ദിനോസർ മുതൽ മഞ്ഞുമനുഷ്യൻ വരെ; ചരിത്രം മാറ്റിയെഴുതിയ 'മലംപുരാണം'
ഒ.വി.വിജയൻ 'ധർമപുരാണം' എന്ന നോവലിൽ 'പ്രജാപതിക്ക് തൂറാൻ മുട്ടി' എന്നെഴുതിയപ്പോൾ അതുവായിച്ച് മുഖം ചുളിച്ചവരുണ്ട്. സമകാലിക രാഷ്ട്രീയ-സാമൂഹികാവസ്ഥകളോടുള്ള കനത്ത ആക്ഷേപഹാസ്യമാണ് വിജയന്റെ ആ നോവൽ. അതിന് പറ്റിയ പശ്ചാത്തലമൊരുക്കാനായിരുന്നു അത്തരമൊരു പ്രയോഗം. അതുപോലും സഹിക്കാനാവാത്തവർ ഈ തലക്കെട്ടുകാണുമ്പോൾത്തന്നെ മുഖം ചുളിച്ച് മൂക്കുപൊത്തുമെന്ന് ഉറപ്പ്. മനുഷ്യന് പരിണാമപരമായിത്തന്നെ കിട്ടിയതാണ് മലത്തോടുള്ള അവജ്ഞയും വെറുപ്പും. അത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ് താനും. എന്നാൽ, മലം ഇങ്ങനെ അറപ്പുണ്ടാക്കുന്ന വസ്തു മാത്രമല്ല. വിശാലമായ പഠനങ്ങൾതന്നെ അതിനെക്കുറിച്ച് നടക്കുന്നുണ്ടെന്നു പറഞ്ഞാൽ പലരും ചിരിക്കും. അങ്ങനെ ചിരിക്കാൻ വരട്ടെ, കോപ്രോളജി(Coprology) എന്നാൽ മലത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനശാഖയാണ്.
മലത്തിൽ നിങ്ങളുടെ ജാതകം ഒളിഞ്ഞിരിപ്പുണ്ടെന്ന് കോപ്രോളജി പറയുന്നു. സൂക്ഷ്മജീവികൾക്ക് നശിപ്പിക്കാനാവാതെ, ചില പ്രത്യേക സാഹചര്യത്തിൽ സംരക്ഷിക്കപ്പെട്ട മലാവശിഷ്ടങ്ങളേ ഫോസിൽ രൂപത്തിൽ ലഭ്യമാകൂ. അവയിലാണ് പഠനം നടത്തുക. ഗ്രീക്ക് ഭാഷയിൽ Kopros എന്നാൽ മലമാണ്. Logia എന്നാൽ പഠനവും. വൈദ്യശാസ്ത്രം, ജീവശാസ്ത്രം, പുരാവസ്തുപഠനം എന്നീ മേഖലകളിലെല്ലാം കോപ്രോളജിക്ക് വലിയ പ്രാധാന്യമുണ്ട്. കോപ്പിലുവാക് (Kopi Luwak) എന്ന വിലയേറിയ കോഫി നുണഞ്ഞിരിക്കുന്നവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ നുണയുന്നത് ഒരു ജീവിയുടെ വിസർജ്ജ്യമാണെന്ന്? മരപ്പട്ടി തിന്ന കാപ്പിക്കുരു പൂർണമായി ദഹിക്കാതെ അതിന്റെ മലത്തിലൂടെ പുറത്തുവരുമ്പോൾ അതെടുത്താണ് ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. തിമിംഗിലത്തിന്റെ മലത്തോടൊപ്പം പുറത്തുവരുന്ന മെഴുകുപോലുള്ള വസ്തുവായ ആംബർഗ്രീസാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാർ ഉപയോഗിക്കുന്ന, ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളിലെ പ്രധാന അസംസ്‌കൃത വസ്തു. അങ്ങനെ 'മലംപുരാണം' പറയാൻ തുടങ്ങിയാൽ തീരില്ല.
തുറക്കാം രഹസ്യങ്ങളുടെ താഴുകൾ
ഒളിച്ചുവെക്കപ്പെട്ട പല ചരിത്ര-പുരാവസ്തു രഹസ്യങ്ങളും തുറക്കാൻ നമ്മെ സഹായിച്ചിട്ടുള്ള ഒന്നാണ് ഈ മലം ഗവേഷണം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉദരസംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നതാണ് മലം പരിശോധനയുടെ ഗുണമെങ്കിൽ ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും അതിന് മറ്റു ചില ദൗത്യങ്ങൾ കൂടിയുണ്ട്. മനുഷ്യരുടെയായാലും മൃഗങ്ങളുടെയായാലും ഫോസിൽ പഠനത്തിൽ നിന്ന് അവയുടെ ശരീരഘടനയെക്കുറിച്ചുള്ള അറിവു മാത്രമേ ലഭിക്കൂ.
എന്നാൽ, മലം പഠിച്ചാൽ അവയുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ ചിത്രം ലഭിക്കും. അത്തരം പഠനശാഖയാണ് പാലിയോ കോപ്രോളജി (Paleocoprology). ലക്ഷക്കണക്കിന് വർഷം മുൻപ് ജീവിച്ച മനുഷ്യരുടേയും മൃഗങ്ങളുടേയും ദിനോസറുകളുടേയുമൊക്കെ മലത്തിൽ ഇത്തരം പഠനം........
