'ഒരുപാട് ശത്രുക്കള്‍ ഇപ്പോള്‍ തന്നെയുണ്ട്, ഇനി, നേതാവുകൂടിയായി ശത്രുക്കളുടെ എണ്ണം കൂട്ടരുതേ'
എം.ജി.ആറും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
സൗത്ത് ഇന്ത്യന്‍ സിനി സ്റ്റണ്ട് യൂണിയന് നിലവില്‍ വന്ന് പത്തു വര്‍ഷം കഴിഞ്ഞപ്പോഴാണ് സംഘടനയുടെ പ്രസിഡണ്ട് പദവിയില്‍ ത്യാഗരാജന് വരുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്ക് അപ്പോഴും അവസാനമായിരുന്നില്ല. വര്‍ഷംതോറും യൂണിയന് ഭാരവാഹികള്‍ മാറി വന്നപ്പോഴും അങ്ങനെയൊരു സ്ഥാനമോഹം ഒരിക്കല്‍ പോലും ത്യാഗരാജനിലുണ്ടായില്ല. എന്നിട്ടും സംഘടനയുടെ പ്രസിഡണ്ടായി ത്യാഗരാജന് നില്‍ക്കേണ്ടി വന്നത് യൂണിയനിലുള്ളവരുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു.
സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് സംഘടന രൂപീകരിച്ചതെങ്കിലും തങ്ങളുടെ ജീവിതത്തിന്റെ പൊള്ളലുകളും പിടച്ചിലുകളും പങ്കുവെക്കാനായി സ്റ്റണ്ടുകാര്‍ പലപ്പോഴും ഓടിയെത്തിയത് ത്യാഗരാജനരികിലേക്കായിരുന്നു.ആ സാന്നിധ്യം അവര്‍ക്ക് വലിയ അഭയവും ആശ്വാസവുമായിരുന്നു. അതുകൊണ്ടുതന്നെ, പതിനൊന്നാം വര്‍ഷത്തില്‍ യൂണിയനിലെ ഭൂരിപക്ഷം പേരുടെയും നിര്‍ദ്ദേശം ത്യാഗരാജനെ പ്രസിഡണ്ടാക്കണമെതായിരുന്നു. എന്നാല്‍ സംഘടനയുടെ നേതൃത്വപദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതിന്റെ കാരണങ്ങള്‍ രണ്ടായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ ത്യാഗരാജന് സിനിമയുടെ തിരക്കുകളിലേക്ക് തെറിച്ചുവീണുകൊണ്ടിരുന്ന കാലമായിരുന്നു അത്. മറ്റൊന്ന്,എല്ലാ ഭാഷാചിത്രങ്ങള്‍ക്കും സ്വീകാര്യനാവുന്നു എന്നതുകൊണ്ട് സംഘടനയിലെ മിക്ക സ്റ്റണ്ട് മാസ്റ്റര്‍മാരും ത്യാഗരാജനെ ഉള്ളില്‍ ശത്രുവായി കാണുകയാണുണ്ടായത്. ഇത്തരമൊരു സാഹചര്യം തിരിച്ചറിഞ്ഞതുകൊണ്ട് യുണിയനിലെ ഒരംഗം മാത്രമായി തുടരാനാണ് ത്യാഗരാജന് ആഗ്രഹിച്ചത്.
ഉദയായുടെ നൂറാമത് ചിത്രമായ 'കണ്ണപ്പനുണ്ണി'യുടെ ഷൂട്ടിങ്ങിനായി കേരളത്തിലേക്ക് പുറപ്പെടും മുന്‍പ്, ത്യാഗരാജനെ കാണാന്‍ സ്റ്റണ്ട് യുണിയനിലെ ചിലര്‍ വീട്ടിലെത്തി. സംഘടനയുടെ പ്രസിഡണ്ടായി ത്യാഗരാജന് നില്‍ക്കണമെന്ന അവരുടെ അപേക്ഷ തുടക്കത്തിലേ അദ്ദേഹം തള്ളിക്കളഞ്ഞെങ്കിലും ഇതേ ആവശ്യവുമായി സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ വീണ്ടും പലതവണ ത്യാഗരാജന്റെ വീട്ടിലെത്തി. ആ സമയങ്ങളിലെല്ലാം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ത്യാഗരാജന് കേരളത്തിലായിരുന്നു. വളരെ വിഷമത്തോടെ യുണിയനില്പ്പെട്ടവരോട് ശാന്തി പറഞ്ഞു: 'എന്റെ ഭര്‍ത്താവ് ജോലിയ്ക്ക് പോയാല്‍ തിരിച്ചു വരുന്നതുവരെ ഉള്ളില്‍ തീയാണ്. പലപ്പോഴും പരിക്ക് പറ്റിയാണ് അദ്ദേഹം ഇങ്ങോട്ട് കയറിവരാറുള്ളത്. ദയവായി എന്റെ കുട്ടികളുടെ അച്ഛനെ വിട്ടേക്ക്. 'ഭര്‍ത്താവിന് ഒരപകടവും ഉണ്ടാക്കരുതേയെന്ന് എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്ന ശാന്തി അന്നാദ്യമായാണ് ത്യാഗരാജന്റെ സഹപ്രവര്‍ത്തകരോട് ഒരപേക്ഷ നടത്തുന്നത്. ഉദയാ സ്റ്റുഡിയോയിലും തേക്കടിയിലുമായി മൂന്ന് ആഴ്ചയോളം നീണ്ട കണ്ണപ്പനുണ്ണിയിലെ സംഘട്ടനരംഗങ്ങള്‍ പൂര്‍ത്തീകരിച്ച് വീട്ടിലെത്തിയ ത്യാഗരാജനോട് ശാന്തിയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: 'ഒരുപാട് ശത്രുക്കള്‍ ഇപ്പോള്‍ തന്നയെുണ്ട്. ഇനി, യൂണിയന് നേതാവുകൂടിയായി ശത്രുക്കളുടെ എണ്ണം കൂട്ടരുതേ. ഭാര്യയുടെ കരുതലും ആശങ്കകളും തിരിച്ചറിയാന്‍ കഴിയാഞ്ഞിട്ടല്ല, പക്ഷേ, അതിനപ്പുറം ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തിനു വിള്ളല്‍ വീഴ്ത്തരുതെന്ന് ത്യാഗരാജന് ആഗ്രഹിച്ചിരുന്നു. ആ രാത്രിയില്‍ ശാന്തിയെ സമാധാനിപ്പിച്ചശേഷം ത്യാഗരാജന് പറഞ്ഞു. 'സിനിമ എനിക്ക് തരുന്ന ചോറിന് എന്റെ ജീവന്റെ വിലകൂടിയുണ്ടെന്നറിയാമല്ലോ. അതുപോലെ തന്നെയാണ് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച സ്റ്റണ്ടുകാരുടെയും ജീവിതം. അവരില്‍ നിന്നു മാറി ജീവിക്കാന്‍ എനിക്കാവില്ല. നീ എന്നെ മനസ്സിലാക്കാതെ പോവരുത്.'
തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ........
© Mathrubhumi
