menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'മുഖ്യമന്ത്രി ഇടപെട്ടാലും ഇനി പിന്മാറ്റമില്ല'

13 0
12.03.2026

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാനുള്ള തീരുമാനത്തില്‍ നിന്ന്‌ ആര്‌ സമ്മര്‍ദം ചെലുത്തിയാലും ഇനി പിന്മാറില്ലെന്ന്‌ മുന്‍മന്ത്രി ജി.സുധാകരന്‍. മുമ്പ്‌ ജനപ്രതിനിധിയായിരുന്ന കാലയളവില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്ന ജനങ്ങള്‍ വോട്ടുചെയ്യുമെന്നും തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

? യു.ഡി.എഫ്‌. പിന്തുണയ്‌ക്കുമെന്ന്‌ സൂചനകളുണ്ടല്ലോ?

= ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ആരുടെയും പിന്തുണ തേടില്ല. സ്വതന്ത്രനായി തന്നെ മത്സരിക്കാനാണ്‌ തീരുമാനം. കക്ഷി രാഷ്‌ട്രീയ ഭേദമേന്യേ അമ്പലപ്പുഴയിലെ ജനങ്ങള്‍ പിന്തുണ അറിയിച്ചതിനാലാണ്‌ മത്സര രംഗത്തേക്ക്‌ വന്നത്‌.

? സി.പി.എമ്മില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രചരണ രംഗത്ത്‌ വരാനിടയുണ്ടോ?

= അങ്ങനെ ആരെയും കൊണ്ടുവരാനുള്ള ശ്രമമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, എല്ലായിടങ്ങളിലും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആളുകളുണ്ടാകും.

? പാര്‍ട്ടിയും മുന്നണിയും വിട്ട്‌ സ്വതന്ത്രനായി മത്സരിക്കാന്‍ വലിയ മുന്നൊരുക്കം വേണ്ടേ?

= ചുവരെഴുത്തുകളടക്കം വലിയ ചെലവുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല. മണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉണ്ടാകും. താഴെത്തട്ടില്‍ ഉണ്ടാകണമെന്നില്ല. കാലിന്റെ പരുക്ക്‌ ഭേദമായി വരുന്നതേയുള്ളു. അതിനാല്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചരണം ഉണ്ടാകില്ല. വ്യാപാര സ്‌ഥാപനങ്ങള്‍ കയറിയിറങ്ങി വോട്ടു തേടും. ? അവസാന ഘട്ടം വരെയും സി.പി.എം അനുനയശ്രമങ്ങള്‍ ഉണ്ടായല്ലോ?

= ഒരു ദൗത്യവുമായും ആരും വന്നിട്ടില്ല. എം.എ. ബേബി കാണാന്‍ വന്നപ്പോഴും മറ്റുകാര്യങ്ങള്‍ ചര്‍ച്ചയായില്ല. പിന്നീടാണ്‌ സി.എസ്‌. സുജാതയും ഹരിശങ്കറും വന്നത്‌. അവര്‍ എന്റെ ബന്ധുക്കളാണ്‌. മറ്റെല്ലാം പ്രചരണങ്ങള്‍ മാത്രമാണ്‌. ബുധനാഴ്‌ച രാത്രി ആര്‍. നാസറിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടോളം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ വന്ന്‌ ഒരു മണിക്കൂറോളം സംസാരിച്ചു. പറയാനുള്ള കാര്യങ്ങള്‍ ഞാനും പറഞ്ഞു. അതാണ്‌ നടന്നത്‌.

? മുഖ്യമന്ത്രി വിളിച്ചിരുന്നോ? അദ്ദേഹം ഇടപെട്ട്‌ ഇനി അനുനയ നീക്കം ഉണ്ടായാല്‍ എന്താകും നിലപാട്‌.

= മുഖ്യമന്ത്രി വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നമ്പര്‍ സി.എം. എന്ന പേരിലാണ്‌ എന്റെ മൊബൈല്‍ ഫോണില്‍ സേവ്‌ ചെയ്‌തിട്ടുള്ളത്‌. അതില്‍ നിന്ന്‌ കോള്‍ ഒന്നും വന്നിട്ടില്ല. മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച സ്‌ഥിതിക്ക്‌ ഇനി ആര്‌ ഇടപെട്ടാലും മാറില്ല.

? സമുദായ സംഘടനകളുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ?

= ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്‌. കാലിന്‌ പുരുക്കേറ്റ്‌ വിശ്രമിച്ച വേളയില്‍ അവരിലേറെ പേരും കാണാന്‍ വന്നു. മലബാറില്‍ നിന്ന്‌ ഇമാമുമാര്‍ വരെ വന്നു കണ്ടു. എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരുമല ആശുപത്രിയിലെത്തി കണ്ടു. എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വീട്ടില്‍ വന്നു. അങ്ങനെ എല്ലാ മത-സമുദായ സംഘടനകളുടെ നേതാക്കളും കാണാനെത്തി. എനിക്ക്‌ സീറ്റ്‌ നല്‍കണമെന്നാണ്‌ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടത്‌.


© Mangalam