ഇന്ന് നിരീക്ഷണം, നാളെ സംരക്ഷണം ,ഇന്ന് ലോക കാലാവസ്‌ഥാ ദിനം |
ലോക കാലാവസ്‌ഥാ സംഘടന 1950-ല്‍ സ്‌ഥാപിതമായതിനെ അനുസ്‌മരിക്കാനും കാലാവസ്‌ഥാ-ജലവിഭവ സേവനങ്ങള്‍ പൊതുസുരക്ഷയ്‌ക്കും സമൂഹക്ഷേമത്തിനും നല്‍കുന്ന നിര്‍ണായക സംഭാവനകളെ ഓര്‍മപ്പെടുത്താനുമാണ് മാര്‍ച്ച് 23 ന് ലോക കാലാവസ്‌ഥാ ദിനം ആചരിക്കുന്നത്. 'ഇന്ന് നിരീക്ഷണം, നാളെ സംരക്ഷണം' എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം. അതിതീവ്ര കാലാവസ്‌ഥാ ദുരന്തങ്ങളില്‍നിന്നു ജീവന്‍ രക്ഷിക്കാനും ദുരന്തങ്ങള്‍ക്കെതിരേ സമൂഹങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അതുവഴി ഭാവിയെ സുരക്ഷിതമാക്കാനും തുടര്‍ച്ചയായ കാലാവസ്‌ഥാ നിരീക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. കാലാവസ്‌ഥാ അവബോധം, മുന്‍കരുതല്‍ മുന്നറിയിപ്പുകള്‍, പ്രാദേശിക നിരീക്ഷണം എന്നിവയില്‍ യുവജനങ്ങളും സമൂഹങ്ങളും വഹിക്കുന്ന പങ്കും ഈ കാലാവസ്‌ഥാ ദിനത്തില്‍ ഉന്നല്‍ നല്‍കുന്നു.കാലാവസ്‌ഥയ്‌ക്ക് അതിര്‍വരമ്പുകള്‍ ഇല്ല. അതുകൊണ്ടു കൃത്യമായ പ്രവചനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള നിരീക്ഷണം ആവശ്യമാണ്. ഒരു രാജ്യത്തെ കാലാവസ്‌ഥ പ്രവചിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും ആവശ്യമാണ്. അതിനാല്‍ വിശ്വാസത്തിലും തുറന്ന ഡേറ്റാ പങ്കിടലിലും അധിഷ്‌ഠിതമായ രാജ്യാന്തര സഹകരണം ശക്‌തിപ്പെടുത്തുന്നത് പ്രവചനങ്ങളുടെ കൃത്യതയും സമയപരിധിയും മെച്ചപ്പെടുത്താനും ഫലപ്രദമായ കാലാവസ്‌ഥാ സേവനങ്ങള്‍ ഉറപ്പാക്കാനും അനിവാര്യമാണ്.ലോക കാലാവസ്‌ഥാ സംഘടനയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര നിരീക്ഷണത്തെയും പ്രവചന സംവിധാനത്തെയും ആശ്രയിച്ചാണ് സാമ്പത്തിക ആസൂത്രണം, അടിസ്‌ഥാന സൗകര്യ വികസനം, കൃഷി, ആരോഗ്യം, ജലവിഭവം, ഊര്‍ജ പരിപാലനം എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിതീവ്ര കാലാവസ്‌ഥാ സംഭവങ്ങള്‍ കാരണം 1970 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 4.3 ട്രില്യണ്‍ യു.എസ്. ഡോളറിലധികം സാമ്പത്തിക നഷ്‌ടവും 20 ലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍കരുതല്‍ മുന്നറിയിപ്പു സംവിധാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. അതിനാല്‍, കൃത്യതയാര്‍ന്ന പ്രവചന സംവിധാനങ്ങള്‍ ആഡംബരമല്ല, അത്യാവശ്യമാണ്. 24 മണിക്കൂര്‍ മുമ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ കൊണ്ടുപോലും നാശനഷ്‌ടം 30% വരെ കുറയ്‌ക്കാന്‍ കഴിയും.കാലാവസ്‌ഥാമാറ്റം മൂലം ഉഷ്‌ണതരംഗങ്ങള്‍, അതിവൃഷ്‌ടി, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍ എന്നിവ കൂടുതല്‍ ശക്‌തവും സാധാരണവും ആകുമ്പോള്‍ കാലാവസ്‌ഥാ നിരീക്ഷണങ്ങള്‍ അത്യന്തം നിര്‍ണായകമാകുന്നു. കരയും കടലും ചൂടുപിടിക്കുന്നതും മഞ്ഞും ഹിമാനികളും ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഇവ അനിവാര്യമാണ്. രാജ്യാന്തര നിരീക്ഷണ സംവിധാനത്തില്‍ ഇപ്പോഴും ചില പോരായ്‌മകള്‍ നിലനില്‍ക്കുന്നു. ഈ സംവിധാനങ്ങളെ ശക്‌തിപ്പെടുത്തുകയും ധനസഹായം ഉറപ്പാക്കുകയും ചെയ്യുന്നത് സാമ്പത്തിക സുരക്ഷയ്‌ക്കും ദുരന്ത പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സുസ്‌ഥിര ഭാവിക്കും നിര്‍ണായകമാണ്. രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ള ഈ വിടവുകള്‍ നികത്തുന്നതിന് സംഘടന പ്രതിജ്‌ഞാബദ്ധമാണ്. നാലു ദശകങ്ങളിലായി സ്‌ഥല-കാല അടിസ്‌ഥാനത്തിലുള്ള കാലാവസ്‌ഥാ നിരീക്ഷണങ്ങളുടെ വ്യാപനം പ്രവചനങ്ങളുടെ കൃത്യതയെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉപഗ്രഹങ്ങള്‍, ഡോപ്ലര്‍ കാലാവസ്‌ഥാ റഡാറുകള്‍, സമുദ്ര ബോയെകള്‍, വിമാന നിരീക്ഷണങ്ങള്‍, കപ്പലുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന കാലാവസ്‌ഥാ നിലയങ്ങള്‍ എന്നിവയുടെ ഏകീകരണം ഡേറ്റാ ശേഖരണത്തിന്റെ വ്യാപ്‌തിയും ആവൃത്തിയും വര്‍ധിപ്പിച്ചു.ഈ നിരീക്ഷണങ്ങള്‍ നല്‍കുന്ന ഡേറ്റ സംയോജിപ്പിച്ച് കാലാവസ്‌ഥാ പ്രവചന മോഡലുകളുമായി ഏകീകരിക്കുന്നതിലൂടെ കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവചനം സാധ്യമാക്കുന്നു. ഇതിന്റെ ഫലമായി, ഇന്ന് 57 ദിവസം മുമ്പേ നല്‍കുന്ന പ്രവചനങ്ങള്‍ 1980-കളിലെ 23 ദിവസത്തെ പ്രവചനങ്ങളുടെ കൃത്യതയ്‌ക്ക് സമാനമായ നിലയില്‍ എത്തിയിരിക്കുന്നു.
ഡോറ്റാ ശേഖരണ രാജ്യാന്തര ചട്ടക്കൂട്
പ്രതിദിനം ഭൂമിയിലെ ആയിരക്കണക്കിന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, സമുദ്ര ബോയെകള്‍, കപ്പലുകള്‍, വിമാനങ്ങള്‍, ഉപഗ്രഹങ്ങള്‍ എന്നിവയുടെ സഹായത്തോടെ താപനില, ഈര്‍പ്പം, മര്‍ദം, മഴ, കാറ്റ് തുടങ്ങിയ നിരവധി കാലാവസ്‌ഥാ ഘടകങ്ങള്‍ ശേഖരിക്കുന്നു. ഇത് ലോക കാലാവസ്‌ഥാ സംഘടനയുടെ സംയോജിത രാജ്യാന്തര നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ്. കാലാവസ്‌ഥ പ്രവചനങ്ങള്‍ 24 മണിക്കൂറും ആഴ്‌ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന രാജ്യാന്തര നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള ഡേറ്റയെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ പ്രവചനങ്ങള്‍ക്ക് തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ അനിവാര്യമാണ്. അവികസിത, പിന്നാക്ക രാജ്യങ്ങളിലെയും ചെറിയ ദ്വീപ് രാഷ്‌ട്രങ്ങളിലെയും നിരവധി നിരീക്ഷണ നിലയങ്ങള്‍ പ്രവര്‍ത്തനരഹിതമോ മിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതോ ആയതിനാല്‍, ഗണ്യമായ ഡേറ്റ വിടവുകള്‍ ഇപ്പോഴുമുണ്ട്. ഇതു പ്രവചനങ്ങളുടെ കൃത്യത കുറയ്‌ക്കുന്നു.മെച്ചപ്പെട്ട നിരീക്ഷണങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം ദുരന്ത മുന്നൊരുക്കങ്ങള്‍ ശക്‌തിപ്പെടുത്താനും സഹായിക്കുന്നു. ഈ സാഹചര്യത്തില്‍, പാരിസ്‌ഥിതികദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ദുരന്ത അപകടസാധ്യത കുറയ്‌ക്കാനും കാലാവസ്‌ഥാ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സാമൂഹിക അടിസ്‌ഥാനത്തിലുള്ള കാലാവസ്‌ഥാ നിരീക്ഷണം നിര്‍ണായക പങ്ക് വഹിക്കുന്നു.
നിര്‍ണായകം നിരീക്ഷണങ്ങള്‍
ശേഖരിക്കുന്ന ഓരോ നിരീക്ഷണവും പുറപ്പെടുവിക്കുന്ന ഓരോ പ്രവചനവും പ്രചരിപ്പിക്കുന്ന ഓരോ മുന്നറിയിപ്പും കൈമാറ്റം ചെയ്യുന്ന ഓരോ ഡേറ്റാസെറ്റും ഒടുവില്‍ നാളെയെ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യത്തിനാണ്. ാലാവസ്‌ഥാ അപകടസാധ്യതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നമുക്ക് മുന്നിലുള്ള വമ്പിച്ച അവസരങ്ങളെ തിരിച്ചറിയണം. കൃത്രിമ ബുദ്ധിയും ഉന്നത കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകളും കാലാവസ്‌ഥാ ശാസ്‌ത്രത്തെ വിപ്ലവകരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.കാലാവസ്‌ഥയും ജലവും നമ്മെ ബന്ധിപ്പിക്കുന്നുവെന്നും രാജ്യാന്തര സഹകരണം അനിവാര്യമാണെന്നുമാണ് ലോക കാലാവസ്‌ഥാ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇന്ന് നടത്തുന്ന നിരീക്ഷണം കാലാവസ്‌ഥ പ്രവചിക്കാന്‍ മാത്രമല്ല, നല്ല നാളെയെ സംരക്ഷിക്കാനാണ് എന്നത് ഈ വര്‍ഷത്തെ ലോക കാലാവസ്‌ഥാ ദിനം ഊന്നിപ്പറയുകയാണ്. ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള നിരീക്ഷണങ്ങളും പങ്കാളിത്തവും സാമൂഹിക അപകട ലഘൂകരണ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.