‘അടിവസ്ത്രം മാത്രം ധരിച്ച് സെല്ലിനകത്ത് കഴിയുമ്പോഴും ആ കൈത്തോക്ക് അയാൾ രഹസ്യമായി ഒളിപ്പിച്ചിരുന്നു!’
പറഞ്ഞുപറഞ്ഞ് കാട് കയറിപ്പോയോ എന്നൊരു സംശയം. സത്യത്തിൽ ഇവിടെ പറയാനുദ്ദേശിച്ചത് മറയൂരിലെ പറമ്പുകളിൽ നിൽക്കുന്ന താരതമ്യേന ഇടത്തരം പൊക്കത്തിൽ വളരുന്ന ചന്ദനമരങ്ങളുടെ തുഞ്ചത്ത് കെട്ടിയ കയറുകൾ വശങ്ങളിൽ നിൽക്കുന്ന മറ്റ് വൃക്ഷങ്ങളിൽ കെട്ടുകയും അരയിൽ ചുറ്റിനും ഉറപ്പിച്ചിരിക്കുന്ന ബെൽറ്റ് വാളുകൾ കൊണ്ട് മിനിട്ടുകൾക്കുള്ളിൽ ചന്ദനമരം മുറിക്കുകയുമാണ് സ്ഥിരം മോഷ്ടാക്കളുടെ പതിവ് എന്നതാണ്! അതുകൊണ്ട് തന്നെ മോഷണത്തിനിടയിൽ വലിയ ശബ്ദം ഉണ്ടാവുകയോ ആൾക്കാരുടെ ശ്രദ്ധയിൽപ്പെടുകയോ ചെയ്യില്ല. തായ്ത്തടി മുറിഞ്ഞ് വേർപെട്ടാലും മരം താഴെ വീഴാതെ മറ്റ് വൃക്ഷങ്ങളിൽ ബന്ധിക്കപ്പെട്ട് തൂങ്ങി നിൽക്കുകയും ചെയ്യും. അതിനെ കട്ടകളാക്കി മുറിച്ച് ചുമന്ന് സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റിയ ശേഷമാണ് മിക്കവാറും കാതൽ മാത്രമാക്കി ചെത്തി മിനുക്കുക. പിന്നീടത് അനായാസം ചുമന്ന് കൊണ്ടുപോകാനോ കടത്തിക്കൊണ്ട് പോകാനോ സാധിക്കും എന്നൊരു മെച്ചമുണ്ട്. പിറ്റേന്ന് കാലത്ത് വീട്ടുടമസ്ഥർ കാണുന്നതു ചന്ദനമരത്തിന്റെ തലപ്പുകൾ മാത്രം സമീപത്തെ വൃക്ഷങ്ങളിൽ തൂങ്ങിയാടുന്നതാവും!
വീട്ടുകാർ അകലെയുള്ള ഏതെങ്കിലും സ്ഥലങ്ങളിൽ യാത്ര പോയിരിക്കുന്ന രാത്രികളിലാണ് സാധാരണയായി ഇത്തരത്തിൽ മോഷണം പതിവായി നടക്കുന്നത്. നിവൃത്തിയില്ലാതെ വരുമ്പോൾ ചന്ദനമുള്ള പല പറമ്പുകളുടേയും ഉടമസ്ഥർ കള്ളക്കടത്തുകാരിൽനിന്ന് മുൻകൂർ കാശ് കൈപ്പറ്റിയതിന് ശേഷം തങ്ങൾ ബന്ധുവീടുകളിലോ മറ്റോ പോകുന്ന രാത്രികളിൽ മരങ്ങൾ മുറിച്ച് കടത്താനുള്ള അനുവാദം നൽകുകയും ചെയ്തിരുന്നുവെന്നത് അന്നൊക്കെ പുറത്തറിയാത്ത ഒരു യാഥാർത്ഥ്യമായിരുന്നു. കാരണം തുച്ഛമായ കാശെങ്കിലും കിട്ടുന്ന പക്ഷം അത്രയെങ്കിലും ആയല്ലോ. വളർന്ന് മുറ്റിയ ചന്ദനത്തിന്റെ ശേഖരണം സർക്കാരുകളും വനംവകുപ്പും സമയബന്ധിതമായി നടത്താത്തതും ഇനിയത് മുറിച്ചെടുത്താൽക്കൂടി അത് ചെത്തി മിനുക്കി വരുന്ന ലേലത്തിൽ വിറ്റഴിച്ച് അർഹമായ തുക ഉടമസ്ഥർക്ക് നൽകുന്നതിൽ വന്നിരുന്ന കാലവിളംബവുമാണ് ഉടമകളെ ഇത്തരത്തിൽ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചിരുന്നത്. അല്ലെങ്കിൽ അവരറിയാതെ പറമ്പിൽ നിൽക്കുന്ന ചന്ദനം മോഷണം പോകാനുള്ള സാധ്യത ഏറെയും!
ഇനി ഈ പറഞ്ഞതിന് അർത്ഥം സർക്കാർവക റിസർവുകളിൽ നിൽക്കുന്ന ചന്ദനമരങ്ങൾ ഒന്നും മോഷണം പോകുന്നില്ല എന്നല്ലെന്നോർക്കുമല്ലോ. ഇത്തരത്തിൽ വീട്ടുകാരുടെ മൗനാനുവാദത്തോടെ മോഷണം പോകുന്ന വീട്ടുടമസ്ഥർ പലപ്പോഴും മോഷണം സംബന്ധിച്ച് പോലീസിലോ വനംവകുപ്പ് ഓഫീസുകളിലോ പരാതിക്കായി പോകുക അന്നൊന്നും പതിവില്ലാത്തതായിരുന്നു. കാരണം സംഗതി അവരും കൂടി അറിഞ്ഞിട്ടാകുമ്പോൾ അത് തികച്ചും ന്യായം! ഒരു പരിധി വരെ സർക്കാർ ഏജൻസികളുടെ പരാജയവും ആണതെന്ന് പറയാതെ വയ്യല്ലോ. അതൊക്കെ കൊണ്ടുതന്നെ സ്വകാര്യസ്ഥലങ്ങളിൽ നിന്നതും പലപ്പോഴായി മോഷണം പോയതുമായ ചന്ദനമരങ്ങളുടെ കൃത്യമായ കണക്കുകൾ വനംവകുപ്പിന്റെ കൈവശം ഉണ്ടെന്ന് പറയാനാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.
മറ്റൊരു രസകരമായ കാര്യവും കൂടി ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു, വായിക്കുന്നവർക്കത് തമാശ ആയി തോന്നാമെങ്കിലും. അല്ലെങ്കിലും അമ്മയെത്തല്ലിയാലും ഉണ്ടാകുമല്ലോ രണ്ട് പക്ഷം. വനംവകുപ്പിന് രഹസ്യവിവരം കിട്ടുന്നത് അനുസരിച്ച് നടത്തുന്ന റെയ്ഡുകളിലും കെട്ടിട-വാഹന പരിശോധനകളിലും അപൂർവമായെങ്കിലും പട്രോളിങ്ങിനിടയിൽ സംശയാസ്പദമായിക്കണ്ട് ചോദ്യം ചെയ്യുമ്പോഴും കിട്ടുന്ന അനധികൃത ചന്ദനക്കട്ടകൾ ചിലപ്പോഴെങ്കിലും കൃത്യമായി വരവ് വയ്ക്കാതെ പോകുന്ന ഒരവസ്ഥ അന്നവിടെ ഉണ്ടായിരുന്നു എന്നതാണത്. മേൽസൂചിപ്പിച്ച കാരണങ്ങളാൽ അതിനാസ്പദമായ പരാതികൾ ഒന്നും നിലവിൽ ഉണ്ടാകില്ല എന്നത് തന്നെയാണ് അതിന്റെ പിന്നിൽ.
അതായത് വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിൽനിന്ന് മുറിച്ചതല്ലാത്തതോ പോലീസിൽ മരങ്ങൾ മോഷണം പോയത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകാത്ത സ്വകാര്യ വീട്/ പറമ്പ് ഉടമസ്ഥരുടേതല്ലാത്തതോ ആയ ചന്ദനത്തടികൾ ‘കണക്കിൽപ്പെടാത്തത്’ എന്ന വകയിൽ (Unaccounted) ചിലപ്പോഴെങ്കിലും ഫോറസ്റ്റ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്നു എന്നർത്ഥം! അതിന്റെ ഉപയോഗം എന്തെന്നല്ലേ... തെല്ലൊന്നടങ്ങൂ.... ആ ചോദ്യത്തിന് എപ്പോൾ ഉത്തരം പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എനിക്ക് തന്നുകൂടെ!
മോഷ്ടാക്കളെ ‘പിടിച്ചാലും’ (തസ്കരന്മാരെ പിടിക്കുന്നില്ല എന്നല്ല ഇവിടത്തെ വിവക്ഷ) അപൂർവമായെങ്കിലും മോഷണം പോയ തൊണ്ടിമുതലുകൾ കിട്ടാതെ വരുന്ന അവസ്ഥ സംജാതമാകാറുണ്ട്. അത്തരം അവസരങ്ങളിലും പിന്നെ പിടികൂടാൻ ഏറെ പ്രയാസമുള്ള കൊടുംകുറ്റവാളികളെ കുടുക്കാനായും വിശ്വസ്തരായ വാച്ചറന്മാരുടെ സഹായത്തോടെ ചില ഉദ്യോഗസ്ഥന്മാരെങ്കിലും ഇത്തരത്തിലെ ‘കണക്കിൽപ്പെടാത്ത തൊണ്ടിക്കഷണങ്ങൾ’ പുറത്തിറക്കി........
