കണ്ണൂരിലെ അടുത്ത ഗോവിന്ദന്‍

എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്‌ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം വന്നപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ പിന്തുണ കിട്ടിയില്ലെന്ന്‌ മുന്‍പ്‌ ഈ പംക്‌തിയില്‍ എഴുതി. എ. വിജയരാഘവന്‍, ആര്‍. ബിന്ദു എന്നിവരുടെ ഉദാഹരണം വച്ച്‌ അന്ന്‌ ഗോവിന്ദന്‍ തടുത്തു. ഇപ്പോള്‍ സെക്രട്ടേറിയറ്റ്‌ അംഗം ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്‌ ഉള്‍പാര്‍ട്ടി രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ്‌. ശ്യാമളക്കെതിരേ ടി.കെ. ഗോവിന്ദന്‍ സ്‌ഥാനാര്‍ഥിയാകുമ്പോള്‍ വി.ഡി. സതീശന്‍ പറഞ്ഞ വിസ്‌മയങ്ങള്‍ വിരിയുന്നു. യു.ഡി.എഫിന്‌ ബലമുള്ള സ്‌ഥാനാര്‍ത്ഥികളെ കൊടുക്കുന്ന ഫാക്‌ടറിയായി സി.പി.എം. മാറുന്നു.

വലിയ സംഘാടകനായ ഗോവിന്ദന്‍ മുന്‍പ്‌ കൈത്തറി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരുന്നു. പാര്‍ട്ടി കുടുംബമാണ്‌. ഭാര്യയും മക്കളും പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉള്ളവര്‍. അതിനര്‍ത്ഥം, പാര്‍ട്ടി കുടുംബങ്ങളും എം.വി. ഗോവിന്ദനും ശ്യാമളയ്‌ക്കും എതിരേ കലഹത്തില്‍ എന്ന്‌ തന്നെ. ജി. സുധാകരനെതിരേ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ കോണ്‍ഗ്രസില്‍ ചെറിയ കലഹമുണ്ട്‌. അദ്ദേഹം നടത്തിയ ഒരു മണിക്കൂര്‍ പാര്‍ട്ടി ക്ലാസില്‍ സ്‌ട്രാറ്റജി, ടാക്‌ടിക്‌സ്‌ എന്നിവ ഉണ്ടായിരുന്നു. സി.പി.എമ്മിനെതിരേയും പിണറായി വിജയനെതിരേയും ഒന്നും പറയില്ല എന്നത്‌ ടാക്‌ടിക്‌സും കോണ്‍ഗ്രസിനോട്‌ പിന്തുണ ആവശ്യപ്പെട്ടില്ല എന്ന്‌ പറഞ്ഞത്‌ സ്‌ട്രാറ്റജിയുമാണ്‌.

സാധാരണ സി.പി.എം. ഒരാളെ എടുക്കുമ്പോള്‍ പറയാറുള്ളത്‌, നയം വ്യക്‌തമാക്കാനാണ്‌. അതായത്‌, കോണ്‍ഗ്രസിന്റെ സാമ്പത്തിക, സാമ്രാജ്യത്വ നയങ്ങളോടുള്ള സമീപനം എന്താണ്‌ എന്ന്‌ വ്യക്‌തമാക്കണം. ചില സംസ്‌ഥാനങ്ങളില്‍ സി.പി.എം, കോണ്‍ഗ്രസുമായി സഖ്യത്തിലാണ്‌ എന്ന്‌ സുധാകരന്‍ നിരീക്ഷിച്ചു. ബംഗാളില്‍ അങ്ങനെയൊരു സഖ്യത്തിന്‌ സീതാറാം യെച്ചൂരി ശ്രമിക്കുന്ന കാലത്ത്‌ കേരള ഘടകം അതിനെ മുച്ചൂടും എതിര്‍ത്തു. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന കാലത്ത്‌ ഞാന്‍ സുധാകരനെ കാണുകയും അദ്ദേഹം മൊബൈല്‍ നമ്പര്‍ തരാതിരിക്കുകയും ചെയ്‌തിട്ടുണ്ട്‌. പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തു വിടുന്ന പരിപാടി ആ സഖാവിന്‌ ഉണ്ടായിരുന്നില്ല.

പതിനഞ്ച്‌ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുകയും ചിലതില്‍ സംസാരിക്കുകയും ചെയ്‌ത സുധാകരന്‍, കോണ്‍ഗ്രസിന്റെ നയങ്ങളെ നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട്‌. ജ്യോതി ബസുവിന്‌ എളുപ്പത്തില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമായിരുന്ന 1996ല്‍ അതിനെയും എതിര്‍ത്തിട്ടുണ്ട്‌. സുധാകരന്‌ ജൂബിലി നവപ്രഭയെ കെട്ടിച്ചു കൊടുത്തത്‌ താനാണെന്ന്‌ ഗൗരിയമ്മ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. സുധാകരന്‍ ഗൗരിയമ്മയെ പരസ്യമായി വിമര്‍ശിക്കാതിരിക്കാനുള്ള മര്യാദ കാട്ടി.

പള്ളിയെ തള്ളിപ്പറഞ്ഞു വന്നാല്‍ എടുക്കാം എന്ന്‌ പറഞ്ഞ്‌ ഇ.എം.എസ്‌, പി.ജെ. ജോസഫിനെ തള്ളിയത്‌ നാം കണ്ടതാണ്‌. ഇ.എം.എസ്‌. ജോസഫിനെ അനുകൂലിച്ചാണ്‌ നിന്നതെങ്കിലും, പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അതിനെ വി.എസ്‌. വെട്ടിയപ്പോള്‍, ഇ.എം.എസ്‌. മലക്കം മറിഞ്ഞാണ്‌ ജോസഫിനെ തള്ളിയത്‌. അത്‌ എന്തുമാകട്ടെ, കോണ്‍ഗ്രസ്‌ പിന്തുണയോ ബി.ജെ.പി. പിന്തുണയോ വേണ്ടെന്ന്‌ സുധാകരന്‍ പറഞ്ഞിട്ടില്ല. സ്‌ഥാനാര്‍ഥിയായാല്‍ ആരുടെയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ ബുദ്ധിയല്ല. ജയിക്കാനാണ്‌ മത്സരം.

പൊട്ടിത്തെറിച്ച്‌ പാര്‍ട്ടി

1964ല്‍ അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പിളര്‍ന്നത്‌, കോണ്‍ഗ്രസിനോടുള്ള സമീപനവും ചൈനയോടുള്ള സ്‌നേഹവും പറഞ്ഞാണ്‌. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടീഷ്‌ ഏജന്റ്‌ ആയിരുന്നുവെന്ന്‌ 1938-1944ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ ഹോം മെമ്പര്‍ ആയിരുന്ന റെജിനാള്‍ഡ്‌ മാക്‌സ്‌വെലിന്‌ ജോഷി അയച്ച കത്തുകളില്‍നിന്നറിയാം. അന്ന്‌ പാര്‍ട്ടിക്ക്‌ ബ്രിട്ടന്‍ പണം നല്‍കുകയും പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ പച്ച പിടിക്കുകയും ചെയ്‌തു. നെഹ്‌റുവിന്‌ കീ ജയ്‌ പാടി നടന്ന ജോഷിയുടെ ചേരിയെ എതിര്‍ത്താണ്‌ സി.പി.എം. ഉണ്ടായത്‌. എം.എം. മണിയാണ്‌ പാര്‍ട്ടി വിടുന്നതെങ്കില്‍, ഇതൊന്നും പറയേണ്ടതില്ല. അദ്ദേഹം ശൂ ആണ്‌. സുധാകരന്‍ സൈദ്ധാന്തികനായതിനാല്‍ സി.പി.എം. നയം പാപ്പരായതിനെപ്പറ്റി പതിയെ മനസ്‌ തുറക്കുമെന്ന്‌ കരുതാം. ഗൗരിയമ്മ ഇറങ്ങുമ്പോള്‍ അവരെ കരുണാകരന്‍ ആലപ്പുഴ വികസന സമിതി അധ്യക്ഷയാക്കിയിരുന്നുവെന്ന്‌ ഓര്‍ക്കണം. അതല്ലാതെയും നയപരമായ കാര്യങ്ങള്‍ അവര്‍ ഇറങ്ങുമ്പോള്‍ ഉണ്ട്‌. മുഖ്യമന്ത്രിയാക്കുമെന്ന്‌ പറഞ്ഞ്‌ അവരെ പാര്‍ട്ടി പറ്റിച്ചിരുന്നു. അവരുടെ വ്യവസായ നയം സി.ഐ.ടി.യു.വിന്‌ പിടിച്ചില്ല. പാര്‍ട്ടിയുടെ ഡല്‍ഹി നേതൃത്വത്തിന്‌ കാര്യങ്ങള്‍ വിശദീകരിച്ചു കത്തെഴുതാന്‍ കെ.പി.പി. നമ്പ്യാരെ അവരുടെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌.

സജി ചെറിയാനെയും സലാമിനെയും കരീമിക്കയെയും പോലുള്ളവര്‍ എങ്ങനെ പാര്‍ട്ടി നയത്തെ അട്ടിമറിക്കുന്നുവെന്ന്‌ വ്യക്‌തമാക്കാനാണ്‌ സുധാകരന്‍ ശ്രമിച്ചത്‌. പെരുമ്പളം പാലം ഉദ്‌ഘാടനത്തിന്‌ എത്തിയ പിണറായി വിജയന്‍ സുധാകരനെ കണ്ടില്ല. പാര്‍ട്ടിക്ക്‌ വേണ്ടി നിലകൊള്ളുന്ന വിജയന്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക്‌ വേണ്ടിയേ പ്രചാരണം നടത്തുകയുള്ളൂ. അവിടന്ന്‌ കരുണ ഒഴുകില്ല.

തളിപ്പറമ്പ്‌, പയ്യന്നൂര്‍, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ എടുക്കുന്ന റിസ്‌കില്‍ രാഷ്‌ട്രീയമായ ശരിയുണ്ട്‌. സി.പി.എമ്മിനെ ചരിത്രപരമായി തന്നെ കോണ്‍ഗ്രസ്‌ ഇവിടങ്ങളില്‍ എതിര്‍ത്തു പോന്നിട്ടുണ്ട്‌. ചോര ചിന്തിയിട്ടുണ്ട്‌. അതിനാല്‍ കമ്യൂണിസത്തിനെതിരേ കിട്ടുന്ന ആയുധങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്‌. കരുണാകരന്‌ ശേഷം ആ പോരാട്ടം നേര്‍ത്തു പോയി. ചില സംസ്‌ഥാനങ്ങളിലെ ഇന്ത്യ സഖ്യം അത്‌ നേര്‍പ്പിച്ചു. കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ ആയപ്പോള്‍ കോണ്‍ഗ്രസിന്‌ കേഡര്‍ ഉണ്ടാക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. അത്‌, ആ പാര്‍ട്ടിയുടെ രീതിയല്ല. അതിന്റെ വേര്‍ ദേശീയതയില്‍ ആഴ്‌ന്നതിനാല്‍ അതിന്‌ സമൂഹത്തില്‍ വേരോട്ടമുണ്ട്‌. അതുകൊണ്ടാണ്‌, ടി.കെ. ഗോവിന്ദനും ജി സുധാകരനും കോണ്‍ഗ്രസ്‌ പിന്തുണയില്‍ വിശ്വസിക്കുന്നത്‌. പി. കൃഷ്‌ണപിള്ളയും ഇ.എം.എസും എ.കെ.ജിയും കോണ്‍ഗ്രസ്‌ പൈതൃകത്തില്‍നിന്ന്‌ വന്നവരാണ്‌.

സുധാകരന്‍ പറഞ്ഞത്‌ തന്റെ തറവാട്ടില്‍ രണ്ടായിരം കുടുംബങ്ങള്‍ ഉണ്ടെന്നാണ്‌. അപ്പോള്‍, വ്യക്‌തിപരമായി 10000 വോട്ട്‌ കിട്ടുമെന്ന്‌ അദ്ദേഹം കരുതുന്നു. അമ്പലപ്പുഴയില്‍ സുധാകന്‍ നിന്നപ്പോള്‍ 23,000 വോട്ടും പിന്നെ സലാമിന്‌ 11,000 വോട്ടും ഭൂരിപക്ഷം കിട്ടിയപ്പോള്‍ സുധാകരന്‍ കാലുവാരിയെന്നാണ്‌ കരീമിക്ക കണ്ടെത്തിയത്‌. കള്ളക്കേസാണ്‌. അമ്പലപ്പുഴയില്‍ സുധാകരന്‌ 23,000 ഒടുവില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും, ഇതേ മണ്ഡലത്തില്‍ സുധാകരന്‌ ഡി സുഗതനെതിരേ 2006ല്‍ ഭൂരിപക്ഷം 11,000 വോട്ടായിരുന്നു. അമ്പലപ്പുഴയില്‍ ജയിക്കാനുള്ള സൂത്രം സലാമിനെക്കാള്‍ നന്നായി സുധാകരന്‌ അറിയാം.

സുധാകരനെ നേരിട്ട്‌ തുണയ്‌ക്കുന്ന കാര്യം ബി.ജെ.പി. ആലോചിച്ചില്ലെങ്കിലും അണികള്‍ക്ക്‌ തീരുമാനിക്കാം . ബി.ജെ.പിക്ക്‌ 25000 വോട്ടുണ്ട്‌ അമ്പലപ്പുഴയില്‍കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ കിട്ടിയത്‌ 23,000 വോട്ട്‌. സനാതനധര്‍മം സുധാകരനെ കൈവിടാതിരിക്കട്ടെ! ഉള്ളില്‍ ആളുന്ന തീയുമായി പൊട്ടിത്തെറിച്ചാണ്‌ സഖാക്കള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. പാര്‍ട്ടി പഴയ പാര്‍ട്ടി അല്ല. ടി.കെ. ഗോവിന്ദന്‍ ഭാര്യ രമണി മത്സരിക്കേണ്ട എന്ന്‌ പറഞ്ഞിരുന്നു;മകന്‍ മത്സരിക്കേണ്ടെന്ന്‌ ചടയന്‍ ഗോവിന്ദന്‍ പറഞ്ഞിരുന്നു. ആ ആദര്‍ശമാണ്‌ തളിപ്പറമ്പില്‍ വെണ്ണീറായത്‌.


© Mangalam