menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വെറും 38 മിനിറ്റുകൊണ്ട് അവസാനിച്ച ഒരു യുദ്ധം!

10 0
latest

യുദ്ധം എന്ന് കേൾക്കുമ്പോൾത്തന്നെ അസ്വസ്ഥരാവുന്നവരാണ് ഇന്ന് നമ്മൾ. കാരണം മനുഷ്യൻ തോൽക്കുന്നതല്ലാത്ത ഒരു യുദ്ധവും ആരും ഇതുവരെ ചെയ്തിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തീ നമ്മുടെ അടുക്കളയിൽ വരെ എത്തിക്കഴിഞ്ഞു. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയതോടെ എവിടെ യുദ്ധമുണ്ടായാലും അത് എല്ലാവരേയും ഒരുപോലെ ബാധിക്കുന്നു എന്നതാണ് സത്യം. റഷ്യയും യുക്രൈനും തമ്മിലുള്ളതായാലും അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ളതായാലും പല യുദ്ധങ്ങളും അനിശ്ചിതമായി നീളുകയാണ്. അപ്പോഴാണ് 38 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന ഒരു യുദ്ധത്തെ നമ്മൾ ഓർക്കുന്നത്.

കേൾക്കുമ്പോൾത്തന്നെ ഒരു കൗതുകമില്ലേ? എന്നാൽ നാശനഷ്ടങ്ങൾ വളരെ വലിയതായിരുന്നു. 1896-ലാണ് ബ്രിട്ടീഷ് സാമ്രാജ്യവും സൻസിബാർ ദ്വീപും തമ്മിൽ വെറും 38 മിനിറ്റ് മാത്രം നീണ്ടുനിന്ന യുദ്ധം നടന്നത്. സൻസിബാർ എന്നത് ടാൻസാനിയക്ക് സമീപമുള്ള മനോഹരമായ ഒരു ദ്വീപായിരുന്നു. ഇന്നത് ടാൻസാനിയയുടെ കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശമാണ്, ഒരു വിനോദസഞ്ചാര കേന്ദ്രവും. 1890-ൽ ബ്രിട്ടനും ജർമനിയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം സാൻസിബാർ ബ്രിട്ടീഷ് സ്വാധീനപ്രദേശമായി അംഗീകരിക്കപ്പെട്ടിരുന്നു. അറബ് വംശജരായ സുൽത്താൻമാരായിരുന്നു സൻസിബാർ ഭരിച്ചിരുന്നത്. സുൽത്താനായി ചുമതലയേൽക്കുന്നവർ തങ്ങളുടെ അനുകൂലികളാവണം എന്ന് ബ്രിട്ടന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെത്തന്നെയാണ് നടന്നുവന്നിരുന്നതും.

1896 ഓഗസ്റ്റ് 25-ന് അന്നത്തെ സുൽത്താനായിരുന്ന ഹമദ് ബിൻ തുവായിനി അപ്രതീക്ഷിതമായി മരിച്ചു. ആ മരണത്തിൽ ചില സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം സ്വയം പ്രഖ്യാപിത സുൽത്താനായി ചുമതലയേറ്റത് അദ്ദേഹത്തിന്റെ ബന്ധുവായ ഖാലിദ് ബിൻ ബർഗാഷ് ആയിരുന്നു. ഈ ഖാലിദിന് ഹമദിന്റെ മരണത്തിൽ പങ്കുണ്ടെന്ന കിംവദന്തികളുണ്ടായിരുന്നു. ബ്രിട്ടീഷുകാർക്ക് അനഭിമതനായിരുന്ന അദ്ദേഹം അവരുടെ അനുമതിയില്ലാതെയാണ് സ്വയം സുൽത്താനായി ചുമതലയേറ്റത്. ബ്രിട്ടൻ സുൽത്താനാക്കാൻ ആഗ്രഹിച്ചിരുന്നത് ഹമുദ് ബിൻ മുഹമ്മദിനെയായിരുന്നു. അതുകൊണ്ടുതന്നെ അധികാരമൊഴിയാനും സൈന്യത്തെ പിരിച്ചുവിടാനും ബ്രിട്ടീഷുകാർ ഖാലിദിനോട് ആവശ്യപ്പെട്ടു. ഖാലിദ് ആ ആവശ്യം തള്ളി.

ഓഗസ്റ്റ് 27-ന് യുദ്ധം തുടങ്ങുന്നു

ഓഗസ്റ്റ് 27-ന് രാവിലെ എട്ടുമണിക്ക് ബ്രിട്ടീഷുകാർ ഖാലിദ് ബിൻ ബർഗാഷിനോട് ഒരിക്കൽകൂടി സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം തയ്യാറായില്ല. അതിനിടെ അഞ്ച് യുദ്ധക്കപ്പലുകളും 900 ഓളം പടയാളികളും പീരങ്കികളുമായി ബ്രിട്ടീഷ് സൈന്യം സൻസിബാർ തീരത്തെത്തിയിരുന്നു. ഖാലിദും ചില തയ്യാറെടുപ്പുകൾ നടത്തി. മൂവായിരത്തോളം പടയാളികളെ സംഘടിപ്പിച്ചു. തന്റെ കൊട്ടാരമായ 'ബൈത്ത് അൽ ഹുക്കും' പാലസിനെ പടയാളികളെ ഉപയോഗിച്ച് വലയം തീർത്തു. 27-ന് രാവിലെ ഒൻപതുമണിക്കുള്ളിൽ അധികാരമൊഴിയണമെന്ന് ബ്രിട്ടീഷുകാർ അന്ത്യശാസനം നൽകി. തയ്യാറല്ലെന്ന് ഖാലിദ് പ്രഖ്യാപിച്ചു. 9.02-ഓടെ കൊട്ടാരം ലക്ഷ്യമാക്കി ബ്രിട്ടീഷ് പീരങ്കികൾ തീ തുപ്പി. മരംകൊണ്ടുണ്ടാക്കിയ കൊട്ടാരമായിരുന്നു അത്. പീരങ്കിയുണ്ടയേറ്റ് അത് ഛിന്നഭിന്നമായിപ്പോയി. തീ പിടിച്ച് നശിക്കുകയും ചെയ്തു. കൊട്ടാരത്തിന് കാവലായി ഉണ്ടായിരുന്ന ചില പീരങ്കികൾ ബ്രിട്ടീഷ് കപ്പലിന് നേർക്ക് വെടിവെച്ചെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. മാത്രമല്ല, സുൽത്താന്റെ രാജകീയ യുദ്ധക്കപ്പലായ എച്ച്.എച്ച്.എസ് ഗ്രാസ്‌ഗോ പീരങ്കിയുണ്ടയേറ്റ് മുങ്ങിപ്പോയി. 9.30 ഓടെത്തന്നെ ഖാലിദ് കൊട്ടാരത്തിൽ നിന്ന് മുങ്ങി. അതോടെ സൈന്യം ചിതറിപ്പോയി. 9.40-ഓടെ സുൽത്താന്റെ പതാക താഴ്ന്നു, യുദ്ധം അവസാനിക്കുകയും ചെയ്തു.

എന്തിനായിരുന്നു, എന്തു കണ്ടിട്ടായിരുന്നു ഖാലിദ് ബിൻ ബർഗാഷിന്റെ ഈ മസിലുപിടിത്തം എന്ന് ചരിത്രകാരൻമാർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. 500 ഓളം പടയാളികളെയാണ് ആ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം കൊലക്കുകൊടുത്തത്. പെട്ടെന്ന് യുദ്ധം നിർത്തിയതിനാൽ ബാക്കിയുള്ളവർക്ക് ജീവൻ ബാക്കിയായി. ബ്രിട്ടീഷുകാരിൽ ഒരു നാവികന് ചെറിയ പരിക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഖാലിദ് ജീവനും കൊണ്ട് രക്ഷപ്പെട്ടത് ജർമൻ ഈസ്റ്റ് ആഫ്രിക്കയിലേക്ക്, അതായത് ഇന്നത്തെ ടാൻസാനിയയിലേക്കായിരുന്നു. ബ്രിട്ടീഷുകാർ അവർ ഉദ്ദേശിച്ച ഹമുദ് ബിൻ മുഹമ്മദിനെ സുൽത്താനാക്കുകയും ചെയ്തു. ബ്രിട്ടീഷ് നാവികസേനയുടെ ഔദ്യോഗികരേഖകളിൽ ഈ യുദ്ധത്തിന്റെ വിവരങ്ങളുണ്ട്. ടാൻസാനിയ ജർമൻ കോളനിയായിരുന്നതിനാൽ ഖാലിദ് അവിടെ സുരക്ഷിതനായിരുന്നു. ബ്രിട്ടീഷുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ജർമൻ ഭരണകൂടം അദ്ദേഹത്തെ സംരക്ഷിച്ചു.

എന്നാൽ 1916 ൽ ഒന്നാംലോക യുദ്ധം നടന്നപ്പോൾ ബ്രിട്ടീഷ് സൈന്യം ജർമൻ ഈസ്റ്റ് ആഫ്രിക്കയിലെ പ്രദേശങ്ങൾ കൈക്കലാക്കി. ആ സമയത്ത് ഖാലിദ് ബിൻ ബർഗാഷിനേയും പിടികൂടി. അദ്ദേഹത്തെ രണ്ട് തവണയായി രണ്ടു ദ്വീപുകളിലേക്ക് നാടുകടത്തുകയാണ് അവർ ചെയ്തത്. കുറേക്കാലം ഏകാന്തവാസം നടത്തിയതിന് ശേഷം പിന്നീട് മോംബാസ എന്ന ഗ്രാമത്തിൽ ജീവിച്ച അദ്ദേഹം 1927 ൽ അവിടെ വെച്ച് മരിക്കുകയും ചെയ്തു. 1964-ൽ സാൻസിബാറിൽ വിപ്ലവമുണ്ടായി. വൈകാതെ അത് ടാൻസാനിയ എന്ന രാജ്യത്തിൽ ചേരുകയായിരുന്നു.


© Mathrubhumi