'ചെറ്റ'കള്‍ക്ക്‌ നല്ലകാലം!

കുലംകുത്തി, പരനാറി, നികൃഷ്‌ടജീവി എന്നീ പദങ്ങള്‍ക്കുശേഷം നിഘണ്ടുവിന്റെ നിലവറയില്‍നിന്നും മറ്റൊരു പദത്തിനുകൂടി മോക്ഷംലഭിച്ചിരിക്കുന്നു. 'ചെറ്റയാം വിടന്‍, ഞാന്‍ കഷ്‌ടമെങ്ങിനെ കണ്ണാടി നോക്കും?' എന്ന്‌ പു.ക.സയുടെ അധ്യക്ഷന്‍കൂടിയായ വൈലോപ്പള്ളി പ്രവാചക സ്വഭാവത്തോടെ പ്രയോഗിച്ചശേഷം, ആട്ടും തുപ്പും കൊണ്ട്‌, അവഗണനയുടെ പടുകുഴിയിലായിരുന്നു 'ചെറ്റ'യുടെ സ്‌ഥാനം. അഴിമതിയും സ്വജനപക്ഷപാതവും അവസരവാദവും കൊടിയടയാളമാക്കാത്ത ഒരു മുന്‍മന്ത്രി. ഉള്ളതു പറയുന്ന പ്രകൃതം. തെറ്റുകൂടാതെ രാമായണം വായിക്കും കമ്യൂണിസ്‌റ്റുകാരല്ലാത്തവരിലും നല്ലവരും യോഗ്യന്മാരുമുണ്ടെന്ന വിശ്വാസം. ഇതില്‍കൂടുതല്‍ അയോഗ്യതകളൊന്നും ജി. സുധാകരന്‌ ചാര്‍ത്തിക്കൊടുക്കാനാവില്ല. എന്നാല്‍ അവഗണനയുടെ വീട്ടുതടങ്കലാണ്‌ വാര്‍ധക്യകാല പെന്‍ഷനായി പാര്‍ട്ടി അദ്ദേഹത്തിനനുവദിച്ചു നല്‍കിയത്‌! ഇത്രയൊക്കെ ചെയ്‌തിട്ടും അരിശം തീരാതെ, പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന്‌ അമ്പലപ്പുഴയില്‍ പണ്ട്‌ കുഞ്ചന്‍ നമ്പ്യാര്‍ പാടിയതുപോലെയായി പുത്തന്‍ പ്രയോഗം! ചെറ്റയെന്നൊരു വാക്കല്ലാതെ തന്റെ നിഘണ്ടുവില്‍ മുന്‍ സഖാവിന്‌ അണിയിച്ചുകൊടുക്കാന്‍ തന്റെ കയ്യിലൊന്നും കാണുന്നില്ലെന്ന്‌ ഔദാര്യപൂര്‍വം മുഖ്യമന്ത്രി പറഞ്ഞതിനെ നമുക്ക്‌ അവിശ്വസിക്കേണ്ടതില്ല. ചെറ്റക്കുടിലില്‍ രാപാര്‍ത്തും ചാത്തന്റെ ദുരവസ്‌ഥകളുടെ പങ്കുപറ്റിയും ഒളിവുജീവിതത്തെ സ്വാര്‍ഥകമാക്കിയ ആദ്യകാല സഖാക്കള്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി. ആ ഒളിവു ജീവിതം വര്‍ണപ്പൊലിമയോടെ ആത്മകഥയാക്കി അവാര്‍ഡു വാങ്ങിയവരുമുണ്ട്‌. ഇ.എം.എസും എ.കെ.ജിയും കൃഷ്‌ണപിള്ളയുമൊക്കെ ചെറ്റകളുടെ ഉപ്പും ചോറും ഏറെ കഴിച്ചിട്ടുണ്ട്‌. അധികാരത്തിന്റെ അന്തപുരങ്ങളിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പരിപ്പുവടയും കട്ടന്‍ചായയുമായി അതു പുരോഗമിച്ചു. ചെറ്റക്കുടിലില്‍നിന്നും ചായക്കട, വായനശാല, കള്ളുഷാപ്പ്‌ രാഷ്‌ട്രീയത്തിലേക്ക്‌ പുരോഗമിച്ചു. തുടര്‍ഭരണത്തിന്റെ വസന്തകാലത്ത്‌ വീണ്ടും കാര്യങ്ങള്‍ മെച്ചപ്പെട്ടു. പാര്‍ട്ടിക്കാര്‍ക്കും കാറും വീടും പത്രാസുമായാലെന്താ എന്നായി. പഠിക്കാതെയും പരീക്ഷ പാസാവും. ടെസ്‌റ്റ്‌ എഴുതാതെ പിന്‍വാതിലിലൂടെ കയറിപ്പറ്റാം. നാലു വിദ്യാര്‍ഥികള്‍ക്ക്‌ ഒരു അധ്യാപകന്‍ എന്ന കണക്കില്‍ വളര്‍ന്ന്‌ തിടം വച്ച സംസ്‌കൃത സര്‍വകലാശാലയാണ്‌ മാതൃക. നിയമനവും പ്രവേശനവും പിന്‍വാതില്‍ വഴിമാത്രം എന്നതാണ്‌ മുഖവാചകം. പി.എസ്‌.സി. ഭരിക്കുന്നവര്‍ക്ക്‌ രാഷ്‌ട്രപതിയേക്കാള്‍ ശമ്പളം. ടെസ്‌റ്റും അഭിമുഖവും നടത്തി റാങ്ക്‌ ലിസ്‌റ്റ്‌ ക്യാന്‍സല്‍ ചെയ്യുക എന്നതാണ്‌ ആകെയുള്ള കലാപരിപാടി. അമ്പല- പള്ളി കമ്മിറ്റികള്‍, ലൈബ്രറി കൗണ്‍സില്‍, ഗുരുവായൂര്‍-ശബരിമല ഭണ്ഡാരങ്ങള്‍ എന്നു വേണ്ട എവിടെ സ്വര്‍ണവും പണവുമുണ്ടോ അവിടെക്കെ ഭരണം വേണം! മൊത്തം 'ചെറ്റ'കളുടെ ആധിപത്യം! ഹിറ്റ്‌ലറുടെ കോഴിയാവാനാണ്‌ ജനാധിപത്യത്തിലെ വോട്ടറുടെ തലയിലെഴുത്ത്‌. അഞ്ചുകൊല്ലം തൂവലുകള്‍ പിഴുതെടുത്തും കഴുത്തു ഞെരിച്ചും പീഡിപ്പിക്കുന്ന ജനത്തെ, തെരഞ്ഞെടുപ്പുകാലത്ത്‌ നാലഞ്ച്‌ അരിമണി വിതറി ചേര്‍ത്തുനിര്‍ത്തുന്നതാണ്‌ ജനാധിപത്യത്തിലെ ഫലിതക്കാഴ്‌ച. 'കേരള'യെ 'കേരളമാ'ക്കിയ വേളയില്‍ 'ചെറ്റ'പോലുള്ള തനി മലയാള പദങ്ങള്‍ക്ക്‌ ബിരുദനാമമായി ഉയര്‍ച്ച ലഭിച്ചത്‌ നന്നായി. നാടെമ്പാടും തിരഞ്ഞാല്‍ അങ്ങാടിപ്പെട്ടിയില്‍പ്പോലും കിട്ടാത്ത നല്ല കമ്യൂണിസ്‌റ്റുകാര്‍ക്ക്‌ മുഖ്യമന്ത്രി തന്നെ ഇത്തരം കിരീടങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നതില്‍ ഒരു ഔചിത്യഭംഗികൂടിയുണ്ട്‌. ആദരപൂര്‍വം ആ വാഗ്വിലാസത്തെ, ഭാഷാഭൂഷണത്തെ ജി. സുധാകരന്‍ ഏറ്റുവാങ്ങി തന്റെ മൗലിയില്‍ ചൂടുകയും ചെയ്‌തു! അങ്ങിനെ ഈ തെരഞ്ഞെടുപ്പുകാലത്ത്‌ ഒരു സംശുദ്ധ മലയാള പദത്തിനുകൂടി മോക്ഷം ലഭിച്ചിരിക്കുന്നു. ജഞാനസ്‌നാനം ചെയ്‌ത്‌ വിശുദ്ധപ്പെട്ടിരിക്കുന്നു!

പായിപ്ര രാധാകൃഷ്‌ണന്‍


© Mangalam