നോക്കുന്നിടത്തെല്ലാം വിശ്വരൂപൻ, ഈ ലോകത്തിന്റ പരമമായ ആശ്രയം |
അകവും പുറവും തിങ്ങും മഹിമാവായ നിൻപദം പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ ജയിക്കുക.
സായൂജ്യം പിന്നിട്ട് നിർവാണത്തിലേക്കെത്തുന്ന ഉപാസകന് മഹിമ തെളിയും. അത് അകത്തും തെളിയും. പുറത്തും തെളിയും. ആ വിശ്വദർശനത്തിൽ നീലാഭമായ മൊഴികൾ വിടരും. അവിടെ നരൻ സമ്പൂർണമായും വിനമ്രനാവും. ഒരു പ്രാർഥന മാത്രം ബാക്കിയാവും. ജയിക്കണേ എന്ന പ്രാർഥനയാണത്.
സർവ്വത്തിന്റേയും അകവും പുറവും നിറഞ്ഞുനിൽക്കുന്ന ജഗന്നിയന്താവിന് നമ്മുടെ പുകഴ്ത്തലുകൾ വേണ്ട. പുകഴ്ത്തലിലോ ഇകഴ്ത്തലിലോ വാഴുന്നവനല്ല ആ പരമേശ്വരൻ. അങ്ങനെ പ്രതിസ്പന്ദിക്കുന്നത് മായയാണ്. ആ മായയെ മറികടന്നാലേ വിശ്വരൂപം കാണൂ.
അപ്പോൾ ചിലതു കാണാതെ വയ്യ. അകവും പുറവും ഇവിടെ അനുഭവിക്കുന്നുണ്ട്. കാണുന്നവൻ അകത്തോ പുറത്തോ? എന്തിന്റെ അകത്ത്? ഏതിന് പുറത്ത്? അനുഭവിക്കുന്ന മഹാസത്തയിൽ ലയിക്കുന്നവന് അകമേത് പുറമേത്?
എല്ലാ സംശയങ്ങളും ആഴമേറുന്ന ആഴിയിൽ വിലയിക്കുന്നു. അത് അനുഭവമാണ്. ആ കാറ്റ് അകത്തുണ്ട്. പ്രാണന്റെ ഗതിയായി. അത് പുറത്തുമുണ്ട്. മഹാവാതമായി. പഞ്ചഭൂതങ്ങളും നിറഞ്ഞതാണ് അത്. ദേശകാലങ്ങൾക്ക് അതീതമായ പ്രവാഹം. ആപേക്ഷികങ്ങളായ അകവും പുറവും അവിടെ ഇല്ല. പരമമായ സത്ത. അകവും പുറവും ഇല്ലെന്നതു പോലെ തന്നെ അത് അകവും പുറവും നിറഞ്ഞതുമാണ്. അഥവാ അകമെന്നും പുറമെന്നും തോന്നിപ്പിക്കുന്നത് അതു തന്നെയാണ്. അത് സർവ്വത്തിലും നിറഞ്ഞതാണ്. സർവ്വതിനും അകത്തുമാണ്. ഈശാവാസ്യോപനിഷത്തിൽ പറയുന്നതു പോലെ അത് ലോലമാണ്. അതേ സമയം അത് അലോലവുമാണ്. അതു ദൂരത്താണ്. ഒപ്പം അടുത്തുമാണ്. അത് എല്ലാത്തിനും പുറത്താണ്. എല്ലാത്തിനും ഉള്ളിലുമാണ്.
തന്നിൽ നിന്നന്യമല്ലാതെ
എന്നു കാണുന്നു സർവ്വവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്?
എല്ലാം ഒന്നാണെന്ന് തിരിച്ചറിയന്നു ഏകത്വദൃക്ക്. അദ്വൈതത്തിലേക്ക് എത്തിയിട്ടില്ല. രണ്ടായി കാണുന്നുണ്ട്. അകവും പുറവുമുണ്ട്. അവിടെ മുഴുവൻ ആ മഹാമായ നിറഞ്ഞത് അറിയുന്നുമുണ്ട്. അതിന്റെ മഹിമ അനുഭവിക്കുന്നുണ്ട്. ആ മഹിമയിൽ സ്വയം മറക്കുന്നുമുണ്ട്.
ഇത് ആ വിശ്വരൂപദർശനമാണ്. ഭഗവാൻ പലവട്ടം ആ രൂപം കാണിക്കുന്നുണ്ട്. വാല്മീകിയുടെ രാമൻ കൗസല്യക്ക് മുന്നിലാണ് ഇങ്ങനെ ചെയ്യുന്നത്. പിറന്ന കുഞ്ഞു പകർന്ന മഹാദർശനം താങ്ങാനാവാതെ അമ്മ പറയുന്നു. അങ്ങ് കുഞ്ഞായിത്തന്നെ വരൂ.........