13 മിനിറ്റ് വെള്ളത്തിനടിയിൽ, മണിക്കൂറുകളോളം ഓട്ടം, ഓക്സിജൻ കുറഞ്ഞാലും ജീവിക്കും അത്ഭുതമനുഷ്യർ

ഒരു ഹോമോ സ്പീഷീസ് എന്ന നിലയിൽ ഏകദേശം ഒരേ ജനിതകഗുണങ്ങൾ പങ്കുവെക്കുമ്പോഴും മനുഷ്യർ പ്രാദേശികമായി വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ചിലപ്പോഴൊക്കെ ആ വ്യത്യാസം നമ്മെ ഏറെ അത്ഭുതപ്പെടുത്തും. ഓരോ ജനസമൂഹവും അതത് ഭൂവിഭാഗത്തിനും ജീവിതരീതിക്കുമനുസരിച്ച് ചില ശേഷികൾ ആർജിക്കുന്നുണ്ട്. ആ ശേഷികൾ പലപ്പോഴും നമുക്ക് അത്ഭുതകരവും അവിശ്വസനീയവുമാണ്. അതിൽ പലതും ദിവ്യശക്തിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ,  ഇതിനെല്ലാം പരിണാമപരമായി കൃത്യമായ വിശദീകരണങ്ങളുണ്ട്. ഒരു അപസർപ്പകകഥപോലെ കേട്ടിരിക്കാവുന്ന അത്തരം ചില അത്ഭുതജനസമൂഹങ്ങളെ പരിചയപ്പെടാം.

ബജാവുക്കൾ എന്ന അത്ഭുതമനുഷ്യർ

ഒരു മനുഷ്യന് എത്രസമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചുനിൽക്കാൻ കഴിയും? പരമാവധി നാലോ അഞ്ചോ മിനിറ്റ് മാത്രം. അപ്പോഴേക്കും വീണുപോവും. തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറഞ്ഞാൽ പിന്നീടുണ്ടാവുന്ന പരിക്ക് പരിഹരിക്കാനാവില്ല. അപ്പോൾ 13 മിനിറ്റ് ശ്വാസംപിടിച്ച് വെള്ളത്തിനടിയിൽ ജീവിക്കുക എന്നത് അസാധ്യമല്ലേ?

എന്നാൽ, തെക്കുകിഴക്കൻ ഏഷ്യയിലെ ബജാവു (Bajau) എന്ന കടൽനാടോടികൾക്ക് അതൊരു പ്രശ്നമേയല്ല. അവർ 60-70 മീറ്റർ ആഴത്തിൽ വരെ ചെന്ന് മീൻപിടിക്കും. അതിന് കാരണം പരിണാമപരമായ അനുകൂലനമാണ്. കൂടുതൽ സമയം വെള്ളത്തിൽ കഴിയുന്നവർക്കേ കൂടുതൽ മീൻ ലഭിക്കൂ. അവർക്കേ അതിജീവനസാധ്യതയുള്ളൂ. 2018 ൽ കോപ്പൻഹേഗനിലെ ഗവേഷകയായ മെലിസ്സ എ ലാർഡോയുടെ നേതൃത്വത്തിൽ നടന്ന ഒരു പഠനത്തിൽ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഈ പഠനം പിന്നീട് 'സെൽ' മാഗസിനിൽ പ്രസിദ്ധീകരിച്ചു.

അവരുടെ കണ്ടെത്തൽ കൗതുകകരമായിരുന്നു. സാധാരണ മനുഷ്യരേക്കാൾ ഇരട്ടി വലിപ്പം അവരുടെ പ്ലീഹക്ക് (spleen) ഉണ്ടായിരുന്നു. അതാണ് അവരെ സഹായിക്കുന്നത്. പ്ലീഹയാണ് ചുവന്ന രക്താണുക്കളുടെ ശേഖരണ കേന്ദ്രം. വെള്ളത്തിനിടിയിലേക്ക് പോകുമ്പോൾ പ്ലീഹ ചുരുങ്ങുകയും കൂടുതൽ ചുവന്ന രക്താണുക്കളെ രക്തത്തിലേക്ക് പമ്പുചെയ്യുകയും ചെയ്യും. ഇതുവഴി കൂടുതൽ ഓക്സിജൻ രക്തത്തിലേക്ക് ലഭിക്കും. അങ്ങനെയാണ് ഓക്സിജൻകുറവ് പരിഹരിക്കുന്നത്. 'ബയോളജിക്കൽ സ്‌കൂബാ ടാങ്ക്' എന്നാണ് ഗവേഷകർ അതിനെ വിശേഷിപ്പിക്കുന്നത്. ഇതിലെ കൗതുകമെന്തെന്നാൽ, ഇക്കൂട്ടരിൽ വെള്ളത്തിനടിയിൽ പോവുന്നവർക്ക് മാത്രമല്ല, അല്ലാത്തവർക്കും ഈ ശേഷിയുണ്ടെന്നതാണ്. അതായത്, പരിശീലനം വഴിമാത്രമല്ല, ജനിതകപരമായിക്കൂടി ലഭിച്ച ശേഷിയാണിതെന്നർത്ഥം. അതുകൊണ്ടുതന്നെ പരിണാമത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ബജാവുകൾ. മറ്റു രണ്ട് ജീനുകളിൽ കൂടി ചില സവിശേഷതകൾ ഇവർക്ക് കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തിനടിയിലും........

© Mathrubhumi