തിരക്കഥയുമായി നസീർ സൂപ്പർതാരങ്ങൾക്ക് പിറകേനടന്നു, ഒരാൾ പറഞ്ഞു: ഓൾഡ്മാന്റെ കൈയിലൊരു പഴഞ്ചൻ കഥയുണ്ട്
പ്രേംനനസീർ, ത്യാഗരാജൻ
പ്രിയദർശന്റെ 'കടത്തനാടൻ അമ്പാടി'യുടെ ഷൂട്ടിങ് ഹൈദരാബാദിൽ നടക്കുന്ന കാലം. മോഹൻലാലാണ് ചിത്രത്തിലെ നായകനെങ്കിലും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേംനസീറാണ്. ഫൈറ്റ് മാസ്റ്റർ ത്യാഗരാജനും. ഇരുനൂറോളം സിനിമകളിൽ പ്രേംനസീറിന് വേണ്ടി ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പായി പ്രവർത്തിച്ചത് ത്യാഗരാജനാണ്. ഫൈറ്റ് രംഗങ്ങളിൽ ഡ്യൂപ്പിനെ പരമാവധി ഉപയോഗിച്ച നടനായിരുന്നു നസീർ. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി അപകടമുള്ള പണിക്കൊന്നും നസീർ നിൽക്കാറില്ല. മറ്റൊന്ന് ഡ്യുപ്പുകൾക്ക് കിട്ടുന്ന പ്രതിഫലം താൻ കാരണം ഇല്ലാതെയാവരുത് എന്ന നല്ല മനസ്സും.
ഇങ്ങനെയൊക്കെയാണെങ്കിലും നന്നായി കുതിരയെ ഓടിക്കാൻ നസീർ പരിശീലിച്ചിരുന്നു. വടക്കൻപാട്ട് ചിത്രങ്ങളിൽ കുതിരയെ ഓടിക്കുന്ന പല രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തത്. എങ്കിലും അപകടകരമായ രംഗങ്ങളെല്ലാം തന്നെ നസീർ ഡ്യൂപ്പിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. കടത്തനാടൻ അമ്പാടിയിൽ അഭിനയിക്കുമ്പോൾ നസീറിന് അൻപത്തിയഞ്ച് വയസ്സിന് മുകളിൽ പ്രായമുണ്ട്. ത്യാഗരാജന്റെ ഗ്രൂപ്പിലുള്ളവരാണ് അക്കാലത്ത് നസീറിന് വേണ്ടി ഡ്യൂപ്പായി പ്രവർത്തിച്ചത്. അമ്പാടിയുടെ ഷൂട്ടിങ് കാലത്ത് നസീർ ത്യാഗരാജനോട് പറഞ്ഞു: 'പ്രിയന്റെ സിനിമയോടെ ഞാൻ അഭിനയം നിർത്തുകയാണ് ത്യാഗരാജൻ. മുപ്പത്തിയഞ്ച് വർഷം കഴിഞ്ഞില്ലേ ഈ വണ്ടി ഓടാൻ തുടങ്ങിയിട്ട്.'
'അഭിനയം നിർത്തിയിട്ട് സാർ എന്ത് ചെയ്യാനാ...?'
'ത്യാഗരാജനോട് ഞാൻ മുൻപ് പറഞ്ഞതാണ്. സിനിമയിൽ തുടങ്ങിയ ജീവിതമാണ് എന്റേത്.
അത് സിനിമയിൽ തന്നെ അവസാനിക്കണമെന്നാണ് ആഗ്രഹം. ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. അത് വർഷങ്ങളായുള്ള എന്റെ സ്വപ്നമാണ്.'
ഷൂട്ടിങ് കഴിഞ്ഞുള്ള ആ രാത്രി ഏറെ നേരം നസീറിന്റെ മുറിയിലായിരുന്നു ത്യാഗരാജൻ. സിനിമ സംവിധാനം ചെയ്യുക എന്നതിനപ്പുറം സിനിമയിലെ പലരും തന്നോട് കാണിച്ച നെറികേടുകളെക്കുറിച്ച് അന്നാണ് ത്യാഗരാജനോട് നസീർ മനസ്സ് തുറന്നത്. 'നമ്മൾ നിറഞ്ഞുനിൽക്കുന്ന കാലത്തെ സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടാവൂ. അത് കഴിഞ്ഞാൽ പിന്നെ........
© Mathrubhumi
