ഇന്നാണെങ്കിൽ 'എന്തിനാ ദാസപ്പാ നമ്മളെ പള്ളീലച്ചൻ വളർത്തുന്നത്' എന്ന് ഞാൻ ചോദിച്ചുപോയേനെ!

ഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റെ സിഗരറ്റ് പാക്കറ്റിൽനിന്ന് കട്ടെടുത്ത് വലിച്ചുതുടങ്ങിയ നാളുകളാണ് പോലീസുകാരുടെ മുന്നിൽ കുറ്റം ചെയ്തത് പിടിക്കപ്പെട്ടവനെപ്പോലെ നിന്നപ്പോൾ ഞാൻ ഓർത്തത്. അച്ഛൻ ഹൈസ്‌ക്കൂൾ ഹിന്ദി അധ്യാപകനായിരുന്നു എന്ന് മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നു. പിന്നീട് ഹൈസ്‌ക്കൂളിൽ നിന്ന് മുഖ്യാധ്യാപകനായി വിരമിച്ചു. അന്ന് ഇരുപതെണ്ണം അടങ്ങുന്ന പാക്കറ്റിലുള്ള പ്ലെയിൻ പനാമ സിഗററ്റ് ആയിരുന്നു സാധാരണ അച്ഛൻ വലിക്കാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ പിൻപറ്റിയുള്ള അന്നത്തെ എന്റെ പുകവലിയും ആ സിഗററ്റുകൾ തന്നെയായിരുന്നു. വേറെ ഓപ്ഷൻ ഉണ്ടായിരുന്നില്ലല്ലോ എന്നാശ്വസിക്കാം. പിൽക്കാലത്ത് അച്ഛന്റെ കാശിന് തന്നെ അദ്ദേഹത്തെ മറികടന്ന് ഞാൻ ചുവട്ടിൽ ഫിൽറ്റർ ഘടിപ്പിച്ച വിൽസും ഗോൾഡ് ഫ്‌ളേക്ക് കിങ്ങും ഒക്കെ വലിച്ച് തുടങ്ങിയെന്നതും എടുത്ത് പറയേണ്ടതുണ്ട്. എന്തായാലും ഒരു വശം മാത്രം സൂക്ഷ്മതയോടെ തുറക്കുമായിരുന്ന പനാമ സിഗരറ്റ് പാക്കറ്റുകളിൽ അകത്തോട്ട് കടന്ന് ഞാൻ ഒന്നും രണ്ടും വീതം അടിച്ച് മാറ്റുന്നത് അച്ഛൻ അറിയുകയില്ലായിരുന്നു എന്നാണ് തോന്നുന്നത്.

അതിനും പുറമേ വീട്ടിൽനിന്നു വല്ലവിധേനയും ചൂണ്ടുന്ന കാശ് കൊണ്ട് ആറ്റിങ്ങൽ ബിടിഎസ് എന്നറിയപ്പെടുന്ന ബേസിക് ട്രെയിനിംഗ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായിരുന്ന ഞങ്ങൾ മൂന്ന് നാലുകൂട്ടുകാർ അന്നൊക്കെ വിദ്യാർത്ഥി സമരം നടന്ന് കുട്ടികളെല്ലാം പോകുന്ന ദിവസങ്ങളിൽ ക്ലാസ്സിൽവച്ച് സിഗരറ്റ് വാങ്ങി വലിക്കുക പതിവായിരുന്നു. മൂക്കിലൂടെ പുക വിട്ട് പഠിക്കണമെന്നും പെൺകുട്ടികളുടെ മുന്നിൽ ഹീറോ ആകണമെന്നും എന്നുള്ള അദമ്യമായ ആഗ്രഹം ആയിരുന്നിരിക്കണം അത്തരത്തിൽ സിഗരറ്റ് വലിക്കാൻ പ്രേരിപ്പിച്ചിരുന്ന മുഖ്യഘടകം എന്ന് തോന്നുന്നു. അന്നത്തെ ക്ലാസ്സിൽ കൂടെ ഉണ്ടായിരുന്ന അനിതയെന്നും ഷീബയെന്നും ഒക്കെ പേരുകളുള്ള മഹിളാമണികൾ ഇപ്പോഴും ഓർമ്മയിൽ നിന്നും മാഞ്ഞിട്ടില്ല. അതുകഴിഞ്ഞ് എട്ടാംതരത്തിൽ അച്ഛൻ ജോലി ചെയ്യുന്ന ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ എത്തിയപ്പോൾ ഉച്ചയ്ക്കുള്ള ബ്രേക്കിൽ അടുത്തുള്ള ഒരു കാവിൽ പോയി നിന്ന് ദൈവത്തെ സാക്ഷിയാക്കി വലിക്കുന്നതിലേക്ക് അതെത്തി. ഭാവിയെപ്പറ്റിയുള്ള പല ചർച്ചകൾക്കും അവിടം അപ്പോൾ വേദിയാകുമായിരുന്നു.

അങ്ങനെയിരിക്കെയാണ് അടുത്ത സുഹൃത്തായ ഷൈജു ഞങ്ങളോട് അവന്റെ ദീർഘനാളത്തെ ആ ആഗ്രഹം വെളിപ്പെടുത്തിയത്. 'നമുക്ക് നാട് വിട്ടുപോകാം. പേടിക്കാനൊന്നും ഇല്ല, ആലപ്പുഴയിലുള്ള ഒരു ഫാദർ നമ്മളെ വളർത്തിക്കോളും...!' ഇന്ന് ജെൻസി കിഡ്ഡുകൾക്കിടയിൽ കേട്ടുകേൾവി ഇല്ലാത്ത ഒന്നായിരിക്കും അന്നത്തെ കൗമാരക്കാരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയിരുന്ന നാടുവിടീൽ! എന്റെ തലമുറയിലുള്ള കുറെപ്പേർക്കെങ്കിലും അന്നത്തെ ട്രെൻഡായിരുന്ന നാടുവിടീൽ ശീലം ഓർമ്മ കാണും എന്ന് കരുതട്ടെ. നാടുവിട്ട് ബോംബെയിലും സിംഗപ്പൂരിലും മറ്റും പോയി വലിയ പണക്കാരായി മടങ്ങിയെത്തിയ അനേകരുടെ കഥ ഞങ്ങൾ കേട്ടിട്ടുണ്ടായിരുന്നു. അതുമല്ലെങ്കിൽ മദിരാശിയിലും കോടമ്പാക്കത്തും നാട് വിട്ടുപോയി വലിയ സിനിമാ നടന്മാരായവരുടെ കഥകൾ ഞങ്ങളെ ഹരം പിടിപ്പിച്ചിരുന്നു.

അത്തരത്തിൽ എന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ ആൺമക്കളിലൊരാൾ ബോംബെയ്ക്ക് നാടുവിട്ട് പോയതും പിന്നെ ഇന്നോളം അദ്ദേഹത്തെപ്പറ്റി ഒരു വിവരവും ഇല്ലാത്തതും കൂടി ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. ആശയ വിനിമയ സങ്കേതങ്ങളിലും വിവര സാങ്കേതിക വിദ്യകളിലും വലിയ പുരോഗമനം അന്നൊന്നും ഇല്ലാത്തതിനാലാകാം അദ്ദേഹത്തെക്കുറിച്ച് പിന്നീട് ഒന്നും അറിയാൻ കഴിയാതിരുന്നത്. പോകുന്നതിന് മുമ്പ് ഒരുനാൾ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്നിരുന്നതും ഒരു ഭ്രാന്തനെപ്പോലെ എന്തൊക്കെയോ ജൽപനങ്ങൾ നടത്തിയതും ഇറങ്ങുമ്പോൾ പതിവില്ലാതെ അമ്മയുടെ കാലുകൾ തൊട്ട് വന്ദിക്കാൻ ശ്രമിച്ചതും ഒക്കെ എനിക്കിന്നും ഓർമ്മയുണ്ട്. പിന്നീട് അദ്ദേഹത്തെപ്പറ്റി കേട്ടിട്ടേയില്ല. ബോംബെയിലൊക്കെ അക്കാലത്ത് നടന്ന സാമുദായിക ലഹളയിലോ മറ്റോ അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്നാണ് പിൽക്കാലത്ത് അവിടെ പോയി വന്നവരിലാരോ പറഞ്ഞത്. അത്ര തന്നെ!

ഞങ്ങളുടെ സമകാലികരായ പലരും അന്ന് നാടുവിട്ടുപോകുകയും പിന്നീട് പോലീസ് കണ്ടെത്തി തിരികെ പിടിച്ചുകൊണ്ട് വരികയും ചെയ്തു എന്ന കഥകൾ അന്നൊക്കെ സുലഭമായിരുന്നു. ഞങ്ങളുടെ മുന്നിലൂടെ അവരൊക്കെ പിന്നീടും കളി തമാശകൾ പറഞ്ഞും ചിരിച്ചും നടക്കുന്നതും കണ്ടിട്ടുമുണ്ട്. ആ ഒരു പശ്ചാത്തലത്തിലാണ് ഷൈജു ഞങ്ങൾ നാലുപേരോട് അന്ന് പുകവലി സഭയിൽ വച്ച് ആ കാര്യം അവതരിപ്പിച്ചത്. എങ്ങോട്ടാണ് പോകുന്നതെന്നോ എന്തിനാണ് നാടുവിടുന്നതെന്നോ എനിക്ക് മനസ്സിലായില്ലെങ്കിലും 'ആലപ്പുഴയിലെ ഒരു പള്ളീലച്ചൻ നമ്മളെ വളർത്തിക്കോളാം എന്ന് സമ്മതിച്ചിട്ടുണ്ട്' എന്ന്........

© Mathrubhumi