'മടുപ്പ് തോന്നുന്നു, പണത്തിനും പ്രശസ്തിക്കുമപ്പുറം നല്ല വേഷങ്ങള്‍ കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി'
വിജയലളിതയും വിജയശാന്തിയും
അഭിനേത്രി എന്ന നിലയില്‍ കഴിവുകളേറെയുണ്ടായിട്ടും സിനിമയില്‍ മേനിപ്രദര്‍ശനം മാത്രമായി ഒതുങ്ങിപ്പോയ നിരവധി കലാകാരികള്‍ മദിരാശിയുടെ ഏതൊക്കയോ കോണുകളില്‍ ഇന്നും അധികമാരും അറിയപ്പെടാതെ ജീവിക്കുന്നുണ്ട്. പണവും പ്രശസ്തിയും മോഹിച്ച് സിനിമയിലെത്തി, ചതിക്കുഴികളില്‍ വീണുപോയവരും ഏറെയാണ്. ഇവരില്‍ പലരുടെയും പച്ചയായ ജീവിതം ത്യാഗരാജന്‍ കണ്ടറിഞ്ഞതാണ്. ശരീരപ്രദര്‍ശനത്തിനപ്പുറം നല്ലൊരു വേഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചവരായിരുന്നു പലരും. പക്ഷേ, സിനിമയ്ക്ക് വേണ്ടത് അവരില്‍ പലരുടെയും ശരീരം മാത്രമായിരുന്നു. അതിനപ്പുറം അവരിലെ അഭിനയശേഷിയെ പുറത്തുകൊണ്ടുവരാനല്ല അക്കാലത്തെ ഭൂരിപക്ഷം സംവിധായകരും നിര്‍മ്മാതാക്കളും ആഗ്രഹിച്ചതും. അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരു മുഖമാണ് തെലുങ്ക് സിനിമയിലെ ഫീ മെയില്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെട്ട നടി വിജയലളിതയുടേത്. നൃത്തരംഗത്ത് അസാമാന്യ കഴിവുള്ള വിജയലളിതയ്ക്ക് അപൂര്‍വമായിട്ടാണെങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 'എതിരൊളി' (1970), 'നൂട്രൂക്ക് നൂറ്' (1971) തുടങ്ങിയ ചിത്രങ്ങള്‍ മാത്രം മതി വിജയലളിത എന്ന നടിയുടെ കഴിവുകള്‍ ബോധ്യപ്പെടാന്‍. ത്യാഗരാജന്‍ സിനിമയിലെത്തും മുന്‍പേ ബാലനടിയായി രംഗപ്രവേശം ചെയ്ത വിജയലളിത കന്നഡ സിനിമകളിലായിരുന്നു ഏറെയും മുഖം കാണിച്ചത്.
'ഹൈ നൂണ്‍' എന്ന അമേരിക്കന്‍ ചലച്ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1967ല്‍ ബാപ്പു രചനയും സംവിധാനവും നിര്‍വഹിച്ച തെലുങ്ക് ചിത്രമായ 'സാക്ഷി' വിജയലളിതയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു. പൂര്‍ണമായും ഔട്ട്‌ഡോര്‍ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു സാക്ഷി. ഇരുപത് ദിവസം പോലും തീയേറ്ററുകളില്‍ ഓടില്ലെന്ന് തെലുങ്ക് സിനിമാ വ്യവസായത്തിലെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും, ഏകദേശം ഒരു മാസത്തോളം പ്രദര്‍ശിപ്പിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു സാക്ഷി. 1968-ല്‍ സാക്ഷി താഷ്‌കന്റ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് വിജയലളിത അഭിനയിച്ച ഈ ചിത്രത്തിന് ലഭിച്ചത്.
കന്നഡയ്ക്ക് പുറമേ തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി ഇരുനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും എന്തുകൊണ്ടോ മികച്ച അഭിനേത്രി എന്ന നിലയില്‍ വിജയലളിതയ്ക്ക്........
© Mathrubhumi
