'അയാൾ പറഞ്ഞ സിനിമാതാരങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന കഥകൾ രഹസ്യങ്ങളായി ഞാനിന്നും സൂക്ഷിക്കുന്നു!'
ഇനി ലേശം പിന്നാമ്പുറക്കഥകളിലേക്ക്. തീർത്തും അനൗദ്യോഗികം! എന്നാലും അതും കൂടി പറഞ്ഞാലേ കഥയുടെ ആസ്വാദ്യതയ്ക്ക് 'ഒരിത്' കിട്ടൂ. അതുകൊണ്ടാണ് കേട്ടോ. അന്നൊക്കെ ചോദ്യം ചെയ്യലും കുഴയ്ക്കുന്ന കേസുകളിൽ ചില 'മുറ്റന്മാരെ’ക്കൊണ്ട് സത്യം പറയിപ്പിക്കാനുമായി അല്ലറച്ചില്ലറ 'തൊട്ടുതലോടലും' (ഇന്നാണെങ്കിൽ തൊട്ടുതൊഴാനേ പറ്റൂ എന്നത് മറ്റൊരു കാര്യം) ഒക്കെ കഴിഞ്ഞ് കോടതിയിൽ ഹാജരാക്കാനുള്ള തൊണ്ടി ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രതികളുടെ കയ്യിൽ കാശോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഉണ്ടെങ്കിൽ അവർതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജാമ്യം കിട്ടി തിരികെയെത്തുന്നത് വരെ അത് സൂക്ഷിക്കണമെന്ന് അപേക്ഷിക്കാറുണ്ട്. മഹസ്സറിലും ഔദ്യോഗിക രേഖകളിലും അത് സ്ഥാനം പിടിച്ചാൽ പിന്നെ കേസ്സ് തീരുന്ന മുറയ്‌ക്കേ അതൊക്കെ വിട്ടുകിട്ടുകയുള്ളൂ എന്ന ഭയം കൊണ്ടാണത്.
ഇതൊക്കെയാണെങ്കിലും രണ്ടടിയൊക്കെ കൊടുക്കുന്ന ഉദ്യോഗസ്ഥന്മാരോട് ജാമ്യത്തിലിറങ്ങി വരുന്ന പ്രതികൾക്ക് ഇച്ചിരി ബഹുമാനം കൂടുതലായിരിക്കും എന്നാണ് ആദ്യമായി ജോലിക്ക് ചെന്നപ്പോൾത്തന്നെ കാതോട് കാതോരം പടർന്നെത്തിയ ഒരു വാർത്ത! കുറ്റകൃത്യത്തിനിടയിലോ അല്ലാതേയോ പിടിക്കുമ്പോൾ നടത്തുന്ന ബലപ്രയോഗത്തിനും ചോദ്യം ചെയ്യലിനും ഒക്കെ ശേഷം ജയിലിലേക്ക് കൊണ്ട് പോകുമ്പോൾ സൗഹാർദ്ദത്തിലാണ് എല്ലാ ഉദ്യോഗസ്ഥന്മാരും പ്രതികളോട് പെരുമാറുക പതിവ്. അതിന് പ്രധാന കാരണം കോടതിക്ക് മുന്നിൽ ഹാജരാക്കുന്ന പ്രതികളോട് ചില മജിസ്‌ട്രേട്ടുമാരെങ്കിലും ഉദ്യോഗസ്ഥന്മാർ ഉപദ്രവിച്ചോ അവർക്കെതിരേ എന്തെങ്കിലും പരാതിയുണ്ടോ എന്നുമൊക്കെ ചോദിക്കുക പതിവാണെന്നതാണ്. അപ്പോൾ പരാതി ഉണ്ടെന്നും ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഒക്കെ കുറ്റാരോപിതർ പറയുകയും അത് 'തീർത്തും' ബോധ്യപ്പെട്ട് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്താൽപ്പിന്നെ മെഡിക്കൽ പരിശോധനയായി തുടർന്ന് പലവിധ തലവേദനകളായി! എന്നാൽ, ഇത്തരം വിലപിടിപ്പുള്ള സ്വകാര്യ വസ്തുവഹകൾ സൂക്ഷിക്കുകയും കൃത്യമായി തിരിച്ചേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാവണം അസാരം ശരീരവേദനയൊക്കെ ഉണ്ടെങ്കിൽപ്പോലും മിക്കവാറും പ്രതികൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് തന്നെയാണ് പറയാറുള്ളത്. ചിലപ്പോഴെങ്കിലും സിനിമയിലേത് മാതിരി 'മജിസ്‌ട്രേട്ടിനോട് ആവശ്യമില്ലാത്തത് വല്ലതും വിളിച്ച് പറഞ്ഞാൽപ്പിന്നെ നിന്നെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതും നമ്മൾ തന്നെയായിരിക്കും എന്ന് ഓർത്തോളണം', എന്നൊക്കെ ചില ഉദ്യോഗസ്ഥന്മാർ ഭീഷണിപ്പെടുത്താറുള്ളതും ഞാൻ കേട്ടിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും മനഃപൂർവ്വം തന്നെ തങ്ങളെ കഠിനമായ ശാരീരിക പീഡകൾക്ക് വിധേയരാക്കി എന്ന് വിളിച്ച് പറഞ്ഞ പ്രതികളും ഉണ്ട്. അപ്പോഴും അവരെ ഏർപ്പെട്ടിരുന്ന കുറ്റകൃത്യത്തിനിടയ്ക്ക് കണ്ടെത്തുകയും ആവശ്യമായ ബലപ്രയോഗത്തിലൂടെ കീഴടക്കി കുറ്റവാളിയെന്ന ഉത്തമവിശ്വാസത്തിൽ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യുന്നതിനിടെ സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള ക്ഷതങ്ങളിൽനിന്ന് പിന്നീട് കസ്റ്റഡിയിൽവച്ച് അനുഭവവേദ്യമായെന്ന് പറയപ്പെടുന്ന ശാരീരിക ദണ്ഡനങ്ങളെ വേർതിരിച്ച് കാട്ടാൻ കഴിഞ്ഞാലേ അതുകൊണ്ട് പ്രയോജനമുള്ളൂ. അങ്ങനെയൊരു സംരക്ഷണമെങ്കിലും ഇല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ റിസ്‌കെടുത്ത് പ്രതിയെ പിടിക്കാനും കേസ്സ് തെളിയിക്കാനും മുതിരുമോ എന്നൊരു ചോദ്യവും ന്യായമായും ഉയർന്നേക്കാം. ഇതു പറഞ്ഞു എന്നുകരുതി സർക്കാർ സംവിധാനങ്ങളിൽ അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥരെല്ലാംതന്നെ അലിവിനും മഹാമനസ്‌കതയ്ക്കും പുകൾ പെറ്റവർ മാത്രമാണെന്ന് കരുതണമെന്നില്ല.
ഒരിക്കൽ മധ്യവയസ്‌കനായ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ഏതാണ്ട് ഒരു ദിവസം മുഴുവൻ റെയ്ഞ്ച് ഓഫീസിലെ സെല്ലിനകത്ത് ഇട്ടതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതും ജയിലിലേയ്ക്ക് കൊണ്ടാക്കിയതും. പുരുഷന്മാരായ പ്രതികൾ കടുംകൈകൾ ഒന്നും ചെയ്തുകളയാതിരിക്കാൻ സാധാരണ അടിവസ്ത്രങ്ങളിൽത്തന്നെയാണ് സെല്ലുകളിൽ പാർപ്പിക്കുന്നത്. പ്രതികളെ (കുറ്റാരോപിതരെ) സെല്ലിൽ അടച്ചിരിക്കെ അവരെ ശൗചാലയങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും ആഹാരം വാങ്ങി നൽകുന്നതും ഒക്കെ റെയ്ഞ്ചുകളിലെ തിരഞ്ഞെടുത്ത വാച്ചറന്മാരാണ് ചെയ്യുന്നത്. കോടതിയിലേയ്ക്കും ജയിലിലേയ്ക്കും എത്തിക്കുന്നത് വരെ പ്രതികൾ അവരുടെ കർശന നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും.
ചന്ദനം കടത്താൻ ശ്രമിക്കുമ്പോൾ പരിശോധനാസമയത്ത് ഉദ്യോഗസ്ഥന്മാർക്ക് സംശയം തോന്നാതിരിക്കാനായി ചിലരെങ്കിലും അപൂർവ്വമായി സ്ത്രീകളെ കൂടി കൂട്ടിവരാറുമുണ്ട്. അത്തരത്തിൽ പിടിക്കപ്പെടുന്ന മഹിളാമണികളെ മാത്രമാണ് അന്നൊക്കെ കസ്റ്റഡിയിൽ എടുത്തും കേസുകളിൽ ഉൾപ്പെടുത്തിയും അറസ്റ്റ് ചെയ്തും കണ്ടിട്ടുള്ളത്. എന്നിരുന്നാലും അവരെ സെല്ലിനുള്ളിൽ പാർപ്പിക്കാതെ ഓഫീസിൽത്തന്നെ ഏതെങ്കിലും മൂലയ്ക്ക് ഇരുത്തുകയായിരുന്നു സാധാരണ പതിവ്. അല്ലെങ്കിലും........
