മെഡിസെപ്പില്‍ പ്രതിസന്ധി |
സംസ്‌ഥാനത്ത് ആശുപത്രിച്ചെലവ് ആളുകളുടെ നട്ടെല്ലൊടിക്കുന്ന അവസ്‌ഥയാണ്. ഈയൊരു സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കിയ മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിക്കു പ്രസക്‌തിയേറെയാണ്. പദ്ധതി രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ ഗുണഭോക്‌താക്കള്‍ക്കു പ്രതീക്ഷയും ആശങ്കയും ഒരുപോലെയാണുള്ളത്. 30 ലക്ഷത്തോളം വരുന്ന ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടുന്ന പദ്ധതി ഒരു കാരണവശാലും മുടന്തുന്ന സാഹചര്യമുണ്ടാകരുത്. മെഡിസെപ്പ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ആശുപത്രികളില്‍ ക്ലെയിം നടപടികള്‍ വൈകുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ലോഗിന്‍ ഐ.ഡി. ഉപയോഗിച്ച് മെഡിസെപ്പ് പോര്‍ട്ടലിലേക്കു രോഗികളുടെ വിവരം കൈമാറാന്‍ ആശുപത്രികള്‍ക്കു കഴിഞ്ഞ 14 മുതല്‍ കഴിയുന്നില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സോഫ്‌റ്റ്‌വേര്‍ പുതുക്കല്‍ നടക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായതെന്നാണ് തിരുവനന്തപുരത്തെ മെഡിസെപ്പ് നോഡല്‍ സെല്ലില്‍നിന്നുള്ള വിശദീകരണം. ഇതോടെ കാഷ്‌ലെസ് ചികിത്‌സാ സൗകര്യം നഷ്‌ടമാകുമോയെന്ന ആശങ്ക ഗുണഭോക്‌താക്കളില്‍ ശക്‌തമാകുകയും ചെയ്‌തു. ചികിത്സയ്‌ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം രോഗികളുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ മെഡിസെപ്പ് അധികൃതര്‍ക്കു നല്‍കേണ്ടതുണ്ട്. അതിനു സാധിക്കാതെ വന്നാല്‍ കാഷ്‌ലെസ് ആനുകൂല്യം നഷ്‌ടപ്പെടും. ഇത്തരത്തില്‍, പല രോഗികളുടെയും വിവരം യഥാസമയം ആശുപത്രി അധികൃതര്‍ക്കു നല്‍കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഷ്‌ലെസ് ആനുകൂല്യം ലഭിക്കാതെ വന്നാല്‍, ഈയൊരു പ്രതീക്ഷയില്‍ ചികിത്സ തേടിയെത്തിയവരെല്ലാം കഷ്‌ടത്തിലാകും. ക്ലെയിം അനുവദിക്കുന്ന അവസരത്തില്‍ റീഫണ്ട് നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും അതൊരു ആശ്വാസമാകുന്നില്ല. ശസ്‌ത്രക്രിയ ഉള്‍പ്പെടെ അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്കും പണം കണ്ടെത്തേണ്ട അവസ്‌ഥയാണുള്ളത്. മുന്‍കൂര്‍ പണം അടയ്‌ക്കേണ്ടിവരുന്നതോടെ പദ്ധതിയുടെ ഉദ്ദേശശുദ്ധിക്കും വിശ്വാസ്യതയ്‌ക്കുമാണു മങ്ങലേല്‍ക്കുന്നത്. 2026 ഫെബ്രുവരി ഒന്നു മുതലായിരുന്നു പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കം. ആദ്യ ഘട്ടത്തിലെ എല്ലാവിധ പോരായ്‌മകള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനത്തിനു തുടക്കത്തിലേ തിരിച്ചടിയേറ്റുവെന്നു പറയേണ്ടിവരും. രണ്ടാം ഘട്ടത്തില്‍ വാര്‍ഷിക ചികിത്സാ പരിരക്ഷ മൂന്നു ലക്ഷം രൂപയില്‍നിന്ന് അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിച്ച തീരുമാനം കൈയടി നേടുകയും ചെയ്‌തു. മാരകമായ അസുഖങ്ങള്‍ക്കു പ്രത്യേക പാക്കേജുകള്‍ വഴി അധിക സഹായമെന്നതും പ്രായപരിധിയില്ലാതെ പരിരക്ഷ ഉണ്ടെന്നതും എടുത്തുപറയണം. എന്നാല്‍, പ്രതിമാസ പ്രീമിയം 500 രൂപയില്‍നിന്ന് 687 രൂപയാക്കിയതു ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. സര്‍ക്കാരും ഒരു പങ്കുവഹിക്കണമെന്ന ആവശ്യം ശക്‌തമാണ്. പല പ്രമുഖ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കാന്‍ വിമുഖത കാട്ടുന്നതു ഗുണഭോക്‌താക്കളെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്. ഒന്നാം ഘട്ടത്തില്‍ 472 സ്വകാര്യ ആശുപത്രികള്‍ ഉണ്ടായിരുന്നതു രണ്ടാം ഘട്ടത്തില്‍ 433 ആയി കുറഞ്ഞു. ഈയൊരു പ്രവണത ശക്‌തിപ്പെടുന്നതു പദ്ധതിക്കു തിരിച്ചടിയാകും. പാക്കേജ് നിരക്കുകള്‍ കുറവാണെന്ന കാരണത്താല്‍ ചില വമ്പന്‍ സ്വകാര്യ ആശുപത്രികള്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനം ഗുണഭോക്‌താക്കളോടുള്ള വെല്ലുവിളിയാണ്. ഗുണഭോക്‌താക്കളുടെ ഭാഗത്തുനിന്നുള്ള പരാതികള്‍ പരിഹരിക്കുന്നതിനു മൂന്ന ുതലത്തിലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട്. അതുപോലെ, നിലവില്‍ ഔട്ട് പേഷ്യന്റ് (ഒ.പി) ചികിത്‌സ, പദ്ധതിയുടെ പരിധിയില്‍ ഇല്ലെന്നതും പോരായ്‌മയാണ്.