ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര വിജയം

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഇറാനുമായി മികച്ച രീതിയിലുള്ള നയതന്ത്ര ബന്ധം പുലര്‍ത്താനായതില്‍ ഇന്ത്യ വിജയിച്ചിരിക്കുന്നുവെന്നാണ്‌ രാജ്യാന്തര സാഹചര്യങ്ങള്‍ തെളിയിക്കുന്നത്‌.400ലേറെ എണ്ണ ടാങ്കറുകളും നൂറിലേറെ എല്‍.പി.ജി. ടാങ്കറുകളും കെട്ടിക്കിടക്കുന്ന ഹോര്‍മുസ്‌ കടലിടുക്കിന്റെ പടിഞ്ഞാറ്‌ ഭാഗത്തുനിന്നും കിഴക്കുഭാഗത്തേക്ക്‌ ഇന്ത്യയുടെ 37 എല്‍.പി.ജി. ടാങ്കറുകളെയും എണ്ണ ടാങ്കറുകളെയും കടത്തിക്കൊണ്ടു വരുന്നത്‌ അത്യന്തം ദുഷ്‌കരമായ ദൗത്യമാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌കിയാനും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന്‌ ഇതും സാധ്യമാവുകയാണ്‌.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച്‌ ഇറാന്റെ ഒരു യുദ്ധക്കപ്പല്‍ അമേരിക്ക ടോര്‍പ്പിഡോ ഉപയോഗിച്ച്‌ മുക്കിയതിനുശേഷം വിഷയങ്ങള്‍ ഏറെ സങ്കീര്‍ണമായി. അപ്പോഴാണ്‌ ഐ.ആര്‍.ഐ.എസ്‌. ലവന്‍ എന്ന ഇറാന്റെ യുദ്ധകപ്പല്‍ സുരക്ഷയ്‌ക്ക്‌ വേണ്ടി ഇന്ത്യയുടെ സഹായത്തിനായി അപേക്ഷിച്ചത്‌. ഇറാന്റെ ആ യുദ്ധകപ്പലിനെ ഇന്ത്യന്‍ തീരത്ത്‌ അടുപ്പിക്കാനും കൊച്ചി തുറമുഖത്ത്‌ സുരക്ഷിതമായ താവളം ഒരുക്കാനും തയാറായപ്പോള്‍ തന്നെ ഹോര്‍മുസില്‍നിന്ന്‌ ഇന്ത്യയുടെ കപ്പലുകളെ സുരക്ഷിതമായി കടത്തിവിടണം എന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ്‌ അരാഗ്‌ചിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ഇറാന്‍ ആക്രമിക്കുകയില്ല എന്നും വേണ്ടത്ര അകമ്പടിയോടെ ഹോര്‍മുസ്‌ കടലിടുക്ക്‌ കടത്തി ഇന്ത്യയിലേക്ക്‌ അയക്കാം എന്നും സമ്മതിക്കുകയുണ്ടായി.തുടര്‍ന്ന്‌ ആദ്യഘട്ടത്തില്‍, പുഷ്‌പക്‌, പരിമല്‍, ശിവാലിക്ക്‌ എന്നീ മൂന്ന്‌ എല്‍.പി.ജി. ടാങ്കറുകളെ ഇന്ത്യയുടെ നാവികസേനാ കപ്പലുകളുടെ അകമ്പടിയോടുകൂടി ഹോര്‍മുസ്‌ കടലിടുക്ക്‌ കടത്തി ഇന്ത്യയില്‍ എത്തിക്കാനായി. ഹോര്‍മുസ്‌ കടലിടുക്കിന്‌ പടിഞ്ഞാറ്‌ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ കപ്പലുകളിലെ ആയിരത്തിലധികം നാവികര്‍ക്ക്‌ വേണ്ട സുരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഇറാന്‍ അനുമതി നല്‍കുകയും ചെയ്‌തു.നൂറിലേറെ രാജ്യങ്ങളുടേതായി അഞ്ഞൂറില്‍പരം കപ്പലുകള്‍ ഈ കടലിടുക്കില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ്‌ ഇന്ത്യയുടെ 37 കപ്പലുകള്‍ക്ക്‌ സുരക്ഷാപാത ഒരുക്കാന്‍ ഇന്ത്യ പ്രയോഗിച്ച നയതന്ത്രം വിജയം കണ്ടത്‌. ലോകത്ത്‌ ഏതെങ്കിലും ഒരു പ്രദേശത്ത്‌ ഏതെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്ന സമയത്ത്‌ ഗ്യാലറിയില്‍ ഇരുന്നു മാത്രം കളികാണാന്‍ വിധിക്കപ്പെട്ടിരുന്ന ഇന്ത്യയാണ്‌ ഇപ്പോള്‍ കളത്തില്‍ ഇറങ്ങി കളി നിയന്ത്രിക്കുന്ന റഫറിയായി മാറിയത്‌. നമ്മുടെ സമ്പദ്‌ വ്യവസ്‌ഥയും ആഗോള സമ്പദ്‌ വ്യവസ്‌ഥയും ഈ സംഘര്‍ഷത്തെ ആശ്രയിച്ചാണ്‌ ഇന്ന്‌ മുന്നോട്ടുപോകുന്നത്‌. എല്‍.പി.ജിയുടെയും എണ്ണയുടെയും ആഗോള വിതരണത്തില്‍ 20% ഹോര്‍മുസ്‌ കടലിടുക്കു വഴിയാണ്‌ കടന്നു പോകേണ്ടത്‌. എണ്ണ വില 10% ഉയര്‍ന്നാല്‍ ആഗോള വിലപ്പെരുപ്പം 0.4% വര്‍ധിക്കും എന്നാണ്‌ ഐ.എം.എഫ്‌. പറയുന്നത്‌. ആഗോള ജി.ഡി.പിയില്‍ ഇടിവുണ്ടാകുമെന്നും ഐ.എം.എഫ്‌. ചൂണ്ടിക്കാണിക്കുന്നു.ഈ സംഘര്‍ഷം ദീര്‍ഘകാലത്തേക്ക്‌ നീണ്ടാല്‍ ക്രൂഡോയില്‍ വില ബാരലിന്‌ 150 ഡോളര്‍ വരെ എത്താം. കപ്പല്‍ വഴിയുള്ള കയറ്റിറക്ക്‌ കൂലികള്‍ വന്‍തോതില്‍ വര്‍ധിക്കുകയും വിമാന നിരക്കുകള്‍ കൂടുകയും ചെയ്യും.ഈ സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം ഓഹരി വിപണിയില്‍ പെട്ടെന്ന്‌ പ്രതിഫലിക്കും മൂന്നുമാസത്തോളം യുദ്ധം നീണ്ടു നിന്നാല്‍ അഞ്ചു മുതല്‍ ഒന്‍പതു ശതമാനം വരെ ഓഹരി വിപണികള്‍ നഷ്‌ടത്തിലാകും എന്നാണ്‌ കണക്കുകൂട്ടലുകള്‍.എണ്ണ വില 100 ഡോളര്‍ എന്ന നിലയില്‍നിന്നാല്‍ പോലും കറന്റ്‌ അക്കൗണ്ട്‌ കമ്മി 1.9 ശതമാനത്തില്‍നിന്ന്‌ 2.2 ശതമാനത്തിലേക്ക്‌ ഉയരാന്‍ സാധ്യതയുണ്ട്‌. ഇതിനെ തുടര്‍ന്ന്‌ രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം അനുഭവപ്പെടുകയും ചെയ്യും. ഇതു സംഭവിച്ചാല്‍ റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകും. യുദ്ധം നീണ്ടു നിന്നാല്‍ അത്‌ ലോകത്തിന്റെ സമ്പദ്‌ വ്യവസ്‌ഥ യുടെ ഘടനാപരമായ മാറ്റത്തിന്‌ പോലും കാരണമാവാം. ഊര്‍ജ ഉത്‌പാദനത്തിന്‌ വേണ്ടി എണ്ണയുടെയും ഗ്യാസിന്റെയും 90%വും ഇറക്കുമതി ചെേയ്യണ്ടിവരുന്ന ഒരു രാജ്യം എന്നുള്ള നിലയില്‍ ഇന്ത്യക്കും ഇതെല്ലാം ബാധകമാണ്‌.ഈ പ്രതിസന്ധികള്‍ക്ക്‌ എല്ലാമിടയിലും നമ്മെ സഹായിക്കുന്ന മറ്റൊരു ഘടകം ബാക്കിയുണ്ട്‌ അത്‌ നമ്മുടെ ഓയില്‍ റിസര്‍വ്‌ ആണ്‌.ഗള്‍ഫിലെ ചില രാജ്യങ്ങളുടെ എണ്ണ ക്രൂഡോയില്‍ രൂപത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഇവ നമ്മുടെ രാജ്യത്ത്‌ സൂക്ഷിച്ചുവയ്‌ക്കുന്നതിന്‌ പകരമായി നാം ഉണ്ടാക്കിയിരിക്കുന്ന ഒരു കരാര്‍ ഉണ്ട്‌. ആ എണ്ണ സമ്പുഷ്‌ടമാക്കി ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിങ്ങനെ ലോക വിപണിയില്‍ വില്‍ക്കാന്‍ 50 ശതമാനം വരെ സ്വാതന്ത്ര്യം നമുക്ക്‌ ലഭിക്കുന്നു. അതായത്‌, ഈ പ്രതിസന്ധി തുടരുമ്പോള്‍ പോലും നമുക്ക്‌ ഈ ഇന്ധനങ്ങള്‍ ഉത്‌പാദിപ്പിച്ച്‌ കയറ്റുമതിയിലൂടെ സാമ്പത്തിക വരുമാനം നേടാന്‍ കഴിയും. മറ്റൊന്ന്‌ നമ്മുടെ ഉയര്‍ന്ന വരുമാനമുള്ള മധ്യവര്‍ഗമാണ്‌. ആഗോള വിപണികള്‍ ഇടിയുകയും കയറ്റിറക്കുമതികള്‍ തകരാറില്‍ ആവുകയും ചെയ്യുന്നതോടുകൂടി വിദേശനാണ്യ ശേഖരത്തില്‍ ഉണ്ടാകുന്ന കുറവ്‌പരിഹരിക്കാന്‍ നമുക്ക്‌ ലോകരാജ്യങ്ങളുമായി രൂപയില്‍ നേരിട്ട്‌ വിനിമയം ചെയ്യാനുള്ള ബന്ധങ്ങള്‍ നാം സൃഷ്‌ടിച്ചു കഴിഞ്ഞു. അതായത്‌ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ കരകയറാന്‍ ഡോളറിനെ ആശ്രയിക്കേണ്ടതില്ലാത്ത അവസ്‌ഥയിലേക്ക്‌ ഇന്ത്യ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളത്‌ മോദി ഗവണ്‍മെന്റിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണ്‌.യുദ്ധാനന്തരമുള്ള മറ്റൊരു സാധ്യത കൂടി ഇന്ത്യക്ക്‌ നേട്ടമാവുന്നുണ്ട്‌. യുദ്ധത്തിനുശേഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആവശ്യമായി വരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യയിലെ ഗവണ്‍മെന്റ്‌ കമ്പനികളും സ്വകാര്യ കമ്പനികളും വന്‍തോതില്‍ ഇടപെടാന്‍ സാധ്യതയുണ്ട്‌. അതിലൂടെ നമുക്കുണ്ടാകുന്ന സാമ്പത്തിക വരുമാനം വലുതായിരിക്കുകയും ചെയ്യും. ഇതിനുമുമ്പ്‌ അഫ്‌ഗാന്‍ യുദ്ധത്തിലും മറ്റ്‌ ഗള്‍ഫ്‌ യുദ്ധങ്ങളിലും ഇന്ത്യയ്‌ക്ക്‌ ഇങ്ങനെ ഒരു അവസരം ലഭിക്കുകയുണ്ടായി. ഇത്‌ നമ്മുടെ രാജ്യത്ത്‌ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ വഴിവയ്‌ക്കും. ആദ്യഘട്ടത്തില്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട്‌ നമുക്ക്‌ അനുഭവവേദ്യമാകുമെങ്കിലും യുദ്ധാനന്തരം ഉണ്ടാവുന്ന സാമ്പത്തിക നേട്ടം നമുക്ക്‌ വന്‍തോതില്‍ സഹായകരമാകും.രൂപ എന്ന നമ്മുടെ കറന്‍സിയെ സ്വതന്ത്ര വിനിമയ മാര്‍ഗമായി ലോകത്തെ പല രാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധി ക്കിടയില്‍ അമേരിക്കന്‍ ഡോളറിന്റെ പിന്നാലെ അലയേണ്ട ഗതികേടും നമുക്ക്‌ ഉണ്ടാവുകയില്ല.മറ്റൊന്ന്‌ പ്രതിരോധ രംഗത്തേക്കുള്ള നമ്മുടെ കയറ്റുമതിയുടെ വമ്പന്‍ സാധ്യതകളാണ്‌. യുദ്ധത്തില്‍ മാറ്റുരയ്‌ക്കുന്ന ലോക ആയുധ കമ്പനികളുടെ ആയുധങ്ങള്‍ക്ക്‌ എല്ലാം ബദലായി കഴിവു തെളിയിച്ച ഇന്ത്യന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും ടാങ്കുകളും റോക്കറ്റ്‌ ലോഞ്ചറുകളും റഡാര്‍ സംവിധാനങ്ങളും ഡ്രോണുകളും ആഗോള വിപണിയില്‍ വന്‍ പ്രിയമുള്ളതായി മാറുകയും ലോക ആയുധ വ്യാപാര രംഗത്ത്‌ ഇന്ത്യ ഒരു പ്രധാന ശക്‌തിയായി ഉയരുകയും ചെയ്യും.ഭക്ഷ്യ കയറ്റുമതി മുതല്‍ മരുന്നു കയറ്റുമതി വരെ ഉള്ള രംഗത്തും സാങ്കേതിക രംഗത്തും നിര്‍മാണ രംഗത്തും ഇന്ത്യന്‍ കമ്പനികളുടെ വമ്പന്‍ വികസന സാധ്യതകളാണ്‌ നമ്മെ കാത്തിരിക്കുന്നത്‌. അതായത്‌ ഈ യുദ്ധം നീണ്ടുനില്‍ക്കുകയോ പെട്ടെന്ന്‌ അവസാനിക്കുകയോ ചെയ്‌താല്‍ പോലും യുദ്ധത്തിനു ശേഷമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളില്‍ ഇന്ത്യ പ്രധാന സ്‌ഥാനം വഹിക്കും എന്ന്‌ വ്യക്‌തമാണ്‌.

അഡ്വ. എസ്‌. ജയസൂര്യന്‍


© Mangalam