പെരുമാറാം, ഇടപെടാം ചട്ടങ്ങള്‍ പാലിച്ച്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലവില്‍വന്ന മാതൃകാ പെരുമാറ്റച്ചട്ടം രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും സ്‌ഥാനാര്‍ഥികള്‍ക്കും മാത്രമല്ല, പൊതുസമൂഹത്തിനും സാമൂഹിക മാധ്യമങ്ങള്‍ക്കും ഉള്‍പ്പെടെ ബാധകമാണെന്നതു മറക്കാതിരിക്കാം. സ്വതന്ത്രവും സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. എങ്കില്‍ മാത്രമേ, ജനാധിപത്യം അട്ടിമറികളില്ലാതെ നാടിന്റെ കരുത്തായി മാറൂ. ജാതി, മതം, ഭാഷ എന്നിവയുടെ പേരിലുള്ള ചേരിതിരിവുകള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. നയങ്ങളും രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടും വ്യക്‌തമാക്കി പ്രവര്‍ത്തന മികവുകൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയണം. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ പുലിവാലു പിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍തന്നെ അയോഗ്യത നേരിടേണ്ടിവരും. എതിര്‍ സ്‌ഥാനാര്‍ഥികളുടെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും മാത്രമേ വിമര്‍ശിക്കാവൂ എന്നും സ്വകാര്യ ജീവിതത്തെയോ വ്യക്‌തിത്വത്തെയോ അധിക്ഷേപിക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദ്ദേശത്തിന് ഇപ്പോഴത്തെ കേരള രാഷ്‌ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്‌തിയുണ്ട്. അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ (2016) വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്‌തു എന്ന കാരണത്താല്‍ കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ സംഭവം രാഷ്‌ട്രീയപാഠമാകണം. രാഷ്‌ട്രീയ പാര്‍ട്ടികളും സ്‌ഥാനാര്‍ഥികളും നല്‍കുന്ന പ്രലോഭനങ്ങളില്‍ സമ്മതിദാനാവാശം അടിയറവയ്‌ക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഡിജിറ്റല്‍ യുഗത്തോടെ, സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിപ്ലവകരമായ മാറ്റം സംഭവിച്ചുകഴിഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം പുതിയ സാങ്കേതികവിദ്യകളെ കൂട്ടുപിടിക്കുന്നതില്‍ ഒരു പാര്‍ട്ടിയും പിന്നിലല്ല. അതിനുവേണ്ടി ചെലവഴിക്കുന്നതാകട്ടെ കോടികളും. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടികളും സ്‌ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവരും ജനങ്ങളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. വോട്ടര്‍മാരുടെ പ്രായം, താല്‍പ്പര്യങ്ങള്‍, സ്‌ഥലം എന്നിവയ്‌ക്കെല്ലാം അനുസരിച്ചുള്ള 'കണ്ടെന്റുകളാ' ണ് അണിയറയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും സെലിബ്രിറ്റികളും പാര്‍ട്ടികളുടെ പ്രചാരണമാധ്യമമായി വലിയ രീതിയില്‍ ഉപയോഗിക്കപ്പെടാം. നാടിന്റെ മുക്കിലും മൂലയിലും നടക്കുന്ന പ്രചാരണ സമ്മേളനങ്ങളില്‍നിന്നും പത്രങ്ങളില്‍നിന്നും മാത്രം രാഷ്‌ട്രീയം അറിഞ്ഞ ജനങ്ങള്‍ക്കു മുന്നിലേക്ക് 'ഹൈടെക്ക് വാര്‍ റൂമുകളില്‍'നിന്നുള്ള സന്ദേശങ്ങള്‍ ഇന്നൊരു പ്രവാഹമാണ്. കൈയിലുള്ള മൊബൈലിലേക്ക് എപ്പോള്‍ വേണമെങ്കിലും പ്രചാരണ സന്ദേശങ്ങള്‍ എത്താം. കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം രാഷ്‌ട്രീയം ഒളിഞ്ഞിരിപ്പുണ്ടാകും. ഓരോ പാര്‍ട്ടിയും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും എതിരാളിയെ പ്രതിരോധിക്കാനും പുതിയ സാങ്കേതിക വിദ്യകളെതന്നെയാകും മുഖ്യമായും ആശ്രയിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകളും വ്യജവാര്‍ത്തകളുമായിരിക്കും പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിടാന്‍ സാധ്യതയുള്ള മുഖ്യ വെല്ലുവിളി. ഇത്തരത്തില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ ജനങ്ങള്‍ക്കും ജാഗ്രതയുണ്ടാകണം. സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ ഉള്ളടക്കങ്ങള്‍ മൂന്നു മണിക്കറിനുള്ളില്‍ നീക്കം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ, ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സെല്ലുകള്‍ രുപവത്‌കരിച്ചതും നല്ലൊരു നീക്കംതന്നെ. നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ജനങ്ങള്‍ സ്വാഗതം ചെയ്യുകതന്നെ ചെയ്യും.
