ജനം സ്വയം പ്രതിപക്ഷമാവുമ്പോൾ| വഴിപോക്കൻ |
അധികാരം നിലനിർത്താൻ നടത്തുന്ന പിണറായി സർക്കാർ നടത്തുന്ന ഓരോ ഒത്തുതീർപ്പും ദ്രവിപ്പിക്കുന്നത് ധാർമ്മികതയുടെ അസ്തിവാരമാണ്. ഒരു പാരഡി ഗാനത്തെപോലും പേടിക്കുന്നുവെന്ന അവസ്ഥ ഒരു പാർട്ടിയുടെ ആന്തരിക ബോധ്യങ്ങൾ എത്രമാത്രം ദുർബ്ബലമായിത്തീർന്നിട്ടുണ്ടെന്നുള്ളതിന്റെ സാക്ഷ്യപത്രമാവുന്നു.
1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി നേതാവ് ജോർജ് ഫെർണാണ്ടസ് മത്സരിച്ചത് ബിഹാറിലെ മുസഫർപുരിൽ നിന്നാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരിക്കൽ പോലും മണ്ഡലത്തിലേക്ക് വരാൻ ഫെർണാണ്ടസിനായില്ല. കാരണം അടിയന്തരാവസ്ഥ പിൻവലിച്ചിട്ടും ഇന്ദിരാ ഭരണകൂടം ഫെർണാണ്ടസിനെ ജയിലിൽ നിന്നും മോചിപ്പിച്ചിരുന്നില്ല. എന്നിട്ടും മുസഫർപുരിലെ ജനങ്ങൾ 3,34,217 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഫെർണാണ്ടസിനെ വിജയിപ്പിച്ചു. ബിഹാറിലെ 54 മണ്ഡലങ്ങളും അന്ന് ജനങ്ങൾ ജനതാപാർട്ടിക്ക് സമ്മാനിച്ചു. ഉത്തരപ്രദേശിലും സ്ഥിതി സമാനമായിരുന്നു. 85 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരിടത്തുപോലും ജയിക്കാൻ കോൺഗ്രസിനായില്ല.
റായ്ബറേലി എന്ന കോൺഗ്രസ് കോട്ടയിൽ ഇന്ദിരാഗാന്ധി സോഷ്യലിസ്റ്റ് നേതാവ് രാജ്‌നാരായനോട് 55,202 വോട്ടുകൾക്ക് തോറ്റു. 71 ൽ 1,11,810 വോട്ടിനാണ് ഇന്ദിര ഇവിടെ രാജ്‌നാരായനെ തോൽപിച്ചത്. റായ്ബറേലിയിൽ ചന്ദ്രശേഖറോ വാജ്‌പേയിയോ കളത്തിലിറങ്ങിയാൽ ഇന്ദിരയെ തകർക്കാനാവുമെന്നായിരുന്നു രാജ്‌നാരായൺ കരുതിയത്. ജയിൽ മോചിതനാവും മുമ്പ് ഈ ആവശ്യം ഉന്നയിച്ച് രാജ്‌നാരായൺ രണ്ടുപേർക്കും കത്തെഴുതിയിരുന്നു. എന്നാൽ അവർ രണ്ടുപേരും അതിന് തയ്യാറായില്ല. അങ്ങിനെയാണ് രാജ്‌നാരായൺ വീണ്ടും ഇന്ദിരയ്‌ക്കെതിരെ ഇറങ്ങിയത്. ഒടുവിൽ രാജ്‌നാരായണെപ്പോലും അത്ഭുതപ്പെടുത്തുന്ന വിജയമാണ് റായ്ബറേലിയിലെ വോട്ടർമാർ നൽകിയത്. ഉത്തരേന്ത്യയിൽ മൊത്തം ജനതാപാർട്ടിക്കനുകൂലമായി വൻതരംഗമായിരുന്നു. ഇന്ദിരയും സഞ്ജയ്ഗാന്ധിയുമടക്കം കോൺഗ്രസിന്റെ വൻ മരങ്ങൾ എല്ലാം തന്നെ ആ സുനാമിയിൽ കടപുഴകി വീണു. അധികാരം നൽകിയ സമസ്ത വിഭവങ്ങളും അന്ന് ഇന്ദിരയ്ക്കും കോൺഗ്രസിനുമൊപ്പമുണ്ടായിരുന്നു. പക്ഷേ, ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭമായി.
ജനാധിപത്യത്തിൽ പരമാധികാരികൾ ജനങ്ങൾ തന്നെയാണ്. ജനത്തിന് മടുത്താൽ ഏത് വലിയ നേതാവിനേയും ഏത് വലിയ പാർട്ടിയേയും അവർ വലിച്ചെറിയും. 1977 ൽ ജനതാപാർട്ടിയുടെ ഏറ്റവും വലിയ നേതാവ് ജയപ്രകാശ് നാരായനായിരുന്നു. അദ്ദേഹത്തിനോ വാജ്‌പേയിക്കോ ചന്ദ്രശേഖറിനോ ആ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളിലും എത്താനായിരുന്നില്ല. പക്ഷേ, ജനം ജനതാപാർട്ടിയെ ഏറ്റെടുത്തു. ദക്ഷിണേന്ത്യയിൽ ജനതാ തരംഗമുണ്ടായില്ലെങ്കിലും ഉത്തരേന്ത്യയിലെ വൻ കുതിപ്പിൽ ഇതാദ്യമായി ഇന്ദ്രപ്രസ്ഥത്തിൽ ഒരു കോൺഗ്രസ് ഇതര പാർട്ടി അധികാരത്തിൽ വരുന്നതിന് രാജ്യം സാക്ഷിയായി. അധികാരം നഷ്ടപ്പെട്ടപ്പോൾ ട്രമ്പിനെപ്പോലെ അലമ്പുണ്ടാക്കാൻ ഇന്ദിര നിന്നില്ല. കൈവിട്ട ജനങ്ങളെ കൈയ്യിലെടുക്കാൻ ഇന്ദിര ജനങ്ങളുടെ ഇടയിലേക്ക് പോയി. ജനാധിപത്യത്തിന്റെ സൗന്ദര്യമാണത്. ഇതേ ലാവണ്യ ശോഭയാണ് ഇക്കുറി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ദൃശ്യമായതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കോൺഗ്രസ് നേതൃത്വത്തെപ്പോലും അത്ഭുതപ്പെടുത്തിയ ജനവിധിയാണുണ്ടായിരിക്കുന്നത്. പിണറായി വിജയൻ നയിക്കുന്ന ഇടത് മുന്നണി ഭരണകൂടത്തിനെതിരെയുള്ള വ്യക്തവും നിശിതവുമായ തീർപ്പാണ് ജനങ്ങൾ നടത്തിയത്. ജനങ്ങൾ സ്വയം പ്രതിപക്ഷമാവുന്ന അവസ്ഥ.
2010 ലെ ജനവിധി
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൊതുവെ രാഷ്ട്രീയം മേൽക്കൈ നേടുക പതിവില്ല. പ്രാദേശിക വിഷയങ്ങളും സ്ഥാനാർത്ഥിയുടെ വ്യക്തി ബന്ധങ്ങളുമാണ് ഇവിടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുക. അടിത്തട്ടിൽ മികച്ച സംഘടനാ സംവിധാനമാണ് സിപിഎമ്മിനുള്ളതെന്നതിൽ കോൺഗ്രസ്സുകാർക്ക് പോലും തർക്കമുണ്ടാവില്ല. കുടുംബശ്രീ, സഹകരണ ബാങ്കുകൾ , ഹരിത കർമ്മ സേന എന്നിങ്ങനെ അതിഗംഭീരമായൊരു ആശയ വിനിമയ ശൃംഖല സിപിഎമ്മിനുണ്ട്. കേരളത്തിൽ ഏത് ഗ്രാമത്തിലും സിപിഎം വിചാരിച്ചാൽ ആളെക്കൂട്ടാനാവും. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറെ വർഷങ്ങളായി പഞ്ചായത്ത് , നഗരസഭ , കോർപറേഷൻ തിരഞ്ഞെടുപ്പുകൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നില്ല. ഈ........© Mathrubhumi