാനിച്ച സംഖ്യയാണ് നിയമസഭയിലെ 63.
1960ലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസും പി.എസ്.പിയും മുസ്‍ലിം ലീഗും ചേർന്നുള്ള സഖ്യമാണ് മത്സരിച്ചത്. മുക്കൂട്ട് മുന്നണി. ‘‘ഒറ്റക്കൊടിയിൽ മൂന്നുകൊടി, വോട്ടുകഴിഞ്ഞാൽ തമ്മിലടി’’ എന്നായിരുന്നു തെരഞ്ഞെടുപ്പുകാലത്ത് എതിരാളികളായ കമ്യൂണിസ്റ്റുകാർ വിളിച്ച മുദ്രാവാക്യം. 126 അംഗങ്ങളെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഒരു നോമിനേറ്റഡ് അംഗമുണ്ടാവുമെങ്കിലും അദ്ദേഹത്തിന് വോട്ടവകാശമില്ല. കോൺഗ്രസിന് 63, പി.എസ്.പിക്ക് 20, മുസ്‍ലിം ലീഗിന് 11 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷംകിട്ടിയ മുന്നണിയിലെ കക്ഷിനില. തെരഞ്ഞെടുപ്പു കഴിഞ്ഞതും പ്രതിപക്ഷത്തെ സന്തോഷിപ്പിച്ചുകൊണ്ട് മുക്കൂട്ടുമുന്നണിയിൽ കലഹം തുടങ്ങി.
ഒന്നിച്ചുനിന്ന് മുന്നണിയുണ്ടാക്കി, ഒന്നിച്ചുപ്രചാരണം നടത്തി വിജയിച്ചുവന്ന ഘടകക്ഷിയായ മുസ്‍ലിം ലീഗിനെ മന്ത്രിസഭയിൽ എടുക്കാനാവില്ല എന്ന് കോൺഗ്രസ് ശഠിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോൺഗ്രസ് ദേശീയനേതൃത്വത്തിന് അത് ആലോചിക്കാനേ വയ്യ. ദക്ഷിണേന്ത്യയിൽ മുസ്‍ലിം ലീഗുമായി ചേർന്ന് ഭരണം പങ്കിടുന്നത് ഉത്തരേന്ത്യയിൽ ദോഷം ചെയ്യും എന്നായിരുന്നു കോൺഗ്രസിന്റെ വാദം. സഖ്യകക്ഷിയായ പി.എസ്.പിയും ദേശീയപത്രങ്ങളും മുസ്‍ലിം ലീഗിനുവേണ്ടി വാദിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം അമ്പിനുംവില്ലിനും അടുത്തില്ല. മന്ത്രിസ്ഥാനം കൊടുക്കില്ല, പകരം സ്പീക്കർസ്ഥാനം കൊടുക്കാമെന്നായി കോൺഗ്രസ്. അങ്ങനെയാണ് കെ.എം. സീതിസാഹിബ് കേരള നിയമസഭാ സ്പീക്കർ ആകുന്നത്. നഷ്ടമായി എന്ന് ലീഗിന് തോന്നാതിരിക്കാൻ ഒരു രാജ്യസഭാംഗത്വവും കൊടുത്തു. ലീഗ് ഇബ്രാഹീം സുലൈമാൻ സേട്ടിനെ പാർലമെന്റിലെത്തിച്ചു. ഒരർഥത്തിൽ ലീഗിന്........
