സിനിമയൊന്നും ഇല്ലേ എന്ന ചോദ്യത്തിന് 'ഇല്ല മാസ്റ്റര്‍, എന്നെ ആരും വിളിക്കാറില്ല' എന്നായിരുന്നു മറുപടി
ത്യാഗരാജനും രവി കുമാറും
ഇടവേളകളും ശൂന്യതകളും ഏറെയുണ്ടായിരുന്ന ജീവിതമായിരുന്നു രവികുമാറിന്റെത്. സുധീറിന്റെയും വിന്‍സെന്റിന്റെയും കരിയറിലുണ്ടായതു പോലെ പലതും രവികുമാറിന്റെയും ജീവിതത്തില്‍ സംഭവിച്ചത് തികച്ചും യാദൃച്ഛികമാവാം. സിനിമയില്‍ നായകനായി രംഗപ്രവേശം ചെയ്ത 'ഉല്ലാസയാത്ര'ക്കാലം മുതല്‍ക്കുള്ള അടുപ്പമാണ് രവികുമാറുമായി ത്യാഗരാജനുള്ളത്. നാലോ അഞ്ചോ വര്‍ഷംമാത്രം നീണ്ടുനിന്ന ആ നായകപദവിയുടെ നാളുകളിലും വില്ലന്‍ വേഷങ്ങളും സ്‌ക്രീനില്‍ മിന്നിമറിയുന്ന കഥാപാത്രങ്ങളും അവതരിപ്പിക്കാനുള്ള ആര്‍ജവം കാണിച്ച നടനായിരുന്നു രവികുമാര്‍. സംഘട്ടനരംഗങ്ങളില്‍ ഒരു പരിധിവരെ റിസ്‌ക്കെടുക്കാന്‍ തയ്യാറായത് കൊണ്ടുകൂടിയാവാം ത്യാഗരാജനൊരുക്കിയ ആക്ഷന്‍ രംഗങ്ങളില്‍ ഈ നടന്‍ ശോഭിച്ചതും.
എങ്കിലും എല്ലാതരം വേഷങ്ങള്‍ക്കും ചേര്‍ന്ന ഒരു നടനാണ് താനെന്ന തെറ്റായ ധാരണയൊന്നും രവികുമാറിനുണ്ടായിരുന്നില്ല. ലഭിക്കുന്ന വേഷം നൂറ് ശതമാനവും സത്യസന്ധമായും ഭംഗിയായും ആവിഷ്‌കരിക്കാനുള്ള പരിശ്രമം ആ നടനില്‍ നിന്നുണ്ടായി. അവസാനംവരെ. ശശികുമാര്‍, ബേബി, ഐ.വി. ശശി തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് രവികുമാറിനുവേണ്ടി കൂടുതലും സംഘട്ടനങ്ങള്‍ ത്യാഗരാജന് ഒരുക്കേണ്ടിവന്നത്. പ്രത്യക്ഷത്തില്‍ അപകടം നിറഞ്ഞ ഒരു സീനില്‍പോലും രവികുമാറിനെ ത്യാഗരാജന്‍ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയില്ല. അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ചുരുക്കം ചില ആര്‍ട്ടിസ്റ്റുകള്‍ മാത്രമേ ധൈര്യം കാണിച്ചുള്ളൂ. അവരില്‍ രവികുമാര്‍ ഉണ്ടായിരുന്നില്ല. താനൊരു സാഹസിക നടനല്ലെന്നും തന്റെ പരിമിതികളെന്തെല്ലാമെന്നും........
© Mathrubhumi
