ഏറുമാടങ്ങളിരുന്നല്ല കാട്ടുകൊമ്പന്മാരെ വെടിവയ്ക്കുന്നത്, ദാ, ഇങ്ങനെ നേർക്കുനേർ നിന്ന് | വനപർവ്വം 11

സാധാരണ അറസ്റ്റ് ചെയ്യുമ്പോൾ കൃത്യസ്ഥലത്തുവച്ചുതന്നെ പ്രതികളിൽനിന്ന് മൊഴി രേഖപ്പെടുത്തി വാങ്ങാറുണ്ട്. കാട്ടിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളായതിനാൽത്തന്നെ വനം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന പ്രതികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പുറത്തുനിന്നുള്ള സാക്ഷികളുടെ സാന്നിധ്യം ആവശ്യമില്ല. (സാധാരണയായി കുറ്റകൃത്യം നടക്കുന്ന കാടിനകത്തു സാക്ഷികളായി വനം വകുപ്പ് ഉദ്യോഗസ്ഥന്മാരല്ലാതെ ആരും കാണുകയും ഇല്ലല്ലോ.) പോലീസ് കേസുകളിലേതിന് വിഭിന്നമായി വനം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അത്തരത്തിൽ കുറ്റാരോപിതരിൽനിന്നും എടുക്കുന്ന കുറ്റസമ്മതമൊഴികൾ 'തെളിവായി' കോടതികൾ പരിഗണിക്കുകയും ചെയ്യും എന്നൊരു മെച്ചവുമുണ്ട്.

എന്തായാലും ഇപ്പോൾ റാഫിക്ക് എന്നെ തീരെ ഭയമില്ല തന്നെ. ഞാൻ മൊഴി രേഖപ്പെടുത്തുമെന്നും അത് കോടതിയിൽ ഉപയോഗിക്കുമെന്നും അയാൾ വിശ്വസിക്കുന്നുമില്ല. കാരണം, ഞാനതിന് മുമ്പ് തന്നെ എന്റെ സുഹൃത്തായ വാർഡ് മെമ്പർ മുഖേന അയാളോടത് വ്യക്തമായി പറഞ്ഞിരുന്നു. എനിക്ക് നടന്ന കാര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി.

ഞാൻ സംസാരിച്ചതിന് ശേഷം അയാൾക്ക് ക്വാർട്ടേഴ്‌സിന് തൊട്ട് താഴെയുള്ള റേഞ്ച് ഓഫീസിലേക്കു പോയി അവിടെ തയ്യാറായി ഇരിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് (ഫോറസ്റ്റ് ഗാർഡ് എന്നാണ് അന്ന് തസ്തികയുടെ പേര്) മൊഴി പറഞ്ഞ് കൊടുത്താൽ മതിയാകും. തുടരന്വേഷണത്തിന്റെ ഭാഗമായി ഞാൻ ആ സ്റ്റേറ്റ്‌മെന്റ് തന്നെയേ ഉപയോഗിക്കുകയുള്ളൂ. ബാക്കിയുള്ളത് സാഹചര്യത്തെളിവുകളാണ്.

'ആനവെടിക്ക് പോകുമ്പോൾ വരയാട്ട് മൊട്ടയിലും തലമുട്ടിയിലും ചാമ്പലപ്പിലും ഒക്കെ തങ്ങുമ്പോൾ 'ചെറുവെടിക്കായി' പലപ്പോഴും രാത്രി പോകുമായിരുന്നു. വല്ല കൂരനോ കേഴയോ ഒക്കെയാണ് നമ്മൾ നോക്കുന്നത്. ഇറച്ചി ഉണക്കിക്കൊണ്ട് വരണമെന്നൊന്നും അപ്പോൾ ഐഡിയ കാണില്ല. എന്തിന് രാത്രി ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ണ് മഞ്ഞളിച്ച ഒരു മുറ്റിയ മ്‌ളാവ് മുന്നിൽ വന്ന് നിന്നപ്പോൾ ചകിരി പോലത്തെ ഇറച്ചിയാണെന്ന് കരുതി വിട്ടുകളഞ്ഞ സന്ദർഭം വരെയുണ്ട്. കാരണം മറ്റൊരുത്തൻ ഉടനെ വന്ന് ചാടും എന്നുറപ്പായത് കൊണ്ടുതന്നെ.' പുഷ്‌കലമായ ഗതകാലമോർത്തെന്നോണം ആ മനുഷ്യൻ എന്റെ മുന്നിലിരുന്ന് ഊറിച്ചിരിച്ചു.

₹161.00 Buy Now

 

'കാട്ടിയോ വലിയ മ്‌ളാവോ വീണാൽ ഉണക്കിക്കൊണ്ട് വരാറുണ്ട്. ഒന്നുകിൽ പാറയിൽ തീയിട്ട് പഴുപ്പിച്ച് അതിൽ വിരിച്ചുണക്കിയെടുക്കും. അല്ലെങ്കിൽ കാട്ടുകമ്പുകൾ വെട്ടി പന്തലിട്ട് അടിയിൽ തീയിട്ടുണക്കും. അഞ്ച് കിലോയെങ്കിലും ഉണക്കിയാലാണ് അവസാനം ഒരു കിലോ കിട്ടുന്നത്. പക്ഷെ മഴയുണ്ടെങ്കിൽ പണി പാളും. നമ്മൾ തിരിച്ചുവരുമ്പോൾ ഇറച്ചിക്ക് ആവശ്യക്കാർ ക്യൂ നിൽക്കുകയാകും. ആരൊക്കെയാണെന്ന് എന്നോട് ചോദിക്കരുത്.'

അയാളുടെ വീരസ്യം കേട്ടപ്പോൾ ഞാൻ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനെന്നതാണെന്നല്ല മറിച്ച് അയാളുടെ വീരചരിതങ്ങൾ പുകഴ്ത്തിപ്പാടിയേക്കാവുന്ന വൈതാളികനാണെന്നയാൾ ധരിച്ചുവോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.

അതുപോലെ തന്നെ ഞാൻ സാമൂഹിക വനവത്കരണ വിഭാഗത്തിലെ തിരുവനന്തപുരം ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ തോക്ക് ലൈസൻസ് പുതുക്കാനായി പിടിപി നഗറിലെ മറ്റൊരു ഓഫീസിലെത്തിയ ശേഷം എന്റെ മുന്നിൽ വന്നിരുന്ന അറുപത് വയസ്സെങ്കിലും മതിക്കുമായിരുന്ന ഒരാൾ കോന്നി കാടുകളിൽ വനം വകുപ്പിലേയും പൊലീസിലേയും പഴയകാലത്തെ ചില ഗജകേസരികളുമായി നടത്തിയ വേട്ടകളെപ്പറ്റിയും അവർ നുകർന്ന മഹാഭോഗങ്ങളെപ്പറ്റിയും പറഞ്ഞതും ഞാനോർക്കുന്നു.

എനിക്കറിയാവുന്ന ചിലരുടെയൊക്കെ പേര് പറഞ്ഞ് അവർ വെടി വയ്ക്കാനും മറ്റ് രാസലീലകളിൽ ഏർപ്പെട്ടതും ഒക്കെ കുറഞ്ഞ സമയത്തിനുള്ളിൽ എന്റെ മുന്നിലിരുന്ന് അയവിറക്കിയ അദ്ദേഹത്തോട് (അവരോടുള്ള വിരോധം കൊണ്ടാണോ എന്നറിയില്ല) എനിക്കപ്പോൾ കൂടുതൽ സംസാരിക്കാനായില്ല എന്നത് വലിയ നഷ്ടമായിപ്പോയി എന്ന് ഇന്നറിയുന്നു.

കോന്നിയിൽ ജോലി ചെയ്തിരുന്ന കുറച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസ് ഉദ്യോഗസ്ഥരേയും പറ്റിയാണ് അദ്ദേഹം മുഖ്യമായും പറഞ്ഞത്. പിന്നെ വിളിക്കാമെന്നും വിശദമായി സംസാരിക്കാമെന്നും പറഞ്ഞ് ഞാൻ വാങ്ങിയ അദ്ദേഹത്തിന്റെ നമ്പർ എന്റെ ഡയറിയിൽ കുറിച്ചിട്ടത് എവിടെയോ നഷ്ടപ്പെട്ടു പോയത് ഏറെ ഖിന്നതയോടെയാണ് ഞാനിപ്പോൾ ഓർക്കുന്നത്. പിന്നീട് അദ്ദേഹത്തിനെ കാണാനും ഇടയായിട്ടില്ല. അദ്ദേഹം എന്നെ വിളിക്കാനോ കാണാനോ പിന്നീടൊട്ട് മിനക്കെട്ടതുമില്ല. ഈ വൈകിയ വേളയിൽ ഇനി അദ്ദേഹത്തെ കാണാനാകുമെന്നും........

© Mathrubhumi