'ഇങ്ങളിവിടെ ആണുങ്ങളില്ലാത്ത പൊരേല് മറ്റേ പണിക്ക് വന്നതാണോ? അയാൾ ആക്രോശിച്ചു |
എന്നെ സംബന്ധിച്ച് ട്രെയിൻ, വിമാനയാത്രകളേക്കാൾ ഇഷ്ടം ബസ് യാത്രകളാണ്. ബസ് യാത്രകളിലാണ് ഞാൻ ഏറ്റവും കൂടുതൽ മനുഷ്യരെ കണ്ടിട്ടുള്ളത്. വിചിത്രവും അത്ഭുതകരവുമായ ജീവിതരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളത്. മനുഷ്യഗന്ധം ഏറ്റവുമധികം ലഭിക്കുന്നതും ബസ്സുകളിലാണ്. ബസ്യാത്ര മറ്റ് യാത്രകളെപ്പോലെ സുഖകരമോ സ്വാതന്ത്ര്യമുള്ളതോ അല്ല. ഇരുന്നു മടുക്കുമ്പോൾ ബസ്സിൽ ആ മടുപ്പ് സഹിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ട്രെയിനിൽ നമുക്ക് ഇരിപ്പു മടുത്താൽ രണ്ടടി എഴുന്നേറ്റ് നടക്കാം. വേണമെങ്കിൽ സ്വന്തം ബർത്തിൽ കിടക്കുകയും ചെയ്യാം. മൂന്നാം ക്ലാസ് ട്രെയിൻ യാത്രകളുടെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷങ്ങളും എനിക്കിഷ്ടമാണ്.
യുവാവായിരുന്നപ്പോൾ അത്തരം ദീർഘദൂര യാത്രകൾ വർഷത്തിൽ രണ്ട് തവണയെങ്കിലും ഞാൻ നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രോഗ്രാമുകൾക്ക് പോവുമ്പോൾ അതിന്റെ സംഘാടകരിൽ മിക്കവരും എ.സി. കമ്പാർട്ട്‌മെന്റിലൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തു കളയും. പക്ഷേ, ഒരു മണിക്കൂറിനപ്പുറം എനിക്ക് എസി കോച്ചിൽ ഇരിക്കാൻ പറ്റാറില്ല. തണുപ്പും മടുപ്പും സഹിക്കാനാവാതെ ഞാൻ എഴുന്നേറ്റ് ട്രെയിനിന്റെ വാതിൽക്കൽ ചെന്ന് നിൽക്കും. അത്തരം കമ്പാർട്ട്‌മെന്റുകളിൽ കൃത്യമായി ടി.ടി പരിശോധനയ്ക്കും എത്തും. എസിയിൽ നിന്നിറങ്ങി പുറത്തു നിൽക്കുന്ന എന്നെ അവർ മിഴിച്ചു നോക്കും. പലപ്പോഴും തിരിച്ചറിയൽ രേഖകൾ ചോദിക്കും.
ഒഴിവാക്കാൻ പറ്റാത്ത ദുശ്ശീലങ്ങൾ എനിക്ക് രണ്ടെണ്ണമാണ്. ഒന്ന് പുസ്തകവായന. മറ്റൊന്ന് പുകവലി. പണ്ടൊക്കെ ട്രെയിനിലും ബസ്സിലും പുകവലിക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ ബസ് സ്റ്റാൻഡുകളിൽ തന്നെ ആരും കാണാത്ത മൂലകളിൽ ചെന്ന് പതുങ്ങി നിന്നാണ് പുക വലിക്കാറുള്ളത്. പൊതു ഇടങ്ങളിൽ പുകവലി നിരോധിച്ചത് കൊണ്ടും പുകവലിക്കെതിരായ പരസ്യങ്ങൾ വലുതും ചെറുതുമായ സ്‌ക്രീനുകളിൽ നിരന്തരം കാണുന്നതു കൊണ്ടും താരതമ്യേന പുതിയ കുട്ടികൾ പുകവലിയിൽ നിന്ന് അകലം പാലിക്കുന്നുണ്ട്. എഴുതുമ്പോൾ എനിക്ക് പുകവലിക്കേണ്ട ആവശ്യമില്ല. നിങ്ങളീ വായിക്കുന്ന എഴുത്തിന്റെ വേളയിൽ ഞാൻ വലിച്ചിട്ടേയില്ല. എങ്ങനെയാണ് പുസ്തക വായനയ്ക്ക് അഡിക്റ്റായത് എന്ന പോലെ, പുകവലിക്കും എങ്ങനെ അഡിക്റ്റായെന്ന് എനിക്കറിയില്ല. എന്തായാലും യാത്രകളിൽ പുകവലി പാടെ നിലയ്ക്കുമെന്ന് ഉറപ്പിച്ചു പറയാൻ വയ്യ. ദീർഘ യാത്രയാണെങ്കിൽ ഭക്ഷണം കഴിക്കാൻ ബസ് നിർത്തുമ്പോൾ ഞാൻ വല്ലതും വെട്ടി വിഴുങ്ങിയിട്ട്, വേഗം പുക വലിക്കാൻ ഓടും. ദുശ്ശീലമാണ്, ആരോഗ്യത്തിന് ഹാനികരമാണ്. പുകവലി എന്റെ ആരോഗ്യത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്നൊക്കെ നല്ല ബോധ്യമുണ്ടായിട്ടും ഞാനിപ്പഴും ലജ്ജയില്ലാതെ പുക വലിക്കുന്നു.
ഇപ്പോൾ പുറത്തെ ചാറ്റൽ മഴ പെരുമഴയായി മാറിക്കഴിഞ്ഞു. ബസ്സിന്റെ ജാലകങ്ങൾ ഒന്നൊന്നായി അടയുകയാണ്. അകത്ത് വെളിച്ചങ്ങൾ തെളിയുകയാണ്. മനുഷ്യഗന്ധങ്ങളുടെ കോക്ടയിലിൽ മുങ്ങി ഞാനിരിക്കുകയാണ്. തൊട്ടുമുമ്പിലെ യാത്രക്കാരൻ ജാലകത്തിന്റെ ഷട്ടർ ഇടാത്തതിനാൽ മഴ ജലം കാറ്റത്ത് പാറി വന്ന് എന്റെ മുഖത്ത് തൊടുന്നുണ്ട്. എത്രയെത്ര മഴകളിലൂടെയാണ് ജീവിതം കടന്നുപോയിട്ടുള്ളതെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. ആ അത്ഭുതത്തെ മുറിച്ചു കൊണ്ട് എന്റെ സഹയാത്രികനായ മുതിർന്ന പൗരൻ മുമ്പിലെ യാത്രക്കാരനോട് ഷട്ടർ താഴ്ത്താൻ പറയുകയാണ്. അയാളുടെ മുഖത്തും മഴ നനഞ്ഞ കാറ്റുകൾ ജലപ്പൊടികൾ വിതറുന്നുണ്ട്. അയാളത് തുടയ്ക്കുകയാണ്.
എവിടെയാണ് എന്റെയീ യാത്ര അവസാനിക്കുക എന്നറിയില്ല. എങ്കിലും അവിടെയും ഇപ്പോൾ മഴ പെയ്യുന്നുണ്ടാവുമോ? എന്റെ വാടകവീടിന് മുകളിൽ മഴ പെയ്യുന്നുണ്ടാവുമോ? പെരുമഴയത്ത് ആ ഓടിട്ട വീട് പലയിടത്തും ചോർന്നൊലിക്കും. അതിന്റെ ഉടമകൾ വീടിന്റെ മേൽക്കൂര പുതുക്കിയപ്പോൾ, ആശാരിമാർ ഓടുകളിലെ ഇരട്ടപ്പാത്തിയും ഒറ്റപ്പാത്തിയും മാറ്റി മറിച്ച് വെച്ചതു കൊണ്ടാണ് ചോരുന്നത്.
ഇതേപോലൊരു മഴക്കാലത്താണ് ഞാൻ രാമചന്ദ്രന്റെ വീടിനടുത്തുള്ള ദേശത്തെ ഒരു ഇരുനില വീട് പെയിന്റ് ചെയ്യുന്നത്. മഴക്കാലമായാൽ പെയിന്റ് പണി കുറയും. ആ മഴക്കാലത്ത് ലോട്ടറിയടിച്ച പോലെ അവന്റെ ദേശത്തിനടുത്ത് ഞങ്ങൾക്ക് ഒരു പുതിയ വീടിന്റെ പെയിന്റ് പണി ലഭിച്ചു. വീട്ടുകാരൻ ഗൾഫിലായതിനാൽ വന്ന ഉടൻ അയാൾക്ക് കുടിയിരിക്കാൻ (ഹൗസ് വാമിങ്) വേണ്ടിയാണ് മഴയായിട്ടും ഞങ്ങൾക്കാ ജോലി ലഭിച്ചത്. പെയിന്റിങ്ങും പോളീഷുമടക്കം എങ്ങനെ പോയാലും രണ്ട് മാസത്തെ പണി അവിടെയുണ്ട്. വല്ലാത്ത ആനന്ദത്തിലാണ് ഞങ്ങളാ പണി തുടങ്ങിയത്. അധികം........