് രാഷ്‌ട്രീയത്തിരയേറി 'ഒറ്റപ്പാലം കടക്കാന്‍' മേജര്‍ രവി

ഒരു കാലത്ത്‌ മലയാളസിനിമയുടെ ഇഷ്‌ട ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തേക്ക്‌ ജനനായകന്റെ പരിവേഷത്തോടെ മേജര്‍ രവി. പ്രൗഢോജ്‌ജ്വല റോഡ്‌ ഷോയിലൂടെ ജനത്തെ കൈയിലെടുത്താണ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായ അദ്ദേഹത്തിന്റെ തുടക്കം. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത രവി ഒറ്റപ്പാലത്തുകാര്‍ക്ക്‌ മേജറും നടനും മാത്രമല്ല, തങ്ങളില്‍ ഒരാളെന്നപോലെ ചിരപരിചിതനുമാണ്‌. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം ഗണ്യമായി വര്‍ധിപ്പിച്ച്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം നഗരസഭയില്‍ മുഖ്യപ്രതിപക്ഷമായി മാറിയ ബി.ജെ.പി ഇത്തവണ വിജയപ്രതീക്ഷയിലാണ്‌. വിജയഘടകങ്ങളെല്ലാം ഒത്തുവന്ന ഇത്തവണയല്ലെങ്കില്‍ എപ്പോഴെന്ന ചോദ്യമുയര്‍ത്തി, തികഞ്ഞ ആത്മവിശ്വാസത്തോടെ എണ്ണയിട്ട യന്ത്രം കണക്കെയാണ്‌ ബി.ജെ.പിയുടെ പ്രവര്‍ത്തനം. നഗരസഭയ്‌ക്കു പുറമെ ഒറ്റപ്പാലം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ചു പഞ്ചായത്തുകളിലും ബി.ജെ.പി സമീപകാലത്ത്‌ വലിയ വളര്‍ച്ചയാണു കൈവരിച്ചത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്‌ഡലത്തില്‍ 42,000 വോട്ടാണ്‌ ബി.ജെ.പി സ്വന്തമാക്കിയത്‌. ഇതു നിലനിര്‍ത്തുന്നതിനൊപ്പം ഇരു മുന്നണികളിലെയും അസംതൃപ്‌തരുടെ വോട്ടുകൂടി നേടാന്‍ സാധിച്ചാല്‍ മേജര്‍ രവിയുടെ വിജയം സുനിശ്‌ചിതമെന്നാണു വിലയിരുത്തല്‍. സി.പി.എമ്മിന്റെ സിറ്റിങ്‌ എം.എല്‍.എ: കെ. പ്രേംകുമാറാണ്‌ ഇടതുപക്ഷത്തുനിന്ന്‌ വീണ്ടും ജനവിധി തേടുന്നത്‌. മണ്‌ഡലത്തിലുടനീളം സാന്നിധ്യമറിയിക്കുന്ന എം.എല്‍.എയെന്ന വിശേഷണം ചാര്‍ത്തപ്പെടുമ്പോഴും വികസന പ്രവര്‍ത്തനങ്ങളിലടക്കം പിന്നാക്കമായെന്ന വിലയിരുത്തലാണു നാട്ടുകാര്‍ക്കുള്ളത്‌. മൂന്നുതവണ നിര്‍മാണോദ്‌ഘാടനം നടത്തിയിട്ടും പണി ഇനിയും അനന്തമായി നീളുന്ന റോഡുകളും പാലങ്ങളും മണ്‌ഡലത്തിലുണ്ട്‌. അമ്പലപ്പാറ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്‌ഘാടനവും ഇതുപോലെ നടന്നതാണെങ്കിലും കളിക്കളം മാത്രം ഒരുങ്ങിയിട്ടില്ല. സിനിമാ-കലാ സാംസ്‌കാരിക മേഖലകളുടെ ഈറ്റില്ലവും വളര്‍ത്തില്ലവുമെങ്കിലും ഒറ്റപ്പാലത്ത്‌ ആകര്‍ഷകമായ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എം.എല്‍.എ. പരാജയപ്പെട്ടെന്നാണു വിലയിരുത്തല്‍. സാംസ്‌കാരിക കേരളത്തെ തഴുകിയുണര്‍ത്തുന്ന നിളയൊഴുകും നാടെങ്കിലും അതിനൊത്തുള്ള പരിപോഷണം ഇനിയും മേഖലയ്‌ക്കു ലഭിച്ചിട്ടില്ല. അനങ്ങന്‍ മലയുള്‍പ്പെടെയുള്ള മേഖലകളെ ഭാരതപുഴയുമായി ബന്ധപ്പെടുത്തി ആയുര്‍വേദ പദ്ധതികള്‍ നടപ്പാക്കാമായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കല്ലുവഴി ചിട്ടയിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന ഒറ്റപ്പാലത്തിന്റെ കഥകളിയരങ്ങില്‍ കരിന്തിരി പുകയുമ്പോഴും കൈത്താങ്ങാകാന്‍ ഭരണസംവിധാനം ഉണ്ടാകുന്നില്ലെന്നാണു പരാതി. തുഞ്ചന്‍ പിറന്ന കിള്ളിക്കുറിശിമംഗലത്തെ വീടും തൊടിയും നാശോന്മുഖമാകുമ്പോഴും സംരക്ഷണപദ്ധതികള്‍ കടലാസിലൊതുങ്ങുന്നു. ഇത്തരം കാര്യങ്ങളിലൊന്നും അഞ്ചുവര്‍ഷ കാലയളവില്‍ എം.എല്‍.എയുടെ ഭാഗത്തുനിന്ന്‌ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്‌. എന്നിട്ടും പ്രേംകുമാറിനു മത്സരത്തുടര്‍ച്ച നല്‍കിയതില്‍ ഇടതുനിരയില്‍ത്തന്നെ മുറുമുറുപ്പുണ്ട്‌. വലതുപക്ഷത്താണെങ്കില്‍ ഇന്നലെവരെ ട്രോളുകളിലൂടെ കൊന്നു കൊലവിളിച്ച മറുപക്ഷ നേതാവിനെ ചുമന്ന്‌ അനുകൂല മുദ്രാവാക്യം മുഴക്കി വോട്ടുചോദിക്കേണ്ട ദുരവസ്‌ഥയിലാണു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍. ആഴ്‌ചകള്‍ക്കു മുമ്പുവരെ സി.പി.എം നേതാവായിരുന്ന പി.കെ. ശശിയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ മത്സരരംഗത്തുള്ളത്‌. മുന്‍ എം.എല്‍.എ കൂടിയായ ശശിയുടെ പേരിലുയര്‍ന്ന ലൈംഗികാരോപണ പരാതി ഏറെ ആഘോഷിച്ചവരാണ്‌ ഒറ്റപ്പാലത്തെ കോണ്‍ഗ്രസുകാര്‍. ശശിയുടേത്‌ തീവ്രത കുറഞ്ഞ പീഡനമാണെന്ന പാര്‍ട്ടിക്കോടതിയുടെ കണ്ടെത്തല്‍ ട്രോളായി നാടാകെ പ്രചരിപ്പിച്ച കോണ്‍ഗ്രസുകാര്‍ തന്നെയാണ്‌ ഇപ്പോള്‍ അദ്ദേഹത്തിനായി വോട്ട്‌ തേടുന്നത്‌. ഇതിന്റെ ജാള്യം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരിലും നേതാക്കളിലും പ്രകടം. പാര്‍ട്ടി തീരുമാനിച്ചാലും ശശിക്കൊപ്പം നില്‍ക്കാനാവില്ലെന്നു രഹസ്യമായി പറയുന്ന കോണ്‍ഗ്രസുകാരും ഒറ്റപ്പാലത്തുണ്ട്‌. ശശിയെ വേണ്ടെന്ന നിലപാടില്‍ പരസ്യമായിത്തന്നെ ഉറച്ചുനിന്നവരുമുണ്ട്‌. ഇവരടക്കം പലരും ഇതിനകം തന്നെ ബന്ധപ്പെട്ട്‌ പിന്തുണ വാഗ്‌ദാനം ചെയ്‌തതായി ബി.ജെ.പി. നേതാക്കള്‍ പറയുന്നു. ഒറ്റപ്പാലത്തെ രാഷ്‌ട്രീയ സാഹചര്യം എല്ലാംകൊണ്ടും തങ്ങള്‍ക്ക്‌ അനുകൂലമാണെന്നും ഇത്തവണ താമര വിരിയുമെന്നും ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നതിന്റെ കാരണവും ഇതുതന്നെ. രാജ്യത്തെ സേവിച്ച മിലിട്ടറി ഉദ്യോഗസ്‌ഥനെന്ന നിലയിലും സംവിധാന-അഭിനയ മേഖലകളില്‍ കഴിവുതെളിയിച്ച സിനിമാപ്രവര്‍ത്തകനെന്ന നിലയിലും മേജര്‍ രവി ഇതിനകം ഒറ്റപ്പാലത്തിന്റെ പാരമ്പര്യമനസകങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. യുവജനങ്ങള്‍ക്കിടയിലും ഹീറോ പരിവേഷമാണു മേജര്‍ക്ക്‌. ഈ സ്വാധീനം വോട്ടാക്കി മാറ്റുമെന്ന നിശ്‌ചയദാര്‍ഢ്യത്തോടെയാണ്‌ പ്രവര്‍ത്തകരും നേതാക്കളും. മേജര്‍ രവി തെരഞ്ഞെടുക്കപ്പെട്ടാല്‍ ടൂറിസം അടക്കമുളള ഒറ്റപ്പാലത്തിന്റെ വികസനക്കുതിപ്പിനു സഹായമാകുന്ന ഒട്ടനവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ ഉറപ്പ്‌. ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ എന്ന പ്രവര്‍ത്തകരുടെ മറുചോദ്യത്തിനു കാരണവും ഇതുതന്നെ.


© Mangalam