menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വാഗ്‌ദാനങ്ങളില്‍ വാപൊളിച്ച്‌ ജനം

13 0
12.03.2026

തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചിട്ട്‌ ആഴ്‌ചകള്‍ പോലും ആയിട്ടില്ല. സര്‍ക്കാരുകള്‍ക്കുമാത്രമല്ല, തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടു സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്‌ സുപ്രീം കോടതിയില്‍നിന്നുണ്ടായത്‌. എന്നാല്‍, ഇതു മനസിലാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനോ അവരുടെ ദേശീയ നേതൃത്വത്തിനോ കഴിഞ്ഞില്ലെന്നു വേണം മനസിലാക്കാന്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ യു.ഡി.എഫിനായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 'ക്ഷേമ ഗ്യാരന്റികള്‍' വാരിക്കോരിയുള്ള സൗജന്യ പ്രഖ്യാപനങ്ങള്‍ ആയിട്ടാണ്‌ ഭൂരിപക്ഷം ജനത്തിനും തോന്നിയത്‌. കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ അടിസ്‌ഥാനത്തില്‍ രാഹുല്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമോയെന്ന ആശങ്ക യു.ഡി.എഫിനുള്ളില്‍തന്നെ ഉണ്ടെന്നതാണ്‌ വാസ്‌തവം. ഇത്തരം തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ ജനങ്ങളില്‍ സൃഷ്‌ടിക്കുന്ന സ്വാധീനം ഗുണമായാലും ദോഷമായാലും വോട്ടിങ്ങില്‍ തീര്‍ച്ചയായും പ്രതിഫലിച്ചിരിക്കും. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലാണ്‌ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കു മുമ്പാകെ വാഗ്‌ദാനങ്ങള്‍ അവതരിപ്പിച്ചത്‌. കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ സ്‌ത്രീകള്‍ക്കു പൂര്‍ണമായും സൗജന്യ യാത്ര ഉറപ്പാക്കും, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പ്രതിമാസം 3,000 രൂപയായി ഉയര്‍ത്തും, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്കു പ്രതിമാസം 1,000 രൂപ വീതം ധനസഹായം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ കവറേജ്‌ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി, പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക്‌ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്‌പ എന്നിങ്ങനെയുള്ള അഞ്ചു വാഗ്‌ദാനങ്ങളാണ്‌ കോണ്‍ഗ്രസ്‌ നല്‍കിയിട്ടുള്ളത്‌. ഇതിനു പുറമേ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രിയെ നിയമിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയുണ്ടായി. എത്ര നല്ല വാഗ്‌ദാനങ്ങള്‍ എന്നു തോന്നാമെങ്കിലും 'നടക്കാത്ത സ്വപ്‌നങ്ങള്‍' എന്ന വിലയിരുത്തലുണ്ടാകാന്‍ നിരവധി കാരണങ്ങളാണുള്ളത്‌. സ്‌ത്രീകള്‍ക്കു സൗജന്യ യാത്ര നല്‍കുന്നത്‌, നിലവില്‍ പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയെ പൂര്‍ണമായും തകര്‍ക്കുമെന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌ കുമാറിന്റെ വിമര്‍ശനത്തെ മുഖവിലയ്‌ക്കെടുക്കേണ്ടിവരും. കര്‍ണാടകയിലെ സമാന പദ്ധതി അവിടുത്തെ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനെ സാമ്പത്തികമായി തകര്‍ത്ത കാര്യം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. തകര്‍ന്നു തരിപ്പണമായിരുന്ന കെ.എസ്‌.ആര്‍.ടി.സി. അല്‍പമൊന്നു നടുവു നിവൃത്തിയത്‌ ഈ അടുത്ത കാലത്തുമാത്രമാണ്‌. സൗജന്യങ്ങള്‍ വര്‍ധിപ്പിച്ച്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ എങ്ങനെയാണ്‌ നിലനില്‍ക്കാന്‍ കഴിയുക?. 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാന്‍ കഴിയാതിരുന്ന യു.ഡി.എഫ്‌. 3,000 രൂപ നല്‍കുമെന്നു പറയുന്നതു ജനങ്ങളെ പറ്റിക്കാനാണെന്ന്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിക്കുകയുണ്ടായി. ക്ഷേമപെന്‍ഷന്‍ അടുത്തകാലത്തു വര്‍ധിപ്പിച്ചപ്പോള്‍ ഇനി വരുന്ന സര്‍ക്കാരിനു ഭാരമുണ്ടാക്കുന്ന നയമാണ്‌ സ്വീകരിച്ചതെന്ന്‌, സര്‍ക്കാരിനെ വിമര്‍ശിച്ചവരാണ്‌ യു.ഡി.എഫ്‌. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ത്ത്‌ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികളെ സഹായിക്കുന്നതാണ്‌ ഇന്‍ഷുറന്‍സ്‌ പ്രഖ്യാപനമെന്ന വിലയിരുത്തലും ശക്‌തമാണ്‌. അല്ലെങ്കില്‍തന്നെയും, ഇത്രയധികം തുകയ്‌ക്ക്‌ എല്ലാ കുടുംബങ്ങളെയും ഇന്‍ഷുറന്‍സ്‌ പരിരക്ഷയ്‌ക്കു കീഴില്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ സംസ്‌ഥാനത്തെ ഖജനാവില്‍ എന്താണുള്ളത്‌?. 'ആന കൊടുത്താലും ആശ കൊടുക്കരുത്‌' എന്ന്‌ ആളുകളെക്കൊണ്ട്‌ പറയിപ്പിക്കുന്ന തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയാണ്‌ കോണ്‍ഗ്രസ്‌ അവതരിപ്പിച്ചത്‌. യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത വാഗ്‌ദാനങ്ങളാണ്‌ യു.ഡി.എഫ്‌. നടത്തിയിട്ടുള്ളതെന്ന വിമര്‍ശനം ശക്‌തമാകുമ്പോള്‍ വ്യക്‌തത വരുത്തേണ്ടത്‌ കോണ്‍ഗ്രസ്‌തന്നെ. ഈ കാര്യങ്ങള്‍ എങ്ങനെ സാധിക്കുമെന്നു കൃത്യമായി പറയാന്‍ നേതാക്കള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. കോണ്‍ഗ്രസിന്റേതു വെറും തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍മാത്രമാണെന്നു ജനങ്ങള്‍ കരുതുന്ന സാഹചര്യമുണ്ടായാല്‍ അവരുടെ തിരിച്ചുവരവു മോഹങ്ങള്‍ക്കുതന്നെയാകും കനത്ത തിരിച്ചടിയുണ്ടാകുക.


© Mangalam