menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

അക്കൗണ്ട്‌ തുറക്കാന്‍ ബി.ജെ.പി; ചെറുക്കാന്‍ ഇടത്‌, വലത്‌ മുന്നണികള്‍

13 0
12.03.2026

കേരളത്തിന്റെ വടക്കേ അറ്റത്ത്‌ സപ്‌തഭാഷകള്‍ സംഗമിക്കുന്ന കാസര്‍ഗോഡ്‌ ജില്ല രാഷ്‌ട്രീയ പരീക്ഷണങ്ങളുടെയും അപ്രതീക്ഷിത ഫലങ്ങളുടെയും ഭൂമിയാണ്‌. വടക്കന്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഉയര്‍ത്തുന്ന ശക്‌തമായ വെല്ലുവിളിയും തെക്കന്‍ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനുള്ള ചോദ്യം ചെയ്പ്പെടാത്ത ആധിപത്യവും ജില്ലയിലെ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തെ സങ്കീര്‍ണമാക്കുന്നു. ഓരോ വോട്ടിലും ഭാഷയും സമുദായവും വികസനവും ഒരേപോലെ ചര്‍ച്ചയാകുന്ന അഞ്ച്‌ മണ്ഡലങ്ങളിലെയും സ്‌ഥാനാര്‍ഥി ചര്‍ച്ചകളും മുന്നേറുകയാണ്‌.ബി.ജെ.പിക്ക്‌ വളരെ പ്രതീക്ഷ നല്‍കുന്ന രണ്ട്‌ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ്‌ എന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ മുന്‍തൂക്കമുള്ള ജില്ലയാണ്‌. രാജ്യംതന്നെ ഉറ്റുനോക്കുന്ന മഞ്ചേശ്വരവും കാസര്‍ഗോഡും ഉള്‍പ്പെട്ട ജില്ലയില്‍ ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ ഏറെക്കാലമായി ഇടതു മുന്നണിയുടെ കുത്തകയാണ്‌. സപ്‌തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തും കാസര്‍ഗോട്ടും മൂന്നു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പ്‌ ഫലം വരുവോളം വിജയ പ്രതീക്ഷകളാണ്‌. കടുത്ത ത്രികോണ പോരിന്‌ രാജ്യാന്തര പ്രശസ്‌തി നേടിയ മണ്ഡലമാണ്‌ ജില്ലയിലെ മഞ്ചേശ്വരവുംകാസര്‍ഗോഡും.ഓരോ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ചു കയറുമെന്നുള്ള കണക്കുകൂട്ടല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാഷ്‌ട്രീയ നിരീക്ഷകര്‍ക്കും എപ്പോഴും ഉണ്ടാകാറുണ്ട്‌. പക്ഷേ, ഫലം മാറിമറിയും.കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ വരെ ബി.ജെ.പിയുടെ സംസ്‌ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്‌ മത്സരിച്ചപ്പോള്‍ വലിയ താരപരിവേഷമായിരുന്നു. രണ്ടു തെരഞ്ഞെടുപ്പുകളില്‍ കേവലം മൂന്നക്ക ഭൂരിപക്ഷത്തിലാണ്‌ സുരേന്ദ്രന്‌ മഞ്ചേശ്വരം നഷ്‌ടമായത്‌. അതെങ്ങനെയായാലും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ സ്‌ഥാനാര്‍്‌ഥി പ്രഖ്യാപനത്തിന്‌ മുമ്പ്‌തന്നെ സുരേന്ദ്രന്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ കഴിഞ്ഞതവണ മുസ്ലിം ലീഗിലെ എ.കെ.എം. അഷ്‌റഫ്‌ ആണ്‌ 745 വോട്ടിന്‌ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്‌. എന്നാല്‍, ഇത്തവണ മുസ്ലിം ലീഗിന്‌ മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ പൂര്‍ണമായും അനുകൂലമാണ്‌. ബി.ജെ.പിക്കാകട്ടെ പാര്‍ട്ടിയിലെ ചില അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നതു തലവേദനയാണ്‌. ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ എം.എല്‍. അശ്വിനി മണ്ഡലത്തില്‍ മത്സരിക്കണമെന്നുള്ള ആവശ്യം ഒരു വിഭാഗത്തില്‍ നിന്നും ശക്‌തമാണ്‌. ഭാഷയുടെ സ്വാധീനം വോട്ടില്‍ ഒരുപാട്‌ ഉണ്ടാകുന്ന മണ്ഡലമാണ്‌ മഞ്ചേശ്വരം.അതുകൊണ്ടുതന്നെ ഏഴു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്ുന്ന അശ്വിനിക്ക്‌ സ്‌ഥാനാര്‍്‌ഥിത്വം നല്‍കാത്തതില്‍ ഒരു വിഭാഗം ബി.ജെ.പിക്കാര്‍ അസ്വസ്‌ഥരാണ്‌.സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കെ.ആര്‍. ജയാനന്ദയെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍്‌ഥിയാക്കാന്‍ ഏകദേശം ധാരണയായിട്ടുണ്ട്‌. എന്നാല്‍, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ നിര്‍ത്തണമെന്നുള്ള അഭിപ്രായം ശക്‌തമാണ്‌. മുസ്ലിം വോട്ടുകള്‍ ഇടതു മുന്നണിക്ക്‌ നഷ്‌ടമാകുമെന്നുള്ള അഭിപ്രായവും ശക്‌തമാണ്‌. കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന ഷാനവാസ്‌ പാദൂരനെ ഇടത്‌ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി ആദ്യം മുതല്‍ തന്നെ പരിഗണിച്ചിരുന്നു. എങ്കിലും അവസാന ഘട്ടത്തില്‍ ഈ തീരുമാനം മാറ്റിയത്‌ ഇടതുപക്ഷത്തിന്‌ തിരിച്ചടിയാകുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌.ഏറെക്കാലമായി കാസര്‍ഗോഡ്‌ മണ്ഡലം യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ്‌. മുസ്ലിംലീഗിന്റെ എന്‍.എ. നെല്ലിക്കുന്ന്‌ കഴിഞ്ഞ രണ്ടുതവണയും വിജയം നേടിയ മണ്ഡലമാണ്‌ കാസര്‍ഗോഡ്‌. ബി.ജെ.പി. രണ്ടാം സ്‌ഥാനത്ത്‌ ഉണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12901 വോട്ടിന്‌ ബി.ജെ.പി. പിറകിലാണ്‌.ബി.ജെ.പി. വോട്ട്‌ വിഹിതം വര്‍ധിപ്പിക്കുന്നത്‌ മണ്ഡലത്തിലെ പരമ്പരാഗത വോട്ട്‌ സമവാക്യങ്ങളെ മാറ്റാന്‍ ഇടയാക്കും.പ്രധാന മുന്നണികള്‍ തമ്മിലുള്ള വോട്ട്‌ വിഭജനം വിജയസാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഗൗരവത്തോടെ ചിന്തിച്ചു വരികയാണ്‌.മൂന്നാം സ്‌ഥാനത്തേക്ക്‌ പോയ ഇടതുമുന്നണി വോട്ട്‌ ബാങ്ക്‌ തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിര്‍ണായകമാണെങ്കിലും അവസാന നിമിഷത്തില്‍ ഘടകകക്ഷിയായ ഐ.എന്‍.എലിനാണ്‌ സീറ്റ്‌ നല്‍കുക.പലപ്പോഴും ഘടകക്ഷി മുന്നണി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ സി.പി.എമ്മിന്‌ വീഴ്‌ച സംഭവിക്കുന്നത്‌ മുന്നണിയിലെ വോട്ടിങ്‌ ശതമാനം കുറവാകാന്‍ ഒരു കാരണമാവുകയാണ്‌.ഇടതുപക്ഷത്തിന്‌ ശക്‌തമായ സ്വാധീനമുള്ള മണ്ഡലമാണ്‌ ഉദുമ. നിലവിലെ എം.എല്‍.എ: സി.എച്ച്‌. കുഞ്ഞമ്പുതന്നെ വീണ്ടും ജനവിധി തേടുമെന്ന്‌ ഏകദേശ ധാരണയായിട്ടുണ്ട്‌. ശക്‌തനായ ഒരു പ്രാദേശിക നേതാവിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്‌ കോണ്‍ഗ്രസ്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ എപ്പോഴും ഉദുമ മണ്ഡലത്തില്‍ നല്ല ഭൂരിപക്ഷം കോണ്‍ഗ്രസിന്‌ ഉണ്ടാകാറുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ വരുമ്പോഴേക്കും സ്‌ഥിതിഗതികള്‍ മാറിമറിയുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ രാജന്‍ പെരിയ, ഡി.സി.സി. സെക്രട്ടറി പി.വി. സുരേഷ്‌ തുടങ്ങിയ പേരുകളാണ്‌ യു.ഡി.എഫ്‌. പരിഗണിക്കുന്നത്‌. ബി.ജെ.പിക്ക്‌ പൊതുവേ ശക്‌തി കുറഞ്ഞ മണ്ഡലമാണ്‌ ഉദുമ.സി.പി.ഐയുടെ സിറ്റിങ്‌ സീറ്റാണ്‌ കാഞ്ഞങ്ങാട്‌. ഇവിടെ എല്‍.ഡി.എഫ്‌. പുതുമുഖത്തെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌. മുന്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി ഏകദേശം ധാരണയായിട്ടുണ്ട്‌. മുന്‍ റവന്യൂ മന്ത്രിയും നിലവിലെ എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരന്‍ മത്സരംഗത്ത്‌ നിന്നും മാറിനില്‍ക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ സന്നദ്ധത അറിയിച്ചതായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ നല്ല സ്‌ഥാനാര്‍ഥി ഇല്ലെങ്കില്‍ മണ്ഡലം കൈവിട്ടുപോകും എന്ന വിലയിരുത്തലിലാണ്‌ ചന്ദ്രശേഖരനെ വീണ്ടും ഇവിടെ രംഗത്തിറക്കിയത്‌. യു.ഡി.എഫിന്റെ കാഞ്ഞങ്ങാട്‌ മണ്ഡലം സ്‌ഥാനാര്‍ഥിയെ കുറിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചതേയുള്ളൂ.കോണ്‍ഗ്രസ്‌ നേതാവ്‌ ഹരീഷ്‌ പി. നായര്‍ക്ക്‌ അവസരം കൊടുക്കുകയാണെങ്കില്‍ മലയോര ജനതയുടെ ശക്‌തമായ പിന്തുണ ഉണ്ടാകുമെന്ന്‌ പറയപ്പെടുന്നു. അതേസമയം ഡി.സി.സി. സെക്രട്ടറിയും കഴിഞ്ഞതവണ മത്സരിക്കുകയും ചെയ്‌ത പി.വി. സുരേഷിന്റെ പേരും പരിഗണനയിലുണ്ട്‌. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന തൃക്കരിപ്പൂരില്‍ സ്‌ഥാനാര്‍ഥി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്‌ഥാനാര്‍്‌ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത്‌ അംഗം വി.പി.പി. മുസ്‌തഫ വരുമെന്ന്‌ ധാരണ ആയിട്ടുണ്ടെങ്കിലും യു.ഡി.എഫില്‍ സ്‌ഥാനാര്‍ഥി സംബന്ധിച്ചുള്ള തര്‍ക്കം വലിയ കലഹമായി മാറിയിരിക്കുകയാണ്‌.നിലവിലെ എം.എല്‍.എ: എം. രാജഗോപാലന്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി കൂടിയാണ്‌. പകരം ജനകീയനായ മുസ്‌തഫയിലൂടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാണ്‌ എല്‍.ഡി.എഫ്‌ ലക്ഷ്യം. യു.ഡി.എഫ്‌. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസിനാണ്‌ സീറ്റ്‌ നല്‍കിയിരുന്നത്‌. ഇത്തവണയും അവര്‍ ഈ സീറ്റിന്‌ അവകാശവാദം ഉന്നയിച്ചുവെങ്കിലും ഇവിടെ ശക്‌തനായ ഒരു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം തിരിച്ചു പിടിക്കാം എന്നുള്ള ചിന്തയാണ്‌ ഡി.സി.സി. നേതൃത്വത്തിനുള്ളത്‌. ഇവിടെ കേരള കോണ്‍ഗ്രസ്‌ മത്സരിക്കുന്നതിനെതിരേ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കെ/പി/സി.സിയില്‍ സമ്മര്‍ദം ചെലുത്തി സീറ്റ്‌ തിരിച്ചെടുക്കണമെന്ന്‌ ആവശ്യം ഉന്നയിച്ചത്‌ കേരള കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ഒടുവില്‍ സ്വന്തം നിലയ്‌ക്ക്‌ കേരള കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ജറ്റോ ജോസഫിനെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുങ്കിവെലും സംസ്‌ഥാന കമ്മിറ്റിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാന്‍ പ്രവര്‍ത്തകരോട്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. മഞ്ചേശ്വരത്തും കാസര്‍ഗോഡും ത്രികോണ മത്സരത്തിന്റെ പ്രതീതി നിലനില്‍ക്കുമ്പോള്‍, ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ്‌ ഇടതുമുന്നണി. യു.ഡി.എഫ്‌. തങ്ങളുടെ കോട്ടകള്‍ കാക്കുന്നതിനൊപ്പം ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്‌.പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജില്ലയുടെ മനസാക്ഷിയെ വേട്ടയാടുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പുനരധിവാസവും ആരോഗ്യ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ്‌ കാലത്ത്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ അവഗണിക്കാനാവാത്ത വലിയൊരു വിഷയമായി തുടരുന്നു. നീതിക്കുവേണ്ടിയുള്ള ഇരകളുടെ പോരാട്ടം ഓരോ വോട്ടിനും പിന്നിലെ നിര്‍ണായക വികാരമായി മണ്ഡലങ്ങളില്‍ പ്രതിഫലിക്കാറുണ്ട്‌. കാസര്‍ഗോഡ്‌, ഉദുമ തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്റെ ഇരകള്‍ പ്രധാനമായും താമസിക്കുന്നത്‌.

ബാലഗോപാലന്‍ പെരളത്ത്‌


© Mangalam