പുഴയും കായലും പൂവച്ചലിന്റെ പാട്ടും; ആദ്യസമാഗമ ലജ്ജക്ക് 50 വയസ്സ് |
കായലും കടലുമൊന്നും അതുവരെ കാണാന്‍ ഭാഗ്യമുണ്ടാകാത്ത ഒരു വയനാട്ടുകാരന്‍ കുട്ടിയുടെ മനസ്സില്‍ വാക്കുകള്‍ കൊണ്ട് ചേതോഹരമായ ചിത്രം വരച്ചിടുകയായിരുന്നു പൂവച്ചല്‍ ഖാദര്‍. 'കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ സാഗരം ഉമ്മവെക്കുമ്പോള്‍..'
കാലമേറെ കടന്നുപോയിട്ടും കായലും കടലുമൊക്കെ കണ്ടു പഴകിയിട്ടും ആ ഉമ്മവെക്കലിന്റെ മാധുര്യം ഇന്നും പഴയപടി. ഓരോ കേള്‍വിയിലും പുതുപുത്തന്‍ പ്രണയാനുഭൂതികള്‍ മനസ്സില്‍ നിറയ്ക്കുന്നു 'ഉത്സവ'ത്തിലെ ആ പ്രണയഗീതം, 'ആദ്യസമാഗമ ലജ്ജയില്‍ ആതിരാതാരകം കണ്ണടയ്ക്കുമ്പോള്‍, കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ സാഗരം ഉമ്മവെക്കുമ്പോള്‍, സംഗീതമായ് പ്രേമസംഗീതമായ് നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ..'
പ്രണയികളുടെ ആദ്യസമാഗമത്തിന്റെ ഹര്‍ഷോന്മാദം മുഴുവനുണ്ടായിരുന്നു പൂവച്ചലിന്റെ വരികളിലും എ ടി ഉമ്മറിന്റെ ഈണത്തിലും. യേശുദാസ് ജാനകിമാരുടെ മത്സരിച്ചുള്ള ആലാപനം കൂടി ചേര്‍ന്നപ്പോള്‍ എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ഗാനമായി മാറി അത്. പ്രണയത്തെ പ്രകൃതിയുമായി വിളക്കിച്ചേര്‍ക്കുന്ന പൂവച്ചലിന്റെ രചന എത്ര ഹൃദ്യം
'നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ
നാണത്തില്‍ പൊതിയും നിലാവും
ഉന്മാദനര്‍ത്തനമാടും നിഴലുകള്‍
തമ്മില്‍ പുണരുമീ രാവും
നിന്നേയുമേന്നേയും ഒന്നാക്കി മാറ്റുമ്പോള്‍
സ്വര്‍ലോകമെന്തെന്നറിഞ്ഞു...'
അജ്ഞാതനായ ഏതോ തോണിക്കാരന്റെ ഹൃദയഗീതം പോലെ വിദൂരതയില്‍ നിന്ന് ഒഴുകിയെത്തിയ വിഷാദമധുരമായ ഹമ്മിംഗാണ്........