വിശ്വഗുരുവിന്റെ വീഴ്ച | വഴിപോക്കൻ

ഭാസ്‌കര പട്ടേലരും തൊമ്മിയും എന്ന നിലയിൽ അല്ല ഇന്ത്യയും അമേരിക്കയും സംസാരിക്കേണ്ടത്. ഈ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി മാറി നിൽക്കാൻ മോദിക്കും ബിജെപി സർക്കാരിനും കഴിയില്ല. ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് തീറെഴുതിക്കൊടുക്കില്ലെന്ന് ഉറച്ച പ്രഖ്യാപനമുണ്ടാവണം. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ 'വിട്ടുവീഴ്ച' നിഘണ്ടുവിൽ ഇല്ലാത്ത പദമായിരിക്കണം.

ഇന്ത്യ വിശ്വഗുരുവാണെന്ന് മോദിജി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ലോകമാകെ സഞ്ചരിച്ച് വിവിധ രാഷ്ട്രനേതാക്കളെ ആമോദത്തോടെയും ആഹ്ളാദത്തോടെയും കെട്ടിപ്പിടിച്ചിരുന്ന കാലം. മാതാ അമൃതാനന്ദമയിയെ മാറ്റിനിർത്തിയാൽ ഒരു പക്ഷേ, ഇത്രയധികം ആലിംഗനങ്ങൾ മറ്റൊരാളും നടത്തിയിട്ടുണ്ടാവില്ല. ടെക്സാസിലും അഹമ്മദാബാദിലും പ്രിയപ്പെട്ട സുഹൃത്തുമൊത്ത് മോദിജി നടത്തിയ റാലികൾ ചരിത്രമാണ്. രമണീയം ഒരു കാലം എന്നാക്കെ പറയുന്നതുപോലെ ട്രംപീയമായിരുന്ന കാലം.

ഇന്ത്യ മാത്രമല്ല മോദിജിയും വിശ്വഗുരുവാണെന്നായിരുന്നു ആരാധകരുടെ സിദ്ധാന്തം. രാജ്യത്തെയും നേതാവിനെയും ഒന്നായിക്കാണുന്നത് ഭക്തിയുടെ ലക്ഷണമാണ്. സുബ്രഹ്‌മണ്യൻ സ്വാമിയേയും സ്വാമിനാഥൻ അങ്ക്ളേശ്വർ അയ്യരെയും പോലുള്ളവർ ഇത്തരം വിശേഷണങ്ങൾ ഏറ്റെടുത്തിരുന്നില്ല. അയൽരാജ്യങ്ങളായ നേപ്പാളും ശ്രിലങ്കയും പാകിസ്താനുമടക്കം ആരും തന്നെ ഇന്ത്യയെ ഗുരുവായി കാണുന്നില്ലെന്നും അതുകൊണ്ടുതന്നെ വിശ്വഗുരു ഒരു മുദ്രാവാക്യം മാത്രമാണെന്നുമായിരുന്നു സ്വാമിയും അയ്യരുടെയും നിലപാട്.

അതൊക്കെ അവിടെ നിൽക്കട്ടെ! അമേരിക്കയെ വരെ മുട്ടിന്മേൽ നിർത്താൻ കെൽപുള്ള നേതാവാണ് മോദിജി എന്നായിരുന്നു ആരാധകരുടെ വായ്ത്താരി. ട്രംപ് കിടന്ന് ബഹളം വെച്ചിട്ടും റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതായിരുന്നു ഇതിനുള്ള ഒരു പിൻബലം. ഞങ്ങൾ എവിടെ നിന്നും എണ്ണ വാങ്ങും, നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ ഞങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങേണ്ട എന്ന് പറയാൻ നമ്മുടെ വിദേശ മന്ത്രി ജയശങ്കറിന് ഒരു മടിയുമുണ്ടായിരുന്നില്ല.

മൗനമേ.… നിറയും മൗനമേ

എന്നാൽ ഈ ഫെബ്രുവരി രണ്ടിന് സംഗതികൾ പൊടുന്നനെ തകിടം മറിഞ്ഞു. തീർത്തും ഏകപക്ഷീയമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നു. ''ഇന്ത്യയുടെ മേലുള്ള നികുതികൾ്  18 ശതമാനമായി കുറയ്ക്കും. റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ല. അമേരിക്കയുടെ ഊർജ്ജ, സാങ്കേതിക, കാർഷിക, മേഖലകളിൽ നിന്ന് 500 ബില്ല്യൺ ഡോളറിന്റെ (45.5 ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യും. അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ പൂർണമായും ഇളവ് ചെയ്യും. ഞാനും പ്രധാനമന്ത്രി മോദിയും കാര്യങ്ങൾ നടപ്പാക്കുന്ന രണ്ടു പേരാണ്.'' ട്രംപിന്റെ സ്വന്തം സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ഈ പ്രഖ്യാപനം. പിന്നാലെ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് മോദി എക്സിൽ കുറിപ്പിട്ടു: ''എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. തീരുവ 18 ശതമാനമായി കുറച്ചതിൽ 140 കോടി ഇന്ത്യൻ ജനങ്ങൾക്കുള്ള നന്ദി അറിയിക്കുന്നു.''

ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള മോദിയുടെ പ്രതികരണം തികച്ചും കരുതലോടെ ആയിരുന്നു. തീരുവ കുറച്ചതിനെക്കുറിച്ച് മാത്രമേ........

© Mathrubhumi