'ബി.ജെ.പിയുമായി ഡീല്‍ നടത്താത്ത ഒരാളും കെ.പി.സി.സി. തലപ്പത്തില്ല' : എ. വിജയരാഘവന്‍

വര്‍ഗീയതയുമായി സ്‌ഥിരം സന്ധി ചെയ്‌ത പ്രതിഭാസമാണ്‌ കേരളത്തിലെ യു.ഡി.എഫിനുള്ളതെന്നു സി.പി.എം. പോളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവന്‍. ബി.ജെപിയുമായി ഡീല്‍ നടത്താത്ത ഒരാളും കെ.പി.സി.സിയുടെ തലപ്പത്തുണ്ടാകില്ല. ജി. സുധാകരനെതിരേ ചാരുതയുള്ള വാക്‌പ്രയോഗമാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

? പത്തിടങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീലാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച്‌

പത്താക്കി ചുരുക്കിയതുതന്നെ നല്ല കാര്യം. വിലയുള്ള വാക്കേ പ്രതിപക്ഷ നേതാവ്‌ പറയാവൂ. എല്ലാ വിഭാഗത്തിന്റെയും പിന്തുണയാര്‍ജിക്കാനാകുന്ന നല്ല സ്‌ഥാനാര്‍ഥിയെ പാലക്കാട്‌ നിര്‍ത്തിയതാണ്‌ സതീശന്റെ ബുദ്ധിമുട്ട്‌. പാലക്കാട്ടെ കോണ്‍ഗ്രസിന്‌ മുതല്‍ക്കൂട്ടാവുമെന്ന്‌ സതീശനും ഷാഫിയും പറഞ്ഞ സ്‌ഥാനാര്‍ഥിയെ പിന്നീട്‌ എവിടെയാണു കണ്ടതെന്ന്‌ എല്ലാവര്‍ക്കുമറിയാം. വര്‍ഗീയതയ്‌ക്കെതിരായ കൃത്യമായ നിലപാട്‌ സതീശനില്ല. സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്ന സൂക്‌തങ്ങള്‍ക്ക്‌ ഒരു വിലയുമില്ല. അതാണ്‌ അവരുടെ വ്യക്‌തിത്വം. ഹിന്ദുത്വ ശക്‌തിയുമായി സന്ധി ചെയ്ുന്നു. മുസ്ലിം വര്‍ഗീയതയുമായുള്ള സ്‌ഥിരം സഖ്യം ദശാബ്‌ദങ്ങളായി നിലനില്‍ക്കുന്നു. അതുവഴി രാഷ്‌ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയതയ്‌ക്ക്‌ കീഴ്‌പ്പെടാതെ യു.ഡി.എഫിനു മുന്നോട്ടുപോകാനാകില്ല.

? പാര്‍ട്ടിയില്‍നിന്ന്‌ നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച്‌

ബൂര്‍ഷ്വാ സമൂഹത്തിലാണു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്‌. സ്വാഭാവികമായും മൂല്യബോധമില്ലായ്‌മയും തീവ്രവര്‍ഗീയവല്‍ക്കരണവും വര്‍ധിക്കും. ഇത്തരം ആപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രതയും പാര്‍ട്ടി സമ്മേളനങ്ങളില്‍ നല്‍കാറുണ്ട്‌. എങ്കിലും അത്യപൂര്‍വമായി ചിലയാളുകള്‍ ഇത്തരം തെറ്റുകള്‍ക്ക്‌ വിധേയരാകാറുണ്ട്‌. പാര്‍ട്ടിക്കകത്തു പരിശീലിപ്പിച്ചെടുക്കേണ്ട ഉന്നതമായ ജീവിതചര്യകളിലും മൂല്യങ്ങളിലും കുറവ്‌ സംഭവിക്കുന്നുണ്ടോയെന്ന്‌ ആത്മപരിശോധന നടത്തുന്നുണ്ട്‌. മറുകണ്ടംചാടിയ ഒരാളും പൊതുജീവിതത്തില്‍ മെച്ചപ്പെട്ടിട്ടില്ല.

? ജി. സുധാകരനെതിരേ മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശം വലിയ ചര്‍ച്ചയായല്ലോ

ജി. സുധാകരനെതിരേ ചാരുതയുള്ള ഒരു വാക്‌പ്രയോഗമാണ്‌ മുഖ്യമന്ത്രി നടത്തിയത്‌. വാക്കിന്റെ പ്രയോഗ ചാരുത സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ്‌. ദോഷൈകദൃക്കുകള്‍ അവരുടെ ദൃഷ്‌ടിക്കനുസരിച്ച്‌ അതിനെ വ്യാഖ്യാനിക്കും. അത്തരമൊരു വ്യാഖ്യാനം കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തി. അതിനെ ആ നിലയ്‌ക്ക്‌ കണ്ടാല്‍ മതി. ഏതു വാക്കിന്റെയും അര്‍ഥം അതിന്റെ പ്രയോഗപരത അനുസരിച്ച്‌ മാറും. അശ്ലീലമെന്ന വാക്കിന്റെ അര്‍ഥം തന്നെ ഉദാഹരണം. ചിലത്‌ അശ്ലീലമാണെന്നു തോന്നാം. എന്നാല്‍ അത്‌ എല്ലാത്തരത്തിലും അശ്ലീലമാകണമെന്നില്ല. അതിന്റെ ഉപയോഗക്ഷമതയിലാണ്‌ ശ്ലീലവും അശ്ലീലവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ രൂപപ്പെടുത്തുന്നത്‌. നഗ്‌നയായ കുട്ടിയെ കാണുമ്പോള്‍ അശ്ലീലം ഉണ്ടാവുമോ. ഒരുവലിയ ശില്‍പ്പി ഒരുനഗ്‌നചിത്രം വരച്ചാല്‍ അത്‌ അശ്ലീലമാകുമോ? എങ്ങനെ വീക്ഷിക്കുന്നു എന്നതില്‍ നിന്നാണ്‌ അശ്ലീലം ഉണ്ടാകുന്നത്‌. വീക്ഷണമാണ്‌ പ്രധാനം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ കാര്യവും അങ്ങനെയാണ്‌. വാക്കിന്റെ പ്രയോഗം ഒറ്റപ്പെടുത്തിയെടുത്ത്‌ പറയുന്നതാണ്‌.

? ഇത്തവണ ബി.ജെ.പി. അക്കൗണ്ട്‌ തുറക്കുമോ

അക്കൗണ്ട്‌ തുറക്കാനുള്ള അതിയായ ആഗ്രഹം അവര്‍ക്കുണ്ടെങ്കിലും അത്‌ സാധ്യമാകില്ല. അതിനായുള്ള മികച്ച പ്രവര്‍ത്തനമാണ്‌ എല്‍.ഡി.എഫ്‌. നടത്തുന്നത്‌.

? എല്‍.ഡി.എഫിന്‌ എത്ര സീറ്റ്‌ ലഭിക്കും

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ്‌ ലഭിക്കും. യു.ഡി.എഫിനെപ്പോലെ രാവിലെ എഴുന്നേറ്റ്‌ ചന്തയില്‍ വില പറയുംപോലെ വിളിച്ചുപറയാനാകില്ലല്ലോ. ഇതു ജനവിധിയാണ്‌. ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോടു ജനം അനുകൂലവിധിയെഴുതും.

? പാണക്കാട്‌ സാദിഖലി തങ്ങള്‍ക്കെതിരായ സാമൂഹികമാധ്യമ അവഹേളനത്തെക്കുറിച്ച്‌

സാമൂഹിക മാധ്യമങ്ങളില്‍ എന്നെക്കുറിച്ച്‌ എന്തെല്ലാം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട്‌. അതിലൊന്നും ബേജാറാകേണ്ടതില്ല. ഏതു മാന്യനെയും അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയാ സമൂഹം മാറി. അതു ശരിയായ നിലപാടല്ല. സാദിഖലി തങ്ങള്‍ മാന്യമായി രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നയാളാണ്‌. രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായി നേരിടണം. ഇടതുപക്ഷം അങ്ങനെയാണ്‌ ചെയ്ാറുള്ളത്‌. അല്ലാതെ വ്യക്‌തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവനകള്‍ നടത്താറില്ല.

? കഴിഞ്ഞ 10 വര്‍ഷത്തെ എല്‍.ഡി.എഫ്‌. ഭരണത്തെ വിലയിരുത്തിയാല്‍

കാലം കേരളത്തോട്‌ ആവശ്യപ്പെടുന്ന മനുഷ്യനന്മകളുടെ പരിരക്ഷ ഉറപ്പാക്കുന്ന നിലപാടും കാഴ്‌ചപ്പാടും ഇടതുപക്ഷത്തിന്‌ മാത്രമേയുള്ളൂ എന്ന്‌ ജനം തിരിച്ചറിഞ്ഞു. കേരളത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ്‌ മുന്‍കാലങ്ങളില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ക്ക്‌ വിപുലീകരിക്കാന്‍ പത്തുവര്‍ഷത്തെ ഇടതുഭരണത്തിനായി. കേരളത്തിന്റെ വളര്‍ച്ച സംബന്ധിച്ച്‌ വീക്ഷണ സമഗ്രതയാണ്‌ ഇടതുപക്ഷത്തിന്റെ പ്രത്യകത. സാമൂഹിക തുല്യതയിലേക്കുള്ള മുന്നേറ്റത്തിന്‌ സഹായകമാകുന്ന നയങ്ങളാണ്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്‌. എല്ലാ വിഭാഗം ജനങ്ങളിലും പൊതുവളര്‍ച്ച ഉറപ്പാക്കാനായി. സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയത്തെ കേരളം ഫലപ്രദമായി പ്രതിരോധിച്ചു. സമൂഹം മതസ്‌പര്‍ധയുടെ പേരില്‍ ഭിന്നിക്കപ്പെടാന്‍ പാടില്ല എന്നതാണ്‌ ഇടതുപക്ഷ കാഴചപ്പാട്‌.

? സര്‍ക്കാരിന്റെ എടുത്തുപറയേണ്ട ഇടപെടലുകളും പദ്ധതികളും

ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെയുള്ള കേരളീയ സമൂഹത്തില്‍ അപരവിദ്വേഷം വളര്‍ത്താനുള്ള സംഘപരിവാര്‍ നീക്കം ഫലപ്രദമായി തടയാന്‍ സര്‍ക്കാരിനായി. മനുഷ്യര്‍ തമ്മിലുള്ള ആശയ വിനിമയം പുരോഗമനപരവും മതനിരപേക്ഷതയോടെയും നടക്കുന്ന സംസ്‌ഥാനമാണിവിടം. അതിന്‌ പോറലേല്‍ക്കാതിരിക്കാനുള്ള രാഷ്‌ട്രീയ ജാഗ്രത ഇടതുപക്ഷം കൈക്കൊണ്ടു. ലോകത്തിലേക്ക്‌ വളര്‍ന്ന മലയാളിയുടെ സാധ്യതകള്‍ കേരളം ഫലപ്രദമായി ഉപയോഗിച്ചു. ലോകത്തിലെ മാറ്റങ്ങളെ നേരിടാന്‍ കേരളീയ സമൂഹത്തിന്‌ ആത്മവിശ്വാസം പകര്‍ന്നു. അതിനായി സാമൂഹിക ഘടനയെ പരിവര്‍ത്തനപ്പെടുത്തി. സമൂഹത്തിന്റെ ധൈഷണിക വളര്‍ച്ച സാധ്യമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം കൊണ്ടുവന്നു. സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി. അഞ്ചു ലക്ഷം പേര്‍ക്ക്‌ വീട്‌ നല്‍കി. ആരോഗ്യ വിദ്യാഭ്യാസ മേഖലിയില്‍ വലിയ വളര്‍ച്ച നേടി. അതിന്റെ തുടര്‍ച്ച കരുതലോടെ പൂര്‍ത്തീകരിക്കേണ്ട ഒന്നാണ്‌. ഭരണഘടനാ ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തവിധം ഗവര്‍ണര്‍മാരെവരെ ഉപയോഗിച്ച്‌ കേരളത്തെ ദ്രോഹിച്ച കേന്ദ്ര സര്‍ക്കാരിന്റെ അനീതികളെ നേരിട്ടാണ്‌ കേരളം വികസന മുന്നേറ്റം സാധ്യമാക്കിയത്‌. അടിസ്‌ഥാന മേഖലയില്‍ ലക്ഷം കോടിയുടെ വികസനം സാധ്യമാക്കി. ആറുവരിപ്പാത പൂര്‍ത്തിയാക്കി. ഇടതുപക്ഷത്തെ നിരാകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കേരളം കൈവരിച്ച വളര്‍ച്ചയെ നിരാകരിക്കാനാകില്ല.

? സ്‌ഥാനാര്‍ഥി നിര്‍ണയം എല്ലാ മുന്നണികളിലും വിവാദമുണ്ടാക്കിയല്ലോ

സീറ്റിനുവേണ്ടി യു.ഡി.എഫില്‍ അടിയാണ്‌. ഡല്‍ഹിക്കു പോയ കോണ്‍ഗ്രസ്‌ നേതാക്കള്‍ കരഞ്ഞുവരുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കണ്ണീരും നിരാശയുമാണെങ്ങും. ലീഗില്‍ പണ്ട്‌ പാണക്കാട്ടു നിന്നും സ്‌ഥാനാര്‍ഥിയെ നിര്‍ണയിച്ചാല്‍ അപശബ്‌ദമുണ്ടാകാറില്ല. ഇപ്പോള്‍ അപശബ്‌ദമല്ല, പ്രതിഷേധം തന്നെ രൂപപ്പെടുന്നു. കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ തടസം നില്‍ക്കുന്ന പ്രതിലോമ ശക്‌തികളോട്‌ പൂര്‍ണമായി സന്ധി ചെയ്ുകയാണ്‌ യു.ഡി.എഫ്‌. അവര്‍ക്ക്‌ വ്യക്‌തിത്വമുള്ള നയമില്ല. രാഷ്‌ട്രീയ അവസരവാദംകൊണ്ട്‌ നിലനില്‍പ്പ്‌ ഉറപ്പിക്കാനാണ്‌ ശ്രമം.

? ലീഗ്‌ കോട്ടയായ മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ

്‌ഞങ്ങള്‍ എത്ര തോല്‍വിയാണു മലപ്പുറത്ത്‌ നേരിട്ടത്‌. ആദ്യമായി തോറ്റ പോലെയാണ്‌ ചോദ്യം. തോല്‍വിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡാണ്‌ മലപ്പുറത്ത്‌ സി.പി.എമ്മിന്‌. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ കണക്കാക്കിയല്ല പാര്‍ട്ടി മുന്നോട്ടുപോകുന്നത്‌. അതിനര്‍ഥം തോല്‍ക്കാന്‍ വേണ്ടി മത്സരിക്കുന്നു എന്നല്ല, ജയിച്ചാല്‍ സന്തോഷം. മലപ്പുറം ജില്ലയില്‍ തോല്‍ക്കാത്ത ഒരു ലീഗ്‌ നേതാവുമില്ല. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ ബഷീര്‍, കെ.പി.എ. മജീദ്‌, എം.കെ. മുനീര്‍ തുടങ്ങി എല്ലാവരും തോറ്റിട്ടുണ്ട്‌. ലീഗിന്‌ ഏറ്റവും വലിയ തിരിച്ചടിയാണ്‌ വരാന്‍ പോകുന്നത്‌.

? മങ്കടയില്‍ സി.പി.എം. സ്‌ഥാനാര്‍ഥിയെ പിന്‍വലിക്കാനുള്ള സാഹചര്യം

പാണക്കാട്‌ തങ്ങള്‍ പ്രഖ്യാപിക്കുന്ന സ്‌ഥാനാര്‍ഥിയെ എതിര്‍പ്പില്ലാതെ അംഗീകരിക്കുകയെന്ന ലീഗിലെ പതിവ്‌ തെറ്റി. മങ്കട ലീഗ്‌ മണ്ഡലം പ്രസിഡന്റ്‌ കുന്നത്ത്‌ മുഹമ്മദിന്റെ രാജി ഉദാഹരണം. മുഹമ്മദ്‌ എല്‍.ഡി.എഫിന്റെ പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. മങ്കടയില്‍ ജയിക്കുകയെന്നതാണ്‌ പ്രധാനം. മഞ്ഞളാംകുഴി അലി ചതിച്ചുപോയതാണ്‌. അതിനു മറുപടി നല്‍കണം.


© Mangalam