നമ്മൾ ജീവിക്കുന്നത് മോട്ടിവേഷൻ ഫാക്ടറികളിലെ റെഡിമെയ്ഡ് വാചകങ്ങൾ നിറഞ്ഞ കാലത്താണ്| മധുരം ജീവിതം |
മാസാവസാന സെയിൽസ് ടാർഗറ്റ് ഷീറ്റിലേക്ക് ശൂന്യമായി നോക്കി നിൽക്കുന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിനോട് സഹപ്രവർത്തകയായ കാമുകി പറയുന്ന ഒരു വാചകം. ഉപദേശം ഇല്ല, ഉപദേശകഭാവം ഇല്ല, മോട്ടിവേഷൻ ക്ലാസ് ഇല്ല. ഒരേയൊരു വാചകം മാത്രം- നീയൊരു കംബാക്ക് മോനാണ് മോനേ.. നിന്നെക്കൊണ്ട് പറ്റും. വെറുതെ ഒന്ന് ശ്രമിച്ചാൽ മാത്രം മതി.
നിവിൻ പോളി അഭിനയിച്ച ഫാർമ എന്ന വെബ് സീരീസ് പുറത്തുവന്നതിന് ശേഷം ഈ ഡയലോഗ് പലർക്കും ഉള്ളിൽ തട്ടി.അതിൽ നിവിൻ അവതരിപ്പിക്കുന്ന പ്രതിമാസ ടാർഗറ്റ് നേടാനാകാതെ ഏറ്റവും പിന്നിൽ നിൽക്കുന്ന, ബോസിനാൽ ചവിട്ടി അരയ്ക്കപ്പെടുന്ന കഥാപാത്രം, വിജയത്തിലേക്ക് എത്തുമ്പോൾ വല്ലാതെ അൽഭുതപ്പെടുന്നത് ചുറ്റുമുള്ളവരാണ്.
ഇതെങ്ങനെ സാധിക്കുന്നു.
അദ്ഭുതമില്ലാത്തത് അയാളുടെ കാമുകിക്ക് മാത്രം. കാരണം അയാളൊരു കംബാക്ക് മോനാണ് എന്ന് അവൾക്ക് മാത്രമല്ലേ അറിയൂ. അവളേ കണ്ടിട്ടുള്ളൂ.
അവൾ ഒരു പ്രിസ്‌ക്രിപ്ഷനില്ലാതെ തന്നെ ഇടയ്ക്കിടയ്ക്ക് ആ ഡോസ് പറഞ്ഞുകൊണ്ടിരിക്കും. നീയൊരു കംബാക്ക് മോനാണ് മോനേ.
സിനിമകൾ പലപ്പോഴും നമ്മൾ മനസ്സിലാക്കാൻ മടിക്കുന്ന ഒരു സത്യം നമുക്ക് പറഞ്ഞു തരുന്നു: മോട്ടിവേഷൻ എന്നത് എല്ലായ്‌പ്പോഴും സുഖമുള്ള വാക്കുകളിലൂടെയല്ല വരുന്നത്.
ചിലപ്പോൾ അത് വേദനിപ്പിക്കും. ചിലപ്പോൾ അത് പൊള്ളിക്കും.
ചിലപ്പോൾ അത് അസഹ്യമായ സത്യമായിരിക്കും.
മായാനദി എന്ന സിനിമയിലെ ഒരു സന്ദർഭം ഓർമയില്ലേ. ഓഡിഷനായി എത്തിയപ്പോൾ, തന്നെക്കാൾ അനുഭവസമ്പന്നരായ, കഴിവുള്ളവരായ നിരവധി ആളുകളെ കണ്ട് ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ ആത്മവിശ്വാസം തകരുന്നു.
ചലച്ചിത്ര താരം അപർണ ബാലമുരളി തന്നെ നേരിട്ട് ഓഡിഷന് വന്നിരിക്കുകയാണ്. ഒരു പാട് സിനിമയിൽ അഭിനയിച്ചതല്ലേ ഇനിയും ഒരു റോളിനുവേണ്ടി ഇങ്ങനെ ഓഡിഷനൊക്കെ വരേണ്ട സാഹചര്യമുണ്ടോ എന്ന് മറ്റൊരു മത്സരാർഥി ചോദിക്കുമ്പോൾ അപർണ പറയുന്ന മറുപടി-കഥാപാത്രത്തിന് ചേരുമോ എന്നൊക്കെ അറിഞ്ഞാലല്ലേ നമുക്ക് ചൂസ് ചെയ്യാൻ പറ്റൂ എന്നാണ്.
അഭിനയം കഴിഞ്ഞാൽ വേറെന്താ പരിപാടി എന്ന് ചോദിക്കുമ്പോൾ ആർക്കിടെക്ട് നാലാം വർഷ വിദ്യാർഥി ആണ് എന്ന് പറയുന്നു. അതിനുശേഷം ഐശ്വര്യയോട് എന്തുചെയ്യുന്നു എന്ന് ചോദിക്കുന്നു. അവൾ ഒരു ചുമചുമച്ച് തൽക്കാലം വാഷ് റൂമിലേക്കോടി രക്ഷപ്പെടുന്നു. മാത്തനെ വിളിക്കുന്നു.
മാത്താ നീ എന്നെ നന്നായിട്ടൊന്ന് പൊക്കിപറഞ്ഞേ. ഞാനൊരു ഓഡിഷനിലാണ്. കോൺഫിഡൻസ് ലെവൽ വളരെ ലോ ആണ്. നീ എന്നെ നന്നായിട്ടൊന്ന് പൊക്കി പറയ്.
മാത്തൻ തുടങ്ങി, അപ്പൂ. നീ അടിപൊളിയാണ്. സുന്ദരിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി നീയാണ്.........