വെറുതെയല്ല സുധാകരന്റെ പോരാട്ടം

ഇന്നേ ദിവസം രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ്‌ അമ്പലപ്പുഴ. 1977 മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫിന്‌ വലിയ മേല്‍ക്കൈ ഉള്ള മണ്ഡലം. എല്‍.ഡി.എഫ്‌. തരംഗങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന്‌ അമ്പലപ്പുഴയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1977ല്‍ അമ്പലപ്പുഴയില്‍ തോറ്റത്‌ വി.എസ്‌. അച്യുതാനന്ദനാണെന്നു പറയുമ്പോള്‍ തന്നെ ആ മണ്ഡലത്തിന്റെ സ്വഭാവം ഏറെക്കുറെ മനസിലാക്കാന്‍ കഴിയും. അന്ന്‌ വി.എസ്‌. പരാജയപ്പെട്ടത്‌ ആര്‍.എസ്‌.പിയിലെ കെ.കെ. കുമാരപിള്ളയോടായിരുന്നു. 1996ല്‍ സുശീല ഗോപാലന്‍ സി.പി.എം. സ്‌ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ നിന്ന്‌ ജയിക്കുമ്പോള്‍ അവര്‍ക്ക്‌ ധീവരസഭയുടെ വലിയ പിന്തുണ ഉണ്ടായിരുന്നു. അതുവരെ കോണ്‍ഗ്രസിലായിരുന്ന ധീവര സഭാ നേതാവ്‌ വി. ദിനകരന്റെ പിന്തുണയിലായിരുന്നു ആ വിജയം. അമ്പലപ്പുഴയില്‍ ധീവര സമുദായം ശക്‌തമായ സാന്നിധ്യമാണ്‌. ധീവര സഭയുടെ ഇപ്പോഴത്തെ നിലപാട്‌ ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. ജി. സുധാകരന്‌ അമ്പലപ്പുഴയില്‍ മത്സരിച്ച്‌ തോറ്റ ചരിത്രമുണ്ട്‌. അതുപോലെ രണ്ടു തവണ മന്ത്രിയായത്‌ അമ്പലപ്പുഴയില്‍ ജയിച്ചിട്ടാണ്‌. 1987ലെ എല്‍.ഡി.എഫ്‌. തരംഗത്തില്‍ ആയിരുന്നു സുധാകരന്‍ അമ്പലപ്പുഴയില്‍ തോറ്റത്‌. അതുകഴിഞ്ഞ്‌ 1996ലാണ്‌ സുശീല ഇവിടെ നിന്ന്‌ കോണ്‍ഗ്രസുകാരനായിരുന്ന ദിനകരന്റെ പിന്തുണയോടെ വിജയിച്ചത്‌. 2006ലെ ശക്‌തമായ വി.എസ്‌.തരംഗത്തില്‍ ആണ്‌ ജി. സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും ആദ്യമായി ജയിക്കുന്നത്‌. മുമ്പ്‌ കായംകുളത്തു നിന്ന്‌ ജയിച്ച്‌ എം.എല്‍.എ. ആയിട്ടുണ്ട്‌. ജയത്തോടെ അമ്പലപ്പുഴയില്‍ ജനകീയനായി സുധാകരന്‍ മാറി. ജാതി, മത രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവര്‍ക്കും സുധാകരന്‍ പ്രിയങ്കരനായി. നിയമസഭാ സാമാജികന്‍, മന്ത്രി എന്നീ നിലയ്‌ക്കും അദ്ദേഹം പേരെടുത്തു. ആ മന്ത്രിസഭയിലെ പല അംഗങ്ങളും വീടു മോടിപിടിപ്പിക്കാനും മുറ്റത്തു പട്ടിക്കൂട്‌ അടക്കം നിര്‍മിക്കാനുമൊക്കെ ലക്ഷങ്ങള്‍ ചെലവഴിച്ചപ്പോള്‍ ഈയിനത്തില്‍ ഏറ്റവും കുറഞ്ഞ സംഖ്യയായ 25000 രൂപയാണ്‌ സുധാകരന്‍ ചെലവിട്ടത്‌. അങ്ങനെ യഥാര്‍ഥ കമ്യൂണിസ്‌റ്റ്‌ എങ്ങനെയായിരിക്കണമെന്ന്‌ അദ്ദേഹം മാതൃക കാട്ടി. അമ്പലപ്പുഴ മണ്ഡലത്തിലെ സ്‌ഥിരതാമസക്കാരനുമാണ്‌ സുധാകരന്‍. തൂക്കുകുളം എന്ന സ്‌ഥലത്താണ്‌ എം.എല്‍.എ. ഓഫീസും വീടും. ഏറ്റവും ലളിതമായ ജീവിത രീതിയുടെ ഉദാഹരണമായിരുന്നു വീടും ഓഫീസും. അവിടെ ചെന്നിട്ടുള്ളവര്‍ക്ക്‌ അത്‌ ബോധ്യപ്പെടും. 2006ല്‍ മന്ത്രിയാകുന്നതുവരെ അദ്ദേഹത്തിന്‌ കാര്‍ ഇല്ലായിരുന്നു. സ്‌ഥിരമായി ഓട്ടോറിക്ഷയിലായിരുന്നു യാത്ര. പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനായി തൂക്കുകുളത്തു നിന്ന്‌ ഓട്ടോപിടിച്ച്‌ ആലപ്പുഴ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും പുള്ളി ഉദ്ദേശിച്ച സൂപ്പര്‍ഫാസ്‌റ്റ്‌ കിട്ടാതെവന്നു. അതുകൊണ്ട്‌ അതേ ഓട്ടോറിക്ഷയില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക്‌ പോയ സംഭവവമുണ്ടായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഭാര്യ കോളജ്‌ അധ്യാപികയായിരുന്നതുകൊണ്ട്‌ ആ ശമ്പളവും എം.എല്‍.എയുടെ ശമ്പളവും കൊണ്ടാണ്‌ അദ്ദേഹം കഴിഞ്ഞിരുന്നത്‌. സുധാകരന്‍ ശരിക്കും കായംകുളത്തിനടുത്ത്‌ ചാരുംമൂട്‌ സ്വദേശിയാണ്‌. പരിമദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു സുധാകരന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ ഭുവനേശ്വരന്‍ പന്തളം എന്‍.എസ്‌.എസ്‌. കോളജില്‍ പഠിക്കുമ്പോള്‍ എതിര്‍ സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ആക്രമിച്ചതില്‍ കെ.എസ്‌.യുക്കാര്‍ മാത്രമല്ല, എന്‍.ഡി.പിയുടെ വിദ്യാര്‍ഥി സംഘടന ആയിരുന്ന ഡി.എസ്‌.യുക്കാരും ഉണ്ടായിരുന്നു. 1977ല്‍ ഡിസംബറിലായിരുന്നു അക്രമം. മറ്റൊരു സഹോദരന്‍ ആത്മഹത്യചെയ്‌തു. വലിയ ദുരന്തമായിരുന്നു സുധാകരന്‌ അക്കാലത്ത്‌ നേരിടേണ്ടിവന്നിട്ടുള്ളത്‌. വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍നിന്ന്‌ വന്ന നേതാവായിരുന്നു സുധാകരന്‍. ആദ്യമായി മത്സരിച്ചത്‌ കുട്ടനാട്ടില്‍ ആയിരുന്നു. 1982ല്‍. അന്ന്‌ തോറ്റു. 1987ല്‍ അമ്പലപ്പുഴയില്‍ തോറ്റു. 1996ല്‍ കായംകുളത്തുനിന്നാണ്‌ ആദ്യമായി ജയിച്ചത്‌. 2001ല്‍ കായംകുളത്ത്‌ എം.എം. ഹസനോട്‌ തോറ്റു. 2006ലാണ്‌ ആദ്യമായിട്ട്‌ അമ്പലപ്പുഴയില്‍ മത്സരിച്ചു ജയിച്ചത്‌. 2011ല്‍ അമ്പലപ്പുഴ മണ്ഡലം പുനര്‍നിര്‍ണയം നടത്തിയത്‌ നിര്‍ണായകമായി. ഇതിനുശേഷം മണ്ഡലത്തിന്റെ തനത്‌ സ്വഭാവം നഷ്‌ടമായി. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 25 ഡിവിഷനുകളും അമ്പലപ്പുഴയില്‍ ചേര്‍ത്തു. കോണ്‍ഗ്രസുകാര്‍ കൂടുതലുള്ള ഡിവിഷനുകളായിരുന്നു ഇത്‌. അപ്പോള്‍ അമ്പലപ്പുഴ മണ്ഡലത്തിന്റെ കോണ്‍ഗ്രസ്‌ സ്വഭാവം വര്‍ധിച്ചു. അതേസമയം ആലപ്പുഴയുടെ മാര്‍ക്‌സിസ്‌റ്റ്‌ സ്വഭാവം കൂടി. എന്നാല്‍, സുധാകരന്‍ ആയതുകൊണ്ടു മാത്രം 2011ലും 2016ലും ജയിച്ചു. അദ്ദേഹത്തിന്റെ വ്യക്‌തിബന്ധവും മറ്റുമാണ്‌ വിജയത്തിനു കാരണം. എല്ലാവര്‍ക്കും പ്രാപ്യനായിരുന്നു അദ്ദേഹമെന്നത്‌ പ്രധാനമായിരുന്നു. മണ്ഡലത്തില്‍ ഒരുപാട്‌ വികസനപ്രവര്‍ത്തനങ്ങളും കാഴ്‌ചവച്ചിരുന്നു. വി.എസ്‌. മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ വണ്ടാനം മെഡിക്കല്‍ കോളജ്‌ അമ്പലപ്പുഴ മണ്ഡലത്തില്‍ കൊണ്ടുവന്നത്‌ സുധാകരനായിരുന്നു. മരാമത്ത്‌ മന്ത്രിയായിരുന്ന കാലത്ത്‌ റോഡുകള്‍ നവീകരിച്ചു. അമ്പലപ്പുഴ ക്ഷേത്ര ഭാഗത്തു നിന്ന്‌ തിരുവല്ലയ്‌ക്കു പോകുന്ന റോഡ്‌ മാത്രംമതി അദ്ദേഹത്തിന്റെ ശൈലി അറിയാന്‍. അഴിമതി ഒട്ടുമില്ലാത്ത ആളെന്ന ഖ്യാതി നേടി. കര്‍ക്കശക്കാരനായ മന്ത്രി ആയിരുന്നു. ഉദ്യോഗസ്‌ഥരെ കൊണ്ട്‌ നല്ലവണ്ണം പണിയെടുപ്പിച്ചിരുന്നു. അദ്ദേഹം സിവില്‍ സപ്‌ളൈസ്‌ മന്ത്രിയായിരുന്നപ്പോഴാണ്‌ നീതി സ്‌റ്റോറുകള്‍ ആരംഭിച്ചത്‌. പിന്നീട്‌ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത്‌ കോണ്‍ഗ്രസുകാര്‍ നീതി സ്‌റ്റോറുകള്‍ തരിപ്പണമാക്കിയതും കണ്ടു. അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തതുകൊണ്ടാണ്‌ സുധാകരന്‍ വീണ്ടും വീണ്ടും ജയിച്ചത്‌. 2021ല്‍ സീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നു. പക്ഷേ, സുധാകരന്റെ വിശ്വസ്‌തനായിരുന്ന എച്ച്‌. സലാമിന്‌ സീറ്റ്‌ കിട്ടുകയും ജയിക്കുകയും ചെയ്‌തു. പക്ഷേ, അതിനുമുന്നേ കല്ലുകടി തുടങ്ങിയിരുന്നു. അതായത്‌ സലാമിന്റെയും സുധാകരന്റെയും പടമുള്ള പോസ്‌റ്ററുകള്‍ സി.പി.എമ്മുകാര്‍ കീറിക്കളഞ്ഞു. എ.എം. ആരിഫിന്റെ നേതൃത്വത്തിലായിരുന്നു ഈ കൃത്യം നടന്നത്‌. സുധാകരന്‌ കിട്ടിയ അത്ര വോട്ട്‌ സലാമിനു കിട്ടിയില്ല. സുധാകരനു സീറ്റില്ലാതെ വന്നത്‌ സമീപ മണ്ഡലങ്ങളിലെ വോട്ടു കുറവായി പ്രതിഫലിച്ചു. ഇതിന്റെയൊക്കെ ഉത്തരവാദിത്വം സുധാകരന്റെ തലയില്‍ കെട്ടിവച്ചു. സുധാകരന്റെ പഴയ ശിഷ്യന്‍മാരായിരുന്ന സജി ചെറിയാന്‍, സലാം തുടങ്ങിയ സംഘം തിരിഞ്ഞുകുത്തി. ചിത്തരഞ്‌ജന്‍ മാത്രമായിരുന്നു സുധാകരനോട്‌ കൂറുകാട്ടിയത്‌. പക്ഷേ, ഒരു സ്‌റ്റേജ്‌ കഴിഞ്ഞപ്പോള്‍ ചിത്തരഞ്‌ജനും സുധാകരനില്‍നിന്ന്‌ അകന്നുപോകേണ്ടിവന്നു. പാര്‍ട്ടിയും സംസ്‌ഥാന നേതൃത്വവും സുധാകരനെ കൈവിട്ടു. അത്‌ സുധാകരനെ മുറിവേല്‍പ്പിച്ചു. അങ്ങനെയാണ്‌ സുധാകരന്‍ റിബലായത്‌. മറിച്ച്‌ കമ്മ്യൂണിസത്തോടുള്ള എതിര്‍പ്പോ ഐഷാ പോറ്റിയെപ്പോലെ പെട്ടെന്നൊരു ദിനം കോണ്‍ഗ്രസിലേക്കു പോകാനെടുത്ത മനസോ ഉള്ളതുകൊണ്ടല്ല. ഗൗരിയമ്മ പുറത്തായതുപോലെ ഗ്രൂപ്പു വഴക്കിന്റെ ഇരയായി പുറത്തുപോയതുമല്ല സുധാകരന്‍. പുന്നപ്ര വയലാര്‍ രക്‌തസാക്ഷി ദിനത്തില്‍ പതാക പതിവായി ഉയര്‍ത്തിയിരുന്ന സുധാകരനെ ഒഴിവാക്കി. ചന്ദ്രാനന്ദന്‍ മരിച്ചതിനുശേഷം ആലപ്പുഴ ജില്ലയില്‍ ഏറ്റവും മുതിര്‍ന്ന സി.പി.എം. നേതാവാണ്‌ സുധാകരന്‍. പക്ഷേ, സുധാകരനെ ക്ഷണിച്ചില്ല. അടിയന്തരാവസ്‌ഥയുടെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ മര്‍ദനമേറ്റ സുധാകരനെ ക്ഷണിച്ചില്ല. ഇങ്ങനെ എല്ലാ രീതിയിലും അദ്ദേഹത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്‌തു. ഡി.വൈ.എഫ്‌.ഐക്കാരാകട്ടെ കിട്ടുന്ന അവസരങ്ങളിലൊക്കെ സുധാകരനെ അവഹേളിക്കുന്നതും പുച്‌ഛിക്കുന്നതും ശീലമാക്കി. ആലപ്പുഴ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വമാണ്‌ സുധാകരന്റെ ഇന്നത്തെ അവസ്‌ഥയുടെ ഒന്നാം പ്രതി. രണ്ടാം പ്രതി സംസ്‌ഥാന നേതൃത്വത്തിന്റെ ഉദാസീനതയും. ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ അവഹേളനവും സംസ്‌ഥാന നേതൃത്വത്തിന്റെ നിസംഗതയുമാണ്‌ സുധാകരനെ റിബലാക്കിയത്‌. സുധാകരന്‍ ഒരിക്കലും അധികാര ദുര്‍മോഹിയല്ല. ഒരിക്കല്‍ സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്ക്‌ സുധാകരനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍, സ്‌ഥാനം വേണ്ടെന്നു പറഞ്ഞു. അങ്ങനെ പറഞ്ഞ മറ്റൊരാള്‍ സി.പി.എമ്മിന്റെ ചരിത്രത്തിലില്ല. വേണമെങ്കില്‍ അദ്ദേഹത്തിന്‌ പോളിറ്റ്‌ ബ്യൂറോവരെ എത്താമായിരുന്നു. അതേസമയം, പാര്‍ട്ടിയില്‍നിന്ന്‌ പല പരിഗണനയും ലഭിച്ചിട്ടുമുണ്ട്‌. ആലപ്പുഴ ജില്ലാ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പല കുറി നിയമസഭയിലേക്ക്‌ മത്സരിച്ചത്‌, മന്ത്രിയായത്‌, സംസ്‌ഥാന കമ്മിറ്റിയംഗമായത്‌ അങ്ങനെ പോകുന്നു അത്‌. അതുപോലെ 75 വയസുകഴിഞ്ഞവര്‍ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. എന്നാല്‍, സുധാകരന്‍ 74 വയസായപ്പോള്‍ ഒഴിവായി. ഇങ്ങനെയൊക്കെയുള്ള ഒരാളെ അപമാനിച്ചു പുറത്താക്കേണ്ടിയിരുന്നില്ല. സജി ചെറിയാനും നാസറും ചേര്‍ന്ന ക്ലിക്കിലെ രക്‌തസാക്ഷിയാണ്‌ സുധാകരന്‍. ഇങ്ങനെയൊരു സാഹചര്യം യു.ഡി.എഫ്‌. മുതലെടുക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല. അവിടെ യു.ഡി.എഫിലെ എ.എ. ഷുക്കൂര്‍ മത്സരിക്കാന്‍ സര്‍വ സന്നാഹവുമായി ഇരിപ്പായിരുന്നു. തനിക്ക്‌ ആ സീറ്റ്‌ കിട്ടുമോ അതോ ഷാനിമോള്‍ക്ക്‌ കിട്ടുമോ എന്ന്‌ ഡൗട്ടടിച്ച്‌ ഷുക്കൂര്‍ ഇരിക്കുമ്പോഴാണ്‌ സുധാകരന്റെ വരവ്‌. മുസ്ലിം ജനസംഖ്യ നല്ലതുപോലുള്ള മണ്ഡലമാണ്‌ അമ്പലപ്പുഴ. എതാണ്ട്‌ 35 ശതമാനം വരും. അതിലധികം ധീവരരും ഉണ്ട്‌. ലത്തീന്‍ ക്രിസ്‌ത്യന്‍, ഈഴവ സാന്നിധ്യവുമുണ്ട്‌. ഭൂരിപക്ഷം ധീവരരാണ്‌. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ ഉള്ള മണ്ഡലമാണ്‌ അമ്പലപ്പുഴ. റിബലായ സുധാകരനെ യു.ഡി.എഫ്‌. ഏറ്റെടുക്കും. ആര്‍.എസ്‌.പി. ഇടംതിരിഞ്ഞപ്പോള്‍ കൊല്ലത്ത്‌ പ്രേമചന്ദ്രനെ രണ്ടു കൈയും നീട്ടി ഏറ്റെടുുത്തതുപോലെ. ഐഷ പോറ്റിയെപ്പോലെയോ പി.കെ. ശശിയെപ്പോലെയോ സി.സി. മുകുന്ദനെപ്പോലെയോ അല്ല സുധാകരന്റെ വരവ്‌. സുധാകരന്‍ ഒരു പ്രതീകമാണ്‌. കട്ടന്‍ചായ, പരിപ്പുവട കമ്യൂണിസത്തിന്റെ ഒരു അവശിഷ്‌ടമാണ്‌ സുധാകരന്‍. അദ്ദേഹത്തെ ഏറ്റെടുക്കുക എന്നു പറഞ്ഞാല്‍ യു.ഡി.എഫിന്‌ ഒരു നേട്ടം എന്നതിലുപരി എല്‍.ഡി.എഫിന്‌ വലിയൊരു ക്ഷതവുമാണ്‌. പയ്യന്നൂരിലെ രക്‌തസാക്ഷി ഫണ്ട്‌ തട്ടിപ്പുപോലെ, ശബരിമല സ്വര്‍ണക്കവര്‍ച്ചപോലെ ഒന്നാണത്‌. ബി.ജെ.പി. ശക്‌തമായി വരുന്ന ഒരു സ്‌ഥലമാണ്‌ അമ്പലപ്പുഴ. ധീവരസഭ, നായര്‍, ഈഴവ എന്നീ സമുദായങ്ങളില്‍ ജീവിക്കാന്‍ നിവൃത്തിയുള്ളവര്‍ ബി.ജെ.പിയിലേക്ക്‌ ചാഞ്ഞിട്ടുണ്ട്‌. അതൊരു ഘടകമായി പ്രതിഫലിക്കാം. ബി.ജെ.പി. സ്‌ഥാനാര്‍ഥി ധീവരസമുദായാംഗമാകാനാണ്‌ സാധ്യത. ധീവരസഭയുടെ സുവര്‍ണജൂബിലി സമ്മേളനത്തില്‍ നരേന്ദ്രമോദി പങ്കെടുത്തത്‌ ഒന്നും കാണാതെയല്ല. ബി.ജെ.പി. ഫാക്‌ടറും പ്രധാനമാണ്‌. ആരു ജയിക്കുമെന്ന ചോദ്യത്തിനു ധാര്‍മികമായി സുധാകരന്‍ ജയിക്കണം എന്നാണ്‌ ഉത്തരം. പരമ്പരാഗത കോണ്‍ഗ്രസുകാരുടെ വോട്ട്‌ കൂടാതെ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ ആലപ്പുഴയിലെ ധാര്‍മിക അധഃപതനത്തിനെതിരേ കമ്യൂണിസ്‌റ്റ്‌ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സഖാക്കളുടെ വോട്ടും സുധാകരനു കിട്ടും.


© Mangalam