അങ്ങനെ കേരളവും ത്രിപുര ആകും |
കേരളത്തില്‍ ബി.ജെ.പി.. ക്ലച്ചു പിടിക്കാത്തത് ഹിന്ദു വോട്ടുകള്‍ സി.പി.എം. നേടുന്നതു കൊണ്ടാണ്. അതിനാല്‍, മുസ്ലിം പ്രീണനത്തിന് സി.പി.എം.. ഇറങ്ങിയപ്പോഴൊക്കെ തിരിച്ചടി കിട്ടി. ഷാബാനു കേസ് വിധിക്ക് പിന്നാലെ അഖിലേന്ത്യാ ലീഗിനെ മുന്നണിയില്‍നിന്ന് ഇ.എം.എസ്. എഴുതി ഓടിച്ച സംഭവം പലര്‍ക്കും ഓര്‍മ കാണും. ആദ്യകാല കമ്യൂണിസ്‌റ്റ് നേതാക്കളൊക്കെ ബാല്‍ ഗംഗാധര്‍ തിലകിന്റെ ശിഷ്യരായി ഗണേശോത്സവം മഹാരാഷ്‌ട്രയില്‍ ഉണ്ടാവുന്നത് കണ്ടവരാണ്. അതില്‍ ഡാങ്കെയും ജി. അധികാരിയുമൊക്കെ പെടും.
കേരളത്തിലും സവര്‍ണ നേതൃത്വം സി.പി.എമ്മിനെ നയിച്ചതുവരെ അത് ഹിന്ദുത്വയില്‍ തന്നെ നിന്നു. ഇ.എം.എസ്. വിടവാങ്ങിയ ശേഷമാണ് പാഴായ പരീക്ഷണങ്ങളിലേക്ക് പോയത്. ബാബ്‌റി മസ്‌ജിദ് പൊളിച്ച ശേഷം 1995 ജൂലൈയിലെ ലേഖനത്തില്‍ ഇ.എം.എസ്, ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും മഅദനിയെയും ഗാന്ധിയോട് തുലനം ചെയ്‌ത് വിവാദമുണ്ടാക്കി ശാസന ഏറ്റുവാങ്ങിയത് മറക്കുന്നില്ല. അത്, അദ്ദേഹം 'ആഹ്വാനവും താക്കീതും' എന്ന പഴയ പ്രബന്ധത്തില്‍ മാപ്പിളലഹളയെ കൊണ്ടാടിയ പോലുള്ള പിഴവായിരുന്നു. ഇ.എം.എസിനെ മൂലയ്‌ക്കിരുത്തിയ ശേഷം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
ഇവിടെ ആര്‍.എസ്.എസുമായി ബന്ധമുണ്ടായിരുന്ന സഖാക്കള്‍, എസ്. രാമചന്ദ്രന്‍ പിള്ളയെപ്പോലെ പലരുമുണ്ട്. പല സഖാക്കളുടെയും അമ്മാവനോ അനന്തരവനോ ഒക്കെ ആര്‍.എസ്.എസില്‍ കാണും. അതൊരു പാലമാണ്. കോണ്‍ഗ്രസുകാര്‍ക്ക് ആര്‍.എസ്.എസ്. ബന്ധം വിഷയമേയല്ല. അതായത്, ബി.ജെ.പി.. അത്യാവശ്യം മുന്നേറിയാല്‍ അതിലേക്ക് ഒഴുകാന്‍ മൂത്തു നില്‍ക്കുന്നവരാണ് പ്രത്യേകിച്ചും സഖാക്കളിലെ വലിയ വിഭാഗം. അതിന് അവര്‍ ആദ്യം ചെയ്യേണ്ടത്, കോണ്‍ഗ്രസിലേക്ക് ചേക്കേറുക എന്നതാണ്. അത്തരത്തില്‍ ഒന്ന് ഇവിടെ സംഭവിച്ചു തുടങ്ങി എന്നതാണ്, ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. പാര്‍ട്ടി നേതൃത്വം ദുര്‍ബലമായപ്പോള്‍, അണികള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി.. ഒന്നാം സ്‌ഥാനത്തും ഒന്‍പത് മണ്ഡലങ്ങളില്‍ രണ്ടാം സ്‌ഥാനത്തും വന്നപ്പോള്‍ കണ്ടതാണ്. തെക്കുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ മാറിയത്, ഈഴവരിലെ മാറ്റം കൂടി വെളിവാക്കി. ശബരിമല വിധി മുതല്‍ കാതലായ മാറ്റം ആ സമുദായത്തിലുണ്ട്.
ത്രിപുരയില്‍ നടന്നത്
ഇവിടെ നിന്നാണ് ത്രിപുരയെപ്പറ്റി ആലോചിക്കേണ്ടത്. 2018ല്‍ ത്രിപുരയില്‍ സി.പി.എമ്മിനെ ബി.ജെ.പി. തൂത്തെറിഞ്ഞത്, വെറുതെ സംഭവിച്ചതല്ല, ആസൂത്രണവും അതിന് പിന്നിലുണ്ടായിരുന്നു.
ത്രിപുരയിലെ ആദ്യ തെരഞ്ഞെടുപ്പ് 1967ല്‍ കോണ്‍ഗ്രസ് ജയിച്ച ശേഷം, സംസ്‌ഥാനം 1972ല്‍ ഇടത്തേക്ക് ചായുകയും സി.പി.എം. വോട്ട് ശതമാനം കൂടി വരികയും ചെയ്‌തു. 2013ല്‍ ആകെ 60 സീറ്റില്‍ 50ല്‍ മത്സരിച്ച ബി.ജെ.പിക്ക് ഒന്നും കിട്ടിയില്ല. വോട്ട് ശതമാനം വെറും 1.54. ഇതില്‍ 49 പേര്‍ക്ക് കെട്ടിവച്ച കാശ് പോയി.
ഈ ദൈന്യത്തില്‍നിന്നാണ് 2018ല്‍ ബി.ജെ.പി. സഖ്യം 43 സീറ്റ് നേടിയത്. ബി.ജെ.പി. 35, ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര 8. സി.പി.എം. 16ല്‍ ഒതുങ്ങി. തെരഞ്ഞെടുപ്പ് നടന്നത് 59 സീറ്റില്‍ ആയിരുന്നു. ബി.ജെ.പിക്ക് 43% വോട്ട്, ഐ.പി.എഫ്.ടി. 7.5. സി.പി.എം. സഖ്യം 44.9. കോണ്‍ഗ്രസ് വെറും 1.8. 2013ല്‍ സി.പി.എം. 50, കോണ്‍ഗ്രസ് 10. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു;തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ സി.പി.എം. തകര്‍ച്ച പൂര്‍ണമായി. സി.പി.എമ്മിന്, മുന്‍പുണ്ടായിരുന്ന 46 സീറ്റിലെ 33 പോയി. അത് ത്രിപുരയുടെവടക്കന്‍ മേഖലയിലും ബംഗ്ലാദേശുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഒതുങ്ങി. ഇതില്‍ പ്രധാനം, 1988 മുതല്‍ കോണ്‍ഗ്രസിന് സ്‌ഥിരമായിരുന്ന 35% വോട്ട് ഒലിച്ചു പോയി എന്നതാണ്.
കോണ്‍ഗ്രസില്‍ ജനത്തിന് വിശ്വാസം നഷ്‌ടപ്പെട്ടു;ഇടതിന് ബദലായി അവര്‍ ബി.ജെ.പിയെ കണ്ടു. കോണ്‍ഗ്രസ് തകര്‍ന്നത് കൊണ്ട് മാത്രമല്ല ബി.ജെ.പി. നേടിയത്. കോണ്‍ഗ്രസിന് നഷ്‌ടമായതിനെക്കാള്‍ അഞ്ചു ശതമാനം കൂടി ബി.ജെ.പിക്ക് കിട്ടി. ഇതിലെ അദ്‌ഭുതം, ബി.ജെ.പിക്കും സി.പി.എമ്മിനും ഏതാണ്ട് ഒരേ ശതമാനം വോട്ട് കിട്ടിയിട്ടും 60% സീറ്റും ആ വോട്ട് കൊണ്ട് ബി.ജെ.പിക്ക് കിട്ടി എന്നതാണ്. അതിന് കാരണം, സി.പി.എം. രണ്ടു മേഖലകളില്‍ ഒതുങ്ങി എന്നതാണ്.
മറ്റൊന്ന്, 75% സീറ്റുകളും കൈമാറിപ്പോയി എന്നതാണ്. സി.പി.എമ്മില്‍നിന്ന് ബി.ജെ.പി. 25 സീറ്റ് പിടിച്ചെടുത്തു;കോണ്‍ഗ്രസിന്റെ കൈയിലിരുന്ന 10ല്‍നിന്ന് ഒന്‍പതും പിടിച്ചു. ബാക്കി ഒന്ന് സി.പി.എം. പിടിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് 27 സ്‌ഥാനാര്‍ത്ഥികള്‍ ബി.ജെ.പിയിലേക്ക് കൂറ് മാറിയിരുന്നു. തങ്ങളുടെ സാന്നിധ്യമില്ലാത്തിടത്ത് ബി.ജെ.പി., സി.പി.എമ്മില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ സ്‌ഥാനാര്‍ത്ഥിയെ നേടി. കോണ്‍ഗ്രസിന്റെ ഏഴ് എം.എല്‍.എമാരും സി.പി.എമ്മിന്റെ ഒരു എം.എല്‍.എ യും ബി.ജെ.പി. പാളയത്തില്‍ എത്തി. എല്ലാവരും ജയിച്ചു. കോണ്‍ഗ്രസിന്റെ നാല് മുന്‍ എം.എല്‍.എമാര്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥികളായി. രണ്ടു പേര്‍ ജയിച്ചു. അതുവരെ ഇലക്‌ഷന്‍ ജയിക്കാത്ത മുന്‍ കോണ്‍ഗ്രസ് (തോറ്റ) സ്‌ഥാനാര്‍ഥി രത്തന്‍ ചക്രവര്‍ത്തി ഖൈര്‍പൂരില്‍നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ ജയിച്ചു. ഇങ്ങനെ ബി.ജെ.പി. കാലു മാറ്റിയെടുത്ത 14ല്‍ രണ്ടേ തോറ്റുള്ളൂ. 50 ബി.ജെ.പി. സ്‌ഥാനാര്‍ത്ഥികളില്‍ ആറു പേര്‍ മാത്രമാണ് മുന്‍പ് ബി.ജെ.പി.ടിക്കറ്റില്‍ മത്സരിച്ചിരുന്നത്.
അതേ സമയം, സി.പി.ഐയില്‍നിന്ന് സി.പി.എമ്മില്‍ എത്തിയ പ്രതാപ് ഗഡ് എം.എല്‍.എ. രാമുദാസ് തോറ്റു. കൂറ് മാറുമ്പോള്‍ പോകേണ്ടത് ബി.ജെ.പിയിലേക്കാണ് എന്ന് അങ്ങേര്‍ തെളിയിച്ചു.
ഈ ത്രിപുരക്കഥ അഞ്ചു കൊല്ലം മുന്‍പ് ഞാന്‍ പറയുമായിരുന്നില്ല. ഇന്ന് കേരളത്തിലും സി.പി.എം. ത്രിപുര പോലെപഴുത്തു പാകമായിട്ടുണ്ട്.ത്രിപുരയില്‍ ബി.ജെ.പി. ഇതെങ്ങനെ സാധിച്ചു എന്നതിന് വേണ്ടതിലധികം സൂചനകള്‍ ഈ വിവരണത്തിലുണ്ട്. ചലോ പാല്‍തായ് (നമുക്ക് മാറാം) എന്നായിരുന്നു ബി.ജെ.പി. മുദ്രാവാക്യം. ജനം ഒരു ബദല്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്‌തമായി. നിലവിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബി.ജെ.പി. കേഡര്‍മാരാക്കി. ബി.ജെ.പിയില്‍ വന്ന ഓരോ കോണ്‍ഗ്രസ് നേതാവിനുമൊപ്പം നാലായിരത്തോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസുകാരെ മാത്രം ബി.ജെ.പി. പ്രവര്‍ത്തനത്തിന് കിട്ടിയാല്‍ ഇതുണ്ടാവില്ല. ഓരോ മണ്ഡലത്തിലും രണ്ടായിരത്തോളം കോണ്‍ഗ്രസുകാരെ മാറ്റിയെടുത്തു. ബി.ജെ.പി. സര്‍വേയില്‍ കണ്ടത് 15% നിഷ്‌പക്ഷ വോട്ടര്‍മാരുണ്ടെന്നാണ്. ഇവരെ കൂടെ കൂട്ടിയത് രണ്ടര വര്‍ഷം പണിതിട്ടാണ്. എല്ലാ തലത്തിലും അടിത്തറയുണ്ടാക്കി. 3214 ബൂത്തില്‍ 3209 എണ്ണത്തിലും കമ്മിറ്റിയുണ്ടായി. അന്ന് ത്രിപുരയിലെ ചുമതല സുനില്‍ ദേവ്‌ധര്‍ക്കായിരുന്നു. മോദി 2014ല്‍ വാരാണസിയില്‍ മത്സരിച്ചപ്പോഴും ചുമതല അദ്ദേഹത്തിനായിരുന്നു.
സി.പി.എമ്മിലും കോണ്‍ഗ്രസിലുമാണ് ബി.ജെ.പിയുടെ ഭാവിയെന്ന് ത്രിപുര പഠിപ്പിക്കുന്നു. കരുണാകരന്റെ മകളും എ.കെ. ആന്റണിയുടെ മകനും ഉമ്മന്‍ ചാണ്ടിയുടെ മരുമകനും സണ്ണി ജോസഫിന്റെ സഹോദരനും ബി.ജെ.പിയില്‍ എത്തിയ നിലയ്‌ക്ക് കേരളത്തിലും തുറക്കും, ത്രിപുര 2.0.