'ഞങ്ങളെ അറസ്റ്റ് ചെയ്യാം, പിന്നെ നിങ്ങളും കുടുംബവും ജീവിച്ചിരുന്നതിന് ഒരു തെളിവും ബാക്കിയുണ്ടാവില്ല’
‘‘സാറിനെ അന്വേഷിച്ചൊരാൾ വന്നിരിക്കുന്നു. കുറച്ച് നേരമായി വന്നിട്ട്. രണ്ടുതവണ വന്ന് സാറിന്റെ തിരക്ക് കഴിഞ്ഞോയെന്ന് അന്വേഷിച്ചിട്ടുപോയി. ഓരോ പ്രാവശ്യവും ചായ കുടിച്ചേച്ചും വരാം എന്ന് പറഞ്ഞ് പോയതാണ്.’’ നന്ദന വന്നുപറഞ്ഞപ്പോൾ ഞാൻ തലയുയർത്തി നോക്കി. തിരുവനന്തപുരം പിടിപി നഗറിലെ വനംവകുപ്പ് കെട്ടിടസമുച്ചയത്തിനകത്ത് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഓയുടെ ഓഫീസും പരിസരവും ആകുന്നു 'കൃത്യസ്ഥലം.'
'സാറിന്റെ ചങ്ങാതിയാണെന്നാണ് പറഞ്ഞത്. നാട്ടിൽ നിന്നാണ്. കൂടെ പഠിച്ചതാണെന്നും പറയാൻ പറഞ്ഞു'
ഇതാരാണപ്പാ ഇന്നത്തെക്കാലത്ത് ഒന്നുവിളിച്ച് സ്ഥലത്തുണ്ടോയെന്നുപോലും അന്വേഷിക്കാതെ നേരിട്ട് ഓഫീസിലേക്ക് വച്ചുപിടിച്ചിരിക്കുന്ന സതീർത്ഥ്യൻ? വന്നേക്കാൻ സാധ്യതയുള്ള ബാല്യകാല സുഹൃത്തുക്കളുടെ മുഖം ഒന്നിന് പിന്നിൽ ഒന്നായി മനസ്സിലൂടെ പാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു.
'വരാൻ പറയട്ടേ സാർ... ?' ഓഫീസ് അസിസ്റ്റന്റായ നന്ദന അക്ഷമ പ്രകടിപ്പിച്ചതാണോ? അവരെ ഒന്ന് നോക്കി 'വരാൻ പറയൂ...' എന്ന് മാത്രം പറഞ്ഞ് വീണ്ടും മുന്നിലിരുന്ന ഫയലിലേയ്ക്ക് വെറുതെ കുമ്പിട്ടിരുന്നെങ്കിലും ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല. അധികം കഴിഞ്ഞില്ല. ഡോർ വലിച്ചുതുറന്ന് സുരേഷ് (പേര് സാങ്കല്പികം) വെളുക്കെ ചിരിച്ചുകൊണ്ട് മുറിയിലേക്ക് തലനീട്ടി. പത്താം തരത്തിലും പ്രീഡിഗ്രിക്കും ഒക്കെ ഒരുമിച്ച് കുറെ തുഴഞ്ഞവരാണ്. ആൾ ശുദ്ധഗതിക്കാരനും സർവ്വോപരി അഭിമാനിയുമാണ്. അടുത്ത സുഹൃത്തുമാണ്. കക്ഷിക്ക് അന്ന് വരേയും സ്ഥിരജോലിയൊന്നും ആയിരുന്നില്ല. ഇപ്പോൾ ഒരു ജോലിയൊക്കെയായി അദ്ദേഹം തിരുവനന്തപുരത്ത് തന്നെയുണ്ട്.
പഠിത്തം ഒക്കെ ഒരു പരുവമായിട്ട് നിന്നിരുന്ന സമയത്ത് നാഗമാണിക്യമെന്നും ഗജമുത്തെന്നും വെള്ളിമൂങ്ങയെന്നും പറഞ്ഞ് വീട്ടിലുണ്ടായിരുന്ന കുറെ ലക്ഷങ്ങൾ തുലച്ചെന്ന് എനിക്കറിയാം. കുറെയെന്ന് പറഞ്ഞാൽ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് വരും! ഞാനത് മുഖതാവിൽ ഇതുവരെ ചോദിക്കാൻ ഒരുമ്പെട്ടിട്ടില്ലെങ്കിലും. പക്ഷേ, കക്ഷിയോട് സംസാരിച്ച് തുടങ്ങിയാൽ നമ്മളും ആകെ കൺഫൂഷ്യനിലായിപ്പോകും. ഇതൊക്കെ ഉള്ളതാണോ എന്ന് നമുക്കും സംശയം തോന്നിത്തുടങ്ങും. അത്രമേൽ ആധികാരികവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതും ആകും ആ കഥനം തന്നെ.
ഉപോദ്ബലകമായി അദ്ദേഹം ഒരിക്കൽ പറഞ്ഞ ഒരു കഥ ഇവിടെ കുറിക്കാം. പത്ത് മുപ്പത് കൊല്ലങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. വയനാട്ടിലെ ഏതോ അതിർത്തി പൊലീസ് ചെക്ക്‌പോസ്റ്റാണ് രംഗം. (ചെക്ക്‌പോസ്റ്റിന്റെ പേര് പറയുന്നില്ല) അവിടെ കർണാടക രജിസ്‌ട്രേഷനുള്ള ഒരു ആഡംബരക്കാർ വന്ന് നിൽക്കുന്നു. അതിൽ നിന്നിറങ്ങി വന്ന് ചെക്ക്‌പോസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ നമ്പറും വിവരങ്ങളും പറഞ്ഞു കൊടുക്കുന്ന ആളെക്കണ്ട് സംശയം തോന്നി അന്ന് ഇൻസ്‌പെക്ഷനോ മറ്റോ അവിടെ എത്തിയിരുന്ന ഒരു സബ് ഇൻസ്‌പെക്ടർ വണ്ടിയിലേയ്ക്ക് പരിശോധനക്കായി ചെല്ലുന്നു.
വണ്ടിക്കകത്ത് ധനാഢ്യരെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന മൂന്ന് തമിഴ് വംശജരാണ് ഇരിക്കുന്നത്. അതിലൊരാൾ ആടയാഭരണങ്ങൾ വാരിയണിഞ്ഞ മധ്യവയസ്ക്കയായ ഒരു സ്ത്രീയും. ഇൻസ്‌പെക്ടറുടെ നിർദ്ദേശാനുസരണം പുരുഷന്മാരിലൊരാൾ ഇറങ്ങിവരുന്നു. ലേശം മടിച്ച് നിന്നിട്ട് കാറിന്റെ ഡിക്കി തുറക്കുന്നു. അതിനുള്ളിൽ കിടന്ന പഴയ കവറുകളോ ചാക്കോ ഒക്കെ നീക്കി നോക്കിയപ്പോൾ വളരെ ഭദ്രമായി സീലുചെയ്ത നാല് മെറ്റാലിക്ക് കണ്ടയിനറുകളാണ് കണ്ടത്. അവയുടെ പുറത്ത് ചുമപ്പ് നിറത്തിൽ മനുഷ്യന്റെ ചിരിക്കുന്ന തലയോട്ടിയും കുറുകെ വച്ച എല്ലുകളും! ഒപ്പം 'DANGER' എന്ന എഴുത്തും! അത്രയും അപകടം പിടിച്ച വസ്തുക്കൾ കൊണ്ടുപോകുന്ന സുരക്ഷയൊന്നും ആ കാറിൽ കണ്ടതുമില്ല. തന്നെയുമല്ല അത് കൊണ്ട് പോകുന്നവർക്ക് സാദാ സിവിലിയൻസിന്റെ ലുക്കും. മൊത്തത്തിൽ ഒരു 'വശപ്പിശകാണെന്നാണ്' അങ്കം കുറെ കണ്ടിട്ടുള്ള നമ്മുടെ പോലീസേമ്മാന് തോന്നിയത്. അതുകൊണ്ട് തന്നെ അത് എന്താണെന്ന് അറിഞ്ഞിട്ടേ വണ്ടി വിടാൻ കഴിയൂ എന്ന്........
