കോർപ്പറേറ്റ് ജോലിവിട്ട് മണ്ണിലേക്ക്, വിത്തുപുരകളിൽ ഉണർവ്; അട്ടപ്പാടിയുടെ മണ്ണിലെ ‘മില്ലറ്റ് മിഷൻ’
അട്ടപ്പാടിയുടെ മണ്ണിൽ ചെറുധാന്യങ്ങളുടെ പൊൻകതിരുകൾ വിരിയുകയാണ്. ഒരുകാലത്ത് ആദിവാസി സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കിയിരുന്ന മില്ലറ്റ് കൃഷി, ആധുനികതയുടെ കടന്നുകയറ്റത്തിൽ നിറം മങ്ങിപ്പോയിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഡൽഹിയിലെ തിരക്കുകളിൽനിന്ന് അട്ടപ്പാടിയുടെ ശാന്തതയിലേക്ക് കുടിയേറിയ ശരത് നാരായണൻ. രാജ്യതലസ്ഥാനത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ശരത് അട്ടപ്പാടിയിൽ മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്. അതുവഴി അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തനത് വിത്തുകളെ വീണ്ടെടുക്കാനാണ് ശരത്തിന്റെ ശ്രമം.
കൃഷി എന്നതിലുപരി, ഒരു സംസ്കാരത്തെയും ജീവിതരീതിയെയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ശരത് നടത്തുന്നത്. ഒഡിഷയിലെ കൊറാപ്പൂട്ടിൽനിന്ന് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെയും ‘മില്ലറ്റ് ക്യൂൻ’ റായ്മതി ഗുരിയ (Raimati Ghiuria)യുടെയും സഹായത്തോടെ അപൂർവവിത്തുകൾ ശേഖരിച്ചാണ് ശരത്തിന്റെ കാർഷിക പരീക്ഷണം. റാഗി, കമ്പ്, മണിച്ചോളം, മക്കാചോളം കുതിരവാലി, തിന, വരഗ്, രാജ്ഗിര തുടങ്ങിയ ചെറുധാന്യങ്ങളാണ് ശരത് കൃഷി ചെയ്യുന്നത്. ഇത് വിജയമായതോടെ വരും സീസണിൽ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ കർഷകൻ. മില്ലറ്റുകളെക്കുറിച്ചും അവയുടെ കൃഷിരീതിയെക്കുറിച്ചും ശരത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
മില്ലറ്റിന്റെ കൃഷിലോകത്തേക്ക്
അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ചതിലൂടെ കിട്ടിയ അറിവുകളാണ് ശരത് നാരായണന് മില്ലറ്റ് കൃഷി ആരംഭിക്കാൻ പ്രചോദനമായത്. ‘അട്ടപ്പാടിയിൽ വർഷങ്ങൾക്കു മുമ്പ് തന്നെ മില്ലറ്റുകൾ വ്യാപകമായിരുന്നു. 20 വർഷം മുൻപ് ആദ്യമായി സന്ദർശനത്തിന് എത്തുമ്പോൾ ഇവിടെ മില്ലറ്റ് കൃഷി വ്യാപകമായിരുന്നു. ആദിവാസികളുടെ പ്രധാന ഭക്ഷണം മില്ലറ്റായിരുന്നു. അവർ റേഷൻ കടകളെ ആശ്രയിച്ചിരുന്നില്ല എന്നാണ് പഴയ മൂപ്പന്മാർ പറയുന്നത്. സ്വന്തമായി കൃഷി ചെയ്ത് വർഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന ധാന്യങ്ങളാണ് അവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിരുന്നത്. അന്ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയിട്ടില്ലാത്ത കാലം. മറ്റ് ജോലികളില്ലാതിരുന്ന അവർ മില്ലറ്റ് വ്യാപകമായി കൃഷി ചെയ്തിരുന്നു. പിന്നീട് ക്രമേണ ഇതിന്റെ അളവ് കുറഞ്ഞു വന്നു.’ ശരത് വിശദീകരിച്ചു.
ഡൽഹിയിൽ മാധ്യമരംഗത്ത് എച്ച്.ആർ മാനേജരായി പ്രവർത്തിച്ചിരുന്ന ശരത്തിന്റെ യാത്രകളോടും പ്രകൃതിയോടുമുള്ള താൽപ്പര്യമാണ് അദ്ദേഹത്തെ അട്ടപ്പാടിയിൽ എത്തിച്ചത്. ‘ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് അട്ടപ്പാടിയിൽ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും സ്ഥലം വാങ്ങുന്നതും. ചുറ്റും വനവും ഇത്രയേറെ കെട്ടിട നിർമാണങ്ങളും ഇല്ലാതിരുന്നതിനാൽ വേനൽക്കാലത്ത് പോലും അട്ടപ്പാടിയിൽ നല്ല തണുപ്പായിരുന്നു. പിന്നീട് പത്തുവർഷം മുൻപ് ഞാൻ അവിടെ സ്ഥിരതാമസത്തിന് എത്തുമ്പോഴേക്കും ചിത്രം പാടെ മാറിയിരുന്നു. ടൗണിനോട് ചേർന്ന് താമസിക്കുന്ന ആദിവാസികൾ കൃഷി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. പുതുതലമുറയ്ക്ക് വിദ്യാഭ്യാസവും ജോലിയും ലഭിച്ചു തുടങ്ങിയതും റേഷൻ സംവിധാനങ്ങൾ സജീവമായതുമെല്ലാം അവരുടെ തനത് കൃഷിരീതികളെ പിന്നോട്ടടിച്ചു. തനത് കൃഷികളായ തുവര, അട്ടപ്പാടി കടുക്, മുതിര, എള്ള് എന്നിവയിൽ നിന്ന് പിൻവാങ്ങി. ഇതിൽ 'അട്ടപ്പാടി കടുക്' എന്ന വിശേഷപ്പെട്ട ഇനം ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ്.’
അട്ടപ്പാടി ഒരു വരൾച്ചാബാധിത മേഖലയായതിനാൽ മഴയെ ആശ്രയിച്ചാണ് കൃഷി നടന്നിരുന്നത്. ‘ജലസേചന സൗകര്യം കുറഞ്ഞ, മഴയെ മാത്രം ആശ്രയിക്കുന്ന അട്ടപ്പാടിയിലെ ഭൂമിയിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയായതോടെ പലരും കൃഷി പൂർണമായും ഉപേക്ഷിച്ചു. മയിലുകൾ വ്യാപകമായി വിള നശിപ്പിക്കുന്നതും കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടടിപ്പിച്ചു.........
