'കൽപ്പാന്തകാലത്തോളം' കാത്തുവെച്ച വിസ്മയം; എം.ജി സോമനും ശ്രീമൂലനഗരം വിജയനും
പാട്ടുകൾ ഇഷ്ടമാണെങ്കിലും ഗാനരംഗങ്ങളോട് പണ്ടേ മമതയില്ല എം.ജി. സോമന്. പാട്ടിനൊത്ത് ചുണ്ടനക്കേണ്ടി വരുമെന്നറിഞ്ഞാൽ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുക. സിനിമയുടെ ഗൗരവസ്വഭാവം ചോർത്തിക്കളയും ഇത്തരം കെട്ടുകാഴ്ച്ചകൾ എന്നായിരുന്നു സോമന്റെ വിശ്വാസപ്രമാണം. എന്നിട്ടും കാലം സോമന് വേണ്ടി കാത്തുവെച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച ചില ഗാനശിൽപങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാനുള്ള നിയോഗം. ചുണ്ടനക്കിയും അല്ലാതെയും സോമൻ പ്രത്യക്ഷപ്പെട്ട ആ ഗാനരംഗങ്ങൾ എങ്ങനെ മറക്കാൻ?
ഉഷാകിരണങ്ങൾ പുൽകി പുൽകി, സുന്ദരസ്വപ്നമേ നീയെനിക്കേകിയ, ഇന്നെനിക്ക് പൊട്ടുകുത്താൻ (ഗുരുവായൂർ കേശവൻ), കൽപ്പാന്തകാലത്തോളം (എന്റെ ഗ്രാമം), ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ (മോഹിനിയാട്ടം), ആയിരം അജന്താ ചിത്രങ്ങളിൽ (ശംഖുപുഷ്പം), അനുവാദമില്ലാതെ അകത്തുവന്നു (പുഴ), എന്റെ ജന്മം നീയെടുത്തു (ഇതാ ഒരു ധിക്കാരി), വെണ്ണയോ വെണ്ണിലാവുറഞ്ഞതോ (ഇതാ ഇവിടെ വരെ), തിരയും തീരവും, ചക്രവാളം ചാമരം വീശും (അവൾ വിശ്വസ്തയായിരുന്നു), ഒരിക്കലോമന പൊന്നാറ്റിനക്കരെ (അഭിനിവേശം), കിനാവിൽ ഏദൻ തോട്ടം (ഏദൻ തോട്ടം), രാവിന്നിനൊരു പെണ്ണിന്റെ (തുറമുഖം), മറഞ്ഞിരുന്നാലും (സായൂജ്യം).....…
അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘കൽപ്പാന്തകാലത്തോളം’ ആണെന്നു പറഞ്ഞുകേട്ടിട്ടുണ്ട് സോമൻ. ആസ്വദിച്ചഭിനയിച്ചതും അതുതന്നെ. ‘എന്റെ ഗ്രാമം’ എന്ന ചിത്രത്തിൽ ശ്രീമൂലനഗരം വിജയൻ എഴുതി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ആ ഗന്ധർവഗാനത്തോടൊപ്പം സോമന്റെ മുഖം കൂടി തെളിയുന്നു മനസ്സിൽ. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒരുപാട് അപൂർവ പ്രതിഭകളുടെ ഓർമ്മ കൂടിയാണ് വിദ്യാധരൻ മാഷിന് ആ ഗാനം. പാട്ടെഴുതിയ ശ്രീമൂലനഗരം വിജയന്റെ, പിന്നെ, ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗ് സെഷനിൽ ഓർക്കസ്ട്ര നിയന്ത്രിച്ച ജോൺസൺ, പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത ബി.എ. ചിദംബരനാഥ് (സോളോ വയലിൻ), മകൻ രാജാമണി (ഗിറ്റാർ),........
